Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടത് സാധ്യത പ്രവചിച്ച മറുനാടൻ സർവ്വേയിലും യുഡിഎഫ് തരംഗം മുന്നോട്ട് വയ്ക്കുന്ന ഏഷ്യാനെറ്റ് സർവ്വേയിലും തിരുവനന്തപുരത്ത് ബിജെപി വിജയത്തിന് അടുത്ത്; ഇനി വേണ്ടത് സംഘപരിവാർ അണികൾക്കിടയിൽ സർവ്വ സമ്മതനായ സ്ഥാനാർത്ഥിയെ; ഗവർണ്ണർ പദവിയിൽ ഒരു വർഷം തികയും മുമ്പ് കുമ്മനം എത്തുന്നത് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവത്തതിനാൽ; പരസ്യമായി ബിജെപി സഹവർത്തിത്വം പ്രഖ്യാപിച്ചിട്ടും നമ്പി നാരായണനെ കുറ്റപ്പെടുത്തി വിവാദത്തിലായ സെൻകുമാർ സാധ്യതാ ലിസ്റ്റിൽ പോലും ഇടം പിടിച്ചില്ല

ഇടത് സാധ്യത പ്രവചിച്ച മറുനാടൻ സർവ്വേയിലും യുഡിഎഫ് തരംഗം മുന്നോട്ട് വയ്ക്കുന്ന ഏഷ്യാനെറ്റ് സർവ്വേയിലും തിരുവനന്തപുരത്ത് ബിജെപി വിജയത്തിന് അടുത്ത്; ഇനി വേണ്ടത് സംഘപരിവാർ അണികൾക്കിടയിൽ സർവ്വ സമ്മതനായ സ്ഥാനാർത്ഥിയെ; ഗവർണ്ണർ പദവിയിൽ ഒരു വർഷം തികയും മുമ്പ് കുമ്മനം എത്തുന്നത് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവത്തതിനാൽ; പരസ്യമായി ബിജെപി സഹവർത്തിത്വം പ്രഖ്യാപിച്ചിട്ടും നമ്പി നാരായണനെ കുറ്റപ്പെടുത്തി വിവാദത്തിലായ സെൻകുമാർ സാധ്യതാ ലിസ്റ്റിൽ പോലും ഇടം പിടിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ സ്വാധീന വിഷയം ശബരിമലയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. യുവതി പ്രവേശനത്തിനെതിരെയും ശബരിമലയിൽ ആചാര സംരക്ഷണത്തിനായും വിശ്വാസികൾക്കൊപ്പം നിന്ന് പ്രതിഷേധിച്ചത് സംഘപരിവാറുകാരാണ്. കോൺഗ്രസും പ്രസ്താവനകളുമായി കൂടെ കൂടി. അതുകൊണ്ട് കേരളത്തിൽ ഇതിന്റെ നേട്ടം കോൺഗ്രസും ബിജെപിയും പ്രതീക്ഷിക്കുന്നു. ഇത് അടിവരയിടുന്ന തരത്തിലാണ് ഏഷ്യാനെറ്റ് സർവ്വേ. ഇതിന് വിരുദ്ധമാണ് മറുനാടൻ നടത്തിയ സർവ്വേയിലും വിശദാംശങ്ങൾ. ഇടതു പക്ഷത്തിന് ലോക്‌സഭയിൽ ഒരു സീറ്റ് അധികം ലഭിക്കുമെന്നാണ് മറുനാടന്റെ പ്രവചനം. പുറത്തു വന്ന രണ്ട് സർവ്വേയിലും തിരുവനന്തപുരത്ത് ബിജെപിയുടെ സാധ്യത ഏറെയാണെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ ഇഞ്ചോടിഞ്ഞ് പോരാട്ടം മറുനാടൻ പ്രവചിക്കുമ്പോഴും സീറ്റ് കിട്ടില്ലെന്നാണ് അന്തിമ വിലയിരുത്തൽ. എന്നാൽ ഏഷ്യാനെറ്റിന് തിരുവനന്തപുരത്ത് ബിജെപിക്ക് ജയപ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ അതിശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം.

തിരഞ്ഞെടുപ്പു നയിക്കാനും ബിജെപി അനുകൂല തരംഗം സൃഷ്ടിക്കാനും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ വേണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു കുമ്മനത്തെ മൽസരിപ്പിക്കണമെന്നു നിർദ്ദേശിക്കുന്ന പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി. മത്സരരംഗത്തേക്കു വരണമെന്ന് ആർഎസ്എസ് മോഹിക്കുന്ന ചലച്ചിത്രതാരം മോഹൻലാലിന്റെ പേര് പട്ടികയിലില്ല. എ പ്ലസ് മണ്ഡലങ്ങളെന്നു ബിജെപി കരുതുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും 4 പേരുകൾ കരുതിയിട്ടുണ്ട്. ആറ്റിങ്ങലിൽ മത്സരിക്കുമെന്നു കരുതിയിരുന്ന ടി.പി. സെൻകുമാറിനെ ഒഴിവാക്കി പകരം പി.കെ. കൃഷ്ണദാസിനെയാണു പരിഗണിച്ചിരിക്കുന്നത്. പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ വിവാദ പ്രസ്താവന നടത്തിയതാണു സെൻകുമാറിനെ ഒഴിവാക്കാൻ കാരണമെന്നറിയുന്നു. ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് സെൻകുമാർ. അയ്യപ്പ കർമ്മ സമിതിയുടേയും തലയെടുപ്പുള്ള നേതാവാണ്.

തൃശൂർ സീറ്റ് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് അവർക്കു വിട്ടുനൽകിയാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ മാറ്റം വന്നേക്കാം. കോട്ടയം സീറ്റ് പി.സി. തോമസിനു നൽകിയേക്കും. ബിഡിജെഎസുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം ദേശീയ അധ്യക്ഷൻ അമിത് ഷാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എംപി, പി.എസ്. ശ്രീധരൻ പിള്ള എന്നിവരാണ് ലിസ്റ്റിലുള്ളത്. ഇതിൽ കുമ്മനത്തിന് തന്നെയാണ് മുൻതൂക്കം. കുമ്മനം മാറിയാൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കൂ. അമിത് ഷാ അഗ്രഹിച്ചാൽ തിരിച്ചു വരാൻ കുമ്മനവും തയ്യാറാണ്. കൊല്ലത്ത് സുരേഷ് ഗോപിയും. ആറ്റിങ്ങലിൽ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവരുമാണ് പരിഗണനാ പട്ടികയിലുള്ളത്. പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം, എം ടി. രമേശ്, ശശികുമാര വർമ, മഹേഷ് മോഹനര് എന്നിവരും. മാവേലിക്കരയിൽ പി.എം. വേലായുധനേയും പാലക്കാട് ശോഭ സുരേന്രും ചർ്ച്ചയിലാണ്. തൃശൂരിൽ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരെ പരിഗണിക്കുന്നു. കോഴിക്കോട്: എം ടി. രമേശും കാസർകോട്: കെ. സുരേന്ദ്രനുമാണ് ലിസ്റ്റിൽ. എന്നാൽ എല്ലാത്തിലും അവസാന തീരുമാനം ദേശീയ നേതൃത്വത്തിന്റേതാകും.

തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്‌നേഴ്‌സ് അഭിപ്രായ സർവെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവർ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സർവ്വേ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സീറ്റിൽ എൻഡിഎ വിജയിക്കാൻ സാധ്യതയുണ്ടെന്ന് സർവേ പ്രവചിക്കുന്നു. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എൻഡിഎക്ക് കിട്ടുക. തെക്കൻ ജില്ലകളിലെ ഏഴ് സീറ്റുകളിൽ ഒന്നിൽ ബിജെപി വിജയിക്കും എന്നാണ് സർവേയുടെ പ്രവചനം. തിരുവനന്തപുരത്ത് ബിജെപിക്കുള്ള സാധ്യത മറുനാടൻ സർവ്വേയിലും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് കരുതലോടെ സ്ഥാനാർത്ഥിയെ ഇറക്കാനാണ് തീരുമാനം.

പത്തനംതിട്ടയിലും മികച്ച പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ താര പ്രചാരകനുമായ യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. നാലിന് ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ശക്തികേന്ദ്ര ഭാരവാഹികളുടെ യോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലയിലെ പേജ് പ്രമുഖ്മാരുടെ സമ്മേളനമാണ് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ക്ലസ്റ്റർ കൺവീനർ വി.ശിവൻകുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവർ അറിയിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. അണികളെ ആവേശത്തിലാക്കാൻ യോഗിയുടെ വരവോടെ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

ശബരിമല സ്ത്രീപ്രവേശന വിഷയം ഇളക്കി മറിച്ച കേരളത്തിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലർത്തുന്നത്. സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചു കഴിഞ്ഞു. 22 ന് സംസ്ഥാനത്തെത്തുന്ന പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയാകും അന്തിമ പട്ടിക തയ്യാറാക്കുക. പാർട്ടിയിലെ മുതിർന്ന നേതാവായ പിപി മുകുന്ദൻ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച സാഹചര്യത്തിൽ കുമ്മനത്തെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ശക്തമായി മത്സരം പ്രതീക്ഷിക്കുന്നു മണ്ഡലത്തിൽ ശിവസേനയും മുകുന്ദന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ സാധ്യത പാർട്ടി വിജയ സാധ്യത വെച്ചുപുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നിരിക്കെ പിപി മുകുന്ദന്റെ പ്രഖ്യാപനം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഞെട്ടലുണ്ടാക്കുന്നുണ്ട്.

ഇതിനിടെ പിപി മുകന്ദൻ കുമ്മനം രാജശേഖരുനുമായി വേദി പങ്കിട്ടത് ശ്രദ്ധേയമായി. ബിജെപിയുടെ സന്നദ്ദ സംഘടനയായ സേവാഭാരതി കോഴിക്കോട് ചെറുവറ്റയിൽ നടത്തിയ പരിപാടിയിലാണ് കുമ്മനത്തോടൊപ്പം പിപി മുകുന്ദൻ വേദി പങ്കിട്ടത്. കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടനകൻ.ഉദ്ഘാടനത്തിനെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിക്കാനും പി പി മുകുന്ദനുണ്ടായിരുന്നു. വേദി പങ്കിട്ട് കുമ്മനം രാജശേഖരന് കൈകൊടുത്ത് അഭിവാദ്യംചെയ്ത മുകുന്ദൻ പക്ഷെ പ്രസംഗത്തിൽ രാഷ്ട്രീയമൊന്നും സൂചിപ്പിച്ചില്ല. സേവാഭാരതിയുടെ പരിപാടിയിൽ സംസ്ഥാന നേതൃത്ത്വത്തിന്റെ അവഗണനയിൽ നീരസം പൂണ്ടാണ് പിപി മുകുന്ദൻ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനൊരുങ്ങുന്നത്.

ശബരിമല വിഷയവും നാമജപത്തിലെ ജന പങ്കാളിത്തവും വോട്ടായി മാറില്ല. തെറ്റ് തിരുത്താൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ മത്സരമെന്ന് മുകുന്ദൻ പറയുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. കുമ്മനം മത്സരിച്ചാൽ മുകുന്ദൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP