Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയത് മുതിർന്ന നേതാവ് എം സി കമറുദ്ദീനെ മത്സരിപ്പിക്കാൻ; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എൻ അഷറഫിനെ പരിഗണിക്കണമെന്ന് യുവാക്കളും കന്നഡ മേഖലയിലുള്ളവരും; സി എച്ച് കുഞ്ഞമ്പുവിനെ നിർത്തണമോ അതോ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കെ ആർ ജയാനന്ദയെ നിർത്തണോ എന്ന ചർച്ചയിൽ സിപിഎം; ബിജെപിയിൽ സാധ്യത കെ ശ്രീകാന്തിനോ രവീശതന്ത്രി കുണ്ടാറിനോ

മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയത് മുതിർന്ന നേതാവ് എം സി കമറുദ്ദീനെ മത്സരിപ്പിക്കാൻ; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എൻ അഷറഫിനെ പരിഗണിക്കണമെന്ന് യുവാക്കളും കന്നഡ മേഖലയിലുള്ളവരും; സി എച്ച് കുഞ്ഞമ്പുവിനെ നിർത്തണമോ അതോ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കെ ആർ ജയാനന്ദയെ നിർത്തണോ എന്ന ചർച്ചയിൽ സിപിഎം; ബിജെപിയിൽ സാധ്യത കെ ശ്രീകാന്തിനോ രവീശതന്ത്രി കുണ്ടാറിനോ

രഞ്ജിത്ത് ബാബു

കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നണികൾ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് ഏത് സമയത്തും എത്തുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് നേരത്തെ തന്നെ ബൂത്ത് തലത്തിൽ സജീവ പ്രവർത്തനം ആരംഭിച്ചിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് എംഎൽഎ ആയിരുന്ന പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞതിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും സീനിയർ നേതാവുമായ എം. സി. കമറുദ്ദീന്റെ പേരിനാണ് ഇവിടെ മുൻതൂക്കം. ലീഗ് നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

എന്നാൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭാഷാന്യൂനപക്ഷ മേഖലയിൽപെട്ട നേതാവുമായ എ.കെ. എൻ അഷറഫിന്റെ പേരാണ് മണ്ഡലത്തിലെ യുവാക്കളും കന്നഡ മേഖലയിലെ ജനങ്ങളും ആവശ്യപ്പെടുന്നത്.

കന്നഡ , തുളു, ബ്യാരി, ഹിന്ദി, മറാട്ടി എന്നീ ഭാഷകൾ നന്നായി വഴങ്ങുന്ന അഷറഫ് മഞ്ചേശ്വരം കടമ്പാർ സ്വദേശിയെന്ന ആനുകൂല്യം കൂടി അദ്ദേഹത്തിന്റെ പേര് നിർദേശിക്കാൻ കാരണമായേക്കാം. മരണമടഞ്ഞ പി.ബി. അബ്ദുൾ റസാഖും കന്നഡയും തുളുവും അനായാസമായി സംസാരിക്കാൻ കഴിവുള്ളയാളായിരുന്നു. മാത്രമല്ല ഭാഷാന്യൂനപക്ഷത്തിലെ ഒരു വ്യക്തി മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കണമെന്ന താത്പര്യം കൂടി ഈ നാട്ടുകാർ വച്ചു പലർത്തുന്നുണ്ട്. മണ്ഡലത്തിലെ രണ്ടാം സ്ഥാനത്തുള്ള എൻ.ഡി.എ. മുന്നണിയിൽ ബിജെപി. പ്രവർത്തകർ ആഗ്രഹിക്കുന്നത് കഴിഞ്ഞ തവണ മത്സരിച്ച് 89 വോട്ടിന് മാത്രം പരാജയപ്പെട്ട കെ. സുരേന്ദ്രനെ തന്നെ നിർത്താനാണ്.

എന്നാൽ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന നിലപാട് സ്വീകരിച്ചതായാണ് അറിവ്. അതിനാൽ ബിജെപി. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തും മഞ്ചേശ്വരത്തെ പ്രമുഖ ബിജെപി. നേതാവുമായ രവീശതന്ത്രി കുണ്ടാറിന്റേയും പേരുകളാണ് പരിഗണനയിലുള്ളത്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളൊന്നും എൻ.ഡി.എ. മുന്നണി ആരംഭിച്ചിട്ടില്ല. എൽ.ഡി.എഫിൽ ഔദ്യോദിക ചർച്ചകൾ നടക്കാനിരിക്കുന്നേയുള്ളൂ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനക്കാരായ എൽ.ഡി.എഫ് കരുതലോടെ സ്ഥാനാർത്ഥി നിർണ്ണയം നടത്താനാണ് ഒരുങ്ങുന്നത്.

മുൻ എംഎൽഎ ആയ സി.എച്ച് കുഞ്ഞമ്പുവിനെ നിർത്തണമോ അല്ല മഞ്ചേശ്വരത്തെ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കെ. ആർ ജയാനന്ദയെ നിർത്തണമോ എന്ന ചർച്ചയാണ് നേതൃതലത്തിൽ നടത്തുന്നത്. വരും ദിവസങ്ങളിൽ ലോക്കൽ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും ചേർന്ന് സജീവമാകാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. യു.ഡി.എഫ് നാളെ മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. അതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആദ്യമിറങ്ങുന്നതും യു.ഡി.എഫ് ആയിരിക്കും. മൂന്ന് ദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തേക്കും.

മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളിക, മംഗൽപാടി, കുമ്പളെ, എന്മകജെ എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് മഞ്ചേശ്വരം മണ്ഡലം. ഇതിൽ മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി, കുമ്പളെ, എന്മകജെ എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരിക്കുന്നു. പൈവളികെ, പുത്തിഗെ എന്നിവ എൽ.ഡി.എഫ് ഭരണത്തിലാണ്. ബിജെപി. നേരത്തെ ഭരണത്തിലുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകൾ പിന്നീട് അവിശ്വാസത്തിലൂടെ നഷ്ടപ്പെടുകയായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ബി. അബ്ദുൾ റസാഖ് 5,828 വോട്ടിനാണ് ജയിച്ചത്.

എന്നാൽ 2016 ലെ തെരഞ്ഞെടുപ്പിൽ അബ്ദുൾ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ടായി ചുരുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ബിജെപി.യിലെ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസുമായി പോയി. അതിനിടെ അബ്ദുൾ റസാഖ് മരണമടയുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ പ്രതീക്ഷയാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് 68,217 വോട്ടുകളാണ് ലഭിച്ചത്. എൻ.ഡി.എ യിലെ രവീശ തന്ത്രിക്ക് 57,104 വോട്ടും. 11,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുള്ള യു.ഡി.എഫിന് മഞ്ചേശ്വരത്ത് ആത്മവിശ്വാസം ഇരട്ടിച്ച മട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP