Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന ഘട്ട പോളിങിനിടെ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം; ബംഗാളിൽ ബോംബേറും പലയിടത്തും ബിജെപി തൃണമൂൽ പ്രവർത്തകർ തമ്മിൽ തല്ലും; പഞ്ചാബിൽ കോൺഗ്രസ് അകാലിദൾ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; വാരണാസിയിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ മോദി ബദ്രിനാഥിൽ പ്രാർത്ഥനയിൽ; ലാസ്റ്റ് ലാപ്പിൽ പലയിടത്തും പോളിങ് മന്ദഗതിയിൽ തന്നെ; കേരളത്തിലെ ഏഴ് ബൂത്തുകളിലും മികച്ച പോളിങ് പുരോഗമിക്കുന്നു

അവസാന ഘട്ട പോളിങിനിടെ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം; ബംഗാളിൽ ബോംബേറും പലയിടത്തും ബിജെപി തൃണമൂൽ പ്രവർത്തകർ തമ്മിൽ തല്ലും; പഞ്ചാബിൽ കോൺഗ്രസ് അകാലിദൾ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; വാരണാസിയിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ മോദി ബദ്രിനാഥിൽ പ്രാർത്ഥനയിൽ; ലാസ്റ്റ് ലാപ്പിൽ പലയിടത്തും പോളിങ് മന്ദഗതിയിൽ തന്നെ; കേരളത്തിലെ ഏഴ് ബൂത്തുകളിലും മികച്ച പോളിങ് പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:പതിനേഴാം ലോക്‌സഭയിലേക്ക് നടക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ ഏഴാമത്തേയും അവസാനത്തേയും ഘട്ടം പുരോഗമിക്കുന്നു. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം. ബംഗാളിലെ ബസീർഹട്ടിൽ പോളിങ് ബൂത്തിന് നേരേ ബോംബേറുണ്ടായി. ബസീർഹട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തതായി ബിജെപി. ആരോപിച്ചു. നൂറിലധികം ബിജെപി. പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ബിജെപി. സ്ഥാനാർത്ഥി സായന്തൻ ബസു മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഉൾപ്പടെ 59 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 44 സീറ്റുകളും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ കള്ളവോട്ട് കണ്ടെത്തിയ കാസർഗോഡ് കണ്ണൂർ ലോക്‌സഭ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലും റീപോളിങ് പുരോഗമിക്കുന്നുണ്ട്.

ബംഗാളിലെ പലയിടങ്ങളിലും ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. ബർസാത്തിലെ ബിജെപി. ഓഫീസ് അക്രമികൾ തീവെച്ച് നശിപ്പിച്ചു. മഥുരാപുരിലും നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപുരിലും ബോബേറുണ്ടായി. നോർത്തുകൊൽക്കത്തയിലെ ബിജെപി. സ്ഥാനാർത്ഥി രാഹുൽ സിൻഹയെ ഒരു സംഘം ആക്രമിച്ചതായി ബിജെപി. ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. വോട്ടെടുപ്പിനിടെ പഞ്ചാബിലെ ഖാദൂർ സാഹിബ് ലോക്സഭ മണ്ഡലത്തിലും വ്യാപക സംഘർഷമുണ്ടായി. വോട്ട് രേഖപ്പെടുത്തി മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടത്തും കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ ഏറ്റുമുട്ടി.

ആറാംഘട്ട തെരഞ്ഞെടുപ്പിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് എഴുനൂറിലധികം കമ്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങൾ പൂർണ്ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്.മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന പനജിയിലേക്കും, കർണാടകയിലെ കുണ്ടഗോൽ, ചിൻചോലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. തമിഴ്‌നാട്ടിലെ സൂലൂർ, തിരുപ്പ്രംകുണ്ട്റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കുന്നുണ്ട്.

ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചൽപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങും. സ്വന്തം മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബരദിനാഥിൽ പ്രാർത്ഥനയിലാണ്.

കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിങിന് എൽ.ഡി.എഫും യു.ഡി.എഫും കടുത്ത വാശിയിൽ. അനുഭാവികളുടെ വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ബൂത്തിന് പുറത്തും കവലകളിലും പ്രവർത്തകർ നിലയുറപ്പിച്ച് പോളിങ് സ്റ്റേഷനിലേക്ക് വോട്ടർമാരെ എത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിൽ കഴിഞ്ഞ 23 ാം തീയ്യതി നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്ന കെ.ജെ. ഷാലറ്റ് ഇന്ന് വോട്ട് ചെയ്തു. വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിച്ച ഷാലറ്റിനോട് ഒരു സംഘം എൽ. ഡി.എഫ് പ്രവർത്തകർ തർക്കിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡും സ്ലിപ്പുമായെത്തിയിട്ടും വോട്ട് ചെയ്യാൻ അനുവദിക്കാതെ പ്രിസൈഡിങ് ഓഫീസർ ഷാലറ്റിനെ തിരിച്ചയക്കുകയായിരുന്നു.

സിപിഎം. കാർ കള്ള വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ഈ ബൂത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിൽ സ്ത്രീകൾ കൂട്ടമായാണ് ഇന്ന് എത്തിയത്. മുഖാവരണം ധരിച്ച് ഈ ബൂത്തിൽ കഴിഞ്ഞ തവണ 50 ലേറെ പേർ കള്ളവോട്ട് ചെയ്‌തെന്ന് സി.പി. എം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ആരോപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾ തൊടുത്തു വിട്ടു. മുഖാവരണം നീക്കി ആളെ തിരിച്ചറിഞ്ഞ് മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ പർദ്ദ ധരിച്ച് പാമ്പുരുത്തി ബൂത്തിലെത്തിയ സ്ത്രീകൾ ബൂത്തിലെത്തിയപ്പോൾ മുഖാവരണം സ്വയം മാറ്റുകയായിരുന്നു. മുഖാവരണം മാറ്റി പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കരമ്മീഷൻ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കാസർഗോഡ് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48 ാം നമ്പർ ബൂത്ത്, പുതിയങ്ങാടി ജമാ-അത്ത് സ്‌ക്കൂളിലെ 69, 70 നമ്പർ ബൂത്തും കണ്ണൂർ മണ്ഡലത്തിലെ കുന്നിരിക്ക യു.പി. സ്‌ക്കൂളിലെ 52, 53 ബൂത്ത്, എന്നിവയാണ്. ആകെ റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിൽ നാലിടത്ത് സിപിഎം. ഉം മൂന്നിടത്ത് മുസ്ലിം ലീഗും കള്ള വോട്ട് ചെയ്തുവെന്നാണ് ആരോപണം. കാസർഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിലെത്തി പോളിങ് നടക്കവേ വോട്ട് തേടിയെന്നാരോപിച്ച് എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്.

യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു. കള്ളവോട്ട് ചെയ്തവർക്കെതിരേയും അതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരേയും ക്രിമനൽ നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. യു.ഡി.എഫും കോൺഗ്രസ്സും കള്ള വോട്ട് പ്രോത്സാഹിപ്പിക്കുന്നില്ല. സിപിഎം. കള്ള വോട്ട് ജന്മാവകാശമായി നിർവ്വഹിക്കുകയാണെന്ന് കെ. സുധാകരൻ പാമ്പുരുത്തിയിൽ മാധ്യ പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിങ് തീരുമാനിച്ചതുകൊണ്ട് ഞങ്ങൾ സഹകരിക്കുന്നു. സിപിഎം. ന്റെ കള്ളവോട്ടിനെ മറികടക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ലഭിക്കുമെന്ന് സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP