Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടകരയിൽ ഉള്ളത് കോലീബീ സഖ്യമല്ല, മാ..ബി സഖ്യം! സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്; ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം; ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല; ഞാൻ വടകരയിൽ പൊരുതി മരിക്കാൻ വന്ന ചാവേറല്ല, യുദ്ധം ജയിക്കാൻ വന്നവൻ: സിപിഎം ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ

വടകരയിൽ ഉള്ളത് കോലീബീ സഖ്യമല്ല, മാ..ബി സഖ്യം! സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്; ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം; ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല; ഞാൻ വടകരയിൽ പൊരുതി മരിക്കാൻ വന്ന ചാവേറല്ല, യുദ്ധം ജയിക്കാൻ വന്നവൻ: സിപിഎം ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ

കെ എം സന്തോഷ്‌

കോഴിക്കോട്: വടകരയിൽ മാ..ബി സഖ്യമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. എത്രയോ വർഷങ്ങൾക്ക് മുമ്പ് എന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ കേട്ട ഒരു തുരുമ്പെടുത്ത ഡയലോഗ് മാത്രമേ ഇപ്പോഴും ഇടതു മുന്നണിക്കുള്ളൂ. അതാണ് കോ.ലീ.ബി. എന്നാൽ അതല്ല യാഥാർത്ഥ്യം, വടകരയിലുള്ളത് മാ..ബി സഖ്യമാണ്. മാർക്സിസ്റ്റ് -ബിജെപി സഖ്യം. 1960ൽ കോൺഗ്രസും ലീഗും പിഎസ്‌പിയും ചേർന്ന് ഒരു പരസ്യമായ സഖ്യമുണ്ടാക്കി. അന്ന് അതിനെ വിളിച്ച പേരാണ് കോലീപി. 1991ൽ അത് കോലീബിയായി. അന്ന് കോലീപിയെന്നും കോലീബിയെന്നും കളിയാക്കി വിളിച്ചവരാണ് ഇപ്പോൾ വടകരയിൽ മാബി സംഖ്യമുണ്ടാക്കിയിരിക്കുന്നത്.

സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്. ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം. ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നു പറയുന്നില്ല. ഞങ്ങൾക്ക് ഒരു നയമുണ്ട്. ആ നയത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ നിന്ന് ഇടതുപക്ഷത്തെ ഒരിക്കലും ഞങ്ങൾ മാറ്റി നിർത്തുന്നില്ല. മാറ്റി നിർത്തുകയാണെങ്കിൽ ഞങ്ങൾ തമിഴ്‌നാട്ടിൽ സഖ്യമുണ്ടാക്കുമോ. പൊതുവായ നിലപാട് സിപിഎമ്മിനില്ല. ദേശീയ തലത്തിൽ ഞാൻ പറഞ്ഞ കാഴ്ചപ്പാട് കേരളത്തിലെ ഒരു സിപിഎം നേതാവ് നിങ്ങളോട് പറയില്ല. മാർക്സിസ്റ്റ് പാർട്ടിയുമായി നേർക്കുനേർ പോരാടുമ്പോഴും ഇലക്ഷൻ കഴിഞ്ഞുണ്ടാകുന്ന ഒരു ഗവൺമെന്റിൽ മുന്നണി സംവിധാനത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും സഹകരിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആരെയും ഞങ്ങൾ മാറ്റിയിരുത്തില്ല.

പിന്നെ എന്തുകൊണ്ട് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ ഞങ്ങൾ എതിർക്കുന്നു എന്നു പറയാം. അത് ഭരണവും അക്രമവുമെന്ന അവരുടെ നയത്തിനെതിരായുള്ള വികാരമാണ്. പലപ്പോഴും മാധ്യമ പ്രവർത്തകർ ചോദിക്കാറുണ്ട് ബംഗാളിലും തമിഴ്‌നാട്ടിലും സിപിഎമ്മുമായി സംഖ്യമുണ്ടാക്കുന്നു നിങ്ങൾക്ക് എന്തുകൊണ്ട് കേരളത്തിൽ, തമ്മിൽ പോരടിക്കുന്നുവെന്ന്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന നിലപാടുകളോട് ഞങ്ങൾക്ക് യോജിപ്പില്ല. അതാര് ചെയ്താലും ഞങ്ങൾ അതിനെ അനുകൂലിക്കില്ല. അതുകൊണ്ടു തന്നെ അക്രമരാഷ്ട്രീയത്തിന് എതിരായി വിധിയെഴുതുക എന്നാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന മുദ്രാവാക്യം. ഒന്നാമത്തെ ലക്ഷ്യം അഖിലേന്ത്യാ ലത്തിലുള്ള ഐക്യമാണെങ്കിൽ കേരളത്തിന്റെ കാര്യത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്.

നമ്മൾക്ക് പല അഭിപ്രായ വ്യത്യാസവുമുണ്ടാവും. ആ അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ ആശയപരമായി പോരാടണം. അല്ലാതെ ആയുധങ്ങളെടുത്തല്ല പോരാടേണ്ടത്. ലോകം മുഴുവൻ ഹൈടെക് യുഗത്തിലേക്ക് പോകുമ്പോഴും കേരളത്തിലിപ്പോഴും അറവു മൃഗങ്ങളെപ്പോലെ മനുഷ്യനെ വെട്ടിക്കൊല്ലുന്ന പ്രാകൃത അക്രമരീതി തുടരുകയാണ്. മാർക്സിസ്റ്റ് പാർട്ടി ദൗർഭാഗ്യ വശാൽ അത് തുടരുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നാണ് അവരുടെ ആശയം. സത്യത്തിൽ രാഷ്ട്രീയത്തിൽ ശത്രുക്കളുണ്ടോ. ആശയങ്ങൾ തമ്മിലാണ് പോരാട്ടം. മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ്.

വടകര ഒരുപാട് നിരപരാധികളുടെ രക്തം വീണ മണ്ണാണ്. ഇപ്പോളും കൊലപാതങ്ങളും തുടരുകയാണ്. പല കൊലപാതകങ്ങളെക്കുറിച്ചും വ്യക്തമായ അന്വേഷണങ്ങൾ നടക്കുന്നില്ല. ടി.പി. ചന്ദ്രശേഖരന്റെ കൊല യുഡിഎഫ് കാലത്തായിരുന്നതിനാൽ കേസന്വേഷണം ശരിയായ നിലയിൽ പോയി. ഇവിടെ ഇടത് സർക്കാർ വന്ന ശേഷം ഉണ്ടായ ഒരു രാഷ്ട്രീയ കൊലക്കേസിലും അന്വേഷണം നേരാംവണ്ണം പോകുന്നില്ല. എന്തിനധികം. അഭിമന്യു കേസു പോലും.അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ് വടകരയിൽ നടത്തുക. എംപിമാർ നടത്തിയ വികസ പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും പ്രചാരണം. ഇടതു മുന്നണിക്ക് അവരുടേതായ കാഴ്‌ച്ചപ്പാടൊന്നും പറായാനില്ല.

തിരുവനന്തപുരത്തു കുമ്മനത്തെ വിജയിപ്പിക്കാനാണ് ഞാൻ വടകരക്ക് പോന്നതെന്നാണ് സിപിഎം ആരോപണമുന്നിയിക്കുന്നത്. ഞാൻ കഴിഞ്ഞ ഇലക്ഷനിൽ തിരുവനന്തപുരത്തു നിന്ന് ജയിച്ചത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയിട്ടാണ്. ബിജെപിക്കാർ എന്നോട് വ്യക്തിപരമായും ദ്രോഹം ചെയ്തു. എന്റെ നോമിനേഷൻ തള്ളിക്കാൻ നോക്കി. അതിനു ശേഷം ഞാൻ ജയിച്ചപ്പോൾ എനിക്കെതിരായി ഇലക്ഷൻ പെറ്റീഷൻ കൊടുത്തു. സുപ്രീം കോടയിയിലൊക്കെ കേസുപോയി ഒരുപാട് പണം പോയി. ഒരു നിയമസഭാ ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്ന തുകയേക്കാൾ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസു നടത്താൻ വക്കീൽ ഫീസായി എനിക്ക് ചെലവായി. ഇപ്പോൾ ആ കേസ് സുപ്രീകോടതിയിൽ തന്നെയാണ്.

അങ്ങിനെ വ്യക്തിപരമായി എനിക്ക് ഒരുപാട് ദ്രോഹം ഉണ്ടാക്കിത്തന്ന വ്യക്തിയെ ജയിപ്പിക്കാൻ ഞാൻ ഇത്രയും പ്രയാസപ്പെട്ട് തിരുവനന്തപുരത്തു നിന്ന് വടകരവരെ യാത്ര ചെയ്യുകയാണെന്ന് പറഞ്ഞാൽ എന്താ പറയുക. വടകരയിൽ ബിജെപി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുന്നു എന്നാണ് മറ്റൊരാരോപണം. ബിജെപി വടകര മണ്ഡലത്തിൽ ദുർബലമാണ്. ഒരു ലക്ഷത്തിൽ താഴെ വോട്ടാണ് അവർക്കുള്ളത്. ഒരു പാർട്ടി ദുർബലമായിപ്പോയതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ഒരു ഇലക്ഷനിൽ ജയിക്കാൻ വേണ്ടി ഇത്രയും തരംതാണ പ്രചരണത്തിലേക്ക് പോകാമോ. ഹാട്രിക് വിജയം ഉറപ്പിക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരത്ത് ഞങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. എന്തെല്ലാം പ്രചരണം നടത്തിയാലും വടകരയുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കും. വടകരയിൽ ഞങ്ങൾ ജയിക്കാൻ വേണ്ടിയാണ് പോരാടുന്നത്.

  • വടകരയിൽ വിജയം ഉറപ്പാണോ? ആത്മവിശ്വാസം എങ്ങിനെ?

പത്തു വർഷം മുമ്പു വരെ വടകര എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ വടകരയെ ഷുവർ സീറ്റായി കാണാൻ പറ്റില്ല. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര. അങ്ങിനെയുള്ള ഒരു സീറ്റിനെ ഷുവര് സീറ്റായി കാണാൻ പറ്റില്ല. പത്തു വർഷമായി കയ്യിലുള്ള സീറ്റ് നിലനിർത്തുക എന്ന ചലഞ്ചാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വടകര സീറ്റ് എതിർകക്ഷികളുടെ കയ്യിൽ പോകാതെ സംരക്ഷിക്കുക എന്ന ചലഞ്ചാണ് പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത്. അത് ശക്തമായി ഏറ്റെടുത്തു വടകരയിൽ ഞങ്ങൾ ജയിക്കാൻ വേണ്ടിതന്നെയാണ് പോരാടുന്നത്.

  • വടകരയിൽ ചാവേറാകുന്നു എന്നു തോന്നുന്നുണ്ടോ?

പൊരുതി മരിക്കാൻ വരുന്നവനാണ് ചാവേർ. യുദ്ധം ജയിക്കാൻ വരുന്നവൻ ചാവേറാവില്ല. എന്നോട് പല ഇടതുപക്ഷ സഹയാത്രികരും ഫോണിൽ വിളിച്ച് വടകരയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ നിങ്ങൾ മത്സരിക്കണം ജയിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

  • കൊല്ലത്തെ പ്രസംഗത്തിൽ നല്ല സ്ഥാനാർത്ഥികളെ സിപിഎമ്മിൽ കിട്ടാനില്ലാത്തതുകൊണ്ടാണ് എംഎൽഎമാരെ മത്സരിപ്പിക്കുന്നത് എന്നു പറഞ്ഞ താങ്കൾ ഇപ്പോൾ മത്സരിക്കുന്നില്ലേ?

ഞാൻ അന്നു പറഞ്ഞതിൽ ഒരു വാക്കു കൂടെയുണ്ട്. എംഎൽഎമാരെ മത്സരിക്കുന്നതിൽ തെറ്റില്ല. അര ഡസൻ എംഎൽഎമാരെ മത്സരിപ്പിക്കണോ എന്നാണ് ഞാൻ ചോദിച്ചത്. ഞങ്ങൾ മൂന്ന് എംഎൽഎമാർ മത്സരിക്കുന്നുണ്ട്. അതിൽ രണ്ടു പേർ പത്യേക സാഹചര്യത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കേണ്ടി വന്നതുകൊണ്ട് രംഗത്തു വന്നവരാണ്.

  • ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലക്കപ്പെടും?

ഒരു മതത്തിന്റെയും വിശ്വാസങ്ങൾ ഹനിക്കപ്പെടരുത്. കോടാനു കോടി വിശ്വാസികൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഓരോ സ്ഥലത്തും ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ചില സന്ദർഭങ്ങളിൽ വിശ്വാസങ്ങളും ജുഡീഷ്യറിയും തമ്മിൽ ഏറ്റുമുട്ടുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അങ്ങിനെ വരുമ്പോൾ നിയമം മുഖേന വിശ്വാസികൾക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ടത് രാജ്യം ഭരിക്കുന്നവരാണ്. അവർ അക്കാര്യത്തിൽ വീഴ്ച വരുത്തി. ഷബാനു കേസിൽ ശരീഅത്ത് നിയമങ്ങൾ ഹനിക്കപ്പെടുന്നു എന്നു തോന്നിയപ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നിയമം മുഖേന അത് സംരക്ഷിച്ചു.

അതുപോലെ ജെല്ലിക്കെട്ട് പ്രശ്നം വന്നപ്പോൾ നിയമം മുഖേന സംരക്ഷിച്ചില്ലേ സർക്കാർ. എന്തുകൊണ്ട് ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാൻ നിയമം കൊണ്ടു വന്നില്ല. വിധി ചോദിച്ചു വാങ്ങിയ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. കേരളസർക്കാർ ആഗ്രഹിച്ച വിധിയാണ് ഇവിടെ വന്നത്. എന്നിട്ട് കേന്ദ്രസർക്കാരിനോട് നിയമം കൊണ്ടുവന്ന് തടയണമെന്ന് അവർ പറയുന്നതിൽ കാര്യമില്ല.അത് കേന്ദ്രത്തിന്റെ ചുമതലയാണ്. ശബരിമല വിഷയത്തിൽ ബിജെപിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ എടുത്ത നിലപാടുകാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP