Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ ലേബലിൽ കേരളത്തിൽ വിജയിച്ച് കയറുക പ്രയാസം; സർവ്വമതക്കാരേയും ഉൾപ്പെടുത്തി ജനകീയ മുന്നണിയുണ്ടാക്കി സ്വതന്ത്ര പരിവേഷത്തിൽ പ്രമുഖരെ ഇറക്കി വിജയിപ്പിക്കാൻ ആർഎസ്എസ് നീക്കം; മത്സരിക്കുന്നില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടും മത്സരിപ്പിക്കാനുള്ള സമ്മർദ്ദം മുറുക്കി ആർഎസ്എസ്; സുരേഷ് കുമാർ പിന്മാറിയതോടെ ദൗത്യം ഏറ്റെടുത്ത് പ്രിയദർശൻ; മത്സരിക്കാൻ ഇറങ്ങാതേയും ആർ എസ് എസിനെ പിണക്കാതേയും മുമ്പോട്ട് പോകാൻ ശ്രമം തുടർന്ന് മോഹൻലാൽ

ബിജെപിയുടെ ലേബലിൽ കേരളത്തിൽ വിജയിച്ച് കയറുക പ്രയാസം; സർവ്വമതക്കാരേയും ഉൾപ്പെടുത്തി ജനകീയ മുന്നണിയുണ്ടാക്കി സ്വതന്ത്ര പരിവേഷത്തിൽ പ്രമുഖരെ ഇറക്കി വിജയിപ്പിക്കാൻ ആർഎസ്എസ് നീക്കം; മത്സരിക്കുന്നില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടും മത്സരിപ്പിക്കാനുള്ള സമ്മർദ്ദം മുറുക്കി ആർഎസ്എസ്; സുരേഷ് കുമാർ പിന്മാറിയതോടെ ദൗത്യം ഏറ്റെടുത്ത് പ്രിയദർശൻ; മത്സരിക്കാൻ ഇറങ്ങാതേയും ആർ എസ് എസിനെ പിണക്കാതേയും മുമ്പോട്ട് പോകാൻ ശ്രമം തുടർന്ന് മോഹൻലാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയെങ്കിലും സമ്മർദ്ദം തുടരാൻ സംഘപരിവാർ തീരുമാനം. ബിജെപിക്കാരെ പൂർണ്ണമായും ഒഴിവാക്കിയാകും മോഹൻലാലിനെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമിക്കുക. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പ്രിയദർശനെ ഈ ദൗത്യം ഏൽപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മോഹൻലാൽ മത്സരിക്കില്ലെന്ന് മറ്റൊരു സുഹൃത്തും നിർമ്മാതാവുമായ സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. ലാലിന് സിനിമയോടാണ് താൽപ്പര്യമെന്നും രാഷ്ട്രീയം മനസ്സിൽ പോലുമില്ലെന്നുമാണ് സിനിമാ മേഖലയിലെ മറ്റ് സുഹൃത്തുക്കളും പറയുന്നത്. ഇതിനിടെയാണ് ബിജെപി ലേബലിൽ മത്സരിക്കേണ്ടതില്ലെന്നും മറ്റൊരു വേദി മോഹൻലാലിനായി ഒരുക്കാമെന്നും ആർഎസ്എസ് അറിയിക്കും. പ്രിയദർശനാകും ഈ നിർദ്ദേശങ്ങൾ ലാലിനെ അറിയിക്കുക.

പ്രിയൻ ചിത്രമായ കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റിലാണ് ലാൽ ഇപ്പോഴുള്ളത്. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് മോഹൻലാലിന്റെ മനസ്സ് മാറ്റാൻ പ്രിയനെ ആർഎസ്എസ് ചുമതലപ്പെടുത്തുന്നത്. എങ്ങനേയും മോഹൻലാലിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പഠനകാലത്ത് തന്നെ ആർഎസ്എസ് അനുഭാവിയാണ് പ്രിയൻ. പരിവാർ വേദികളിലും സജീവമാണ്. കുട്ടിക്കാലം മുതൽ മോഹൻലാലുമായി സൗഹൃദമുള്ള പ്രിയദർശനും സുരേഷ് കുമാറുമാണ് ലാലിനേയും ആർ എസ് എസുമായി അടുപ്പിച്ചത്. വിശ്വശാന്തി ഫൗണ്ടേഷൻ മോഹൻലാൽ ആർ എസ് എസിനെ ഏൽപ്പിച്ചതും ഈ ബന്ധങ്ങളുടെ തുടർച്ചയാണ്. അതുകൊണ്ട് തന്നെ ആർ എസ് എസിനെ പിണക്കാൻ മോഹൻലാലിനും താൽപ്പര്യമില്ല. ഈ സാഹചര്യം പരമാവധി ഉപയോഗിക്കാനാണ് ആർഎസ്എസ് നീക്കം. എന്നാൽ ദൗത്യം കടുപ്പമേറിയതാണെന്നും ലാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും പ്രിയൻ മുൻകൂട്ടി ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജനം ടിവിയുടെ ചെയർമാനാണ് പ്രിയൻ. ആർഎസ്എസ് ചാനലിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പരിവാറുകാരുമായി ഏറെ അടുത്ത് പ്രിയൻ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലാലിന്റെ മനസ്സ് പ്രിയൻ മാറ്റുമെന്നാണ് ആർഎസ്എസ് പ്രതീക്ഷ. ഇതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കേരളത്തിനായി ആർഎസ്എസ് മാറ്റുന്നുണ്ട്. ബിജെപിക്കാരെ അകറ്റി നിർത്തുന്ന തന്ത്രമാണ് ഇത്. മൽസരിക്കാൻ സമ്മതം മൂളാത്ത നടൻ മോഹൻലാലിനെ ജനകീയ മുന്നണി സ്ഥാനാർത്ഥിയാക്കാനാണ് ആർഎസ്എസ് ശ്രമം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആർഎസ്എസ് ആരംഭിച്ചു. ബിജെപിക്കാർ ആരും ജനകീയ മുന്നണി കമ്മിറ്റിയിൽ ഉൾപ്പെടില്ല. ഇതെല്ലാം പ്രിയൻ മോഹൻലാലിനെ അറിയിക്കും. എല്ലാ മതത്തിൽപ്പെട്ടവരും മുന്നണിയുടെ ഭാഗമാകുന്ന തരത്തിലെ ഇടപെടൽ നടത്തും. ശബരിമല വികാരം ആളികത്തിക്കുന്ന തരത്തിലാകും പ്രചരണം.

പത്തനംതിട്ടയിലും തൃശൂരും പൊതുസമ്മതരെ മൽസരിപ്പിക്കാനുള്ള നീക്കവും ആർഎസ്എസ് ആരംഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തസംഗമവും ശബരിമല സമരവും കർമസമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കി മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎസ്എസ് ശ്രമം. എൻ എസ് എസും ലാലിന് അനുകൂലമാണ്. അയ്യപ്പ ഭക്ത സംഗമത്തിൽ വേദിയിൽ പോലും ബിജെപി സംസ്ഥാന പ്രസിഡന്റുൾപ്പെടെയുള്ളവരെ കയറ്റിയിരുന്നില്ല. പ്രിയദർശൻ, സുരേഷ് കുമാർ തുടങ്ങിയവരേയും മുന്നണിയിൽ ഉൾപ്പെടുത്തും. പ്രമുഖർ ഉൾപ്പെട്ട ജനകീയ മുന്നണിയാണെങ്കിൽ എല്ലാ മത വിഭാഗക്കാരുടെയും വോട്ടും സമാഹരിക്കാൻ മോഹൻലാലിന് കഴിയുമെന്ന ചിന്തയാണ് ആർഎസ്എസ് നീക്കത്തിനു പിന്നിൽ. ഇതിനൊപ്പം ബിജെപിയെ പൂർണ്ണമായും ഒഴിവാക്കാനാണ് ഇതെല്ലാം.

പാർട്ടിയുടേതല്ലാത്ത സ്ഥാനാർത്ഥിയായി ആണെങ്കിൽ മോഹൻലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആർഎസ്എസിന്റെ പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോർഡിനേറ്റർ ജെ. നന്ദകുമാർ അടക്കമുള്ള ഉന്നതരാണു നീക്കത്തിനു പിന്നിൽ. സ്ഥാനാർത്ഥിയാകണമെന്നു മോഹൻലാലിനോടു പ്രധാനമന്ത്രി മോദിയെ കൊണ്ടു നേരിട്ട് ആവശ്യമുന്നയിപ്പിക്കാനും നീക്കമുണ്ട്. എന്നാൽ ആരു പറഞ്ഞാലും മത്സരിക്കില്ലെന്നാണ് ലാൽ ്അടുപ്പക്കാരോട് ഇപ്പോഴും പറയുന്നത്. സിനിമയാണ് പ്രധാനമെന്ന് ഫാൻസുകാരേയും അറിയിച്ചിട്ടുണ്ട്. അതിനിടെ ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ടു

തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ആർഎസ്എസ് സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും കമ്മിറ്റിയിലുൾപ്പെടുത്തുന്നതിനും ശ്രമമുണ്ട്. പാർട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും. തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളെല്ലാം ഏറ്റെടുത്ത ആർഎസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതലക്കാരെയും ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP