Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപതിരഞ്ഞെടുപ്പുകളിൽ നൂറു ചുവപ്പൻ അഭിവാദ്യങ്ങളും ലാൽസലാമും നേരാൻ ഇടതുമുന്നണിക്ക് സമയമായത് നീണ്ട 12 വർഷത്തിന് ശേഷം; കണ്ണൂരിൽ അബ്ദുള്ളക്കുട്ടിയിലൂടെ വലത്തോട്ട് ചാഞ്ഞ കേരളമനസ് ഇടത്തോട്ട് വീണ്ടും നോക്കിയത് ചെങ്ങന്നൂരിൽ; തിരുവമ്പാടിയിലെ ഇഞ്ചോടിഞ്ച് ജയത്തിന് പിന്നാലെ തുടങ്ങിയ തോൽവികളുടെ ശാപത്തിന് മോക്ഷമാകുന്നത് സജി ചെറിയാന്റെ മിന്നും ജയത്തിലൂടെ

ഉപതിരഞ്ഞെടുപ്പുകളിൽ നൂറു ചുവപ്പൻ അഭിവാദ്യങ്ങളും ലാൽസലാമും നേരാൻ ഇടതുമുന്നണിക്ക് സമയമായത് നീണ്ട 12 വർഷത്തിന് ശേഷം; കണ്ണൂരിൽ അബ്ദുള്ളക്കുട്ടിയിലൂടെ വലത്തോട്ട് ചാഞ്ഞ കേരളമനസ് ഇടത്തോട്ട് വീണ്ടും നോക്കിയത് ചെങ്ങന്നൂരിൽ; തിരുവമ്പാടിയിലെ ഇഞ്ചോടിഞ്ച് ജയത്തിന് പിന്നാലെ തുടങ്ങിയ തോൽവികളുടെ ശാപത്തിന് മോക്ഷമാകുന്നത് സജി ചെറിയാന്റെ മിന്നും ജയത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചരിത്ര ജയം നേടി സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് വരുമ്പോൾ എൽഡിഎഫിന് ആഘോഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 12 വർഷത്തിന് ശേഷമാണ് ഒരു ഉപതിരഞ്ഞെടുപ്പിൽ വിജയം ഇടതുപക്ഷത്തെ കടാക്ഷിക്കുന്നത്.
ഉപതിരഞ്ഞെടുപ്പുകളിൽ ഇടത്തോട്ട് ചായുന്ന പതിവ് രീതിയിൽ നിന്ന് കേരളം മാറി സഞ്ചരിച്ചത് 2009 ലാണ്. അതിന് മൂന്ന് വർഷം മുമ്പ് മത്തായി ചാക്കോയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി അവസാനം വിജയിച്ചത്.ഇപ്പോൾ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെങ്ങന്നൂരിലെ സജി ചെറിയാന്റെ ചരിത്രജയത്തിലൂടെ ആ വരൾച്ച അവസാനിച്ചിരിക്കുന്നു.

2006 ലെ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം യുഡിഎഫിൽ നിന്ന് ആ തിരഞ്ഞെടുപ്പിൽ മത്തായി ചാക്കോ തിരിച്ചുപിടിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ രക്താർബുദം ബാധിച്ച് മത്തായി ചാക്കോ മരിച്ചു. തുടർന്ന നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയത് സിപിഎമ്മിന്റെ ജോർജ്ജ് എം തോമസ് ആയിരുന്നു. മത്തായി ചാക്കോയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ മോയിൻ കുട്ടിയെ മാറ്റി വി എം ഉമ്മർ മാസ്റ്ററെ ആയിരുന്നു ലീഗ് പോരാട്ടത്തിനിറക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വെറും 246 വോട്ടുകൾക്കാണ് ജോർജ്ജ് എം തോമസ് ജയിച്ചുകയറിയത്.

യുഡിഎഫിലേക്ക് ചാഞ്ഞത് 2009 ൽ

ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിലേക്കുള്ള കേരളത്തിന്റെ ചായ്‌വ് തുടങ്ങിയത് 2009 ലാണ്.കണ്ണൂരിലും, എറണാകുളത്തും, ആലപ്പുഴയിലും ഐക്യജനാധിപത്യ മുന്നണി ്‌സഥാനാർഥികളുടെ തേരോട്ടം.

കണ്ണൂർ

സിപിഎമ്മിനോട് വിട പറഞ്ഞ് എ.പി.അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ ചേർന്നത് വലിയ ചർ്ച്ചാവിഷയമായ വർഷം. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ കണ്ണൂരിൽ മത്സരിച്ച് ജയിച്ചു. കണ്ണൂർ എംഎൽഎ ആയിരുന്ന സുധാകരൻ രാജിവച്ചിട്ടാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി ആയിരുന്നു യുഡിഎഫിന്റെ സ്ഥാനാർത്ഥി.

സിപിഎമ്മിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടം ആയിരുന്നു ആ ഉപതിരഞ്ഞെടുപ്പ്. കണ്ണൂരിലെ പ്രമുഖ നേതാവായ എംവി ജയരാജനെ തന്നെ അബ്ദുള്ളക്കുട്ടിയെ നേരിടാൻ രംഗത്തിറക്കി. പക്ഷേ, തോറ്റ് നാണം കെടാനായിരുന്നു സിപിഎമ്മിന്റെ വിധി. കെ സുധാകരന്റെ ഭൂരിപക്ഷത്തേയും വെല്ലുന്ന ഭൂരിപക്ഷത്തോടെ അബ്ദുള്ളക്കുട്ടി വിജയിച്ചു.

എറണാകുളം

എംഎൽഎ സ്ഥാനം രാജിവച്ച് കെ.വി.തോമസ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. എൽഡിഎഫ് ഭരണത്തിലിരിക്കുന്ന സമയമായതുകൊണ്ട് തന്നെ വീറും വാശിയും കൂടി. ഡൊമനിക് പ്രസന്റേഷൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ പിഎൻ സീനുലാൽ എൽഡിഎഫ് സ്ഥാനാർത്ഥിയും. പക്ഷേ, ആ ഉപതിരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷന്റെ മികച്ച ജയത്തോടെ യുഡിഎഫ് മണ്ഡലം നിലനിർത്തി

ആലപ്പുഴ

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച കെസി വേണുഗോപാലും 2009ൽ ആലപ്പുഴയിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിുൽ എഎ ഷുക്കൂർ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ജി കൃഷ്ണ പ്രസാദ് എൽഡിഎഫ് സ്ഥാനാർത്ഥിയും.വിജയം യുഡിഎഫിനൊപ്പം നിന്നു.

പിറവം

2012 ലെ പിറവം ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന്റെ അഭിമാനപോരാട്ടമായിരുന്നു. അരയും തലയും മുറുക്കി നേതാക്കൾ രംഗത്തിറങ്ങി.
12,070 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അനൂപ് ജേക്കബ് ജയിച്ചുകയറി. ടിഎം ജേക്കബിനോട് കുറഞ്ഞ വോട്ടുകൾക്ക പരാജയപ്പെട്ട എംജെ ജേക്കബ് തന്നെ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസും നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പും

ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്റെ പേരിലുയർന്ന ആരോപണങ്ങൾ സിപിഎമ്മിനെയും എൽഡിഎഫിനെയും അടിതെറ്റിച്ച സമയത്താണ് നെയയാറ്റിൻകര ഉപതിരഞ്ഞെടുപ്പ് സംഭവിച്ചത്. ശക്തമായ ത്രികോണമത്സരത്തിനൊടുവിൽ യുഡുഎഫ് ആർ.സെൽവരാജിലൂടെ മണ്ഡലം പിടിച്ചു. 2011 ൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ സെൽവരാജ് എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപാളയം വിട്ട് കോൺഗ്രസ് ക്യാമ്പിലെത്തുകയായിരുന്നു.നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് നാളിൽ വി എസ് കെ.കെ.രമയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദവും മറ്റും സിപിഎമ്മിന്റെ വോട്ടുകൾ ചോർത്തി.

ജി.കാർത്തികേയന്റെ മരണവും അരുവിക്കര ഉപതിരഞ്ഞെടുപ്പും

സോളാർ കേസ് വിവാദത്തിൽ പെട്ട് ഉമ്മൻ ചാണ്ടി സർക്കാർ ആടിയുലഞ്ഞുനിൽക്കുന്ന കാലത്താണ് സ്പീക്കറായിരുന്ന ജി.കാർത്തികേയന്റെ ആകസ്മിക അന്ത്യം. 2015 ൽ കാർത്തികേയന്റെ മണ്ഡലം ആയ അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സമയത്തായിരുന്നു ഉപതിരഞ്ഞെടുപ്പ്.കാർത്തികേയന്റെ മകൻ ശബരിനാഥ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. മുൻ സ്പീക്കർ എം വിജയകുമാർ സിപിഎം സ്ഥാനാർത്ഥിയും. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ തോൽക്കാനായിരുന്നു സിപിഎമ്മിന്റെ വിധി.10,128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.ശബരീനാഥിലൂടെ ഐക്യമുന്നണി മണ്ഡലം നിലനിർത്തി ഭരണവിരുദ്ധ വികാരമോ ബാർകോഴയോ സോളാർ അഴിമതിയോ ഒന്നും ഏശിയതുമില്ല.

ഇ.അഹമ്മദിന്റെ വേർപാടും മലപ്പുറം ഉപതിരഞ്ഞെടുപ്പും

ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് എംപിയായിരുന്ന ഇ.അഹമ്മദിന്റെ മരണവും ആക്‌സ്മികമായിരുന്നു.തുടർന്ന് നടന്ന ഉപ തിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ നേതാവ് എംബി ഫൈസലിനെ ആയിരുന്നു സിപിഎം രംഗത്തിറക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അൽപം കുറച്ചുവെന്ന് മാത്രം.

വേങ്ങര

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റമ്പി. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലിംലീഗിന്റെ കെ.എൻ.എ ഖാദർ ജയിച്ചുകയറി. മണ്ഡലത്തിന്റെ ചരിത്രത്തിലെ യുഡിഎഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഖാദറിന്റേത്. പി.പി.ബഷീറായിരുന്നു സിപിഎം സ്ഥാനാർത്ഥി.

12 വർഷത്തെ വരൾച്ച കഴിഞ്ഞ് ഇടവപ്പാതിക്കൊപ്പം എൽഡിഎഫിനെ തേടി വിജയം എത്തിയിരിക്കുകയാണ്.സജി ചെറിയാൻ മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP