Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയനാട്ടെ പച്ച പതാകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ല്; ലീഗ് പതാക ചർച്ചയാക്കി ട്രോളന്മാർ; ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയാക്കിയതിന് പുറമെ പച്ച പതാകയുമായി വയനാട് പേകേണ്ടെന്ന ലീഗ് നേതൃത്വത്തിന്റെ പേരിൽ വ്യാജ പ്രചരണവും; സിപിഎമ്മും ആർഎസ്എസും ഒരേ തൂവൽപക്ഷികളായെന്ന് പറഞ്ഞ് പി കെ ഫിറോസ്; പച്ചപ്പതാക നെഞ്ചോടും ചേർക്കുമെന്നും അതു വിട്ടൊരു കളിയുമില്ലെന്ന് ലീഗ് പ്രവർത്തകർ

വയനാട്ടെ പച്ച പതാകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ല്; ലീഗ് പതാക ചർച്ചയാക്കി ട്രോളന്മാർ; ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയാക്കിയതിന് പുറമെ പച്ച പതാകയുമായി വയനാട് പേകേണ്ടെന്ന ലീഗ് നേതൃത്വത്തിന്റെ പേരിൽ വ്യാജ പ്രചരണവും; സിപിഎമ്മും ആർഎസ്എസും ഒരേ തൂവൽപക്ഷികളായെന്ന് പറഞ്ഞ് പി കെ ഫിറോസ്; പച്ചപ്പതാക നെഞ്ചോടും ചേർക്കുമെന്നും അതു വിട്ടൊരു കളിയുമില്ലെന്ന് ലീഗ് പ്രവർത്തകർ

ജംഷാദ് മലപ്പുറം

മലപ്പുറം: രാഹുൽഗാന്ധിക്കായി വയനാട്ടിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന പേരിൽ ലീഗ് പതാക ഉത്തർപ്രദേശിൽ ചർച്ചയാകുമ്പോൾ ഇതിനെ ട്രോളി രസിക്കുകയാണ് കേരളത്തിലെ സഖാക്കൾ, വയനാട്ടെ പച്ച പതാകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ല് നടക്കുമ്പോൾ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ലീഗ് നേതാക്കളും രംഗത്തെത്തി. മുസ്ലിംലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണെന്ന് പറഞ്ഞ് നേരത്തെ സംഘ്പരിവാറാണ് രംഗത്തുവന്നതെങ്കിലൂം ഇപ്പോൾ സിപിഎമ്മും സമാന പ്രചരണമാണ് നടത്തുന്നതെന്ന്

യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു

വിഷയവുമായി ബന്ധപ്പെട്ട വ്യാപകമായ ട്രോളുകളാണ് നടക്കുന്നത്, നിങ്ങളുടെ തട്ടകത്തിൽ നിങ്ങളുടെ പതാകയെ വിലക്കിയത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നു പറഞ്ഞ് സിപിഎം പ്രവർത്തകർ ട്രോളുമ്പോൾ ഇതിനെതിരെ അതേ നാണയത്തിൽ മറുപടി നൽകുകയാണ് ലീഗ് പ്രവർത്തകരും, ഈ പച്ച പതാകയെ താഴ്‌ത്താൻ മോദിയും, അമിത്ഷായും വിചാരിച്ചാലും തൊടാൻ കഴിയില്ലെന്നു ലീഗ് പ്രവർത്തകർ മറുപടി പറയുന്നു, കിട്ടിയ അവസരം മുതലെടുത്ത് ട്രോളുന്ന സിപിഎമ്മും ആർ.എസ്.എസും ഒരേ തൂവൽപക്ഷികളാണെണന്നും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ട്രോളുന്നത് ആർ.എസ്.എസിനെ പരോക്ഷമായി സഹായിക്കലാണെന്നും ചില ലീഗ് പ്രവർത്തകർ ഫേസ്‌ബുക്കിൽ പറയുന്നു.

വിവാദം തുടങ്ങിയത് ഇങ്ങിനെ

രാഹുൽഗാന്ധിയെ വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ ലീഗ് പതാകയെ പാക് പതാക എന്ന രീതിയിൽ ബിജെപി നേതാവ് പ്രേരണാകുമാരി ട്വിറ്ററിൽ പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ് എന്തുകൊണ്ട് വയനാട് മണ്ഡലം തെരഞ്ഞെടുത്തുവെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്നും ഇവർ ട്വീറ്റു ചെയ്തു. മുസ്ലിംലീഗിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളുംകൊണ്ട് വയനാട്ടിൽ നടന്ന പ്രകടനത്തിന്റെ ചാനൽ ദൃശ്യവും ഇവർ ഇതിനൊപ്പം ഉൾപ്പെടുത്തി. ഇതിന് പിന്നാലെ ഹിന്ദുമേഖലയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിക്കുകയും ചെയ്തു. പാക് പതാക രാഹുലിന്റെ പരിപാടിയിൽ വീശിയെന്ന ട്വീറ്റ് നിരവധിപ്പേർ റീട്വീറ്റ് ചെയ്തതോടെ ഉത്തരേന്ത്യയിൽ വ്യാപകമായി ഇത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിപാടികളിൽ ലീഗിന്റെ കൊടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നേതാക്കൾ നിർദേശിച്ചുവെന്ന രീതിയിൽ വ്യാജ പ്രചാരണം ആരംഭിച്ചത്.

സമാന പ്രചാരണമാണ് സിപിഎമ്മും നടത്തിയത്

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രഖ്യാപിച്ചത് മുതൽ മോദി തൊട്ട് സംഘ് പരിവാരങ്ങളൊന്നാകെ രാഹുലിനെതിരായി പ്രചാരണത്തിലാണെന്ന് പി.കെ പിറോസ്, ഹിന്ദുക്കളെ ഭയന്ന് രാഹുൽ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലം തെരഞ്ഞെടുത്തു എന്നാണ് മോദി പറഞ്ഞത്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാൻ ഉപയോഗിച്ചതെന്നാണ് പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. ഇപ്പോൾ സമാനമായ രീതിയിലുള്ള പ്രചാരണമാണ് സിപിഎമ്മും നടത്തിയത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ എന്ന ചർച്ച നടക്കുമ്പോൾ തന്നെ ഗുണകാംക്ഷികളും ദോഷൈകദൃക്കുകളുമൊക്കെ ഇക്കാര്യം ഉയർത്തിക്കാട്ടിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടും വയനാട്ടിൽ മത്സരിക്കാനാണ് രാഹുൽ ഗാന്ധി തീരുമാനിച്ചത്. മോദി ഇന്ത്യയിൽ മുസ്ലിംകളെ അപരവൽക്കരിക്കുമ്പോൾ അവരെ മാറ്റി നിർത്തുകയല്ല ചേർത്ത് നിർത്തുകയാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുകയാണ് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി ചെയ്തത്. ഇക്കാര്യത്തിൽ വർത്തമാന ലോകത്ത് നരേന്ദ്ര മോദിയല്ല രാഹുലിന് മാതൃക. ഒരു ജനതയെ അപരവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ മതചിഹ്നങ്ങളണിഞ്ഞ് പാർലമെന്റിൽ പ്രസംഗിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്റ ആർഡനാണ്. ഈ സന്ദേശമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം നൽകുന്നത്. ഈ നിലപാടിനാണ് കയ്യടി നൽകേണ്ടതും.

ഹരിത പതാക ഉയർത്തിപ്പിടികേണ്ടിടത്തെല്ലാം ഞങ്ങളുയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും പി.കെ ഫിറോസ് പറഞ്ഞു. മുസ്ലിം ലീഗ് നിയമാനുസൃതം പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടിയാണ്, നിയമസഭയിലും പാർലമെന്റിലും അംഗങ്ങളുള്ള പ്രസ്ഥാനമാണ്. 1948 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്നത് പച്ചപ്പതാകയാണ്. ഈ കൊടി പിടിച്ച് പിന്തുണച്ചപ്പോഴാണ് 67 ൽ ഇഎം.എസ് മുഖ്യമന്ത്രിയായത്. അച്ചുതമേനോനും മുഖ്യമന്ത്രികസേരയിൽ ഇരുന്നത്. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ മന്ത്രി സഭയുണ്ടാക്കിയത്. ഈ പച്ചക്കൊടി പിടിച്ചാണ് ഞങ്ങളുടെ നേതാവ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്. ഈ പതാകയേന്തിയാണ് ഇ. അഹമ്മദ് കേന്ദ്രമന്ത്രി സഭയിൽ അംഗമായതും. അതു കൊണ്ട് ഈ അർദ്ധ ചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാക ഉയർത്തിപ്പിടികേണ്ടിടത്തെല്ലാം ഞങ്ങളുയർത്തിപ്പിടിക്കുക തന്നെ ചെയ്യും. അത് കേവലമൊരു പതാകയുടെ പ്രശ്നമല്ല. ഇന്നിന്റെ രാഷ്ട്രീയം കൂടിയാണ്

പച്ചപതാക നെഞ്ചേറ്റിയത് അഭിമാനപൂർവം: കെ.പി.എ മജീദ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മുസ്ലിംലീഗിന്റെ പച്ച പതാക ഒഴിവാക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തുവെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് ഇന്ന് വീണ്ടും തന്റെ ഫേസ്‌ബുക്കപേജിലൂടെ രംഗത്തെത്തി. . രാഹുലിന്റെ പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ തന്റെ പേരിലും ചില വാർത്തകൾ കണ്ടതായി മജീദ് പറയുന്നു.

'ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയതെന്നാണ് മജീദ് കുറിപ്പിൽ പറയുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു. രാഹുലിന്റെ പ്രചരണ പരിപാടികളിൽ മുസ്ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്റെ പേരിലും ചില വാർത്തകൾ കാണുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...പ്രിയ സോദരരെ, വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ...'- ഫേസ്‌ബുക്കിൽ കെ പി എ മജീദ് കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP