Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റബ്ബർ വിലയിടവും ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ആയുധമാക്കി സിപിഎം; പുതിയ തന്ത്രങ്ങളുമായി പറന്ന് വോട്ടുപിടിച്ച് പിസി തോമസ്; ഇടതുപക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന മെത്രാൻ കക്ഷിക്കാരുടെ വോട്ടിൽ പ്രതീക്ഷയർപ്പിച്ച യുഡിഎഫും എൻഡിഎയും; പക്ഷേ കോട്ടയത്ത് രാഹുൽ തരംഗത്തിനൊപ്പം കെ എം മാണി സഹതാപവും; തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷം ഒന്നരലക്ഷംവരെ ഉയർന്നേക്കും; കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ട തന്നെ

റബ്ബർ വിലയിടവും ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ആയുധമാക്കി സിപിഎം; പുതിയ തന്ത്രങ്ങളുമായി പറന്ന് വോട്ടുപിടിച്ച് പിസി തോമസ്; ഇടതുപക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന മെത്രാൻ കക്ഷിക്കാരുടെ വോട്ടിൽ പ്രതീക്ഷയർപ്പിച്ച യുഡിഎഫും എൻഡിഎയും; പക്ഷേ കോട്ടയത്ത് രാഹുൽ തരംഗത്തിനൊപ്പം കെ എം മാണി സഹതാപവും; തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷം ഒന്നരലക്ഷംവരെ ഉയർന്നേക്കും; കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ട തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം എന്നുപറയാവുന്ന കോട്ടയം ഇത്തവണയും അങ്ങനെതന്നെ തുടരുമെന്നാണ് ഇവിടെനിന്നുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.പൊതുവെ നിലനിക്കുന്ന രാഹുൽ പ്രഭാവത്തിനൊപ്പം കെ എം മാണിയുടെ നിര്യാണത്തെ തുടർന്നുള്ള സഹതാപ തരംഗം കൂടി വിലയിരുത്തുന്നതോടെ ഒരു ലക്ഷത്തിലധികം വോട്ടിന് ഐക്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ നിഷ്പ്രയാസം ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എന്നാൽ പ്രചാരണ രംഗത്ത് ഇതായിരുന്നില്ല ചിത്രം. എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ കടുത്ത വെല്ലുവിൽയാണ് ഉയർത്തിയിരുന്നത്. നേരത്തെ സീറ്റ് സംബന്ധിച്ച് ഉണ്ടായ മാണി- ജോസഎഫ് തർക്കവും മറ്റും എൽഡിഎഫിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഇതെല്ലാം ആവിയായിരിക്കയാണ്.

പ്രചാരണത്തിൽ ആദ്യഘട്ടത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിലായിരുന്നു.അവസാന ഘട്ടമെത്തിയപ്പോഴേക്കുമാണ് യൂഡിഎഫിന് മൂൻതൂക്കം വന്നത് .എൻഡിഎ സ്ഥാനർഥിയായി മുൻ കേന്ദ്രമന്ത്രികൂടിയായ പി.സി തോമസ് സമനില തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നാലെയുണ്ട്. സമീപ ജില്ലകളിൽ അലയടിച്ച ശബരിമല വിഷയവും നോട്ട് നിരോധനവും ജിഎസ്ടിയും ചർച്ച് ആക്ടും റബ്ബറിന്റെ വിലയിടിവും കാർഷിക മേഖലയിലെ ഇതര വിഷയങ്ങളുമായിരുന്നു ഇവിടെ പ്രചാരണ രംഗത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഈ മണ്ഡലം പക്ഷേ എൽഡിഎഫിനെയും പിന്തുണച്ച ചരിത്രമുണ്ട്. കഴിഞ്ഞ തവണ ജോസ് കെ മാണി തിളക്കമാർന്ന വിജയം നേടിയ കോട്ടയത്ത് ഇത്തവണ പോരാട്ടത്തിന് വീറും വാശിയും ഏറിയിട്ടുണ്ട്.സിപിഎമ്മിലെ സുരേഷ്‌കുറുപ്പ് കോട്ടയത്തുനിന്നും ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരുന്നു.മുൻ തിരഞ്ഞെടുപ്പുകളേക്കാൾ നിരവധി അനുകൂലഘടകങ്ങൾ ഉള്ളതിനാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നതാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

രാഹുൽ തരംഗത്തിനൊപ്പം സഹാതാപ തരംഗവും

രണ്ട് ഇരട്ട തരംഗങ്ങളാണ് കോട്ടയത്ത് യുഡിഎഫിന് തുണയാവുന്നത്. സംസ്ഥാനതലത്തിൽ തന്നെയുള്ള രാഹുൽ തരംഗവും പിന്നെ , ഈ നാടിന്റെ എല്ലാമെല്ലാമായ കെ.എം മാണിയുടെ നിര്യാണത്തോടെ സംജാതമായ സഹതാപ തരംഗവും. മുന്നണികൾ പ്രചാരണ രംംഗത്ത് സജീവമായി വരവെയാണ് കേരള കോൺഗ്രസ്സ് എം ചെയർമാൻ കെ എം മാണിയുടെ വിയോഗം.

കഴിഞ്ഞ തവണ കേരളകോൺഗ്രസ്സ് എമ്മിലെ ജോസ് കെ മാണിയും ജെ ഡി എസ്സിലെ മാത്യു ടി തോമസ്സും തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. വിജയം ജോസ്് കെ മാണി സ്വന്തമാക്കി. 100470 വോട്ടിന്റെ ഭൂരി പക്ഷത്തിലായിരുന്നു ജയം. 2009 -ൽ 71570 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിലെ സുരേഷ് കുറുപ്പിനെ തറപറ്റിച്ച് ജോസ് കെ മാണി പാർലിമെന്റിൽ എത്തിയത്. കാലവധി തീരാൻ ഒന്നര വർഷത്തോളം ബാക്കി നിൽക്കെ ഒഴിവുവന്ന രാജ്യസഭ സീറ്റ് സ്വന്തമാക്കി ഇക്കുറി മത്്‌സരരംഗം വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മണ്ഡലം അനാഥമാക്കിയെന്നത് ഇവിടെ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധമാണ്. ജോസ് കെ മാണി സുരക്ഷതമായി രാജ്യസഭയിൽ എത്തിയതോടെ പാർട്ടിയിലെ ഏറെക്കുറെ പ്രബലനായ നേതാവ് പി ജെ ജോസഫ് മണ്ഡലത്തിൽ നിന്നും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം പി ജെ ജോസഫ് ഏറെക്കുറെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ നോമിനേഷൻ കൊടുക്കേണ്ട് തീയതി അടുത്തതോടെ പാർട്ടി ചെയർമാൻ കെ എം മാണി തടസ്സവാദങ്ങളുയർത്തി പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചു.പിന്നാലെ തോമസ്സ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതേത്തുടർന്ന പാർട്ടി വിടാൻ ഒരുങ്ങിയ ജോസഫിനെയും കൂട്ടരെയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറ്റും ചേർന്നാണ് തണുപ്പിച്ചതെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ വാഗാദാനം ചെയ്താണ് ഇക്കൂട്ടർ ജാസഫിന്റെ എതിർപ്പ് ശമിപ്പിച്ചതെന്നാണ് ഒരു കൂട്ടരുടെ വാദം.ഒത്തുതീർപ്പ് ഫോർമുല എന്താണെന്ന കാര്യത്തിൽ പി ജെ ഇതുവരെ മനസ്സുതുറന്നിട്ടില്ലങ്കിലും ചർച്ചകൾക്കുപിന്നാലെ ഇദ്ദേഹം പാട്ടും കളിയും ചിരിയുമായി ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

സഭാവോട്ടുകൾ ആരുടെ പെട്ടിയിൽ ?

സഭാവോട്ടുകളുടെ ധ്രൂവീകരണം മുന്നുമുന്നണികളെയും ബാധിക്കും. സഭാവിഷയത്തിൽ പിണറായി സർക്കാർ യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതായി മെതാൻ കക്ഷിക്കാർ പരാതി ഉന്നയിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. ഇക്കാര്യത്തിൽ ഇക്കൂട്ടർ ഇടതുപക്ഷവുമായി അകൽച്ചയിലാണെന്നത് പരസ്യമായ വസ്തുതയാണ്. ഇക്കൂട്ടരുടെ വോട്ട് ആരുടെ പെട്ടിയിലെത്തുമെന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്. കോട്ടയം മണ്ഡലത്തിലെ വിജയം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് ക്രസ്ത്യൻ വോട്ടുകളാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

ഇക്കുറി ഇടതുപക്ഷത്തോട് മുഖം തിരിച്ചിട്ടുള്ള മെത്രാൻകക്ഷിക്കാരിൽ നല്ലൊരു ശതമാനത്തിന്റെ വോട്ട് ചാഴിക്കാടനും പി സി തോമസിനുമായി വിഭജിച്ച് പോകുന്നതിന് സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സഭാനേതൃത്വങ്ങളുമായി അടുപ്പം പി സി തോമസ്സിന് ഈ വഴിക്ക് കൂടുതൽ വോട്ട് ലഭിക്കുന്നതിന് കാരണമാവുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.ജയിച്ചാൽ പി സി തോമസ്സ് കേന്ദ്ര മന്ത്രിയെന്ന തരത്തിൽ ബിജെപി മന്ത്രിമാർ നേരിട്ടെത്തി സഭാനേതൃത്വങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതും ഇക്കൂട്ടർക്ക് എൻഡിഎ യോടുള്ള അടുപ്പം കൂടാൻ ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

അരക്കെ നോക്കാനുറച്ച് പിസി തോമസ്

ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെപ്പെടുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയിക്ക് മണ്ഡലത്തിൽ വ്യാപകമായുള്ള വ്യക്തിബന്ധങ്ങളും ക്രിസ്ത്യൻ സഭകളുമായുള്ള അടുപ്പവും മുതലാക്കി ജയം കൈപ്പിടിയിലൊതുക്കാമെന്നാണ് എൻ ഡി എ പക്ഷത്തിന്റെ പ്രതീക്ഷ.

2004ൽ മൂവാറ്റുപുഴയിൽ ഇരുമുന്നണികളെയും അട്ടിമറിച്ച് പാർലമെന്റിൽ എത്തിയ ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിൽ നിന്നും പുറത്തുചാടി ,പാർട്ടിയുടെ സ്വന്തം പേരിലുള്ള ഘടകത്തിന്റെ ചെയർമാനായി മത്സര രംഗത്തുള്ള അഡ്വ. പി.സി തോമസിന്റെ കണക്കുകൂട്ടൽ.കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം ജില്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വിജയത്തിന് വഴിതെളിക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കുറി മെത്രാൻകക്ഷിക്കാരിൽ നല്ലൊരു ശതമാനത്തിന്റെ വോട്ടും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.പിതാവ് പി ടി ചാക്കോയുടെ കർമ്മഭൂമിയായിരുന്ന മണ്ഡലം തന്നെ കൈവിടില്ലന്ന ഉറച്ച വിശ്വാസത്തിലാണ് അഡ്വ.പി സി തോമസ്സ്.

വികസനത്തിൽ പ്രതീക്ഷയർപ്പിച്ച് ഇടതുപക്ഷം

മതനിരപേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകളും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സ്ഥാനാർത്ഥി വി എൻ വാസവന്റെ വിജയത്തിന് സഹായകമാവുമെന്നാണ് ഇടത് നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രധാന ചർച്ചാ വിഷയം റബ്ബറിന്റെ വിലയിടിവുതന്നെ. റബർ കൃഷിയുടെ ഈറ്റില്ലമായിട്ടും കർഷകർ നേരിടുന്ന സാമ്പത്തിക തകർച്ച വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

റബർ വിലയിടിവിന് പ്രധാന കാരണം ആസിയൻ കരാറാണ്. ഇത് നടപ്പായത് കേരള കോൺഗ്രസ് എം കൂടി പിന്തുണച്ചിട്ടാണെന്നും ഒരു വർഷത്തോളം കാലാവധി ബാക്കിനിൽക്കെ ജോസ് കെ മാണി ജനവിധിയെ വെല്ലുവിളിച്ച് മണ്ഡലം ഉപേക്ഷിച്ചു പോയെന്നും അതിനാൽ യൂ ഡി എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്നുമാണ് എൽ ഡി എഫ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. കോട്ടയം എംഎൽഎ ആയിരുന്ന കാലത്ത്് നടത്തിയ വികസന പ്രവർത്തനങ്ങളും പ്രളയകാലത്ത് ഏറ്റെടുത്തുനടത്തിയ രക്ഷാദൗത്യവും കാരുണ്യം നിറഞ്ഞ പ്രവർത്തനങ്ങളും എൽഡിഎഫിന് അനുകൂലമായിട്ടുണ്ടെന്നാണ് നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ ജി സുധാകരൻ, സി രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങി എൽഡിഎഫിന്റെ സമുന്നതരായ നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP