Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചു; തോൽവി സമ്മതിക്കാതെ റിബൽ സ്ഥാനാർത്ഥിയായി ജോസഫ് കോട്ടയത്ത് മത്സരിക്കാനിറങ്ങുമോ? ഗോദയിലിറങ്ങിയാൽ ജോസഫിനെ പുറത്താക്കുമെന്ന് മാണിയുടെ മുന്നറിയിപ്പ്; പിളർപ്പിലേക്ക് നീങ്ങരുതെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും രണ്ടില രണ്ടാകുമെന്ന് സൂചന; യുഡിഎഫ് കോട്ടയിൽ വിജയം കൊയ്യാനൊരുങ്ങി വി.എൻ.വാസവനെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ്

ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചു; തോൽവി സമ്മതിക്കാതെ റിബൽ സ്ഥാനാർത്ഥിയായി ജോസഫ് കോട്ടയത്ത് മത്സരിക്കാനിറങ്ങുമോ? ഗോദയിലിറങ്ങിയാൽ ജോസഫിനെ പുറത്താക്കുമെന്ന് മാണിയുടെ മുന്നറിയിപ്പ്; പിളർപ്പിലേക്ക് നീങ്ങരുതെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും രണ്ടില രണ്ടാകുമെന്ന് സൂചന; യുഡിഎഫ് കോട്ടയിൽ വിജയം കൊയ്യാനൊരുങ്ങി വി.എൻ.വാസവനെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്നതാണ് കേരള കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ ചൊല്ല്. അതിനെ അന്വർഥമാക്കും വിധം കെ.എം.മാണിയും പി.ജെ.ജോസഫുമെല്ലാം ഒരേ കുടക്കീഴിൽ കഴിയുന്ന കേരള കോൺഗ്രസ് എം പിളർപ്പിലേക്ക് നീങ്ങുകയാണെന്ന് സൂചന. കോട്ടയം സീറ്റ് ജോസഫിന് നൽകാനാവില്ലെന്ന് മാണി കട്ടായം പറഞ്ഞതോടെയാണ് കാര്യങ്ങൾ കലുഷിതമായത്. പകരം തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനാണ് മാണിയുടെ തീരുമാനം. ഇക്കാര്യം മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. 'കേരളാ കോൺഗ്രസ്സ് (എം) മത്സരിക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ തോമസ് ചാഴിക്കാടൻ എക്സ്.എംഎ‍ൽഎയെ പ്രഖ്യാപിച്ചിരിക്കുന്നു,' ഇതാണ് ഒറ്റവരി വാർത്താക്കുറിപ്പ്. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസഫ് രാത്രി 10 മണിയോടെ പ്രതികരിച്ചു. താൻ മത്സരിക്കുന്നത അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും. പാർട്ടി തീരുമാനം എടുത്തത് കേട്ടുകേൾവിയില്ലാത്ത രീതിയിലൂടെയാണ്. കേരള കോൺഗ്രസ് തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് രോഷത്തോടെ പറഞ്ഞു.

തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതോടെ ജോസഫും മത്സരിക്കാനായി കളത്തിലിറങ്ങും. ഇതോടെ ജോസഫിനെ പുറത്താക്കുമെന്നാണ് മാണിയുടെ ഭീഷണി. കേരള കോൺഗ്രസ് ഒന്നാകെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു. യുഡിഎഫിന് ജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. 1991-1996, 1996-2001 കാലയളവിൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു തോമസ് ചാഴിക്കാടൻ. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ദിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടത്.

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ കോട്ടയത്തേക്കായി മൂന്നു പേരുകളാണ് ഉയർന്നത്. സ്റ്റീഫൻ ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ. പ്രിൻസ് ലൂക്കോസിനെ തള്ളിയതോടെ, സ്റ്റീഫൻ ജോർജും തോമസ് ചാഴിക്കാടനും അവശേഷിച്ചു. മാണിയും ജോസ്.കെ.മാണിയും സ്റ്റീഫൻ ജോർജിന് വേണ്ടി നിലകൊണ്ടു. എന്നാൽ, താൻ തോമസ് ചാഴിക്കാടനെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവെന്ന് മുതിർന്ന നേതാവ് സി.എഫ്.തോമസ് കടുത്ത നിലപാടെടുത്തു. ഇതോടെയാണ് മാണി തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാമെന്ന് സമ്മതിച്ചത്. ഏതായാലും രണ്ടില പിളർപ്പിന്റെ വക്കിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതോടെ ജോസഫ് ഗ്രൂപ്പ് തിരക്കിട്ട കൂടിയാലോചനകളിലാണ്. പിളർപ്പ് ഒഴിവാക്കണമെന്ന സന്ദേശമാണ് കോൺഗ്രസ് നേതാക്കൾ മാണിക്ക് നൽകിയത്. ജോസഫിന് വേണ്ട പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അവഗണിക്കാനാവാത്ത ആവശ്യമെങ്കിലും തൽക്കാലം അത് മാണി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

തോമസ് ചാഴിക്കാടൻ ഏറ്റുമാനൂരിൽ നിന്ന് രണ്ടുവട്ടം മത്സരിച്ച് പരാജയപ്പെട്ട നേതാവാണ്. ജോസഫ് കൂടി മത്സരിക്കാനിറങ്ങുന്നതോടെ, എൽഡിഎഫിന് കാര്യങ്ങൾ എളുപ്പമാകും. വി.എൻ.വാസവനെ ഇറക്കി പാർട്ടി വോട്ടുകൾ ഉറപ്പാക്കിയ സിപിഎമ്മിന് കോൺഗ്രസിന്റെ രഹസ്യ പിന്തുണ കൂടി കിട്ടും. പോരാത്തതിന് ജോസഫ് പിടിക്കുന്ന വോട്ടുകളും നിർണായകമാകും.

നേരത്തെ ജോസഫിന് സീറ്റ് നൽകണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണിയോടും യുഡിഎഫ് നേതാക്കൾ ഫോണിൽ സംസാരിച്ചിരുന്നു. കോട്ടയം സീറ്റിൽ ജയം ഉറപ്പിക്കാൻ ജോസഫ് വേണമെന്ന നിലപാട് നേതാക്കൾ അറിയിച്ചു. ജോസഫിനെ എതിർത്ത് കേരള കോൺഗ്രസ് ജില്ലാഘടകം രംഗത്തെത്തിയതിന് പിന്നാലെയാണ് ഇടപെടൽ. എന്നാൽ ഈ ഇടപെടലും ഫലം കണ്ടില്ല. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനത്തിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉടലെടുത്തു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് ഇത്രയും കൂടിയാലോചനകളൊന്നും നടത്താതെയാണെന്നും അന്ന് ആർക്കും എതിർപ്പ് ഇല്ലായിരുന്നുവെന്നും ജോസ്ഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കി.

നേരത്തെ, പി.ജെ.ജോസഫ് കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവേയാണ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നും വിജയ സാധ്യതയുള്ള മറ്റുള്ളവർ പാർട്ടിയിലുണ്ടെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അഭിപ്രായപ്പെട്ടത്. ജോസഫിനെ ഉന്നം വച്ചായിരുന്നു സണ്ണിയുടെ ഈ അഭിപ്രായ പ്രകടനം. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

അതിനിടെ പാർട്ടിയിലെ നേതാക്കളുമായി കൂടിയാലോചിച്ചാവും കെ.എം.മാണി സ്ഥാനാർത്ഥിയെ നിർണയിക്കുകയെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികിരച്ചു. ഞായറാഴ്ച ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചെയർമാനായ മാണിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും റോഷി വ്യക്തമാക്കി. കോട്ടയം സീറ്റിൽ പി.ജെ.ജോസഫിനെ മത്സരിപ്പിക്കാൻ കോൺഗ്രസ്-മുസ്ലിം ലീഗ് സമ്മർദ്ദം മാണിക്ക് മേൽ ഉണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ജോസഫ് കോട്ടയം സീറ്റ് ആവശ്യപ്പെടുന്നതെന്നായിരുന്നു മാണി വിഭാഗത്തിന്റെ പരാതി.

മാണിഗ്രൂപ്പ് നേതാക്കൾക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തലുണ്ടായിരുന്നത്. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം വന്നത്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം ഇന്നലെ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി, പാർലമെന്ററി പാർട്ടി യോഗങ്ങളിൽ ജോസഫ് അറിയിച്ചിരുന്നു. അന്തിമതീരുമാനം പ്രഖ്യാപിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണു നേതൃയോഗങ്ങൾ പിരിഞ്ഞത്. എന്നാൽ പാർലമെന്ററി പാർട്ടിയോഗത്തിന് പിന്നാലെ രാത്രിയിൽ മാണി വിഭാഗം കോട്ടയത്തു പ്രത്യേകയോഗം ചേർന്നു.

പാർലമെന്ററി പാർട്ടി യോഗത്തിലാകട്ടെ സീറ്റ് ജോസഫിന് എന്ന തരത്തിലേക്കു കാര്യങ്ങളെത്തിയെങ്കിലും മത്സരിക്കാൻ സന്നദ്ധത അറിയിക്കുകയും കോൺഗ്രസ് പിന്തുണയുമായി രംഗത്ത് വന്നതും മാണി വിഭാഗത്തിന് ജോസഫിനോട് അമർഷം കൂട്ടി്. നേരത്തേ ഈ തർക്കം പരിഹരിക്കുന്നതിനായി ഇടുക്കിയിലും കോട്ടയത്തും രണ്ടു സീറ്റ് മാണി വിഭാഗം ചോദിച്ചെങ്കിലും കോൺഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചത്.

നേരത്തെ കോട്ടയം സീറ്റിൽ ഒത്തുതീർപ്പിന്റെ ഭാഗമായി ജോസഫിനെ ഏല്ലാവരും അംഗീകരിക്കുമെന്ന ഘട്ടം ഉണ്ടായിരുന്നു. കോട്ടയവും ഇടുക്കിയും വെച്ചുമാറുന്നതിനുള്ള അണിയറ നീക്കങ്ങൾക്കെതിരേ ജോസ് കെ.മാണിതന്നെ രംഗത്തെത്തിയിരുന്നു. കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്.. അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്.

ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോൺഗ്രസിൽ ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാൽ പുതിയ വിവാദങ്ങൾക്കിടയിൽ ചെയർമാൻ സ്ഥാനം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടേയും ശ്രമമെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP