Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

243 കേസുകൾ ഉള്ള സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ 20 എണ്ണം മാത്രമെന്ന് ചൂണ്ടിക്കാട്ടിയാൽ അയോഗ്യനാവില്ലേ? സുരേന്ദ്രന്റെ നോമിനേഷൻ തള്ളാൻ സർക്കാർ ഗൂഢാലോചന നടത്തുന്നവെന്ന ആരോപണം ശക്തം; അവസാന നിമിഷം വരെ മറച്ചു വച്ച കേസ് വിവരം പുറത്തുവന്നത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ; പുതിയ നോമിനേഷൻ നൽകി പ്രതിസന്ധി മറികടക്കാൻ ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർത്ഥി; വേറേയും കേസുകൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ ആയോഗ്യത ഉണ്ടാവുമോ എന്ന് ഭയന്ന് ബിജെപി

243 കേസുകൾ ഉള്ള സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ 20 എണ്ണം മാത്രമെന്ന് ചൂണ്ടിക്കാട്ടിയാൽ അയോഗ്യനാവില്ലേ? സുരേന്ദ്രന്റെ നോമിനേഷൻ തള്ളാൻ സർക്കാർ ഗൂഢാലോചന നടത്തുന്നവെന്ന ആരോപണം ശക്തം; അവസാന നിമിഷം വരെ മറച്ചു വച്ച കേസ് വിവരം പുറത്തുവന്നത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ; പുതിയ നോമിനേഷൻ നൽകി പ്രതിസന്ധി മറികടക്കാൻ ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർത്ഥി; വേറേയും കേസുകൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ ആയോഗ്യത ഉണ്ടാവുമോ എന്ന് ഭയന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. സുരേന്ദ്രനെതിരെ 243 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ശബരിമല കർമസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ അക്രമങ്ങളുടെ പേരിൽ പാറശാല മുതൽ കാസർഗോഡ് വരെ വിവിധ സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകൾ. എല്ലാ കേസിലും സർക്കാർ സുരേന്ദ്രനെ പ്രതിയാക്കുകയായിരുന്നു.

243 കേസുകൾ ഉള്ള സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ 20 എണ്ണം മാത്രമെന്ന് നാമനിർദ്ദേശ പത്രിക പരിശോധനാ സമയത്ത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അയോഗ്യനാവും. കെ സുരേന്ദ്രന്റെ നോമിനേഷൻ തള്ളാൻ സർക്കാർ ഗൂഢാലോചന നടത്തുന്നവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്. അവസാന നിമിഷം വരെ മറച്ചു വച്ച കേസ് വിവരം പുറത്തുവന്നത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെയാണെന്നതാണ് വസ്തുത. പുതിയ നോമിനേഷൻ നൽകി പ്രതിസന്ധി മറികടക്കാൻ ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർത്ഥിക്ക് നിയമോപദേശം കിട്ടികഴിഞ്ഞു. വേറേയും കേസുകൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ ആയോഗ്യത ഉണ്ടാവുമോ എന്ന് ഭയന്ന് ബിജെപി വൃത്തങ്ങൾ മറുതന്ത്രങ്ങളും ഒരുക്കുന്നുണ്ട്. സുരേന്ദ്രന് ഒപ്പം കരുത്തരായ നേതാക്കൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകാനാണ് സാധ്യത.

സുരേന്ദ്രനു പുറമേ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾക്കും കേസുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ബിജെപി സ്ഥാനാർത്ഥികളും വീണ്ടും പത്രിക നൽകേണ്ടി വരും. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഹൈക്കോടതിയിൽ നൽകിയ കോടതിയക്ഷ്യഹർജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു കേസുകളുടെ വിശദാംശങ്ങൾ. എന്നാൽ, ബിജെപി. സ്ഥാനാർത്ഥികളായ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ നാമനിർദ്ദേശപത്രികയിൽ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവർക്കു നോട്ടീസ് ലഭിച്ചിരുന്നില്ല. ഇത് നാമനിർദ്ദേശ പത്രിക തള്ളാനുള്ള ഗൂഡനീക്കമായിരുന്നുവെന്നാണ് വിലയിരുത്തൽ.

നാമനിർദ്ദേശപത്രികയിൽ 20 കേസുകളുടെ വിവരമാണു സുരേന്ദ്രൻ നൽകിയിട്ടുള്ളത്. അവസാനമായി ഒരു കേസിൽ ജാമ്യമെടുത്തതു കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് ജില്ലാകോടതിയിൽ നിന്നാണ്. ഇതിനിടെയാണ് പുതിയ കേസുകളുടെ വിവരങ്ങൾ പുറത്തുന്നത്. കേസുകൾ സംബന്ധിച്ച വിവരം സുരേന്ദ്രനിൽനിന്നു മനഃപൂർവം മറച്ചുവച്ചെന്ന് ആരോപണം ശക്തമാണ്. നോട്ടീസ് കിട്ടിയ മറ്റു നേതാക്കൾ ഹൈക്കോടതിയിൽ കേസ് നടത്താൻ അഭിഭാഷകരെ ചുമതലപ്പെടുത്തി. ആറ്റിങ്ങലിലെ ബിജെപി. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരേ ആറു കേസുണ്ട്. എന്നാൽ, കെ. സുരേന്ദ്രനെതിരേയാണ് ഏറ്റവുമധികം കേസുകൾ-243. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും സുരേന്ദ്രനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.

ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ തന്നെ പ്രതിയാക്കി 243 കേസുകൾകൂടി ചുമത്തിയ സംസ്ഥാനസർക്കാർ നടപടി നിയമവിരുദ്ധമെന്നു സുരേന്ദ്രൻ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ വിറളിപൂണ്ട പിണറായി സർക്കാർ തന്നെ വേട്ടയാടുകയാണ്. താൻ ജയിലിലായിരുന്ന കാലത്തു നടന്ന സംഭവങ്ങളിൽപോലും പ്രതിചേർത്തെന്നു സുരേന്ദ്രൻ ആരോപിച്ചു. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇട നൽകും. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഹർജി നൽകിയതു കൊണ്ടു മാത്രമാണ് വിവരങ്ങൾ പുറത്തുവരുന്നത്.

സംസ്ഥാന സർക്കാർ, ഡി.ജി.പി, കെ.എസ്.ആർ.ടി.സി, ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല, ശബരിമല കർമസമിതി വക്താവ് എസ്.ജെ.ആർ. കുമാർ, ആലപ്പുഴയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ടി.പി. സെൻകുമാർ, ഗോവിന്ദ ഭരതൻ, ബിജെപി. സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ, എം ടി. രമേശ്, ചാലക്കുടിയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എംഎ‍ൽഎ, വി. മുരളീധരൻ എംപി, പി.ഇ.ബി. മേനോൻ എന്നിവരെ പ്രതികളാക്കിയാണു ജനുവരി ഏഴിനു മുകുന്ദൻ ഹർജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് കേസ് പിറ്റേന്നുതന്നെ പരിഗണിച്ചു. മാർച്ച് 29-നു സർക്കാർ പ്ലീഡർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നേതാക്കൾക്കെതിരേ കേസുകളുണ്ടെന്നു വെളിപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി രണ്ടിനു പുലർച്ചെയാണ് ബിന്ദു, കനകദുർഗ എന്നിവർ ശബരിമലയിൽ പൊലീസ് അകമ്പടിയോടെ ദർശനം നടത്തിയത്. പിറ്റേന്നു ബിജെപിയും ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ഹർത്താൽ ആഹ്വാനം ചെയ്തു. ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ആക്രമിച്ച് പരുക്കേൽപ്പിക്കൽ, പൊതുമുതൽ നശീകരണം, വധശ്രമം തുടങ്ങി അനേകം വകുപ്പുകളാണു പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP