Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലേക്ക് മോദിയെത്തുമ്പോൾ സുരക്ഷയ്ക്കായി വിന്യസിക്കുന്നത് 2000 പൊലീസ് ഉദ്യോഗസ്ഥരെ; ഹൂബ്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ വന്ന ശേഷം കോഴിക്കോട് കടപ്പുറത്തെ പരിപാടിയിൽ പ്രസംഗിക്കും; സുരക്ഷ പരിഗണിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം; രാഹുൽ വയനാട്ടിലെത്തി കേരളത്തെ ഇളക്കി മറിച്ചതോടെ ബിജെപിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലേക്ക് മോദിയെത്തുമ്പോൾ സുരക്ഷയ്ക്കായി വിന്യസിക്കുന്നത് 2000 പൊലീസ് ഉദ്യോഗസ്ഥരെ; ഹൂബ്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ വന്ന ശേഷം കോഴിക്കോട് കടപ്പുറത്തെ പരിപാടിയിൽ പ്രസംഗിക്കും; സുരക്ഷ പരിഗണിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം; രാഹുൽ വയനാട്ടിലെത്തി കേരളത്തെ ഇളക്കി മറിച്ചതോടെ ബിജെപിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയും പിന്നാലെ നടത്തിയ പര്യടനത്തിലൂടെ ജനമനസുകൾ ആവേശത്തിന്റെ അലയുണ്ടാക്കിയതും രാജ്യം കണ്ടിരുന്നു. എന്നാൽ രാഹുലിന്റെ വരവോടെ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നുവെന്നതാണ് ഇപ്പോൾ ബിജെപി നേതൃത്വത്തെ ആവേശത്തിലാഴ്‌ത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച്ച കേരളത്തിലെത്തുന്ന മോദിക്കായി കർശന സുരക്ഷയാണ് സംസ്ഥാന പൊലീസ് സേന ഒരുക്കുന്നത്. 2000 പൊലീസ് ഉദ്യോഗസ്ഥരെയാണ് കോഴിക്കോട് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്.

ഇതിനായി ജില്ലയ്ക്ക് പുറത്ത് നിന്നും ഉദ്യോഗസ്ഥരെ എത്തിക്കുന്നുണ്ട്. പത്ത് എസ്‌പിമാരാണ് സുരക്ഷാ സന്നാഹങ്ങൾക്ക് നേതൃത്വം നൽകുന്നത്. അഞ്ച് അഡീഷണൽ എസ്‌പിമാർ, 30 ഡിവൈ.എസ്‌പിമാർ, 100 സിഐമാർ, 1700 പൊലീസ് ഉദ്യോഗസ്ഥർ, 150 വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് സുരക്ഷക്കെത്തുന്നത്. വെള്ളിയാഴ്‌ച്ച വൈകുന്നേരും 6.10ന് ഹൂബ്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് മോദി കരിപ്പൂരിലെത്തുന്നത്. റോഡ് മാർഗം 6.40 ഓടെ ബീച്ചിലെത്തും. ബീച്ചിലെ പരിപാടിക്ക് ശേഷം 7.30ന് മധുരയിലേക്ക് തിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻ.ഡി.എ നേതാക്കളുടെ പ്രത്യേക പരിപാടിക്കാണ് കോഴിക്കോട് കടപ്പുറത്ത് പ്രധാന മന്ത്രിയെത്തുന്നത്.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള എൻ.ഡി.എ നേതാക്കളെയും സ്ഥാനാർത്ഥികളേയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടിക്കാണ് എൻ.ഡി.എ നേതൃത്വം വെള്ളിയാഴ്ച ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയ്ക്കിടെ മാധ്യമ പ്രവർത്തകർക്ക് അപകടമുണ്ടായ സംഭവം കണക്കിലെടുത്ത് മാധ്യമപ്രവർത്തകർക്ക് പ്രത്യേക സജ്ജീകരണങ്ങളൊരുക്കാനാണ് സാധ്യത. സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരത്തിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി, വടകര, പേരാമ്പ്ര, ഉള്ള്യേരി ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് നിന്ന് തിരിഞ്ഞ് എരഞ്ഞിക്കൽ വഴി പാവങ്ങാട് എത്തി വലത്തോട്ട് തിരിഞ്ഞ് വെങ്ങാലി റെയിൽവേ ഓവർ ബ്രിഡ്ജ് വഴി പടിഞ്ഞാറുവശം റോഡിലൂടെ പുതിയാപ്പ ബീച്ചിൽ പ്രവേശിക്കണം.

ഗാന്ധി റോഡ് ജംങ്ഷന് 200 മീറ്റർ മുമ്പ് ആളെ ഇറക്കി വാഹനങ്ങൾ നോർത്ത് ബീച്ച് ഭാഗത്താണ് പാർക്ക് ചെയ്യേണ്ടത്. പ്രവർത്തകർ പണിക്കർ റോഡ്, വെള്ളയിൽ റോഡ് വഴി മൂന്നാലുങ്കൽ എത്തി പടിഞ്ഞാറ് സൗത്ത് ബീച്ചിലേക്കും പ്രവേശിക്കണം. മലപ്പുറം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ രാമനാട്ടുകര, മീഞ്ചന്ത, കല്ലായ്, പുഷ്പ ജംക്ഷനിൽ എത്തി ഫ്രാൻസിസ് റോഡ് വഴി വലിയങ്ങാടി ജംക്ഷനിൽ പ്രവർത്തകരെ ഇറക്കണം. സൗത്ത് ബീച്ച് ഭാഗത്ത് കോതിപാലം റോഡിൽ പ്രവേശിച്ച് റോഡിന്റെ പടിഞ്ഞാറുവശമാണിവർ പാർക്ക് ചെയ്യേണ്ടത്. താമരശ്ശേരി, മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മലാപ്പറമ്പ് വഴി എരഞ്ഞിപ്പാലത്ത് എത്തി വലത്തോട്ട് തിരിഞ്ഞ് കാരപ്പറമ്പ്, ഈസ്റ്റ് ഹിൽ, വെസ്റ്റ് ഹിൽ, വരയ്ക്കൽ റോഡ് വഴി ബീച്ചിൽ എത്തി ഗാന്ധി റോഡ് ജംക്ഷന് 100 മീറ്റർമുമ്പ് ആളെ ഇറക്കി നോർത്ത് ബീച്ച് ഭാഗത്ത് പാർക്കുചെയ്യണം.

മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, വെസ്റ്റ് ഹിൽ, വരയ്ക്കൽ റോഡ് വഴി ബീച്ചിൽ എത്തി ഗാന്ധിറോഡ് ജങ്ഷനിൽനിന്ന് 100 മീറ്റർമുമ്പ് ആളെ ഇറക്കി നോർത്ത് ബീച്ച് ഭാഗത്തേക്ക് പാർക്കുചെയ്യണം. ബാലുശ്ശേരി, കാക്കൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വേങ്ങേരി, കരിക്കാംകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ, വരയ്ക്കൽ വഴി ബീച്ചിൽ എത്തി ഗാന്ധിറോഡ് ജങ്ഷന് 100 മീറ്റർമുമ്പ് ആളെ ഇറക്കി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP