Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസും ജനതാദള്ളും ഒറ്റക്ക് മത്സരിച്ചിട്ടും ഒന്നാമതെത്താൻ ബിജെപിക്ക് സാധിച്ചില്ല; സംസ്ഥാന ഭരണം അട്ടിമറിക്കാൻ രംഗത്തുള്ള യെദൂരിയപ്പയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പനന്തര സഖ്യത്തിന് രൂപം നൽകി കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിടിക്കാൻ കോൺഗ്രസും ജെഡിഎസും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജനതാദൾ സഖ്യം കർണാടകയിൽ അനിവാര്യമെന്ന് അടിവരയിട്ട തരെഞ്ഞെടുപ്പ്

കോൺഗ്രസും ജനതാദള്ളും ഒറ്റക്ക് മത്സരിച്ചിട്ടും ഒന്നാമതെത്താൻ ബിജെപിക്ക് സാധിച്ചില്ല; സംസ്ഥാന ഭരണം അട്ടിമറിക്കാൻ രംഗത്തുള്ള യെദൂരിയപ്പയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പനന്തര സഖ്യത്തിന് രൂപം നൽകി കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിടിക്കാൻ കോൺഗ്രസും ജെഡിഎസും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജനതാദൾ സഖ്യം കർണാടകയിൽ അനിവാര്യമെന്ന് അടിവരയിട്ട തരെഞ്ഞെടുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കർണ്ണാടക കണ്ടത് ഇഞ്ചോടിഞ്ഞ് പോരാട്ടം. ഒടുവിൽ മുൻതൂക്കം കോൺഗ്രസിലിനും കർണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നേറ്റം. ഫലം അറിവായ 2628 സീറ്റുകളിൽ 988 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബിജെപി 929 സീറ്റു നേടിയപ്പോൾ, സംസ്ഥാന സർക്കാരിൽ കോൺഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദൾ (എസ്) 378 സീറ്റു നേടി മൂന്നാമതുണ്ട്. ചെറു പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ചേർന്ന് മറ്റു സീറ്റുകളും സ്വന്തമാക്കി. ഇവിടെ കനത്ത തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കോൺഗ്രസും ജനതാദള്ളും വേറിട്ട് മത്സരിച്ചിട്ട് പോലും കൂടുതൽ സീറ്റിൽ ജയിക്കാൻ ബിജെപിക്കായില്ല.

കർണ്ണാടകയിൽ ബിജെപിയാണ് നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജനതാദള്ളും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ നേട്ടം ബിജെപിക്കായി. എന്നാൽ തെരഞ്ഞെടുപ്പ് അനന്തരം ഇരുവരും ഒന്നിച്ചു. ജനതാദള്ളിലെ കുമാരസ്വാമി മുഖ്യമന്ത്രിയായി. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും രണ്ട് പേരും രണ്ടായി മത്സരിച്ചു. ഇതിന്റെ നേട്ടം ബിജെപിക്ക് കിട്ടുമെന്ന വിലയിരുത്തലെത്തി. എന്നാൽ അതുണ്ടായില്ല. മുൻതൂക്കം കോൺഗ്രസിന് കിട്ടി. ബിജെപി രണ്ടാമതും. ഇതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജനതാദള്ളും ഒരുമിച്ചാൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലിയുര്തലാണ് ഉണ്ടാകുന്നത്.

അതിനിടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതായും ബിജെപിയെ അകറ്റി നിർത്താൻ ജെഡിയുവും കോൺഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്്ക്കാൻ സാധിച്ചില്ലെന്ന് ബിജെപി അധ്യക്ഷൻ ബി.എസ്.യെദൂരിയപ്പ പറഞ്ഞു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഫലം പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിൽ കുമാര സ്വാമിയുടെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കങ്ങളുമായി യെദൂയരപ്പ സജീവമാണ്. ഈ നീക്കങ്ങൾക്കും തിരിച്ചടിയാകും ഈ ഫലം. വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയിൽ 21 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ടൗൺ പഞ്ചായത്തുകളിലാണ് കോൺഗ്രസ് കൂടുതൽ മുന്നേറ്റം നടത്തിയത്. അതേസമയം, കോർപറേഷനുകളിൽ ബിജെപി ലീഡ് നിലനിർത്തി മുന്നേറുന്നതായിരുന്നു കാഴ്ച.

മൈസൂരു, ഷിമോഗ, തുങ്കൂർ എന്നീ കോർപ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാൽ ഇതിൽ ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 35 വാർഡുകളുള്ള തുങ്കൂരിൽ ബിജെപി 12 ഇടത്ത് ജയിച്ചപ്പോൾ കോൺഗ്രസും ജെഡിഎസ്സും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 65 വാർഡുകളുള്ള മൈസൂരു കോർപറേഷനിലും 22 സീറ്റിൽ ബിജെപിയും 19 ഇടത്ത് കോൺഗ്രസും ജയിച്ചപ്പോൾ ജെഡിഎസ്സിന് 17 ഇടത്ത് ജയിക്കാനായി. ബിഎസ്‌പി ഒരു വാർഡും മറ്റുള്ളവർ ആറും സീറ്റുകൾ നേടി. 30 എണ്ണത്തിൽ ഫലം പൂർണ്ണമായപ്പോൾ 18 വാർഡുകളിൽ ബിജെപിക്ക് ജയിച്ചിട്ടുണ്ട്. കോൺഗ്രസിന് ആറും ജെഡിഎസിന് രണ്ടും സ്വതന്ത്രർക്ക് നാലും സീറ്റുകളാണ് ഇവിടെ ഇതുവരെ ലഭിച്ചത്. തുങ്കൂരിൽ 35 ൽ ബിജെപി 12 സീറ്റുകൾ നേടി. കോൺഗ്രസും ജെഡിഎസും പത്ത് വീതവും മൂന്ന് സ്വതന്ത്രരുമാണ് ജയിച്ചിട്ടുള്ളത്. മൈസൂരുവിലും തുങ്കൂറിലും കോൺഗ്രസ് ജെഡിഎസ്സുമായി കൈകോർക്കാനാണ് സാധ്യത.

സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂർണ്ണമായി അറിവായ 724 വാർഡുകളിൽ ബിജെപി 295 വാർഡുകളിൽ വിജയിച്ചു. കോൺഗ്രസ് 243 വാർഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളിൽ സ്വതന്ത്രരും മറ്റു പാർട്ടികളുമാണ് ജയിച്ചത്. 927 സിറ്റി മുനിസിപ്പാലിറ്റി വാർഡുകളിൽ ഫലം അറിവായ 925-ൽ 369 എണ്ണത്തിൽ ബിജെപി ജയിച്ചിട്ടുണ്ട്. കോൺഗ്രസ് 294 ലും ജെഡിഎസ് 106 ലും ബിഎസ്‌പി പത്തിലുമാണ് ജയിച്ചത്. 123 സ്വതന്ത്രരും മറ്റുള്ളവരുമായി 146 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. 1247 ടൗൺ മുനിസിപ്പാലിറ്റി വാർഡിൽ ഫലമറിഞ്ഞ 1242-ൽ 513 എണ്ണത്തിൽ കോൺഗ്രസ് ജയിച്ചു. ബിജെപി 372 ലും ജെഡിഎസ് 210 ലും ബിഎസ്‌പി രണ്ടെണ്ണത്തിലും ജയിച്ചു. സ്വതന്ത്രരും മറ്റുള്ളവരുമായി 145 എണ്ണത്തിൽ ജയിച്ചിട്ടുണ്ട്. 400 ടൗൺ പഞ്ചായത്ത് വാർഡുകളിൽ ഫലമറിഞ്ഞ 355 ൽ 138 എണ്ണത്തിലാണ് കോൺഗ്രസ് ജയിച്ചത്. ബിജെപി 130 ലും ജെഡിഎസ് 29 ലും മറ്റുള്ളവർ 58 ലും ജയിച്ചു.

കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മൽസരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളിൽ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളിൽ തൂക്കുസഭയ്ക്കു സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെയെല്ലാം കോൺഗ്രസ് ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത. നഗരപ്രദേശങ്ങൾ പൊതുവെ ബിജെപി ശക്തികേന്ദ്രങ്ങളായതിനാൽ, പകുതി സീറ്റു പിടിച്ചാൽപോലും അതു നേട്ടമാണെന്നാണ് കോൺഗ്രസ് ജെഡിഎസ് വിലയിരുത്തൽ. ഇവിടേയും ഇരുവരും ചേർന്നുള്ള സഖ്യം നിലവിൽ വരും. സെപ്റ്റംബറിൽ കാലാവധി പൂർത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാൽ നഗർ, വിരാജ്‌പേട്ട്, സോമവാർപേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോർപറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണു നടന്നത്. ആകെ 8340 സ്ഥാനാർത്ഥികളാണു ജനവിധി തേടിയത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലുറപ്പിക്കാൻ പ്രാദേശികകക്ഷികളുമായി സഖ്യത്തിന് ബിജെപി. സാധ്യത ആരായുകയാണ്.. ഉത്തരേന്ത്യയിൽ നിന്ന് 2014-ൽ ലഭിച്ച സീറ്റുകൾ 2019-ൽ കിട്ടാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റുകൾക്ക് പാർട്ടി ശ്രമിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയുടെ സഹായമുണ്ടെങ്കിൽ സീറ്റു നേടാമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. ഇത്തരം നീക്കങ്ങൾക്ക് പോലും കർണ്ണാടക ഫലം തിരിച്ചടിയാണ്. തമിഴ്‌നാട്ടിൽ എ.ഐ.ഡി.എം.കെ.യുമായി ബിജെപി. സഖ്യസമാനമായ ബന്ധമാണ് തുടരുന്നത്.

തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്.) ബിജെപി.യുമായി അടുപ്പത്തിലാണ്. എൻ.ഡി.എ. സഖ്യത്തിൽനിന്ന് ടി.ഡി.പി. വിട്ടുപോയത് ആന്ധ്രയിൽ ബിജെപി.ക്ക് കടുത്ത ക്ഷീണമുണ്ടാക്കും. എന്നാൽ, വൈ.എസ്.ആർ. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സഹായിക്കും എന്ന പ്രതീക്ഷയാണുള്ളത്. ടി.ഡി.പി.യും വൈ.എസ്.ആർ. കോൺഗ്രസും കോൺഗ്രസ് വിരുദ്ധരായതിനാൽ ഇരുകൂട്ടരും കോൺഗ്രസിനൊപ്പം പോകില്ലെന്നും ബിജെപി. കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP