Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടത് മുന്നണിക്കൊപ്പം നിൽക്കുന്നത് ആലപ്പുഴയും ആറ്റിങ്ങലും മാത്രം; എൽഡിഎഫ് സിറ്റിങ് സീറ്റുകളായ ആലത്തൂരിലും കാസർഗോട്ടും കണ്ണൂരിലും ഇടുക്കിയിലും കോൺഗ്രസ് വിജയം; കോട്ടയത്ത് യുഡിഎഫ് തരംഗം; കൊല്ലത്തും ചാലക്കുടിയിലും കനത്ത പോരാട്ടം; നോട്ട് നിരോധനവും ജിഎസ്ടിയും സമ്പൂർണ്ണ പരാജയം; പത്തിടത്തെ സർവ്വേ ഫലം മനോരമ പുറത്ത് വിടുമ്പോൾ നെറ്റി ചുളിച്ച് എൽഡിഎഫ്

ഇടത് മുന്നണിക്കൊപ്പം നിൽക്കുന്നത് ആലപ്പുഴയും ആറ്റിങ്ങലും മാത്രം; എൽഡിഎഫ് സിറ്റിങ് സീറ്റുകളായ ആലത്തൂരിലും കാസർഗോട്ടും കണ്ണൂരിലും ഇടുക്കിയിലും കോൺഗ്രസ് വിജയം; കോട്ടയത്ത് യുഡിഎഫ് തരംഗം; കൊല്ലത്തും ചാലക്കുടിയിലും കനത്ത പോരാട്ടം; നോട്ട് നിരോധനവും ജിഎസ്ടിയും സമ്പൂർണ്ണ പരാജയം; പത്തിടത്തെ സർവ്വേ ഫലം മനോരമ പുറത്ത് വിടുമ്പോൾ നെറ്റി ചുളിച്ച് എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സർവേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോൾ ചർച്ചയാകുന്നത് യുഡിഎഫിന്റെ നേട്ടങ്ങൾ. സിപിഎമ്മിന്റേയും ഇടതു പക്ഷത്തിന്റേയും അവകാശ വാദങ്ങളെ തള്ളുന്നതാണ് സർവ്വേ ഫലം. പുറത്തു വന്ന പത്തു മണ്ഡലങ്ങളിൽ ഏഴിലും യുഡിഎഫിനാണ് മുൻതൂക്കം. ആലത്തൂരിലും കാസർഗോട്ടും കണ്ണൂരിലും ഇടുക്കിയിലും കോൺഗ്രസ് വിജയം സർവ്വേ പ്രവചിക്കുന്നുണ്ട്.

20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരിൽ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തിയാണ് മനോരമ ന്യൂസ്-കാർവി അഭിപ്രായസർവേ ഫലം പുറത്തുവിടുന്നത്. മുന്നണികൾ തമ്മിൽ രണ്ടുശതമാനവും അതിൽ താഴെയും വ്യത്യാസമുള്ള മണ്ഡലങ്ങളെ ഒരുമുന്നണിയുടെയും കണക്കിൽ പെടുത്താതെ ഫോട്ടോഫിനിഷ് മണ്ഡലങ്ങളെന്നാണ് കണക്കാക്കിയത്. ആദ്യഘട്ടത്തിൽ അക്ഷരമാലാക്രമത്തിൽ പത്തുമണ്ഡലങ്ങളിലെ ഫലമാണ് മനോരമ പറുത്തുവന്നത്. രാഹുൽ തരംഗം കേരളത്തിലെത്തുന്നതിന് മുമ്പാണ് സർവ്വേ നടത്തിയത്. അതുകൊണ്ട് തന്നെ മനോരമ സർവ്വേ ഫലം കണക്കിലെടുത്താൽ മാറുന്ന സാഹചര്യത്തിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് വേണം വിലയിരുത്താൻ.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയിൽ നേരിയ വ്യത്യാസത്തിൽ ഇടതുമുന്നണി മുന്നിലാണെന്നാണ് സർവേ ഫലം. എൽഡിഎഫിന് 47, യുഡിഎഫിന് 44, എൻഡിഎയ്ക്ക് നാലുശതമാനം. ഇത് മാത്രമാണ് എൽഡിഎഫിന് ആശ്വസിക്കാനുള്ള വക. ആറ്റിങ്ങലിൽ 44 ശതമാനവുമായി എൽഡിഎഫ് മുന്നിൽ; യുഡിഎഫിന് 38, എൻഡിഎയ്ക്ക്13. എൽഡിഎഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരിൽ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുൻതൂക്കം നേടി. എൽഡിഎഫിന് 38%വും എൻഡിഎയ്ക്ക് 13%വും ലഭിച്ചു. അതായത് സിപിഎം കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് ഏറെ മുന്നേറിയെന്ന് പറയുകയാണ് സർവ്വേ.

ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയിൽ യുഡിഎഫ് 40, എൽഡിഎഫ് 39, എൻഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം; എൽഡിഎഫിന് 33ഉം എൻഡിഎയ്ക്ക് 11ഉം. ഇടുക്കിയിൽ സർവേയിൽ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിന് 39ഉം എൻഡിഎയ്ക്ക് ഒമ്പതുശതമാനവും പിന്തുണ. എൽഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരിൽ 49 ശതമാനവും കാസർകോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം. കണ്ണൂരിൽ എൽഡിഎഫിനെ 38 ശതമാനവും എൻഡിഎയെ 9ശതമാനവും പിന്തുണച്ചു.. ബിജെപിക്ക് നേരത്തെ തന്നെ സ്വാധീനമുള്ള കാസർകോട്ട് എൽഡിഎഫിന് 35 ശതമാനവും എൻഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി. സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേൽക്കൈ. കൊല്ലത്ത് യുഡിഎഫിന് 48 എൽഡിഎഫിന് 41 എൻഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എൽഡിഎഫ് 39, എൻഡിഎ 10 ശതമാനം. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതൽ മാർച്ച് 7വരെ നടന്ന സർവേയുടെ ഫലത്തെ പിന്നീട് മാറിയ സാഹചര്യങ്ങൾ സ്വാധീനിക്കാമെന്നും മനോരമ പറയുന്നു.

ഇത്തവണ കേന്ദ്രത്തിൽ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മനോരമ ന്യൂസ് -കാർവി അഭിപ്രായ സർവേ പറയുന്നു. എൻഡിഎ സർക്കാരിന്റെയും പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെയും പ്രവർത്തനം ശരാശരിയിലും താഴെയാണെന്നാണ് സർവേഫലം. സർക്കാരിനേക്കാൾ യുപിഎ നേതൃത്വത്തിലുള്ള പ്രതിപക്ഷം മികച്ചുനിൽക്കുന്നെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിൽ തുടരുമെന്നു പറഞ്ഞവർ 11 ശതമാനം മാത്രമാണ്. 20 മണ്ഡലങ്ങളിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനാണ് പിന്തുണ. മോദിയുടെ പ്രകടനം നല്ലതാണെന്ന് വിലയിരുത്തിയ അഞ്ച് മണ്ഡലങ്ങളിൽപ്പോലും അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യൻ രാഹുലാണെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. പ്രിയങ്ക ഗാന്ധിയും മന്മോഹൻ സിങ്ങും പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്ന് എട്ടുശതമാനം പേർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സ്ഥാനത്താണ്. സർവേയിൽ പങ്കെടുത്തവർ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്‌കോർ അഞ്ചിൽ 2.84 മാത്രമാണ്. 2.75 ആണ് എൻഡിഎ സർക്കാരിന് ലഭിച്ച സ്‌കോർ.

എന്നാൽ പ്രതിപക്ഷത്തിന് ലഭിച്ച സ്‌കോർ 3.13 ആണ്. ഈ സാഹചര്യത്തിൽ യുപിഎ അടുത്ത സർക്കാരുണ്ടാക്കുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു. മൂന്നാംമുന്നണി അധികാരത്തിൽ വരുമെന്ന് 18 ശതമാനവും എൻഡിഎ തുടരുമെന്ന് 13 ശതമാനവും വിശ്വസിക്കുന്നു. മോദിയുടേയും സർക്കാരിന്റെയും പ്രകടനം ശരാശരിയിൽ താഴെയായപ്പോൾ പ്രതിപക്ഷം ശരാശരി പ്രകടനം നടത്തിയെന്നാണ് വിലയിരുത്തൽ ഡിജിറ്റൽ ഇന്ത്യയും സ്വച്ഛ് ഭാരതും മോദിഭരണത്തിന്റെ നേട്ടങ്ങളാണെന്നും വിലക്കയറ്റവും ആൾക്കൂട്ട കൊലപാതകങ്ങളും വീഴ്ചകളാണെന്നും വിലയിരുത്തി. നോട്ടുനിരോധനത്തിലും അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനങ്ങൾ തടയാൻ സാധിക്കാത്തതിലും വോട്ടർമാർക്ക് അതൃപ്തിയുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയം വിലക്കയറ്റമാണെന്നു സർവേഫലത്തിൽ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ നാലുശതമാനം മാത്രമേ ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടുള്ളു. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയപ്പെട്ടെന്നും പുൽവാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുന്നതെന്നും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ നിന്നുമുള്ള സർവേഫലം വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരാണ് സംസ്ഥാനത്തെ വോട്ടർമാരുടെ മാനസികാവസ്ഥയെന്ന് വ്യക്തമാക്കുന്നതാണ് സർവേഫലം. സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേർ പ്രതികരിച്ചു. ശബരിമല പ്രശ്‌നം സ്വാധീനിക്കുമെന്ന് കരുതുന്നവർ നാലുശതമാനം മാത്രമാണെങ്കിലും ചില മണ്ഡലങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ബിജെപിക്ക് ശക്തിയുള്ള തിരുവനന്തപുരത്ത് 23 ശതമാനവും പാലക്കാട്ടും തൃശൂരിലും ആറുശതമാനവും ശബരിമല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നു.

സ്ത്രീസുരക്ഷ, സമൂഹത്തിലെ അസഹിഷ്ണുത, ആൾക്കൂട്ട ആക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്ന ക്രമസാധാന പ്രശ്‌നങ്ങൾ സ്വാധീനിക്കുമെന്ന് 18 ശതമാനവും മതേതരത്വവും മതസൗഹാർദവും നേരിടുന്ന വെല്ലുവിളികൾ സ്വാധീനിക്കുമെന്ന് 8 ശതമാനവും പറയുന്നു. റഫാൽ വിവാദം ബിജെപിയെ ബാധിക്കുമെന്ന് 43 ശതമാനവും ഇല്ലെന്ന് 41 ശതമാനവും വിലയിരുത്തി. മുന്നാക്കവിഭാഗത്തിന് പത്തുശതമാനം സാമ്പത്തികസംവരണമേർപ്പെടുത്തിയ തീരുമാനം ബിജെപിക്ക് നേട്ടമാകില്ലെന്ന് 52 ശതമാനം പേരും പറയുന്നു. പുൽവാമ ഭീകരാക്രമണം പ്രതിപക്ഷത്തിന് അനുകൂലമാകുമെന്ന് 56 ശതമാനം. ബിജെപി ഭരണത്തിൽ രാജ്യത്ത് അസഹിഷ്ണുത കൂടിയിട്ടില്ലെന്ന് 45 ശതമാനവും മുത്തലാഖ് നിരോധനത്തിന്റെ ഉദ്ദേശം സ്ത്രീശാക്തീകരണമല്ലെന്ന് 55 ശതമാനവും വിശ്വസിക്കുന്നു. മുത്തലാഖിന്റെ കാര്യത്തിൽ സർവേയിൽ പങ്കെടുത്ത 64 ശതമാനം മുസ്ലിങ്ങളും ഈ നിലപാടുകാരാണ്. കള്ളപ്പണം പിടിക്കാനും ഭീകരവാദം ഇല്ലാതാക്കാനും മോദി കൊണ്ടുവന്ന നോട്ടുനിരോധനം പരാജയമെന്ന് 73 ശതമാനവും ജിഎസ്ടി നടപ്പാക്കിയത് പരാജയപ്പെട്ടെന്ന് 67 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാൽ രണ്ടും വിജയമെന്നാണ് തൃശൂരിലെ വോട്ടർമാർ പറയുന്നതെന്ന് സർവ്വേ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP