Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേശ്വരത്തിൽ യുഡിഎഫ് പ്രചരണം ബിജെപിക്കെതിരെ; ഉപ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് ഉത്തരവാദി ബിജെപിയും സുരേന്ദ്രനും എന്നാരോപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിടാതെ എല്ലാം സജ്ജമാക്കി യുഡിഎഫ് കേന്ദ്രം

മഞ്ചേശ്വരത്തിൽ യുഡിഎഫ് പ്രചരണം ബിജെപിക്കെതിരെ; ഉപ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് ഉത്തരവാദി ബിജെപിയും സുരേന്ദ്രനും എന്നാരോപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിടാതെ എല്ലാം സജ്ജമാക്കി യുഡിഎഫ് കേന്ദ്രം

രഞ്ജിത്ത് ബാബു

കാസർഗോഡ്: മഞ്ചേശ്വരത്ത് ഉപ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് ഉത്തരവാദി ബിജെപി.യാണെന്ന ആരോപണമുയർത്തി യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. ജനാധിപത്യ സംവിധാനത്തിൽ ഒരു സാമാജികൻ മരിച്ചാൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാൽ മഞ്ചേശ്വരത്ത് ഒരു വർഷം എംഎൽഎ ഇല്ലാത്തതിന്റെ മുഖ്യ കാരണം ബിജെപി.യാണെന്ന ആരോപണമുയർത്തി യു.ഡി.എഫ് തെരഞ്ഞെടുപ്പിന് രംഗത്തിറങ്ങും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ. സുരേന്ദ്രൻ യു.ഡി.എഫിലെ പി.ബി. അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്. അബ്ദുൾ റസാഖ് കള്ളവോട്ടിലൂടെയാണ് ജയിച്ചതെന്ന് ആരോപിച്ച് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രൻ ഹരജിയിൽ ആവശ്യപ്പെട്ടു.

കോടതിയിൽ കേസ് നടക്കവേ അബ്ദുൾ റസാഖ് കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് മരണമടഞ്ഞു. സ്വാഭാവികമായും കേസ് പിൻവലിച്ച് ഉപതെരഞ്ഞെടുപ്പിനുള്ള അവസരം വിനിയോഗിക്കേണ്ടതായിരുന്നു. എന്നാൽ സുരേന്ദ്രൻ കേസ് തുടരാനാണ് തീരുമാനിച്ചത്. പിന്നീട് കേസ് പരിഗണിച്ചപ്പോൾ കേസിലെ സാക്ഷികളെ ഹാജരാക്കാൻ സുരേന്ദ്രനായില്ല. രണ്ടു തവണ ഇത്തരമൊരു സാഹചര്യമുണ്ടായി. മരിച്ച അബ്ദുൾ റസാഖിന്റെ മകനും കേസിൽ കക്ഷി ചേർന്നു.

67 സാക്ഷികൾക്ക് സ്പീഡ് പോസ്റ്റ് വഴി സമൻസ് അയച്ചെങ്കിലും ആരും കൈപ്പറ്റിയില്ല. അതിനിടെ മരിച്ചവർക്ക് സമൻസ് എത്തിയതും വിവാദങ്ങളുയർന്നു. ഒടുവിൽ സുരേന്ദ്രൻ കേസിൽ നിന്നും പിന്മാറിയപ്പോൾ വോട്ടിങ് യന്ത്രങ്ങൾ കൊണ്ടു പോകാനുള്ള ചെലവിലേക്ക് 42,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അത് സുരേന്ദ്രൻ തയ്യാറായതുമില്ല. ഈ സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപി ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. മണ്ഡലത്തിലെ വികസനത്തിനുള്ള എംഎൽഎ ഫണ്ട് ഉൾപ്പെടെ ചിലവഴിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതും തെരഞ്ഞെടുപ്പ് കേസുകൊണ്ടാണെന്ന് പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ്. ബിജെപി ക്കെതിരെ ശക്തമായ ആയുധമാണ് ഈ പ്രചരണമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലോകസഭാ തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നില്ല. അത് അതേ നിലയിൽ തുടരുകയാണ്. നിയോജക മണ്ഡലം മുതൽ ബൂത്ത് കമ്മിറ്റി വരെയുള്ള എല്ലാ കമ്മിറ്റികളും യു.ഡി.എഫിന് നിവിലുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം സ്ഥാനാർത്ഥിയെ നിർണ്ണയിച്ചാലുടൻ പ്രവർത്തന ക്ഷമമാകും. മണ്ഡലത്തിലോ പഞ്ചായത്ത് കമ്മിറ്റിയിലോ ബൂത്ത് കമ്മിറ്റിയിലോ ആരെങ്കിലും മാറി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ സ്ഥാനത്ത് പുതിയ ആളെ കൂട്ടിച്ചേർക്കുകയുള്ളൂ.

എട്ട് പഞ്ചായത്ത് കമ്മിറ്റികളും 198 ബൂത്തുകളുമാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. ഇവയാകെ ഒരുമിച്ച് ചലിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം. 198 ബൂത്തുകളിലും ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കയായിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാക്കളോട് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാണക്കാട്ട് എത്താൻ നിർദ്ദേശം ലഭിച്ചതിനാൽ നേതാക്കൾക്ക് പോകേണ്ടതുണ്ട്. അതിനാൽ അടുത്ത ദിവസം തന്നെ യോഗം ചേരും. കൃത്യമായ കണക്കുകൂട്ടലുകളോടെ ലോകസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ മറികടക്കാനാണ് യു.ഡി.എഫിന്റെ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP