Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാല്യത്തിൽ പിതാവിന്റെ തോളിലേറിയാണ് ഞാൻ ശബരിമലയിൽ പോയത്; ഇപ്പോഴും പോകുന്നുണ്ടെന്നും വിശ്വാസം സംരക്ഷിക്കുമെന്നും കെയു ജനീഷ്‌കുമാർ; വിശ്വാസം സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിച്ചാൽ മതിയെന്ന് കെ.സുരേന്ദ്രൻ; വിശ്വാസികൾക്ക് സ്വൈര്യമായി ശബരിമലയിൽ പോകാൻ കഴിയണമെന്ന് പി മോഹൻരാജ്: പത്തനംതിട്ട പ്രസ് ക്ലബിന്റെ സ്ഥാനാർത്ഥി സംഗമത്തിൽ ശബരിമല വിഷയം ചൂടുപിടിപ്പിച്ച് കോന്നിയിലെ സ്ഥാനാർത്ഥികൾ

ബാല്യത്തിൽ പിതാവിന്റെ തോളിലേറിയാണ് ഞാൻ ശബരിമലയിൽ പോയത്; ഇപ്പോഴും പോകുന്നുണ്ടെന്നും വിശ്വാസം സംരക്ഷിക്കുമെന്നും കെയു ജനീഷ്‌കുമാർ; വിശ്വാസം സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിച്ചാൽ മതിയെന്ന് കെ.സുരേന്ദ്രൻ; വിശ്വാസികൾക്ക് സ്വൈര്യമായി ശബരിമലയിൽ പോകാൻ കഴിയണമെന്ന് പി മോഹൻരാജ്: പത്തനംതിട്ട പ്രസ് ക്ലബിന്റെ സ്ഥാനാർത്ഥി സംഗമത്തിൽ ശബരിമല വിഷയം ചൂടുപിടിപ്പിച്ച് കോന്നിയിലെ സ്ഥാനാർത്ഥികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചെറുപ്പത്തിൽ പിതാവിന്റെ തോളിലേറിയാണ് ആദ്യമായി ശബരിമലയ്ക്ക് പോയതെന്ന് കോന്നിയിലെ ഇടതു സ്ഥാനാർത്ഥി കെയു ജനീഷ്‌കുമാർ. ഇപ്പോഴും മലചവിട്ടാറുണ്ട്. വിശ്വാസം സംരക്ഷിക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും ജനീഷ്. വിശ്വാസം സംരക്ഷിക്കാനാണെങ്കിൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിച്ചാൽ മതിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വിശ്വാസികൾക്ക് സ്വൈര്യമായി മല ചവിട്ടാൻ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും സ്വന്തം വീട്ടിൽ പോലും കയറ്റാത്ത സ്ത്രീകളെ ശബരിമല കയറാൻ പറഞ്ഞു വിടരുതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജ്.

പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പ്രസ് ക്ലബിൽ സംഘടിപ്പിച്ച കോന്നി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ സംഗമത്തിലാണ് ശബരിമല വിഷയം വീണ്ടും കത്തിപ്പടർന്നത്. ശബരിമലയിൽ ആചാരലംഘകരെ തടയുന്നത് ഇക്കുറിയും തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. അതിന് ഞങ്ങൾ തെരഞ്ഞെടുപ്പ് വിജയമോ തോൽവിയോ ഒന്നും നോക്കി നിൽക്കില്ല. വീണ്ടും ആചാരംലംഘിക്കാനാണ് ശ്രമമെങ്കിൽ പഴയതിനെക്കാൾ രൂക്ഷമായ സമരം തന്നെ സംഘടിപ്പിക്കും. 1000 കേസെടുത്താലും പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. ആചാരസംരക്ഷണത്തിന് ഒരു യുഡിഎഫ് നേതാവിനെയും ശബരിമലയിൽ കണ്ടില്ലായിരുന്നു. പാർലമെന്റിലേക്ക് ജയിച്ചു കയറിയ 19 ആചാരസംരക്ഷകർ ആചാരം സംരക്ഷിക്കാൻ വരുന്നത് കാണാൻ കാത്തിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്തു കൊണ്ട് ശബരിമല ഓർഡിനൻസ് കൊണ്ടു വന്നില്ല എന്നതാണ് വിമർശനം.

ശബരിമല റിവ്യൂ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി കഴിഞ്ഞു. വിധി പറയുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്. വിധി എതിരായാൽ കേന്ദ്രം ആചാര സംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടു വരിക തന്നെ ചെയ്യും. ശബരിമല വിഷയത്തിൽ സിപിഎം പ്ലീനം തെറ്റു തിരുത്തി. ഈ വിവരം വീടുകളിൽ കയറി അറിയിക്കുകയാണ് സംസ്ഥാന സെക്രട്ടറിയും പ്രവർത്തകരും ചെയ്തത്. അപ്പോഴാണ് നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇപ്പോൾ പാർട്ടിക്കാർക്ക് ആകെ കൺഫ്യൂഷനാണ്. ആര് പറയുന്നത് കേൾക്കണമെന്ന കാര്യത്തിൽ. എൻകെ പ്രേമചന്ദ്രൻ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെ ബിജെപി അനുകൂലിച്ചില്ലെന്ന് വിമർശനത്തിന് സുരേന്ദ്രന്റെ മറുപടി ഇങ്ങനെ: ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. ഒരു വെള്ളപേപ്പർ കൊണ്ടു വന്നിട്ട് ബിൽ ആണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല.

ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ചത് ബിജെപിയാണെന്ന് ജനീഷ്‌കുമാർ പറഞ്ഞു. അധികാരത്തിൽ വീണ്ടും വന്നാൽ ശബരിമല ഓർഡിനൻസ് കൊണ്ടു വരുമെന്ന് പറഞ്ഞു. നടന്നില്ല. ഞങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണ്. പാർലമെന്റിൽ സിപിഎമ്മിന് അംഗബലമില്ല. സീതാറാം യച്ചൂരിയല്ല പ്രധാനമന്ത്രി, നരേന്ദ്ര മോദിയാണ്. കോൺഗ്രസിന് സമരം ചെയ്യാം. കാരണം, ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്. രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളത്. വിശ്വാസ സംരക്ഷണമല്ല. കോന്നിയിൽ വിശ്വാസികൾ തങ്ങൾക്കൊപ്പം നിൽക്കുന്നു. ചെറുപ്പത്തിൽ പിതാവിനൊപ്പം ശബരിമല പോയിട്ടുണ്ട്. ഒരു തോളിൽ ഞാൻ, മറു തോളിൽ ഇരുമുടിക്കെട്ട്. ഇടതു തോളിലെ ഇരുമുടിക്കെട്ട് താഴെ പോകാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആ കെട്ട് വലിച്ചെറിഞ്ഞവരാണ് ഇപ്പോൾ വിശ്വാസ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്നത് എന്നും ജനീഷ് പറഞ്ഞു. ശബരിമലയിൽ ഇനിയും യുവതികളെ കയറ്റുമോ എന്ന ചോദ്യത്തിന് മുന്നിൽ ജനീഷ് വിയർത്തു. അത് സംബന്ധിച്ച് പാർട്ടിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണപ്പെടണമെന്ന് പറഞ്ഞ് ജനീഷ് ഒടുവിൽ ഒഴിഞ്ഞു മാറുകയായിരുന്നു.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ആചാരസംരക്ഷണവും വിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ്. സുപ്രീംകോടതി വിധി അനുസരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. നവോഥാന കേരളം ശബരിമലയിലേക്ക് എന്നത് ഡിവൈഎഫ്ഐയുടെ മുദ്രാവാക്യമല്ല. അങ്ങനെ ഒരു കൂട്ടായ്മ ഡിവൈഎഫ്ഐക്ക് ഇല്ല. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നും ജനീഷ് പറഞ്ഞു.
വീട്ടിൽ പോലും കയറ്റാൻ ഭർത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകർക്കുന്ന തരത്തിൽ 18-ാം പടി ചവിട്ടിച്ചത് ഈ സർക്കാരാണെന്ന് പി മോഹൻരാജ് പറഞ്ഞു. സർക്കാരിനെതിരായ ജനരോഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമല വിഷയം സുവർണാവസരമാക്കിയവരാണ് ബിജെപിക്കാർ.

രണ്ടു മുന്നണികളും വിശ്വാസം തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്. ശബരിമല വിഷയത്തിലെ അന്തിമ വിധി വരുന്നതല്ല ബിജെപിക്ക് പ്രശ്നം. തെരഞ്ഞെടുപ്പ് കഴിയാൻ അവർ കാത്തിരിക്കുകയാണ്. എൻകെ പ്രേമചന്ദ്രൻ ഈ വിഷയത്തിൽ കൊണ്ടു വന്ന സ്വകാര്യബിൽ ബിജെപി സഹായിച്ചിരുന്നുവെങ്കിൽ പാസാക്കാമായിരുന്നു. രാഷ്ട്രീയ ലാഭമാണ് അവിടെ ബിജെപി നോക്കിയത്. കോന്നിയിലെ സീറ്റ് തർക്കം പരിഹരിച്ചു കഴിഞ്ഞു. പഞ്ചായത്തിലെ അടക്കം എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിൽ സീറ്റ് തർക്കം പതിവാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ അത് തീരും. പിന്നെ എല്ലാവരും ഒറ്റക്കെട്ടാണ്. അതാണിപ്പോൾ കോന്നിയിൽ സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP