വരുന്നവർക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല; കഴിവുള്ളവർക്ക് ബിജെപിയിൽ സ്ഥാനമുണ്ടെന്ന് കണ്ണന്താനം; ഞങ്ങളുടെ പാർട്ടി ഒരു കുടുംബസ്വത്തല്ല; മോദി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാൽ ജനങ്ങൾ വോട്ടുചെയ്യുമെന്നും കേന്ദ്രമന്ത്രി; ശബരിമല വിഷയത്തിൽ അവസാന തീരുമാനം തിരഞ്ഞെടുപ്പ് ഓഫീസറുടേത്
March 16, 2019 | 12:06 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് കോട്ട വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ ടോം വടക്കന് സീറ്റ് ലഭിക്കുമോ? പ്രതികരണവുമായി സിവിൽ സർവീസിൽനിന്ന് രാജിവെച്ച്, ഇടത് പിന്തുണയോടെ നിയമസഭയിലെത്തി, ഇപ്പോൾ ബിജെപി.യുടെ കേന്ദ്രസഹമന്ത്രിക്കസേരയിലിരിക്കുന്ന അൽഫോൻസ് കണ്ണന്താനം.
ടോം വടക്കൻ വർഷങ്ങളായി കോൺഗ്രസിന്റെ ശബ്ദമായിരുന്നു. അങ്ങനെയൊരാൾ കൂറുമാറണമെങ്കിൽ ബിജെപി.യുടെ പ്രവർത്തനം നല്ലതെന്ന് തോന്നിയതിനാലാകാം. ബിജെപി.യിലേക്ക് വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല. പ്രധാനമന്ത്രി വരെ കഴിവിലൂടെ എത്തിയതാണ്. ഞങ്ങളുടെ പാർട്ടി ഒരു കുടുംബസ്വത്തല്ല. അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അത് സംസ്ഥാന നേതൃത്വമാണ് പറയേണ്ടതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
ബിജെപി.യിൽ മിടുക്കരായ നേതാക്കളുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുവരികയാണ്. ശനിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്ന് കരുതുന്നു.തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശമനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. തർക്കങ്ങളുണ്ടായേക്കാം. ചോദ്യം ചെയ്യാനുള്ള അവസരം ജനാധിപത്യം നൽകുന്നുണ്ട്. എന്നാൽ അവസാന തീരുമാനം തിരഞ്ഞെടുപ്പ് ഓഫീസറുടെതാകും. ബിജെപി. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു.
മോദി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാൽ ജനങ്ങൾ വോട്ടുചെയ്യുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. നടപ്പിലായ കേന്ദ്രപദ്ധതികൾ നിരവധിയാണ്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് അത് നിഷേധിക്കാനാവില്ല.എന്നാൽ സംസ്ഥാനം കൂടി സഹകരിക്കേണ്ട പദ്ധതികൾ കേരളത്തിൽ അവയിൽ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഉദാഹരണത്തിന്, റെയിൽവേ പാളം ഇരട്ടിപ്പിക്കലിന് സ്ഥലം എടുത്തുകൊടുക്കേണ്ടത് സംസ്ഥാനമാണ്. അത് പൂർത്തിയാക്കിയാലേ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടാനാകൂ. ഇതുപോലുള്ള പ്രശ്നങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കും.
