Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവപ്പു പച്ചക്കൊടികൾ ഒരു ദിവസത്തേക്ക് മാറി നിന്നപ്പോൾ കോഴിക്കോട് കടപ്പുറം കാവിക്കൊടി കൊണ്ട് നിറഞ്ഞു കവിഞ്ഞു; മോദിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പര്യടനത്തിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ; വിവാദ വിഷയങ്ങളോട് മനപ്പൂർവ്വം അകലം പാലിച്ചു മോദി ശ്രദ്ധ കേന്ദ്രകരിച്ചത് മുഴുവൻ ശബരിമലയുടെ കാര്യത്തിൽ; വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന പ്രഖ്യാപനം ജനക്കൂട്ടം ഏറ്റെടുത്തത് നിലയ്ക്കാത്ത കൈയടികളോടെ

ചുവപ്പു പച്ചക്കൊടികൾ ഒരു ദിവസത്തേക്ക് മാറി നിന്നപ്പോൾ കോഴിക്കോട് കടപ്പുറം കാവിക്കൊടി കൊണ്ട് നിറഞ്ഞു കവിഞ്ഞു; മോദിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പര്യടനത്തിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ; വിവാദ വിഷയങ്ങളോട് മനപ്പൂർവ്വം അകലം പാലിച്ചു മോദി ശ്രദ്ധ കേന്ദ്രകരിച്ചത് മുഴുവൻ ശബരിമലയുടെ കാര്യത്തിൽ; വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന പ്രഖ്യാപനം ജനക്കൂട്ടം ഏറ്റെടുത്തത് നിലയ്ക്കാത്ത കൈയടികളോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ കാവിക്കൊടി അണിയിച്ചു കൊണ്ടുള്ള ശക്തിപ്രകടനമായിരുന്നു ഇന്നലെ മോദിയുടെ വരവോടെ ഉണ്ടായത്. ബിജെപിയുടെ സ്റ്റാർ കാമ്പയിനറായ നരേന്ദ്ര മോദി എത്തിയത് പ്രവർത്തകരെ മുഴുവൻ ആവേശത്തിലാക്കി. വൻജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ ശ്രവിക്കാൻ എത്തിയത്. ഇതോടെ, തങ്ങളുടെ മുഖ്യ പ്രചരണായുധം പ്രധാനമന്ത്രി തന്നെ പുറത്തെടുത്തു.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടിയിലേക്ക് ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും മണിക്കൂറുകൾക്ക് മുന്നെ പ്രവർത്തകർ എത്തിച്ചേർന്നതോടെ ബീച്ച് പൂർണമായും തിങ്ങി നിറഞ്ഞിരുന്നു. ഉത്തരമേഖലയിൽ മോദി തരംഗം ലക്ഷ്യമിട്ടാണ് എൻ.ഡി.എ കോഴിക്കോട് മഹാസമ്മേളനം സംഘടിപ്പിച്ചത്. പരിപാടിയിൽ മലബാറിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളും നേതാക്കളും എത്തിച്ചേർന്നു.

മോദി വരുന്നത് പ്രമാണിച്ച് വൻ സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയത്. ദിവസങ്ങൾക്ക് മുമ്പെ കോഴിക്കോടും പരിസരവും എസ്‌പി.ജിയുടേയും പൊലീസിന്റേയും പൂർണ നിയന്ത്രണത്തിലായി. പ്രത്യേക പാസുള്ളവർക്ക് മാത്രമാണ് സമ്മേളന നഗരിയിലേക്ക് പ്രവേശനം. മാധ്യമപ്രവർത്തകർ അടക്കുള്ളവരേയും പാസുകൾ മുഖേന മാത്രമാണ് പ്രവേശിപ്പിച്ചത്. മോദി മുദ്ര പതിപ്പിച്ച ടീഷർട്ടും, ബാഡ്ജും, ബാനറുമേന്തി യുവാക്കളാണ് സമ്മേളന നഗരിയിലെ ആഘോഷമാക്കിയത്.

ശബരിമല തന്നെ വിഷയമെന്ന് ആവർത്തിച്ച് മോദി

കോഴിക്കോട് കടപ്പുറത്തുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി ഒരു കാര്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണായുധം ശബരിമല തന്നയാണെന്ന്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാൻ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയുടെ പേരു പറയാതെ പ്രസംഗത്തിൽ പറഞ്ഞു. ഇത് നീണ്ട കൈയടികളോടെയാണ് ആൾകൂട്ടം സ്വീകരിച്ചത്. സുപ്രീം കോടതിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും മോദി എടുത്തു പറഞ്ഞതോടെ ബിജെപിയുടെ തുറപ്പു ചീട്ടും ഈ വിഷയമാണെന്ന് വ്യക്തമായി.

ഈ നാടിന്റെ ആചാരങ്ങളുടെ കാര്യത്തിൽ വ്യാജ ഉദാരവാദികളും എൻജിഒകളും അർബൻ നക്സലുകളും ഒരുമിച്ചുവന്ന് കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്ന് മോദി പറഞ്ഞു. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയിരിക്കുന്നു. ബിജെപി ഉള്ളിടത്തോളം കാലം എൽഡിഎഫിനോ യുഡിഎഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാവില്ല. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.

വിശ്വാസവും മുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാൻ വിദേശ ശക്തികൾ പരമാവധി ശ്രമിച്ചു. എന്നാൽ അവരതിൽ വിജയിച്ചില്ല. എന്നാൽ ഇപ്പോൾ ചിലർ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകർക്കുകയാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എൽഡിഎഫും യുഡിഎഫും. പേരിൽ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ള വ്യത്യാസം. 2016 മുതൽ അഴിമതി ആരോപണങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും പേരിൽ എത്ര മന്ത്രിമാർ കേരളത്തിൽ രാജിവെച്ചു. വ്യാവസായിക വികസനത്തിൽ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ കാര്യം നമുക്കെല്ലാം അറിയാം. ഭൂമികയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും. ബിജെപി മുന്നോട്ടുവെക്കുന്നത് ജനാധിപത്യത്തിന്റെ ഒരു ബദൽ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.

രാഹുലിനെ പേരുപറയാതെ വിമർശനം, ഐസ്‌ക്രീം പാർലർ, സോളാർ കേസുകൾ എടുത്തുപറഞ്ഞു

തുഗ്ലക്ക് റോഡിലെ തിരഞ്ഞെടുപ്പ് കുംഭകോണത്തെക്കുറിച്ചാണ് ഇപ്പോൾ രാജ്യം ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശിൽ കോടികളുടെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിലെ തുഗ്ലക്ക് റോഡിലെ ഒരു പ്രമുഖ നേതാവിലേയ്ക്കാണ് അന്വേഷണം എത്തിച്ചേർന്നിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം നൽകാൻ വകയിരുത്തിയ പണമാണ് അഴിമതിയിലൂടെ അവർ സ്വന്തമാക്കിയിരിക്കുന്നത്.

കേരളം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ കേരളം കമ്യൂണിസ്റ്റുകാരിൽനിന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാഷ്ട്രീയമാണ് അവർ നടപ്പിലാക്കുന്നത്. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് ദേശാഭിമാനികളായ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഇവിടെ കൊലചെയ്യപ്പെട്ടത്.

ത്രിപുരയിൽ ഭരണ പരാജയം മൂടിവെക്കാൻ അക്രമം അഴിച്ചുവിട്ടവരെ ജനങ്ങൾ പുറത്താക്കി. അതുതന്നെയാണ് കേരളത്തിലും സംഭവിക്കുക. കമ്യണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും സ്ത്രീകളുടെ അവകാശത്തിന്റെ വിഷയം വരുമ്പോൾ ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഐസ്‌ക്രീം പാർലർ കേസ്, സോളാർ കേസ് തുടങ്ങിയ സംഭവങ്ങളുടെ ചരിത്രമുള്ളവരാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പറയുന്നത്.

പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്ക്കെതിരെ അവർ ഒന്നും ചെയ്തില്ല. എന്നാൽ നമ്മുടെ സൈന്യം തീവ്രവാദികളുടെ വീട്ടിൽ കയറി അവരെ നശിപ്പിച്ചു. അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും സൈന്യത്തെ ചോദ്യംചെയ്യുന്നു. പ്രതിപക്ഷ നേതാക്കൾ പാക്കിസ്ഥാനിൽ വീര നായകരാണ്. നമ്മുടെ സൈന്യത്തെ അപഹസിക്കുന്നതിന് അവരുടെ പ്രസംഗങ്ങളാണ് പാക്കിസ്ഥാനികൾ ഉദ്ധരിക്കുന്നത്. കേരളത്തിൽ ഭീകരവാദ സംഘടനകൾക്ക് സൗജന്യ പാസ്സ് കൊടുത്തിരിക്കുകയാണ്. അത്തരക്കാരെ സമ്മതിദാനത്തിലൂടെ ശക്തമായ പാഠം പഠിപ്പിക്കേണ്ട സാഹചര്യമാണിത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് വിസ അടക്കമുള്ള കാര്യങ്ങൾ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുന്നു.

നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാഖിൽ കുടുങ്ങിയ മലയാളി നേഴ്സുമാർ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദർ ടോം നാട്ടിൽ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവർ തിരിച്ചെത്തി. ഇതെല്ലാം ഈ സർക്കാരാണ് സാധ്യമാക്കിയത്. അപ്പോൾ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല.

വയനാടിനെ പാക്കിസ്ഥാനാക്കിയ ഷായുടെ വാക്കുകളിൽ മൗനം

വയനാടിനെ പാക്കിസ്ഥാനാക്കി പരാമർശം നടത്തിയ ബിജെപി അധ്യക്ഷൻ അമിത്ഷായുടെ വാക്കുകളിൽ മൗനമായിരുന്നു പ്രധാനമന്ത്രി മോദിക്ക്. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച നാമമാത്രമായ പരാമർശങ്ങൾ മാത്രമാണ് പ്രസംഗത്തിനിടെ മോദി നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കാനെത്തുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എന്ന ആദ്യ വിമർശനം ഉന്നയിച്ചത് ആഴ്ചകൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടർന്ന് വയനാടിനും മുസ്ലിം ലീഗിനുമെതിരെ പാക്കിസ്ഥാൻ പരാമർശം, വൈറസ് പരാമർശം എന്നിവയെല്ലാമായി ബിജെപി അധ്യക്ഷൻ അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം രംഗം കൊഴുപ്പിക്കുകയും ചെയ്തു. ഇത് ഗുണത്തേക്കാളേറെ വയനാട്ടിലും സമീപ മണ്ഡലങ്ങളിലും എൻ.ഡി.എയ്ക്ക് ദോഷം ചെയ്യുന്ന തരത്തിലുമെത്തി.

സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇത്തരം പരാമർശങ്ങൾ ഏറ്റുപിടിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കുമോ എന്ന ഭയവും എൻ.ഡി.എ ക്യാമ്പിനുണ്ടായിരുന്നു. എന്നാൽ പൂർണ കരുതലോടെയെത്തിയ പ്രധാനമന്ത്രി വയനാടിനെയും രാഹുൽ ഗാന്ധിയെയും പേരിന് മാത്രം വിമർശിച്ച് തന്റെ പ്രസംഗ ചാരുത ഒരിക്കൽ കൂടെ തെളിയിച്ചു. ഇത് എൻ.ഡി.എ ക്യാമ്പിന് വലിയ ആശ്വാസവും നൽകി.

വിശ്വാസ സംരക്ഷണത്തിൽ ഊന്നി ഇടതു പക്ഷത്തേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിക്കുകയായിരുന്നു പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി. ഉത്തരേന്ത്യയിലെ പോലെ വർഗീയ കാർഡിറക്കി വോട്ട് നേടുക എന്നത് കേരളത്തെ സംബന്ധിച്ച് അസാധ്യമാന്ന് എന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ അത്തരം വിമർശനങ്ങളും പരാമർശങ്ങളും ഒഴിവാക്കിയായിരുന്നു സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണവും. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടിയുമെത്തിയത്. മലബാറിലെ എൻ.ഡി.എ സ്ഥാനാർത്ഥികളടക്കം വേദിയിലെത്തിയെങ്കിലും വിശ്വാസസംരക്ഷണം തന്നെയായിരുന്നു പ്രധാന പ്രസംഗ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP