Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലായിൽ പണി തന്ന ജോസഫിന് പണി കൊടുക്കാൻ സ്വന്തം കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്താൻ ജോസ്; പണി പാളാതിരിക്കാൻ മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസും; തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്ട് അണികൾ ഇല്ലാത്ത എൻസിപിക്ക് നൽകാതെ ഏറ്റെടുക്കാൻ സിപിഎം; ത്രികോണ മത്സര പ്രതീതി ഉയർത്തിയ സുഭാഷ് വാസു പുറത്തായതോടെ എൻഡിഎയിലും പ്രതിസന്ധി; പിണറായി സർക്കാരിന്റെ ഒൻപതാമത്തെ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും ആവാതെ വിയർത്ത് മൂന്ന് മുന്നണികളും

പാലായിൽ പണി തന്ന ജോസഫിന് പണി കൊടുക്കാൻ സ്വന്തം കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്താൻ ജോസ്; പണി പാളാതിരിക്കാൻ മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസും; തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്ട് അണികൾ ഇല്ലാത്ത എൻസിപിക്ക് നൽകാതെ ഏറ്റെടുക്കാൻ സിപിഎം; ത്രികോണ മത്സര പ്രതീതി ഉയർത്തിയ സുഭാഷ് വാസു പുറത്തായതോടെ എൻഡിഎയിലും പ്രതിസന്ധി; പിണറായി സർക്കാരിന്റെ ഒൻപതാമത്തെ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും ആവാതെ വിയർത്ത് മൂന്ന് മുന്നണികളും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തോമസ് ചാണ്ടിയുടേതായിരുന്നു കുറച്ചു കാലമായി കുട്ടനാട്. ഒരു കാലത്ത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക സീറ്റും. ഡോ കെസി ജോസഫ് കുത്തകയാക്കിയിരുന്ന കുട്ടനാട്ടിനെ കോൺഗ്രസ് പക്ഷത്തേക്ക് എത്തിച്ചത് കെ കരുണാകരന്റെ തോമസ് ചാണ്ടിയിലുള്ള വിശ്വാസമായിരുന്നു. യുഡിഎഫിനൊപ്പം നിന്ന് കുട്ടനാട്ടിൽ എംഎൽഎായ തോമസ് ചാണ്ടി വലത് കണ്ടം ചാടി എൻസിപിയുടെ കോട്ടയാക്കി കുട്ടനാടിനെ മാറ്റി. കുവൈത്ത് ചാണ്ടിയോട് കുട്ടനാട്ടുകാർക്കുള്ള വിശ്വാസ്യതയായിരുന്നു ഇതിന് കാരണം. അപ്രതീക്ഷിതമായി തോമസ് ചാണ്ടി വിടവാങ്ങുമ്പോൾ കേരളത്തിലെ മൂന്ന് മുന്നണികൾക്കും കുട്ടനാട് പ്രതിസന്ധിയാണ്. ഇടതിനും വലതിനും ഒപ്പം എൻഡിഎയ്ക്കും അതി നിർണ്ണായകമാണ് കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പ്.

പിജെ ജോസഫിന് കരുത്തുള്ള മണ്ഡലമാണ് കുട്ടനാട്. കേരളാ കോൺഗ്രസിന്റെ സ്ഥിരം മത്സര മണ്ഡലം. ഇവിടെ ഇത്തവണയും പിജെ ജോസഫ് സ്ഥാനാർത്ഥിയെ നിർത്തും. എന്നാൽ പാലായിൽ കെഎം മാണിയുടെ മരണ വികാരത്തിന്റെ അലയൊലികൾ തകർത്ത പിജെയ്ക്ക് പണികൊടുക്കാൻ ജോസ് കെ മാണി കച്ചകെട്ടി മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പാലായിലെ പ്രതികാരം കുട്ടനാട്ടിൽ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ കുട്ടനാട്ടിൽ ഘടകകക്ഷിയെ മത്സരിപ്പിക്കാതെ സീറ്റ് വാങ്ങിച്ചെടുക്കാനാണ് കോൺഗ്രസിന്റെ ആലോചന. അരൂരിൽ ഷാനി മോൾ ഉസ്മാൻ ജയിച്ചു കയറിയ സാഹചര്യമുണ്ട്. ആലപ്പുഴ ഡിസിസി അധ്യക്ഷൻ കൂടിയായ ലിജു കുട്ടനാട്ടിന് പറ്റിയ സ്ഥാനാർത്ഥിയുമാണ്. വാക്കും പ്രവർത്തിയും ഒരുമിച്ച് കൊണ്ടു പോകുന്ന ലിജുവിനെ കുട്ടനാട്ട് പിടിക്കാൻ ഇറക്കാനാണ് കോൺഗ്രസിന്റെ പ്രാഥമിക തീരുമാനം. ജോസ് കെ മാണിയും പിജെ ജോസഫും രണ്ട് വഴിക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.

ഇടതുപക്ഷത്ത് എൻസിപിയുടെ സിറ്റിങ് സീറ്റ്. എന്നാൽ എൻസിപിക്ക് കുട്ടനാട്ടിൽ തോമസ് ചാണ്ടി മാത്രമേ ഉള്ളൂ. അതിനപ്പുറത്തേക്ക് ആരുമില്ല. അതുകൊണ്ട് തന്നെ ഈ സീറ്റ് സിപിഎമ്മിന് വേണമെന്നാണ് അവരുടെ ആവശ്യം. നിർണ്ണായക ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൽ നിന്നൊരാളെ അടർത്തിയെടുത്ത് മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. പാലായിലെ പോലെ കുട്ടനാട്ടും കേരളാ കോൺഗ്രസിലെ തമ്മിലടി ഗുണം ചെയ്യുമെന്ന് സിപിഎം കരുതുന്നു. എന്നാൽ പാലായിൽ എൻസിപിക്ക് ജയിക്കാമെങ്കിൽ കുട്ടനാട്ടിലും എൻസിപിക്ക് മുന്നേറാനാകുമെന്നാണ് അവരുടെ വാദം. മാണി സി കാപ്പന്റെ വിജയമുയർത്തി സീറ്റ് നിലനിർത്താനാണ് നീക്കം. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് എൻസിപിയുടെ ശ്രമം.

ബിജെപിയാണ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത്. എൻഡിഎയെയിൽ ബിഡിജെഎസിനാണ് സീറ്റ്. കഴിഞ്ഞ തവണ തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് വേണ്ടി മത്സരിച്ചത് സുഭാഷ് വാസുവും. ഇന്ന് സുഭാഷ് വാസു ബിഡിജെഎസിനൊപ്പമില്ല. വെള്ളാപ്പള്ളിയുമായി തെറ്റിയിരിക്കുന്നു. അല്ലാത്ത പക്ഷം സുഭാഷ് വാസുവിനെ വീണ്ടും മത്സരിപ്പിക്കാമായിരുന്നു. ഇന്ന് അതിന് കഴിയില്ല. ചെറിയ സ്ഥാനാർത്ഥിയെ നിർത്തി വോട്ട് കുറഞ്ഞാൽ അത് ബിഡിജെഎസിനും പ്രതിസന്ധിയാകും. പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ചർച്ചകൾക്കിടെ എൻഡിഎയുടെ വോട്ട് കുറയ്ക്കാൻ ബിജെപിയും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബിജെപി മുന്നണിയും ഓട്ടത്തിലാണ്. അങ്ങനെ സ്ഥാനാർത്ഥിയെ കണ്ടെത്തൽ എല്ലാം മുന്നണികൾക്കും വലിയ പ്രതിസന്ധിയായി മാറും.

തോമസ് ചാണ്ടിയുടെ വിയോഗത്തെത്തുടർന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പ് കേരളകോൺഗ്രസ് തർക്കങ്ങളുടെ അടുത്ത വേദിയാകുമോ എന്ന ശങ്ക യുഡിഎഫിനെ അലട്ടിത്തുടങ്ങുമ്പോൾ ജയിക്കേണ്ടത് സിപിഎമ്മിന് അനിവാര്യതയുമാണ്. തോൽക്കാൻ കോൺഗ്രസിനും കഴിയില്ല. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളുടെയും പോര് തുടർന്നാൽ 2016 ൽ കേരള കോൺഗ്രസ് മത്സരിച്ചു തോറ്റ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചനകളും ഉയർന്നു. തോമസ് ചാണ്ടിക്കു പകരക്കാരൻ എൻസിപിയിൽ ഇല്ലെന്നതിനാൽ എൽഡിഎഫിനും സ്ഥാനാർത്ഥി നിർണയം എളുപ്പമല്ല. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ഒൻപതാമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനാകും കുട്ടനാട് വേദിയൊരുക്കുക. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കുമെന്നതിനാൽ ഒക്ടോബറിലെ തദ്ദേശതിരഞ്ഞെടുപ്പിനു തന്നെ നിർണായകമാകാൻ പോകുന്ന രാഷ്ട്രീയ ബലപരീക്ഷണമാകും കുട്ടനാട്ടിലേത് .

കേരള കോൺഗ്രസിലെ(എം) ജേക്കബ് ഏബ്രഹാമാണു കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് 4891 വോട്ടിനു തോറ്റത്. നിലവിൽ ജോസഫ് പക്ഷക്കാരനായ ജേക്കബ് ഏബ്രഹാം അവരുടെ ജില്ലാ പ്രസിഡന്റ് കൂടിയാണെന്നിരിക്കെ സീറ്റിനായി ജോസഫ് വിഭാഗം പിടിമുറുക്കും. കേരള കോൺഗ്രസ്(എം) എന്ന നിലയിലാണു ജേക്കബ് ഏബ്രഹാമിനു സീറ്റ് കൊടുത്തത് എന്നതിനാൽ കുട്ടനാടിനുവേണ്ടിയുള്ള അവകാശവാദം ജോസ് കെ. മാണി വിഭാഗവും ഉന്നയിക്കും. കെ.എം.മാണിയുടെ സ്വന്തം പാലാ രണ്ടു വിഭാഗങ്ങളുടെയും തമ്മിൽത്തല്ലിനെത്തുടർന്നു യുഡിഎഫിനു നഷ്ടപ്പെട്ടതിന്റെ പിന്നാലെയാണു കുട്ടനാട്ട് വെല്ലുവിളിയാകുന്നത്. ജോസഫ്‌ജോസ് പക്ഷങ്ങളുടെ പോര് കണ്ടു മടുത്ത കോൺഗ്രസ് തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ 'തൽസ്ഥിതി' എന്ന ഒത്തുതീർപ്പാണ് നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞതവണ ഏതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയാണോ മത്സരിച്ചിരുന്നത് അവർക്കു തന്നെ സീറ്റ് കൊടുക്കുക എന്ന ഈ നിർദ്ദേശം കുട്ടനാട്ടിൽ ജോസ് കെ മാണി അംഗീകരിക്കില്ല.

മുൻ എംഎൽഎയും ജോസഫ് പക്ഷക്കാരനുമായിരുന്ന കെ. സി.ജോസഫ് പാർട്ടി വിട്ട് ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാഗമായതോടെ കുട്ടനാട് സീറ്റ് ഏറ്റെടുക്കാമെന്നു കഴിഞ്ഞതവണ കോൺഗ്രസ് അറിയിച്ചുവെങ്കിലും കെ.എം.മാണി വഴങ്ങിയിരുന്നില്ല. കെ സി ജോസഫിനെ ഇടത് സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നതിനോടാണ് സിപിഎമ്മിന് താൽപ്പര്യം. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിഡിജെഎസിന്റെ സുഭാഷ് വാസു 2016 ൽ 33044 വോട്ട് പിടിച്ചുവെന്നതും ഇരുമുന്നണികൾക്കും കണക്കിലെടുക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP