Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മത്സരം എൽഡിഎഫുമായെന്നു തിരുത്തി മുഖ്യമന്ത്രി; ബിജെപി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി; എൽഡിഎഫ് മൂന്നക്ക വിജയത്തിലെത്തുമെന്നു കോടിയേരി; അഴിമതി ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ തൂത്തെറിയും; സീറ്റു നേടുമെന്നുറപ്പിച്ചു ബിജെപിയും: കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

മത്സരം എൽഡിഎഫുമായെന്നു തിരുത്തി മുഖ്യമന്ത്രി; ബിജെപി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി; എൽഡിഎഫ് മൂന്നക്ക വിജയത്തിലെത്തുമെന്നു കോടിയേരി; അഴിമതി ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ തൂത്തെറിയും; സീറ്റു നേടുമെന്നുറപ്പിച്ചു ബിജെപിയും: കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

കോട്ടയം: യുഡിഎഫും ബിജെപിയുമായിട്ടാണു മത്സരമെന്ന മുൻപ്രസ്താവന തിരുത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായാണു മത്സരമെന്നു മുഖ്യമന്ത്രി ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ ബിജെപി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ല. കഴിഞ്ഞ തവണത്തേക്കാൾ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മുമ്പത്തേതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ കിട്ടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സോമാലിയ പരാമർശത്തിന് ജനം ബാലറ്റിലൂടെ മറുപടി കൊടുക്കും. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്തയോട് യോജിക്കുന്നില്ല. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ രമയ്ക്ക് നേരെ നടന്നത് അതിക്രൂരമായ കൈയേറ്റമാണെന്നും സ്ഥാനാർത്ഥിയാണെന്ന പരിഗണന പോലും സിപിഐഎം അവർക്ക് നൽകുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാദഗതികൾക്കിടയിലും വിജയം ഉറപ്പെന്ന പ്രതീക്ഷയിൽ തന്നെയാണ് എൽഡിഎഫ് ക്യാമ്പ്. പ്രചാരണത്തിൽ ആദ്യം മുതലുണ്ടായിരുന്ന മേൽക്കെ അവസാനംവരെ നിലനിർത്താൻ കഴിഞ്ഞ ആവേശത്തിലാണ് എൽഡിഎഫ്.

അഴിമതിയും ജനവിരുദ്ധതയും നിറഞ്ഞ സർക്കാരിനെ തൂത്തെറിഞ്ഞ് കേരളത്തെ ശുദ്ധീകരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിലുടെ ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫ് ഭരണം കേരളത്തെ മലീമസമാക്കി. അഴിമതിയില്ലാത്ത ഒരു വകുപ്പുപോലും ഇല്ല. സ്ത്രീ സുരക്ഷ സംസ്ഥാനത്ത് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി പീഡനകേസുകളാണ് ഉണ്ടായത്. ക്രമസമാധാന നിലയും പാടെ തകർന്നു. പെരുമ്പാവൂരിൽ ജിഷ അതി ക്രൂരമായി കൊല്ലപ്പെട്ട് ഇത്രദിവസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ജിഷ കൊല്ലപ്പെട്ടതിന് പിറ്റേന്ന് വർക്കലയിൽ നഴ്സിങ് വിദ്യാർത്ഥിയും അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു. നിരന്തരം ഇത്തരം അക്രമങ്ങൾ നടക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയമാണ്.

ബിജെപി ഇത്തവണയും കേരളത്തിൽ ക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു. സാധാരണ ജനങ്ങൾ എൽഡിഎഫിനൊപ്പം അണിനിരക്കും. മൂന്നക്ക വിജയം നേടി ഇക്കുറി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും കോടിയേരി പറഞ്ഞു.

ബിജെപി കേന്ദ്രങ്ങളും പ്രതീക്ഷയിലാണ്. സംസ്ഥാനത്തെത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷാ ഇടതു വലതു മുന്നണികൾക്കെതിരെ ശക്തമായ പോരാട്ടമാകും ഇക്കുറി ബിജെപി നടത്തുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. അക്കൗണ്ട് തുറക്കുകയല്ല ഭരണം പിടിക്കലാണ് ലക്ഷ്യമെന്നായിരുന്നു ബിജെപി നേതാക്കൾ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. ഭരണം പിടിക്കാൻ കഴിയില്ലെന്നുറപ്പാണെങ്കിലും നിയമസഭയിൽ അക്കൗണ്ടു തുറക്കുമെന്ന ദൃഢനിശ്ചയത്തിലാണു ബിജെപി കേന്ദ്രങ്ങൾ. തങ്ങൾക്കു ജയിക്കാവുന്ന നിരവധി സീറ്റുകളുണ്ടെന്ന കണക്കുകൂട്ടലിൽ തന്നെയാണു ബിജെപി നേതാക്കൾ.

ചുട്ടുപൊള്ളുന്ന വേനലിലും തീപാറുന്ന പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. പരസ്യപ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കലാശക്കൊട്ടിന്റെ ആവേശം പ്രചാരണ കാലത്തിന്റെ ചൂടു തന്നെയാണു വ്യക്തമാക്കുന്നത്. വൈകിട്ട് ആറിനാണു പരസ്യപ്രചാരണത്തിന്റെ സമാപനം. രണ്ട് മാസത്തിലധികം നീണ്ട ശക്തമായ പ്രചാരണപ്രവർത്തനങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്. പുറത്തുവന്ന തെരഞ്ഞെടുപ്പ് സർവേകളിൽ ഭൂരിപക്ഷവും എൽഡിഎഫിന്റെ വിജയം പ്രവചിച്ചു എന്നത് മുന്നണിക്കു വലിയ വിജയപ്രതീക്ഷയാണ് നൽകുന്നത്.

വടക്കൻ കേരളത്തിൽ എൽഡിഎഫിനു വ്യക്തമായ മുൻതൂക്കമുണ്ടാകുമെന്നാണു സർവെകൾ പ്രവചിക്കുന്നത്. മധ്യകേരളത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷകളത്രയും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സീറ്റുകൾ ഉറപ്പിക്കാനുള്ള അവസാനശ്രമത്തിലാണു എൻഡിഎ സഖ്യം.

തിങ്കളാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. വോട്ടുചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖയായി വോട്ടർ തിരിച്ചറിയൽ കാർഡിനും തെരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ഫോട്ടോ പതിച്ച വോട്ടർ സ്‌ളിപ്പിനും പുറമെ 10 രേഖ കൂടി അനുവദിച്ചു. രാഷ്ട്രീയകക്ഷികൾക്ക് വോട്ടർമാർക്കുള്ള സ്‌ളിപ്പുകൾ നൽകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എന്നാൽ, ഇത് വെള്ളക്കടലാസിൽ മാത്രമേ നൽകാവൂ. സ്ഥാനാർത്ഥിയുടെ പേരോ ചിഹ്നമോ കക്ഷിയുടെ പേരോ സ്‌ളിപ്പിൽ ഉണ്ടാകാൻ പാടില്ല. സംസ്ഥാനത്തെ 3142 ബൂത്തിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP