Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

20 മണ്ഡലങ്ങളിലും പ്രവർത്തകർ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും കെ സുരേന്ദ്രന് ഇക്കുറി സീറ്റ് നൽകിയേക്കില്ല; തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തു തന്നെ മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം; തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കാനുള്ള സാധ്യത അടഞ്ഞതോടെ ഇനി സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ കാണാം

20 മണ്ഡലങ്ങളിലും പ്രവർത്തകർ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും കെ സുരേന്ദ്രന് ഇക്കുറി സീറ്റ് നൽകിയേക്കില്ല; തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തു തന്നെ മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം; തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കാനുള്ള സാധ്യത അടഞ്ഞതോടെ ഇനി സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ കാണാം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മത്സരത്തിനുണ്ടാവില്ല എന്ന് ഏറക്കുറെ ഉറപ്പായി. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശം ലഭിച്ചതായാണ് സൂചന. മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ട്. ഇത് സുരേന്ദ്രൻ പിൻവലിക്കും. ഇതോടെ മഞ്ചേശ്വരത്ത് അതിവേഗം ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിയും. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് സുരേന്ദ്രനെ മാറ്റി നിർത്തുന്നത്.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ച കാസർകോട്ട് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് കെ. സുരേന്ദ്രനോട് മത്സരിക്കാൻ നിർദ്ദേശം നൽകി എന്നാണ് അറിയുന്നത്. കെ. സുരേന്ദ്രൻ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കും പ്രധാനമായും പരിഗണിച്ചു. ഇതിനിടെ കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്നും സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യമാണ് പ്രവർത്തകർ ഉയർത്തിയത്. കേന്ദ്ര നേതൃത്വം നടത്തിയ സർവ്വേയിലും ഇത് വ്യക്തമായിരുന്നു. ഇതിനിടെയാണ് ലോക്‌സഭയിലേക്ക് സുരേന്ദ്രൻ മത്സരിക്കേണ്ടതില്ലെന്ന് സൂചന ദേശീയ നേതൃത്വം നൽകുന്നത്. പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.

കെ. സുരേന്ദ്രനെ തൃശ്ശൂരിൽ മത്സരിപ്പിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ തീരുമാനയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാൽ സമീപകാല സംഭവവികാസങ്ങൾ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ അത്ര ഗുണംചെയ്യില്ല എന്ന വിലയിരുത്തൽ ആർഎസ്എസ്സിനുണ്ട്. ബിജെപി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം. ഇവിടേയ്ക്കും സുരേന്ദ്രനെ പരിഗണിച്ചു. ഇതിനിടെയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് ജയസാധ്യത കൂടുതലാണെന്ന് ബിജെപി തിരിച്ചറിയുന്നത്. തൃശൂരിലും തിരുവനന്തപുത്തും ജയം ഉറപ്പില്ല. അതുകൊണ്ട് തന്നെ ലോക്‌സഭയിലേക്ക് സുരേന്ദ്രനെ മത്സരിപ്പിച്ച് മഞ്ചേശ്വരത്തെ വിജയ സാധ്യത കുറയ്ക്കരുതെന്നാണ് ഉയരുന്ന വിലയിരുത്തൽ.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ കോടതി പുറപ്പെടുവിച്ച സമൻസിലുള്ള സാക്ഷികളെ യുഡിഎഫ് നേതാക്കൾ കോടതിയിൽ ഹാജരാക്കിയാൽ കേസ് അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളെ പിടിച്ച് വയ്ക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇപ്പോൾ മഞ്ചേശ്വരത്ത് നടക്കുന്നത്. അവർ ഹാജരായാൽ കേസ് തീർക്കാവുന്നതേയുള്ളു വെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഒട്ടു മിക്ക മണ്ഡലങ്ങളിലും ഇത്തവണ ത്രികോണമത്സരമായിരിക്കും നടക്കുക. എതാനും ദിവസങ്ങൾക്കകം എൻഡിഎയുടെ പൂർണ്ണമായ ലോകസഭാ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുമെന്ന് സുരേന്ദ്രൻ വിശദീകരിച്ചിരുന്നു. മഞ്ചേശ്വരത്തെ കേസിൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അബ്ദുൾ റസാഖിന്റെ വിജയം അസാധുവായാലും ഉപതിരഞ്ഞെടുപ്പ് തന്നെയാകും സംഭവിക്കുക. അതിനാൽ കേസ് പിൻവലിച്ച് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയിലെ ആലോചന.

മൂന്നുഘട്ടങ്ങളിലായി നടത്തിയ ശബരിമല സമരം കെ സുരേന്ദ്രന് നൽകിയത് വൻ മൈലേജായിരുന്നു. ഒരു പാട് മടിച്ചു നിന്ന ശേഷമാണ് ശബരിമല സമരത്തിന്റെ മുൻനിരയിലേക്ക് സുരേന്ദ്രൻ എത്തിയത്. തുലമാസ പൂജ സമയത്ത് സമരം നയിക്കാൻ ആളില്ലാതെ വന്നപ്പോൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സുരേന്ദ്രൻ പക്ഷക്കാരാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഈ അവസരം വിനിയോഗിച്ചാൽ ശ്രദ്ധിക്കപ്പെടാമെന്ന് അറിയിച്ചതും അവർ തന്നെയാണ്. അങ്ങനെയാണ് അവരുടെ നിർബന്ധത്തിന് വഴങ്ങി സുരേന്ദ്രൻ നിലയ്ക്കലിലെ ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ എത്തിയത്. അന്നു തന്നെയാണ് പൊലീസും സമരക്കാരുമായി ലാത്തിച്ചാർജും നടന്നത്. ഇതിന് പിന്നാലെ സുരേന്ദ്രൻ മല കയറി. പിന്നീട് അവിടെ നടന്ന സമരമെല്ലാം നയിച്ചത് സുരേന്ദ്രനായിരുന്നു. തുലാമാസ പൂജ സമയത്ത് ആചാരലംഘനം നടക്കാതെ സഹായിച്ചതിന് തന്ത്രി സുരേന്ദ്രനോട് നന്ദി അറിയിക്കുകയും ചെയ്തു. ആദ്യ വരവ് ആകസ്മികമായിരുന്നുവെങ്കിൽ രണ്ടാം വരവ് കരുതി കൂട്ടി തന്നെയായിരുന്നു.

അന്ന് സുരേന്ദ്രനെ പമ്പയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുത്തിരുന്നു. വിവരം പൊലീസ് വൃത്തങ്ങളിൽ നിന്നു ചോർന്നു കിട്ടിയ സുരേന്ദ്രനും വിവി രാജേഷും കാട്ടിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് സന്നിധാനത്ത് എത്തുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ ഇമേജ് വർധിച്ചത്. മണ്ഡല തീർത്ഥാടനകാലത്ത് നിലയ്ക്കലിലെ അറസ്റ്റും സുരേന്ദ്രന് ചർച്ചകളിൽ സ്ഥാനം നൽകി. ഇങ്ങനെ ശബരിമലയിലൂടെ സുരേന്ദ്രന് കിട്ടിയ ജനപ്രിയത മഞ്ചേശ്വരത്ത് ചർച്ചയാക്കി വിജയിക്കാനാണ് അമിത് ഷാ തന്ത്രങ്ങളൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP