Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`സിപിഎമ്മും ബിജെപിയും പണമൊഴുക്കി നടത്തുന്ന പ്രചാരണത്തിന് ഒപ്പം പിടിച്ച് നിൽക്കാൻ കഴിയുന്നില്ല`; താഴേ തട്ടിലുള്ള പ്രവർത്തകർക്ക് തെരഞ്ഞെടുപ്പാണെന്ന് അറിഞ്ഞ ഭാവം പോലുമില്ല; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്നു; ശശി തരൂരും കെ മുരളീധരനും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല; പാലാ ഫലം കണ്ടിട്ടും നേതാക്കൾക്ക് ചൂടില്ല; പ്രചാരണത്തിൽ പിന്നോക്കം പോകുന്നതിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാർ

`സിപിഎമ്മും ബിജെപിയും പണമൊഴുക്കി നടത്തുന്ന പ്രചാരണത്തിന് ഒപ്പം പിടിച്ച് നിൽക്കാൻ കഴിയുന്നില്ല`; താഴേ തട്ടിലുള്ള പ്രവർത്തകർക്ക് തെരഞ്ഞെടുപ്പാണെന്ന് അറിഞ്ഞ ഭാവം പോലുമില്ല; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്നു; ശശി തരൂരും കെ മുരളീധരനും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല; പാലാ ഫലം കണ്ടിട്ടും നേതാക്കൾക്ക് ചൂടില്ല; പ്രചാരണത്തിൽ പിന്നോക്കം പോകുന്നതിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാർ. സ്ഥാനാർത്ഥിയായി മണ്ഡലത്തിലേക്ക് വന്നിട്ട് ഒരാഴ്ച പിന്നിടുമ്പോഴും നേതാക്കൾ ആരും തന്റെ പ്രചാരണ പരിപാടിയിൽ സജീവമാകുന്നില്ല എന്ന പരാതിയാണ് കെ മോഹൻകുമാർ ഉന്നയിക്കുന്നത്. സിറ്റിങ് സീറ്റായ വട്ടിയൂർക്കാവിൽ ജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്ന് പാർട്ടി വ്യക്തമാക്കുമ്പോഴാണ് പരാതിയുമായി സ്ഥാനാർത്ഥി തന്നെ രംഗത്ത് വന്നിരിക്കുന്നത്. മണ്ഡലത്തിൽ സിപിഎം പ്രചാരണത്തിൽ വളരെ മുന്നോട്ട് പോയിരിക്കുന്നു. പണമൊഴുക്കിയുള്ള സിപിഎം ബിജെപി പ്രചാരണത്തിന് മുന്നിൽ യുഡിഎഫിന് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്ന് മോഹൻകുമാർ പറയുന്നു.

കെ മുരളീധരൻ രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ മോഹൻകുമാർ പരാജയപ്പെട്ടാൽ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് തന്നെ കാരണമാകും. സ്ഥാനാർത്ഥി നിർണയ സമയത്ത് കെ മുരളീധരൻ വാദിച്ചത് പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ്. എന്നാൽ മുരളീധരന്റെ താൽപര്യം കണക്കിലെടുക്കാതെയാണ് മോഹൻകുമാറിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. മുൻ എംഎൽഎ മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇപ്പോഴും മണ്ഡലത്തിൽ സജീവമായിട്ടില്ല. വരും ദിവസങ്ങളിൽ ഈ നേതാക്കൾ മണ്ഡലത്തിൽ സജീവമാകും എന്നാണ് കരുതുന്നത് എന്ന് മോഹൻകുമാർ പറഞ്ഞതായി സ്വകാര്യ വാർത്താചാനലായ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

സീറ്റിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റേതും. സീറ്റ് ലഭിക്കാത്തതിനാൽ സനൽകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും പ്രചാരണത്തിൽ പിന്നോട്ട് നിൽക്കുന്ന അവസ്ഥയാണ്. മറുവശത്ത് ഇടത്പക്ഷ സ്ഥാനാർത്ഥി വികെ പ്രശാന്തിന്റെ പ്രചാരണ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ്. മണ്ഡലത്തിൽ തലസ്ഥാന നഗരത്തിന്റെ ജനപ്രിയ മേയർ തന്നെ സ്ഥാനാർത്ഥിയായതോടെ വിഭാഗീയത പോലും മാറ്റിവച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആദ്യ റൗണ്ട് പ്രചാരണം കഴിയുമ്പോൾ മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് മുൻതൂക്കവും പ്രശാന്തിനാണ്. യുവാവ് എന്നതും പ്രളയ സമയത്ത് നടത്തിയ ഇടപെടലുകളും യുവാക്കൾക്കും നിഷ്പക്ഷർക്കുമിടയിൽ സ്വാധീനം ചെലുത്തുന്നതിലേക്ക് എത്തിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്.

ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തും എന്നാണ് കരുതിയത് എങ്കിലും അവസാന നിമിഷം അപ്രതീക്ഷിതമായിട്ടാണ് എസ് സുരേഷ് സ്ഥാനാർത്ഥിയായി എത്തിയത്. അത്തരത്തിൽ ചില ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കുമ്മനം രാജശേഖരൻ നേരിട്ടാണ് സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മണ്ഡലത്തിൽ സിപിഎം മേൽക്കൈ നേടുന്നത് ഒഴിവാക്കാനായി പ്രശാന്തിന്റെ സ്ഥാനാർത്ഥിത്വം പോലും മന്ത്രി കടകംപള്ളിയുടെ ചതിയാണ് എന്ന രീതിയിലേക്ക് ചർച്ചയ്‌ക്കെത്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

സിപിഎമ്മിന്റേയും ബിജെപിയുടേയും പണമിറക്കിയുള്ള പ്രചാരണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്ന് കെ.മോഹൻകുമാർ പറഞ്ഞു.പാർട്ടി സംവിധാനം മുഴുവനിറക്കി എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ആദ്യഘട്ടത്തിൽ യുഡിഎഫ് പിന്നിലാണ്. താഴെ തട്ടിലുള്ള പ്രചാരണവും വേണ്ടത്ര സജീവമായിട്ടില്ല. ഇക്കാര്യത്തിൽ കെ.മോഹൻകുമാറിനു പരാതിയുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് വരും ദിവസങ്ങളിൽ നേതാക്കൾ കുറച്ചുകൂടി ഗൗരവത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മോഹൻകുമാർ പറഞ്ഞു.തിരുവനന്തപുരം എംപിയായ ശശി തരൂർ പ്രചാരണത്തിനെത്താത്തത് ബിജെപി സഹായിക്കാനാണെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു.

പ്രചാരണത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും കെ.മോഹൻകുമാർ മറച്ചുവച്ചില്ല. താൻ നിർദ്ദേശിച്ചയാളെ സ്ഥാനാർത്ഥിയാക്കത്തതിനെ തുടർന്നു മുൻ എംഎൽഎ കെ.മുരളീധരനും പ്രചാരണരംഗത്ത് സജീവമല്ല. എന്നാൽ കെ മുരളീധരനും ശശിതരൂരും എംപിമാരാണ് എന്നും ഇരുവർക്കും തിരക്കുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. സ്ഥാനാർത്ഥിക്ക് പരാതികൾ ഉണ്ടെങ്കിൽ അക്കാര്യം ഗൗരവത്തോടെ തന്നെ കാണും. മുരളീധരനും ശശി തരൂരും എത്താതത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് എന്നും ഇരു നേതാക്കളും ശനിയാഴ്ച വൈകിട്ടോടെ തലസ്ഥാനത്ത് എത്തുമെന്നും മണ്ഡലത്തിൽ സജീവമാകുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

വട്ടിയൂർക്കാവിൽ തന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാത്ത നീരസം മുരളിക്ക് ഇപ്പോഴും ഉണ്ട്. ഒപ്പം തന്നെ മോദി സ്തുതി വിഷയത്തിൽ തരൂരുമായി വലിയ വാക്‌പോരും പരസ്യമായുള്ള വിഴുപ്പലക്കലും നടത്തിയ നേതാക്കളാണ് തരൂരും മുരളീധരനും. അതുകൊണ്ട് തന്നെ ഇരുവരും മണ്ഡലത്തിൽ എത്തിയ ശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും എന്നതിലും വലിയ ആശങ്കയുണ്ട് കോൺഗ്രസ് പ്രവർത്തകർക്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP