Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ തവണത്തെ വെറും രണ്ട് സീറ്റിൽനിന്ന് കോൺഗ്രസ് 12 സീറ്റിലേക്ക് ഉയരും; ബിജെപി 27ൽ നിന്ന് പത്തുസീറ്റ് കുറഞ്ഞ് 17ൽ എത്തും; ബിജെപിയുടെ തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വവുമായി കോൺഗ്രസ്; പിന്നോക്ക വോട്ടുകളിൽ കാവിപ്പട കണ്ണുവെക്കുമ്പോൾ മുന്നോക്ക വോട്ടുകളിൽ കണ്ണുവെച്ച് കമൽനാഥും കൂട്ടരും; സംസ്ഥാന ഭരണം കിട്ടിയെങ്കിലും സംഘടനാ ദൗർബല്യം കോൺഗ്രസിന് വിന; ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിൽ സംഭവിക്കുന്നത്

കഴിഞ്ഞ തവണത്തെ വെറും രണ്ട് സീറ്റിൽനിന്ന് കോൺഗ്രസ് 12 സീറ്റിലേക്ക് ഉയരും; ബിജെപി 27ൽ നിന്ന് പത്തുസീറ്റ് കുറഞ്ഞ് 17ൽ എത്തും; ബിജെപിയുടെ തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വവുമായി കോൺഗ്രസ്; പിന്നോക്ക വോട്ടുകളിൽ കാവിപ്പട കണ്ണുവെക്കുമ്പോൾ മുന്നോക്ക വോട്ടുകളിൽ കണ്ണുവെച്ച് കമൽനാഥും കൂട്ടരും; സംസ്ഥാന ഭരണം കിട്ടിയെങ്കിലും സംഘടനാ ദൗർബല്യം കോൺഗ്രസിന് വിന; ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിൽ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന ഹിന്ദി ഹൃദയഭൂമികയായ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അവസാനഘടത്തിൽ എത്തുമ്പോൾ എങ്ങും കാണാനാവുന്നത് കടുത്ത മൽസരത്തിന്റെ സൂചനകൾ. കഴിഞ്ഞ തവണ മോദി തരംഗം ആഞ്ഞുവീശിയപ്പോൾ ഇവിടെ 28ൽ 27 സീറ്റുകളും ബിജെപി തൂത്തുവാരുകയായായിരുന്നു. വെറും രണ്ടു സീറ്റ് മാത്രം നേടിയതിന്റെ ഞെട്ടലായിരുന്നു കോൺഗ്രസ്. അതോടെ തങ്ങൾക്ക് ചരമക്കുറിപ്പെഴുതിയ മുഴുവൻ മാധ്യമ പ്രവർത്തകരെയും അമ്പരപ്പിച്ചുകൊണ്ടുള്ള തിരിച്ചുവരവാണ്, മാസങ്ങൾക്ക് മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കാഴ്ചവെച്ചത്. 15 വർഷത്തെ തുടർച്ചയായ ബിജെപി ഭരണത്തിന് തടയിട്ട്, ജനകീയനെന്ന് പ്രതിഛായയുള്ള മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെയും എതിരിട്ടാണ് കോൺഗ്രസ് ഇവിടെ അധികാരത്തിൽ എത്തിയത്. 230 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം അകലെ ഫനീഷ് ചെയ്ത കോൺഗ്രസിന് നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്‌പി. എംഎ‍ൽഎ.മാരുടെയും ഒരു എസ്‌പി. എംഎ‍ൽഎ.യുടെയും പിന്തുണയോടെയാണ് ഭരണമുറപ്പിച്ചു. അങ്ങനെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രിയുമായി.

പക്ഷേ അഞ്ചുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ അതേ മേൽക്കെ ഇപ്പോൾ കോൺഗ്രസിന് ഇവിടെയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും പറയുന്നത്. കോൺഗ്രസിന് സംഘടനാ ദൗർബല്യം വിനയാകുന്ന ഇവിടെ ചെലവാകുന്നത് ബിജെപിയുടെ തീവ്ര ഹിന്ദുത്വം തന്നെയാണ്. ഇതുമനസ്സിലാക്കി ഇവിടെ മൃദുഹിന്ദുത്വം പിന്തുടരാൻ നിർബന്ധിതരാവുകയാണ് രാഹുൽ ഗാന്ധിപോലും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്് 12 സീറ്റും, ബിജെപിക്ക് 17 സീറ്റുമാണ് മധ്യപ്രദേശിൽ ലഭിക്കുമെന്നാണ് സി വോട്ടർ അടക്കമുള്ള തെരഞ്ഞെടുപ്പ് വിശകലന ഏജൻസികൾ കരുതുന്നത്. സംസ്ഥാന ഭരണം കിട്ടിയതിന്റെ ആനുകൂല്യം മുതലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെങ്കിലും, അംഗസംഖ്യ രണ്ടിൽ നിന്ന് 12ലേക്ക് ഉയരുന്നുണ്ട്. പക്ഷേ ബിജെപിക്കാകട്ടെ 27ൽ നിന്ന് പത്തുസീറ്റ് നഷ്ടമാവുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 13 സീറ്റിലെ വോട്ടെടുപ്പ് രണ്ടുഘട്ടങ്ങളിലായി പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള 16 സീറ്റിൽ 12, 19 തീയതികളിലാണ് വോട്ടെടുപ്പ്.

കോൺഗ്രസിന് വിനയാകുന്നത് സംഘടനാ ദൗർബല്യം

സംഥപരിവാറിന്റെ വ്യാപകമായ നെറ്റ് വർക്ക് വെച്ചുനോക്കുമ്പോൾ, തീർത്തും ദുർബലമാണ് ഇവിടെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം. ഭരണം കിട്ടിയതിന്റെ ഉണർവും പാർട്ടിയിൽ കാണാനില്ലെന്നാണ് ഇന്ത്യ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ പറയുന്നത്. മാത്രമല്ല 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി. സർക്കാരിനെതിരായ ജനവികാരത്തിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല. മാത്രമല്ല കമൽനാഥിന്റെ അഞ്ചുമാസത്തെ ഭരണവും പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. അതുകൊണ്ടുതന്നെ ഭരണവിരുദ്ധ വികാരത്തിന്റെ ലാഞ്ചനകളും കോൺഗ്രസിന് നേർക്കുമുണ്ട്.

ജനപ്രിയരായ നേതാക്കളും മാധ്യപ്രദേശിൽ കോൺഗ്രസിന് കുറവാണ്.ദിഗ്‌വിജയ് സിങ്, കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ പല തട്ടുകളിലാണ് കോൺഗ്രസ് നേതൃത്വം. രാജപാരമ്പര്യം അവകാശപ്പെടുന്ന രജപുത്രരും ബ്രാഹ്മണരുമാണ് കോൺഗ്രസിന്റെ തലപ്പത്ത്. കഴിഞ്ഞ തവണത്തെ തരംഗത്തിൽ ഗ്വാളിയർ രാജകുടുംബത്തിലെ ഇളമുറത്തമ്പുരാൻ ജ്യോതിരാദിത്യസിന്ധ്യയുടെ ഗുണയും ഇന്നത്തെ മുഖ്യമന്ത്രി കമൽനാഥിന്റെ ചിന്ദ്വാഡയും മാത്രമാണ് അന്ന് കോൺഗ്രസിനൊപ്പം നിന്നത്. ചിന്ദ്വാഡ മകന് വിട്ടുകൊടുത്ത് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. സ്വന്തം തട്ടകമായ ഗുണയിൽ മത്സരിക്കുന്ന ജ്യോതിരാദിത്യസിന്ധ്യയും ബിജെപി.യുടെ കോട്ടയായ ഭോപാലിൽ പോരിനിറങ്ങിയ ദിഗ്‌വിജയ് സിങ്ങുമാണ് കോൺഗ്രസിലെ താരങ്ങൾ.

എറ്റവും രസാവഹം ഇവിടെ മുന്നോക്ക വോട്ടുകൾ കോൺഗ്രസിന് കിട്ടുമ്പോൾ പിന്നോക്ക വോട്ടുകളിലാണ് ബിജെപിയുടെ കരുത്ത് എന്നതാണ്. ബാബുലാൽ ഗൗറിനെയും ഉമാഭാരതിയെയും ശിവരാജ് സിങ് ചൗഹാനെയും പോലുള്ള പിന്നാക്ക വിഭാഗനേതാക്കളാണ് ബിജെപിയിലേക്ക് വിവിധ സമുദായങ്ങളെ അടുപ്പിക്കുന്നത്. ഹിന്ദുവിരുദ്ധരും മുസ്ലിം പക്ഷപാതികളുമാണ് കോൺഗ്രസ് എന്നതാണ് ബിജെപി. യുടെ പ്രചാരണം. മൃദുഹിന്ദുത്വ നിലപാടുകളിലൂടെ അതിനെ മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപി തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വം കോൺഗ്രസും പയറ്റുന്നു. പശുസരക്ഷണവും ബീഫ് നിരോധനവും അടക്കമുള്ള ഒട്ടു മിക്ക ബിജെപി ആശയങ്ങളും ഇവിടെ കോൺഗ്രസിലും കാണാം. രാഹുൽഗാന്ധിപോലും ക്ഷേത്രങ്ങളിൽ കയറി തൊഴുത് പ്രാർത്ഥിച്ചാണ് ഇവിടെ വോട്ടു ചോദിക്കുന്നത്.

കാർഷിക മേഖല തന്നെയാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയം. കമൽനാഥ് സർക്കാർ കാർഷികവായ്പ എഴുതിത്ത്ത്തള്ളുമെന്ന വാഗ്ദാനം പെട്ടെന്നുതന്നെ നടപ്പാക്കി. 21 ലക്ഷം കർഷകർക്ക് അതിന്റെ പ്രയോജനം കിട്ടിക്കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വൈദ്യുതി നിരക്ക് കുറയ്ക്കും വയോജനങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തും തുടങ്ങി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ 85 ശതമാനവും നിറവേറ്റിക്കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. കടാശ്വാസ പദ്ധതി നടപ്പാക്കിയത് തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ, കടാശ്വാസ പദ്ധതിയുടെ ഗുണം കർഷകർക്കു കിട്ടിയിട്ടില്ലെന്നാണ് ബിജെപി. വക്താവ് ഗോവിന്ദ് മാലൂ പറയുന്നത്.

തീവ്ര ഹിന്ദുത്വം ആഞ്ഞു വീശി ബിജെപി

യുപിയിൽ എന്നപോലെ തീവ്ര ഹിന്ദുത്വം തന്നെയാണ് ഇവിടെയും ബിജെപിയുടെ തുറപ്പുശീട്ട്. ഒപ്പം ദേശീയതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരിക നേതൃത്വവും. ''കോൺഗ്രസ് എന്റെ മരണം ആഗ്രഹിക്കുന്നു. നിങ്ങൾക്കെന്താണെന്നോട് ഇത്ര ദേഷ്യം?'' -ഹോഷംഗാബാദിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ വികാരഭരിതനായി മോദി ചോദിച്ചു. ''താങ്കൾ സുരക്ഷിതനായി രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന'' -എന്ന് കമൽനാഥ് തിരിച്ചടിക്കുകയും ചെയ്തു. ജനകീയപ്രശ്നങ്ങൾ ചർച്ചാ വിഷയമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ദേശീയതയും മതവും കേന്ദ്രബിന്ദുവാകുമ്പോൾ സ്ഥിതി മാറുമെന്ന് പാർട്ടിനേതൃത്വം കരുതുന്നു. മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ ഭോപാലിൽ സ്ഥാനാർത്ഥിയുമാക്കി. ഇതും തീവ്ര ഹിന്ദുത്വം കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്‌സഭയിലേക്കാണെങ്കിലും മധ്യപ്രദേശിൽ സംസ്ഥാനസർക്കാരിനെയാണ് ബിജെപി. പ്രാദേശികനേതൃത്വം ലക്ഷ്യംവെക്കുന്നത്. കേന്ദ്രത്തിൽ ബിജെപി. വീണ്ടുംവന്നാൽ കമൽനാഥ് സർക്കാർ നിലംപതിക്കുമെന്ന് നേതാക്കൾ പരസ്യമായിത്തന്നെ ഭീഷണിപ്പെടുത്തുന്നു. കോൺഗ്രസിലെ 15 എംഎ‍ൽഎ.മാർ ബിജെപി. നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മെയ്‌ 23 കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമാഭാരതി തിരഞ്ഞെടുപ്പു റാലിയിൽ അവകാശപ്പെട്ടു. അതൊരു വ്യാമോഹം മാത്രമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കമൽനാഥ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പാർട്ടിനേതൃത്വത്തിന് ആശങ്കയൊഴിഞ്ഞിട്ടില്ല.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മാറിനിൽക്കുകയും ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് ടിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബിജെപി.യിൽ നിന്ന് ഉന്നത ദേശീയ നേതാക്കളാരും മത്സര രംഗത്തില്ലെന്നു പറയാം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് 40.9 ശതമാനം ആയി ഉയർന്നപ്പോൾ ബിജെപി.ക്ക് കിട്ടിയത് 41.0 ശതമാനം. നിയമസഭാതിരഞ്ഞെടുപ്പിന്റെവോട്ടു നില അതേപോലെ ആവർത്തിച്ചാൽ സംസ്ഥാനത്ത് ബിജെപി.ക്ക് 17 സീറ്റും കോൺഗ്രസിന് 12 സീറ്റും കിട്ടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, 22 സീറ്റിൽ ജയിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുന്നു. കഴിഞ്ഞതവണ കിട്ടിയ 27 സീറ്റും നിലനിർത്തുമെന്നാണ് ബിജെപി.യുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP