Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേന്ദ്രൻ ഈഴവനല്ല, തെങ്ങുകയറ്റ സമുദായക്കാരനാണ്, വിളക്കിത്തല നായരാണ് എന്നിങ്ങനെയും പ്രചാരണം; പോരാത്തതിന് ഭീഷണിയും; വിവിപാറ്റ് നോക്കി വോട്ടു ചെയ്തത് ആർക്കെന്ന് മനസിലാക്കുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ വിരട്ടിയും വോട്ടുറപ്പിക്കാൻ നീക്കം പണി പാളിയെന്ന് മനസിലായതോടെ ഈഴവ നേതാക്കളെ ഇറക്കി ഭവന സന്ദർശനം ശക്തമാക്കി; സുരേന്ദ്രൻ പേടിയിൽ പത്തനംതിട്ടയിലെ സിപിഎം നെട്ടോട്ടത്തിൽ

സുരേന്ദ്രൻ ഈഴവനല്ല, തെങ്ങുകയറ്റ സമുദായക്കാരനാണ്, വിളക്കിത്തല നായരാണ് എന്നിങ്ങനെയും പ്രചാരണം; പോരാത്തതിന് ഭീഷണിയും; വിവിപാറ്റ് നോക്കി വോട്ടു ചെയ്തത് ആർക്കെന്ന് മനസിലാക്കുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ വിരട്ടിയും വോട്ടുറപ്പിക്കാൻ നീക്കം പണി പാളിയെന്ന് മനസിലായതോടെ ഈഴവ നേതാക്കളെ ഇറക്കി ഭവന സന്ദർശനം ശക്തമാക്കി; സുരേന്ദ്രൻ പേടിയിൽ പത്തനംതിട്ടയിലെ സിപിഎം നെട്ടോട്ടത്തിൽ

ആർ കനകൻ

തിരുവല്ല: പത്തനംതിട്ട നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശക്തമായ വെല്ലുവിളിയായതോടെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നേതൃത്വം പരാജയഭീതിയിൽ. നഷ്ടമാകാൻ സാധ്യതയുള്ള ഹൈന്ദവ വോട്ടുകൾ തിരികെ പിടിക്കാനും വ്യാജപ്രചാരണം നടത്തി വോട്ടുചോർച്ച തടയാനുമുള്ള നീക്കം ശക്തമായി. ഏതു തറക്കളി നടത്തിയും വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന നേതൃത്വം ഇതിന് അനുമതിയും നൽകി കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്.

വിവിപാറ്റ് മെഷിനുകളിലെ രസീതുകൾ പരിശോധിക്കുമ്പോൾ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് മനസിലാക്കാൻ കഴിയുമെന്നും അതു കൊണ്ട് വോട്ട് മറിക്കാൻ ആരും ശ്രമിക്കരുതെന്നുമുള്ള സന്ദേശമാണ് തിരുവല്ല മേഖലയിൽ നൽകിയിരിക്കുന്നത്. വോട്ടു ചെയ്യുന്ന ആളുടെ സീരിയൽ നമ്പർ വിവിപാറ്റ് സ്ലിപ്പിൽ പതിയുമെന്നും അതുമായി ഒത്തു നോക്കിയാൽ ആര് ആർക്ക് വോട്ട് ചെയ്തുവെന്ന് മനസിലാക്കാനും കഴിയുമെന്നുമാണ് നേതാക്കൾ പ്രചരിപ്പിക്കുന്നത്. ഇതു കേട്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. ഇവരിൽ പലരും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഒരുങ്ങിയിരുന്നവരാണ്. വിവിപാറ്റ് സ്ലിപ്പിൽ സീരിയൽ നമ്പരോ മറ്റേതെങ്കിലും തിരിച്ചറിയൽ സൂചനയോ ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അങ്ങനെ വരുന്ന പക്ഷം, രഹസ്യബാലറ്റിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടും. ഈഴവ സമുദായത്തിൽ നിന്ന് ശക്തമായ ഏകീകരണമാണ് സുരേന്ദ്രന് വേണ്ടി ഉണ്ടായിരിക്കുന്നത്. മിനിഞ്ഞാന്ന് കടമ്പനാടും ഇന്നലെ തിരുവല്ലയിലും നടന്ന സംഭവ വികാസങ്ങൾ ഇതാണ് തെളിയിക്കുന്നത്. കടമ്പനാട്ട് നെല്ലിമുകൾ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ചടങ്ങിൽ കെ സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇവിടെ വൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ സുരേന്ദ്രനെ കൊണ്ടുവന്നതിനെതിരേ ഈഴവ സമുദായത്തിൽപ്പെട്ട സിപിഎമ്മുകാർ രംഗത്തു വന്നു. ഇത് കേട്ട് കലിപ്പിലായ സമുദായത്തിലെ യുവാക്കൾ അന്ന് വൈകിട്ട് വീണ്ടും സുരേന്ദ്രനെ ക്ഷേത്രത്തിലെത്തിച്ച് സ്വീകരണം നൽകിയിരുന്നു. തിരുവല്ലയിൽ ഇന്നലെ എസ്എൻഡിപിയുടെ കൺവൻഷൻ നഗറിൽ ഇടതു സ്ഥാനാർത്ഥി വീണാ ജോർജിന് അമിതപ്രാധാന്യം നൽകിയപ്പോൾ വെള്ളാപ്പള്ളിക്കെതിരേ പരസ്യമായി പ്രതിഷേധം ഉയർന്നു.

വീണയെ നാമം ജപിച്ച് യാത്രയാക്കുകയും ചെയ്തു. നാമം ജപിച്ചത് ബിജെപിക്കാർ മാത്രമാണെന്ന് വരുത്തി തീർക്കാനാണ് സിപിഎം സൈബർ സഖാക്കളുടെ ശ്രമം. എന്നാൽ, പണി പാളിയെന്ന് വെള്ളാപ്പള്ളിക്ക് ബോധ്യമായിട്ടുണ്ട്. ഇതോടെ സുരേന്ദ്രന് അനുകൂലമായി നിലപാട് മാറ്റാനും അദ്ദേഹം തയാറായി. തിരുവല്ലയിൽ ഈഴവ സമുദായത്തിൽപ്പെട്ട സിപിഐയുടെയും കോൺഗ്രസിന്റെയും ഓരോ നേതാക്കൾ സുരേന്ദ്രന് വേണ്ടി വോട്ടു പിടിക്കാൻ രംഗത്തുണ്ട്. ഇവർക്ക് പാർട്ടി നേതൃത്വങ്ങൾ താക്കീത നൽകിയതോടെ പരസ്യ പ്രചാരണത്തിൽ നിന്നും പിന്മാറി. ഈഴവ ഏകീകരണം വന്നാൽ വീണയും ആന്റോയും തോൽക്കാനാണ് സാധ്യത. ഭീഷണി മുൻകൂട്ടിക്കണ്ട സിപിഎം മരുമരുന്ന് തേടുകയാണ്. എന്നാൽ, സർവേ ഫലങ്ങളിലും ക്രൈസ്തവ-ന്യൂനപക്ഷ വോട്ടുകളിലും കണ്ണു നട്ട് , ഇപ്പോഴേ താൻ ജയിച്ചുവെന്ന് പറഞ്ഞു നടക്കുന്ന ആന്റോയും കോൺഗ്രസുകാരും ഇത് കണ്ടഭാവം നടിക്കുന്നില്ല.

ജില്ലയിലെ ഈഴവരുടെ വീടുകളിൽ സിപിഎമ്മുകാരായ ഈഴവ നേതാക്കളെ നേരിട്ട് വോട്ടുറപ്പിക്കാൻ നിയോഗിച്ചിരിക്കുകയാണ്. സുരേന്ദ്രൻ ഈഴവനല്ല, തെങ്ങുകയറ്റ സമുദായക്കാരനാണ്, വിളക്കിത്തല നായരാണ് എന്നിങ്ങനെയുള്ള പ്രചാരണമാണ് ഇവർ നടത്തുന്നത്. അടൂരിലാണ് ഭവനസന്ദർശനം ശക്തമാക്കുന്നത്. ഈഴവരുടെ വീടുകളിൽ മറ്റു സമുദായക്കാരെ ഒന്നും പ്രചാരണത്തിന് അയയ്ക്കുന്നുമില്ല. പതിവുപോലെ ജാതിക്കാർഡ് ഇറക്കിയാണ് സിപിഎം മുന്നോട്ടു പോകുന്നത്. ശബരിമല സമരനായകൻ സുരേന്ദ്രൻ വലിയ മൈലേജാണ് മണ്ഡലത്തിലുള്ളത്. ഇത് മറികടക്കാൻ ന്യൂനപക്ഷ വോട്ടുകൾ കൊണ്ട് മാത്രം സാധിക്കില്ല എന്ന് ഇപ്പോഴാണ് സിപിഎമ്മിന് മനസിലായത്. ഇതോടെയാണ് തറവേലകളുമായി രംഗത്തു വന്നിരിക്കുന്നത്.

ഓർത്തഡോക്സ് സഭയുടെ തീരുമാനം യുഡിഎഫിന് വോട്ടു ചെയ്യാനാണ്. യാക്കോബായ, ക്നാനായ സമുദായം എൽഡിഎഫിനൊപ്പം നിൽക്കും. എന്നാൽ, പറയത്തക്ക വോട്ട് ഇവർക്കില്ല താനും. വീണ ജയിക്കില്ലെന്ന് സിപിഎം നേതൃത്വത്തിനും മനസിലായിട്ടുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പോകാതിരിക്കാനാണ് ശ്രമം. യുഡിഎഫിന്റെ കുത്തക മണ്ഡലമായതിനാൽ അവർ ജയിച്ചു എന്ന് പറഞ്ഞ് നിൽക്കാൻ കഴിയും. എന്നാൽ, സുരേന്ദ്രൻ വിജയിക്കുകയും വീണ മൂന്നാമത് ആവുകയും ചെയ്താൽ, പിന്നെ പിണറായി സർക്കാർ മുഖം രക്ഷിക്കാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP