Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളഭരണം പിടിക്കാൻ ഇറങ്ങിയവരിൽ നാല് കൊലക്കേസ് പ്രതികൾ ഉൾപ്പെടെ 311 ക്രിമിനൽ കേസ് പ്രതികളും 202 കോടീശ്വരന്മാരും; മുതലാളിമാരിൽ മുമ്പിൽ കോൺഗ്രസ്സും ലീഗുമെങ്കിൽ കുറ്റവാളികളിൽ മുമ്പർ സിപിഐ(എം) സ്ഥാനാർത്ഥികൾ

കേരളഭരണം പിടിക്കാൻ ഇറങ്ങിയവരിൽ നാല് കൊലക്കേസ് പ്രതികൾ ഉൾപ്പെടെ 311 ക്രിമിനൽ കേസ് പ്രതികളും 202 കോടീശ്വരന്മാരും; മുതലാളിമാരിൽ മുമ്പിൽ കോൺഗ്രസ്സും ലീഗുമെങ്കിൽ കുറ്റവാളികളിൽ മുമ്പർ സിപിഐ(എം) സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് പറയുമ്പോൾ ബീഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കളിയാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, നമ്മുടെ നാട്ടിൽ നടക്കുന്നത് എന്തെന്ന് ആരും ചിന്തിക്കുന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക നൽകി ജനവിധിക്കായി കാത്തിരിക്കുന്ന സ്ഥാനാർത്ഥികൾ സാമൂഹിക സേവനം ലക്ഷ്യമിട്ട് ഇറങ്ങിയവരാണെന്ന് ആരും കരുതേണ്ട. മറ്റു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും കവച്ചുവെക്കുന്നതാണ് നമ്മുടെ ജനനേതാക്കളുടെ മഹിമ.

1125 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ഇതിൽ 311 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അതിൽത്തന്നെ നാലുപേർ കൊലക്കേസ് പ്രതികളും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയവരിൽ മുന്നിൽ സിപിഎമ്മാണ്. 72 പേർ. മറ്റു പാർട്ടികളും മോശമല്ല. 42 ബിജെപി സ്ഥാനാർത്ഥികളും 37 കോൺഗ്രസ് സ്ഥാനാർത്ഥികളും ക്രിമിനൽ കേസിൽ പ്രതികളാണ്. ബിഡിജെഎസ് (13), സിപിഐ (15), എസ്ഡിപിഐ (25) എന്നിവരും ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്. 43 സ്വതന്ത്രരും ഈ വിഭാഗത്തിൽപ്പെടുന്നു.

ക്രിമിനൽ കേസ്സിൽ പ്രതികളായവരിൽ 138 പേർ കൊലപാതകം, വധശ്രമം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചെയ്തവരാണ്. 11 സ്ഥാനാർത്ഥികൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചാർത്തപ്പെട്ടവരാണ്. പാറശാലയിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ബലാൽസംഗക്കേസ്സിൽ പ്രതിയും. 48 മണ്ഡലങ്ങളിൽ മൂന്നോ നാലോ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിക്കുന്നുണ്ട്.

പണത്തിലും പിന്നോട്ടല്ല കേരളത്തിലെ സ്ഥാർഥികൾ. 1.28 കോടി രൂപയാണ് സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി. 202 കോടീശ്വരന്മാര് മത്സരരംഗത്തുണ്ട്. ഇതിൽ 43 പേർ കോൺഗ്രസ്സിൽനിന്നാണ്. തൊഴിലാളിപ്പാർട്ടിയായ സിപിഐ(എം) 24 കോടീശ്വരന്മാരെയാണ് മത്സരിപ്പിക്കുന്നത്. 18 ബിജെപി സ്ഥാനാർത്ഥികളും 18 ബിഡിജെഎസ് സ്ഥാനാർത്ഥികളും പണക്കൊഴുപ്പിൽനിന്ന് വരുന്നവരാണ്. മുസ്ലിം ലീഗിന്റെ 17 സ്ഥാനാർത്ഥികൾക്കും കോടികളുടെ ആസ്തിയുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽനിന്ന് ഒമ്പത് കോടീശ്വരന്മാരാണ് മത്സരിക്കുന്നത്.

സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിന്റെ നിയമസഭയിലേക്കെത്താൻ അക്ഷരാഭ്യാസമില്ലാത്ത ഏഴുപേർ രംഗത്തുണ്ടെന്നും അറിയുക. 29 പേർക്ക് അക്ഷരാഭ്യാസം മാത്രമേയുള്ളൂ. 669 പേർ അഞ്ചാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സിദ്ധിച്ചവരാണ്. ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസമുള്ളത് 30 പേർക്ക്. വനിതാ പ്രാതിനിധ്യം ഇക്കുറിയും സഭയിൽ കുറവാകും. പത്തുശതമാനം മാത്രമാണ് സ്ത്രീകളുടെ എണ്ണം. 104 വനിതകളാണ് ജനവിധി തേടുന്നത്.

48 മണ്ഡലങ്ങളിൽ മൂന്നിലധികം സ്ഥാനാർത്ഥികൾ ഗൗരവതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഈ മണ്ഡലങ്ങളെ റെഡ് അലർട്ട് മണ്ഡലങ്ങളായാണു കണക്കാക്കുന്നത്. സ്വത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻനിരയിലുള്ളത് മൂന്നു സ്ഥാനാർത്ഥികളാണ്. തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനു 188 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തിലെ എൻസിപി സ്ഥാനാർത്ഥി തോമസ് ചാണ്ടിക്ക് 92 കോടി രൂപയുടെ സമ്പാദ്യമാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി സി. അബ്ദുൾ ഖാദറിനു 54 കോടി രൂപയുടെ സമ്പാദ്യവുമുണ്ട്.

പാർട്ടി തിരിച്ചുള്ള കോടിപതി സ്ഥാനാർത്ഥികളുടെ കണക്കെടുക്കുമ്പോൾ കോൺഗ്രസിന്റെ ആകെ സ്ഥാനാർത്ഥികളിൽ 43 പേരും കോടിപതികളാണ്. സിപിഎമ്മിന്റെ 24 സ്ഥാനാർത്ഥികളും ബിജെപിയുടെ 18 സ്ഥാനാർത്ഥികളും ബിജെഡിഎസിന്റെ 18 സ്ഥാനാർത്ഥികളും എഐഎഡിഎംകെയുടെ രണ്ടു സ്ഥാനാർത്ഥികളും മുസ്‌ലിം ലീഗിന്റെ 17 സ്ഥാനാർത്ഥികളും കേരള കോൺഗ്രസിന്റെ ഒമ്പതു സ്ഥാനാർത്ഥികളും 30 സ്വതന്ത്ര സ്ഥാനാർത്ഥികളും കോടിപതികളാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം സ്ഥാനാർത്ഥികളുടെ ശരാശരി സമ്പാദ്യം 1.28 കോടി രൂപയാണ്.

ഇതു പാർട്ടി തിരിച്ചു കണക്കാക്കുമ്പോൾ ശരാശരി സ്വത്ത് കോൺഗ്രസിന് 1.83 കോടിയും ബിജെപി 1.03 കോടി, സിപിഐ(എം) 1.51 കോടി, എഐഎഡിഎംകെ 35.14 കോടി, ബിജെഡിഎസ് 3.19 കോടി, സിപിഐ 71.16 ലക്ഷം, മുസ്‌ലിം ലീഗ് 4.21 കോടി, കേരള കോൺഗ്രസ് 3.16 കോടി, ജെഡിയു 5.25 കോടി, ജെഡിഎസ് 4.59 കോടി എന്നിങ്ങനെയാണ്. സ്വതന്ത്രരുടേത് 43.87 ലക്ഷവും. ഏഴു സ്ഥാനാർത്ഥികൾ ഒരു സമ്പാദ്യവുമില്ലെന്നാണു വിവരം നൽകിയിരിക്കുന്നത്. ഇവരെല്ലാവരും സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ്. കൽപ്പറ്റ മണ്ഡലത്തിലെ എൻ.എം സന്ധ്യ, കളമശേരിയിലെ ഉണ്ണിക്കൃഷ്ണൻ, വൈപ്പിനിലെ എസ്.ഡി സതീഷ് കുമാർ, തൃക്കാക്കരയിലെ വി. ലാൽ, ചെങ്ങന്നൂരിലെ ശശി, ആറന്മുളയിലെ ഷാജി മെഴുവേലി, നേമത്തെ ജെ. വിക്രമൻ എന്നിവരുടെ പേരിലാണ് ഒരു സ്വത്തുക്കളില്ലാത്തത്.

മാനന്തവാടിയിലെ സ്വതന്ത്രൻ കേളു കൊള്ളിയിൽ, കാഞ്ഞിരപ്പള്ളിയിലെ സ്വതന്ത്രൻ സാജൻ സി. മാധവൻ, തിരുവനന്തപുരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി ബിനോയ് എന്നിവർ നൂറു രൂപയോ അതിൽ കൂടുതലോ മാത്രം സമ്പാദ്യമുള്ളവരാണ്. കടബാധ്യതയുള്ള സ്ഥാനാർത്ഥികളിൽ കോടീശ്വരന്മാരുടെ നിരയിൽ മുൻനിരയിൽ നിൽക്കുന്നതു ബിജു രമേശ് തന്നെയാണ് ഒന്നാമൻ. 18 കോടി രൂപയുടെ ബാധ്യതയുണ്ട് ബിജു രമേശിന്. പാലായിലെ എൻസിപി സ്ഥാനാർത്ഥി മാണി സി കാപ്പന് 13 കോടി രൂപയും പീരുമേട്ടിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി സി. അബ്ദുൾ ഖാദറിനു പത്തു കോടി രൂപയും കടബാധ്യതയുണ്ട്. സ്വത്തു വിവരങ്ങൾ പ്രഖ്യാപിച്ചവരിൽ 834 പേർ ഇൻകം ടാക്‌സ് വിവരങ്ങൾ നൽകിയിട്ടില്ല.

സ്ഥാനാർത്ഥികളിൽ 669 പേർ അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്‌ളാസിനുമിടയ്ക്കു വിദ്യാഭ്യാസമുള്ളവരാണ്. 380 പേർ ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസം നേടി. 29 പേർ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞവരാണ്. ഏഴു പേർ നിരക്ഷരരുമാണ്. 25നും 50നും ഇടയിൽ പ്രായമുള്ള 656 സ്ഥാനാർത്ഥികളും 51നും 80നും ഇടയിൽ പ്രായമുള്ള 461 സ്ഥാനാർത്ഥികളുമുണ്ട്. ആറു പേർ 80 വയസിനു മുകളിലുള്ളവരാണ്. രണ്ടു പേരുടെ പ്രായം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. ആകെ മത്സരിക്കുന്നവരിൽ 104 വനിത സ്ഥാനാർത്ഥികളാണുള്ളതെന്നും സർവേ കണെ്ടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP