Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അങ്കത്തിനിറങ്ങിയ കാരായിമാർക്ക് തലശേരിയിൽ നൽകിയത് ആവേശോജ്വല സ്വീകരണം; സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ; കൊലക്കേസ് പ്രതികൾക്കെതിരേ ആദ്യവെടി പൊട്ടിച്ച് മന്ത്രി കെ സി ജോസഫ്

അങ്കത്തിനിറങ്ങിയ കാരായിമാർക്ക് തലശേരിയിൽ നൽകിയത് ആവേശോജ്വല സ്വീകരണം; സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ; കൊലക്കേസ് പ്രതികൾക്കെതിരേ ആദ്യവെടി പൊട്ടിച്ച് മന്ത്രി കെ സി ജോസഫ്

കണ്ണൂർ: കാരായിമാർ അങ്കത്തിനിറങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ കോടതി അനുമതിയോടെ എത്തിയ കാരായിമാർക്ക് തലശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം നൽകുകയും ചെയ്തു. ഇതോടെ വിവാദങ്ങൾക്കും തുടക്കം കുറിച്ചു.

സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫാണ് ആദ്യ വെടിപൊട്ടിച്ചത്. കളങ്കിതരെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പറയുന്ന സിപിഐ.(എം). കൊലക്കേസിൽ പ്രതികളായവരെ സ്ഥാനാർത്ഥികളായി മത്സരിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് കൊലക്കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കി നിർത്തുന്നതിൽ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ നിലപാട് എന്താണെന്നും മന്ത്രി ചോദിച്ചു.

എൻ.ഡി.എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടവരാണ് കാരായി രാജനും ചന്ദ്രശേഖരനും. എറണാകുളം ജില്ല വിട്ടുപോകരുതെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് ജാമ്യത്തിൽ കഴിയുകയായിരുന്നു രണ്ടു പേരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജനേയും തലശ്ശേരി നഗരസഭയിലേക്ക് കാരായി ചന്ദ്രശേഖരനേയും പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. അതിനാലാണ് ഹൈക്കോടതി അനുമതിയോടെ കാരായിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തയ്യാറായത്.

പാർട്ടി ഒരുക്കിയ കാറിൽ ഇന്നലെ വൈകീട്ട് തലശ്ശേരിയിലെത്തി തലേദിവസം തന്നെ കാരായിമാരെ അനുഭാവികൾക്കും പാർട്ടി ബന്ധുക്കൾക്കും സ്വീകാര്യനാക്കുക എന്ന തന്ത്രവുമായി സിപിഐ.(എം) പോളിറ്റ് ബൃൂറോ അംഗം പിണറായി വിജയൻ തലശ്ശേരിയിലെ ഒരു ചടങ്ങിനെത്തിയിരുന്നു. കൊലക്കേസ് പ്രതികൾക്ക് വീരപരിവേഷം നൽകുന്നത് സിപിഐ-എമ്മിൽ പതിവാണ്. സംസ്ഥാന ജില്ലാ സമ്മേളനങ്ങളിൽപ്പോലും ഇത്തരക്കാർക്ക് അഭിവാദ്യമർപ്പിക്കാറുണ്ട്.

യുവമോർച്ചാ നേതാവായിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ സ്്കൂൾ കുട്ടികളുടെ മുമ്പിലിട്ടു ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കിടക്കവേ, അവരയച്ച കത്തുവായിച്ച് ആവേശപൂർവം എണീറ്റുനിന്ന് കൈയുയർത്തി അഭിവാദ്യമർപ്പിച്ചു കൊണ്ടാണു സിപി എം മലപ്പുറത്തു നടത്തിയ സംസ്ഥാനസമ്മേളനം സമാരംഭിച്ചതുപോലും. പരിണതപ്രജ്ഞരും ആദർശധീരരുമായ മുതിർന്ന സിപിഐ(എം) നേതാക്കൾ പോലും അന്നവിടെ വീരാരാധനയോടെ അഭിവാദ്യമർപ്പിക്കുന്നതു സാംസ്‌കാരികകേരളം കണ്ടുനിന്നു. ഇതാണ് സിപിഐ.(എം) ലെ പതിവ്. എതിരാളികളെ കൊലപ്പെടുത്തിയവരെ മഹത്വവൽക്കരിക്കുന്നത് പാർട്ടിയിൽ പുത്തരിയല്ല.

കാരായിമാരെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ ചില അപസ്വരങ്ങൾ ഉയർന്നു വന്നിരുന്നു. കാരായി രാജനു പകരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കാൻ മറുഭാഗം നിശ്ചയിച്ച മയ്യിൽ ഏരിയാ സെക്രട്ടറി ടി.കെ.ഗോവിന്ദൻ മത്സരരംഗത്തുനിന്നും പിന്മാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സിപിഐ.(എം) ജില്ലാ കമ്മിറ്റിയിൽ ധാരണയായതായിരുന്നു. ഭൂരിഭാഗം ജില്ലാ കമ്മിറ്റിയംഗങ്ങളും കാരായി രാജനെ പിൻതുണച്ചിതിന്റെ വിഷമം മൂലമാണ് ഗോവിന്ദൻ മത്സരരംഗത്തു നിന്നും പിന്മാറിയതെന്നും പറയുന്നു.

വധക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം ജില്ലാ കമ്മിറ്റിയിൽ ശക്തമായി നിലകൊണ്ടിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കാരായിമാർ മത്സരരംഗത്തുള്ളതെന്നറിഞ്ഞതോടെ ഇതുവരെ എതിരഭിപ്രായമുന്നയിച്ചവർ പിൻവലിഞ്ഞിരിക്കയാണ്. സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജന്റെ രാഷ്ട്രീയ തട്ടകത്തിലാണ് കാരായിമാരും പാട്യം പഞ്ചായത്തിൽ മത്സരിക്കുന്ന കതിരൂർ മനോജ് വധക്കേസിലെ പ്രതികളായ ചപ്ര പ്രകാശനും എം. രാമചന്ദ്രനും. ഈ വധക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്ന ആശയം കൊണ്ടുവന്നതും പി.ജയരാജൻ തന്നെ. ഇവരെല്ലാം ജയിച്ചു വന്നാൽ പാർട്ടി ആരോപണങ്ങളിൽ നിന്നും മോചിതരാകുമെന്നാണ് കണക്കു കൂട്ടൽ.

കാരായിമാരെ സ്വീകരിക്കാൻ തലശ്ശേരിയിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്. ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ച് ധീരനായകന്മാരായാണ് തലശ്ശേരിയിലെ പാർട്ടി അണികൾ അവരെ കണ്ടത്. തലേദിവസം പിണറായി വിജയൻ കാരായിമാരെ മത്സരിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പാർട്ടി ലൈനിൽ വ്യക്തമാക്കിയിരുന്നു. പാർട്ടി വിശദീകരണമനുസരിച്ച് കാരായിമാരെ തെറ്റുകാരായി കാണുന്നില്ല. ഫസൽ വധത്തിൽ പങ്കുണ്ടെന്നതു കെട്ടിച്ചമച്ച കഥയാണെന്നാണ് പാർട്ടി പ്രചരിപ്പിക്കുന്നത്. ജനമദ്ധ്യത്തിൽ വച്ച് പാർട്ടി നേതാവ് പിണറായി വിജയൻ തന്നെ താത്വികമായി ഇത് അവതരിപ്പിക്കുകയും ചെയ്തു. അടിയുറച്ച പാർട്ടി കേന്ദ്രങ്ങളിൽ കാരായിമാരും മറ്റു പ്രതികളും മത്സരിക്കാനൊരുങ്ങുമ്പോൾ പരാജയത്തെക്കുറിച്ച് അവർക്ക് പേടിക്കേണ്ടതേയില്ല. കാരായിമാരും കതിരൂർ മനോജ് വധക്കേസിലെ പ്രതികളും വിജയിച്ചു വരുന്നത് ജനത്തിന് കാണേണ്ടിവന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP