Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം

കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെയും പോസ്റ്റുപോൾ സർവേകളും ഒന്നും പ്രവചിക്കാത്ത വിധത്തിൽ വ്യത്യസ്ത പ്രവചനവുമായി കൈരളി ന്യൂസ് - സിഇഎസ് സർവെ ഫലം. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്ന സർവേയാണ് കൈരളി പുറത്തുവിട്ടത്. കൂടാതെ മറ്റു സർവേകൾ പ്രകാരം സിപിഎം തോൽക്കുമെന്ന് പ്രവചിച്ച ഇടങ്ങളിൽ വിജയിക്കുമെന്നാണ് സിപിഎം ചാനൽ പുറത്തുവിട്ട അഭിപ്രായ സർവേഫലം വ്യക്തമാക്കുന്നത്. സർവേ ഫലം പ്രകാരം എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കും. അതേസമയം യുഡിഎഫിന് 9 സീറ്റുകളാണ് പ്രവചിക്കുന്നത്. എൻഡിഎ സീറ്റ് നേടില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു. യുഡിഎഫ് 40.8% മുതൽ 43.2% വരെ വോട്ടു നേടും. എൽഡിഎഫിന്റെ വോട്ടോഹരി 40.3% മുതൽ 42.7% വരെയാകാം. എൻഡിഎയുടെ വോട്ട് സാധ്യത 13.5% മുതൽ 15.9% വരെയാണ്.

ബിജെപി ഇളക്കി മറിച്ച് പ്രചരണം നടത്തിയ മൂന്ന് മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തെന്നാണ് കൈരളി സർവേ പ്രവചിക്കുന്നത്. ശക്തമായ ത്രികോണ പോരാട്ടം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ വ്യക്തമായ മാർജ്ജിനിൽ വിജയിക്കുമെന്നാണ് കൈരളി സർവെ പറയുന്നത്. അതേസമയം സി ദിവാകരൻ രണ്ടാം സ്ഥാനത്തും കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ചാനൽ സർവേ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം തരൂരിനെ തുണച്ചെന്നാണ് സർവേ സംഘം അഭിപ്രായപ്പെട്ടത്.

അതേസമയം ശബരിമല വിഷയം സജീവ ചർച്ചയായ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. ഇവിടെ ഭൂരിപക്ഷം സർവേകളും ആന്റോ ആന്റണിയുടെ വിജയം പ്രവചിക്കുമ്പോൾ കൈരളി വീണാ ജോർജ്ജ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രമാണ് ചാനൽ നൽകുന്നത്. മറ്റൊരു ത്രികോണ പോരാട്ടം നടന്ന തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം ടി എൻ പ്രതാപന്റെ വിജയസാധ്യത ഇല്ലാതാക്കുമെന്നും ചാനൽ പ്രവചിക്കുന്നു. ഇവിടെ സിപിഐ സ്ഥാനാർത്ഥി രാജാജി മാത്യൂസ് വിജയിക്കുമെന്നാണ് കൈരളിയുടെ സർവേ വ്യക്തമാക്കുന്നത്.

ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായി പ്രവചനം ഉണ്ടായ മറ്റൊരു മണ്ഡലം വടകരയാണ്. വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ വിജയം നേടുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സർവെ പ്രവചിക്കുന്നു. ജയരാജന് 47.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവെ പറയുന്നത്. ഒപ്പം യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരന് 44.5 ശതമാനം വോട്ട് ലഭിക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കും.

നേരത്തെ, പുറത്ത് വന്ന ഒട്ടുമിട്ട സർവെകളും വടകരയിൽ കെ മുരളീധരൻ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. കാസർകോട് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ തോൽക്കുമെന്നാണ് സർവെ പറയുന്നത്. 41.7 ശതമാനം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി നേടുമ്പോൾ 40.1 ശതമാനം വോട്ടുകൾ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സർവേ ഫലം. അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകൾ നേടും. വോട്ട് രീതിയിൽ പറഞ്ഞാൽ 16000-17000 വോട്ടുവരെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നാണ് സർവേ പറയുന്നത്. 1096470 വോട്ടുകൾ, 80.75 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്.

അര ഡസനോളം മണ്ഡലങ്ങളിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലുള്ള ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ പട്ടികയിൽ എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങളും ഉൾപ്പെടുന്നുണ്ട്. എറണാകുളത്ത് ഹൈബി ഈഡൻ നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് സർവേ പറയുന്നത്. അതേസമയം മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിട്ടു നിൽക്കുന്നതും നേരിയ ഭൂരിപക്ഷത്തിനാണ്. കാസർകോടിന് പുറമേ കണ്ണൂർ സീറ്റും എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. കോഴിക്കോട്, ആലപ്പുഴ, കൊല്ലം പോലുള്ള മണ്ഡലങ്ങൾ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുക്കുമെന്നും സർവേ പറയുന്നു. ആറ്റിങ്ങലിലും പാലക്കാടും എൽഡിഎഫ് വിജയിക്കും.

മലപ്പുറം, വയനാട്, പൊന്നാനി തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ യുഡിഎഫ് ആധിപത്യം തുടരുന്നു. ശക്തമായ മത്സരം നടന്ന ആലത്തൂരിൽ രമ്യ ഹരിദാസ് തോൽക്കുമെന്നാണ് സർവേ പറയുന്നത്. ഇവിടെ പി കെ ബിജുവിന് തന്നെയാണ് സാധ്യത പ്രവചിക്കുന്നത്. ഇടുക്കിയും കോട്ടയവും ഇക്കുറി ചാലക്കുടിയും യുഡിഎഫിനൊപ്പം നിൽക്കും. കേരളത്തിൽ ഇത്തവണ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സർവേയാണ് കൈരളി ന്യൂസും സിഇഎസും ചേർന്ന് സംഘടിപ്പിച്ചതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിൽ സർവേ നടന്നു. 480 ബുത്തുകളിലെ 12,000 വോട്ടർമാർ സർവേയിൽ പങ്കെടുത്തവെന്നും കൈരളി പറുന്നു.

മറ്റ് സർവേകളിൽ ഇടതുപക്ഷത്തിന്റെ പല നെടുങ്കോട്ടകളും തകരുമെന്നാണ് പ്രവചിച്ചിരുന്നത്. അതിന് വിപരീതമായ ഫലമാണ് കൈരളി ന്യൂസ് പുറത്തുവിട്ടത് എന്നതിനാൽ സർവേയെ കുറിച്ചുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. അതേസമയം കൈരളി ടിവിക്ക് സർവേയിൽ ഉത്തരവാദിത്തമില്ലെന്നും പൂർണ ഉത്തരവാദിത്തം സർവേ ഏജൻസിയായ സിഇഎസിനായിരിക്കുമെന്നും അവതാരകൻ കൂടിയായ ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP