Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ മനസ്സ് ആർക്കൊപ്പം? വി എസും പാർട്ടിയും ഒരുമിച്ചതു ഗുണം ചെയ്യുമെന്നു സിപിഎം; വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യം പൊളിഞ്ഞതിലും പ്രതീക്ഷ; വിമതരും സൗഹൃദ പോരും തലവേദനയെന്നു തിരിച്ചറിഞ്ഞു വലതുപക്ഷം; എസ്എൻഡിപിയുമായുള്ള സഖ്യം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിൽ ബിജെപിയും

തദ്ദേശ മനസ്സ് ആർക്കൊപ്പം? വി എസും പാർട്ടിയും ഒരുമിച്ചതു ഗുണം ചെയ്യുമെന്നു സിപിഎം; വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യം പൊളിഞ്ഞതിലും പ്രതീക്ഷ; വിമതരും സൗഹൃദ പോരും തലവേദനയെന്നു തിരിച്ചറിഞ്ഞു വലതുപക്ഷം; എസ്എൻഡിപിയുമായുള്ള സഖ്യം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിൽ ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിപിഐ(എം). തുടക്കത്തിലുണ്ടായിരുന്ന വെല്ലുവിളികളെയെല്ലാം ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ മറികടന്നുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമവും വിജയിച്ചില്ല. എല്ലാത്തിനുമുപരി പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള എസ്എൻഡിപി-ബിജെപി നീക്കം ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ.

ശക്തി കേന്ദ്രങ്ങളിലെല്ലാം മുൻതൂക്കം ഉറപ്പാണെന്നാണ് വിലയിരുത്തൽ. എന്നാൽ വിഭാഗീയ പ്രശ്‌നങ്ങളും വിമത സ്ഥാനാർത്ഥികളും സൗഹൃദ മത്സരവും വലതു മുന്നണിയുടെ പ്രതീക്ഷകൾക്ക് ഏറ്റ തിരിച്ചടിയാണ്. എന്നാൽ പ്രാദേശിക സമവാക്യങ്ങളുടെ മികവിൽ കോൺഗ്രസ് മികച്ച വിജയം കാണുമെന്നാണ് വിലയിരുത്തൽ. എസ്എൻഡിപിയുമായുള്ള സഖ്യം തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലിലാണ് ബിജെപി ഇപ്പോൾ. ഈ സാഹചര്യത്തിൽ അവകാശവാദങ്ങളൊന്നും നടത്താതെ അന്തിമ റിസൾട്ടിനായി കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോൾ എസ്എൻഡിപിയും ബിജെപിയും ചർച്ചയാക്കിയ ഹിന്ദു ഐക്യമാണ് നിഴലിച്ചു നിന്നത്. സിപിഎമ്മിന്റെ അടിത്തറ ഇളക്കാനുള്ള നീക്കമാണ് ഇതെന്നും വിലയിരുത്തലുണ്ടായി. പാർട്ടി പ്രഖ്യാപനത്തിനുള്ള റാലി കൂടിയായപ്പോൾ ചർച്ച ഗംഭീരമായി. പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും വെല്ലുവിളിച്ചിറങ്ങിയ വെള്ളാപ്പള്ളി നടേശൻ താനാകും താരമെന്നും പ്രഖ്യാപിച്ചു.

അതിനിടെയാണ് എല്ലാം അപ്രസക്തമാക്കി വി എസ് അച്യൂതാനന്ദന്റെ വരവ്. വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് വി എസ് മുന്നേറി. മൈക്രോ ഫിനാൻസ് അഴിമിതിയും ബെൽ ചിട്‌സുമെല്ലാം ചർച്ചയായപ്പോൾ വെള്ളാപ്പള്ളിക്ക് അടി തെറ്റി. വി എസ് അച്യൂതാനന്ദന്റെ കരുത്തിൽ ഭൂരിപക്ഷ ഹിന്ദു ഐക്യമെന്ന ഭീഷണിയെ സിപിഐ(എം) മറികടന്നു. പാർട്ടിയിലെ ഐക്യം തകർക്കാൻ ജനശക്തിയിലെ വി എസിന്റെ അഭിമുഖമെത്തിയെങ്കിലും അതും വി എസിന്റെ നീക്കത്തിന് മുന്നിൽ നിക്ഷ്പ്രഭമായി. ജനശക്തിയേയും വി എസ് തള്ളിപ്പറഞ്ഞു.

സീറ്റ് വിഭജനത്തിലുൾപ്പെടെ യുഡിഎഫിൽ പ്രതിസന്ധിയായിരുന്നു. യുഡിഎഫിന് ജയം സുനിശ്ചിതമായ മലപ്പുറത്തും കോട്ടയത്തും സൗഹൃദ മത്സരങ്ങൾ. മുസ്ലിം ലീഗും കേരളാ കോൺഗ്രസും പിണങ്ങിയതിനൊപ്പം കോൺഗ്രസിനുള്ളിലും കലാപമായി. മിക്കയിടത്തും വിമതർ. അല്ലെങ്കിൽ സൗഹൃദ മത്സരങ്ങൾ. പതിവിന് വിപരീതമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരൻ വിഭാഗീയത കൂട്ടുന്ന പ്രസ്താവനയുമായെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഉമ്മൻ ചാണ്ടി നയിക്കുമെന്ന പ്രസ്താവന കൂടിയായപ്പോൾ രമേശ് ചെന്നിത്തല ക്യാമ്പ് മൗനത്തിലായി. എല്ലാത്തിനുമുപരി വിമതരും സൗഹൃദ മത്സരവുമാണ് ആദ്യ രണ്ട് ഘട്ടവും തദ്ദേശ പ്രചരണത്തിൽ കോൺഗ്രസിന് തിരിച്ചടിയായത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കം ഇടതുപക്ഷത്തിന് മാത്രം എതിരാകുമെന്ന തരത്തിലെ വിലയിരുത്തലുകളും കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ഹിന്ദു ഐക്യത്തിനെതിരായ പരാമർശങ്ങൾ പോലും സിപിഎമ്മിന് ഗുണകരമാകുന്ന അവസ്ഥയാണുള്ളത്.

തുടക്കം ഉജ്ജ്വലമായിരുന്നുവെങ്കിലും പ്രചരണം തുടങ്ങിയപ്പോൾ അടിതെറ്റിയെന്ന് തന്നെയാണ് ബിജെപി നേതൃത്വം പറയുന്നത്. വലിയൊരു മുന്നേറ്റാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒരിടത്തും ആ പ്രചരണം നടത്താൻ കഴിഞ്ഞില്ല. എങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. കാസർഗോഡും തിരുവനന്തപുരത്തും പാലക്കാടും മുന്നേറ്റം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ സജീവമാക്കും. വെള്ളാപ്പള്ളി നടേശൻ വിവാദങ്ങളിൽ പെട്ടതോടെ എസ്എൻഡിപിയുമായി കൂടിയത് ദോഷം ചെയ്തു. അതിനിടയിൽ പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും മടക്കി കൊണ്ടു വരാൻ ദേശീയ നേതൃത്വം നീക്കം നടത്തിയതും വിവാദങ്ങളുണ്ടാക്കി. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം രണ്ട് തട്ടിലായി. തെരഞ്ഞെടുപ്പ് കാലത്തും പോലും വിഭാഗീയ പരാമർശവുമായി നേതാക്കൾ നിറഞ്ഞത് തദ്ദേശത്തിൽ താമര വിരിയാനുള്ള മോഹങ്ങൾക്ക് തിരിച്ചടിയാണ്. എന്നാൽ പ്രാദേശീയ രാഷ്ട്രീയം ബിജെപിയെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.

ഇടതു മുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചെറിയ തർക്കങ്ങളുണ്ട്. എന്നാൽ മറ്റ് കക്ഷികളൊന്നും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ കാര്യമായുണ്ടാക്കിയല്ല. സംഘടനയുടെ കരുത്തിൽ വിമത സ്ഥാനാർത്ഥികളെ പരമാവധി ഒഴിവാക്കാനും സിപിഎമ്മിന് കഴിഞ്ഞു. എല്ലാ മേഖലയിലും പ്രധാന നേതാക്കളെ തന്നെ അണിനിരത്തി. കണ്ണൂരിൽ കാരായിമാർ മത്സരത്തിനിറങ്ങിയിട്ടു പോലും വിവാദങ്ങൾ ആളിക്കത്തിയില്ല. വി എസ് അച്യൂതാനന്ദന്റെ തന്ത്രപരമായ മൗനമാണ് ഇതിന് തുണയായത്. അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിന്റെ അലയൊലികൾ തദ്ദേശത്തിൽ കേൾക്കില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. വിഎസും കോടിയേരിയും പിണറായിയും ഒരേ മനസ്സിൽ പോകുന്നതാണ് സിപിഎമ്മിന്റെ കരുത്ത്. സംസ്ഥാന നേതൃത്വം വിവാദങ്ങളിൽ ചെന്നുപെട്ടില്ലങ്കിൽ സംസ്ഥാനത്തുടനീളം മികച്ച വിജയമാണ് ഇടതു പക്ഷം പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിഎസിനെ തന്നെ പ്രചരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ തോറ്റാൽ ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ വേണ്ടെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

ഭരണ തുടർച്ചയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതിന് തദ്ദേശത്തിൽ മുൻതൂക്കം അനിവാര്യമാണ്. സൗഹൃദ മത്സരമുള്ളിടത്തു പോലും മുന്നണിക്ക് ജയിക്കാനായാൽ അത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കൊച്ചി. തൃശൂർ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലെ മികവാണ് ലക്ഷ്യമിടുന്നത്. മലപ്പുറത്ത് ലീഗ് വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോട്ടയത്ത് ബാർ കോഴ വിവാദം ബാധിച്ചിട്ടുണ്ടോ എന്ന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകും. കേരളാ കോൺഗ്രിസന് തോൽവി പിണഞ്ഞാൽ കെ എം മാണിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടി കിട്ടും. അതിലൂടെ കോട്ടയത്ത് കോൺഗ്രസിന്റെ പ്രസക്തി കൂടും. വില പേശലുകൾ കുറച്ച് കോൺഗ്രസുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എം മാണി പ്രവർത്തിക്കുകയും ചെയ്യും. ഈ രാഷ്ട്രീയമാകും കോട്ടയത്ത് വിജയിക്കുകയെന്നാണ് കോൺഗ്രസിന്റെ പക്ഷം. അതുകൊണ്ട് തന്നെ സൗഹൃദ മത്സരത്തെ കോൺഗ്രസ് പേടിയോടെ കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കേരളാ കോൺഗ്രസിന് സീറ്റുകൾ കൂടുതൽ കിട്ടിയാലും അത് മുന്നണിക്ക് കരുത്താകും. ഭരണത്തുടർച്ചയെന്ന മുദ്രാവാക്യമുയർത്തുമ്പോൾ കൂടുതൽ വിലപേശലുകൾ കെ എം മാണി നടത്തിയാലും ഭരണ തുടർച്ചയ്ക്ക് അത് അനുകൂല സാഹചര്യമുണ്ടാക്കും. എന്നാൽ കോട്ടയവും മലപ്പുറവും ഒഴികെയുള്ള ജില്ലകളിലെ പ്രകടന മികവിൽ കോൺഗ്രസിന് സംശയമുണ്ട്. പാർട്ടി വിമതരാണ് പ്രധാന പ്രശ്‌നം. പരമാവധി വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. അതിനുള്ള നിർദ്ദേശം ഡിസിസികൾക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നൽകി കഴിഞ്ഞു. നിമയസഭാ തെരഞ്ഞെടുപ്പിലെ നേതൃപ്രശ്‌നവും ചർച്ചയാക്കില്ല. സിപിഎമ്മിനെ കടന്നാക്രമിക്കാൻ ആയുധമൊന്നും കിട്ടുന്നില്ലെന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്. കോൺഗ്രസ്ബിജെപി സഖ്യമാണുള്ളതെന്ന സിപിഐ(എം) ആരോപണത്തെ അതിജീവിക്കാനും കോൺഗ്രസ് തന്ത്രങ്ങൾ ഒരുക്കും. വെള്ളാപ്പള്ളി നടേശനെ ആദ്യ ഘട്ടത്തിൽ കടന്നാക്രമിക്കാത്തതും സിപിഎമ്മിന് ഗുണകരമായെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്.

തന്ത്രങ്ങൾ രാകി മുറുക്കിയാകും കോൺഗ്രസ് ഇനിയുള്ള ദിനങ്ങളിൽ മുന്നോട്ട് പോവുക. ബിജെപിയേയും സിപിഎമ്മിനേയും ഒരു പോലെ ആക്രമിക്കേണ്ട അവസ്ഥയുണ്ട്. പ്രാദേശിക സമവാക്യങ്ങൾ ഗ്രൂപ്പ് പോരിൽ നഷ്ടമായെന്ന തിരിച്ചറിവുമുണ്ട്. അതിനാൽ സംസ്ഥാന തലത്തിലെ മുൻതൂക്കം ഉപയോഗിക്കാനാകും ലക്ഷ്യം. മുസ്ലിം ലീഗും കേരളാ കോൺഗ്രസുമായുള്ള പ്രശ്‌നങ്ങൾ താൽക്കാലികമാണെന്ന സന്ദേശവും നൽകും. മുന്നണിക്കുള്ളിൽ വിഭാഗീയത വ്യക്തമാക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടനൽകാതെയാകും പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP