Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനാർത്ഥികളുടെ പട്ടികയുമായി ജോർജും സംഘവും മണ്ഡലത്തിൽ പര്യടനം നടത്തും; കൂടുതൽ വോട്ടു കിട്ടുന്നയാളെ സ്ഥാനാർത്ഥിയാക്കും: ആം ആദ്മി മോഡലിൽ ജോർജ്-എസ്ഡിപിഐ വോട്ടുപിടിത്തം

സ്ഥാനാർത്ഥികളുടെ പട്ടികയുമായി ജോർജും സംഘവും മണ്ഡലത്തിൽ പര്യടനം നടത്തും; കൂടുതൽ വോട്ടു കിട്ടുന്നയാളെ സ്ഥാനാർത്ഥിയാക്കും: ആം ആദ്മി മോഡലിൽ ജോർജ്-എസ്ഡിപിഐ വോട്ടുപിടിത്തം

കൊച്ചി: ആം ആദ്മി പാർട്ടി മോഡലിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അരുവിക്കര മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ മുൻ ചീഫ് വിപ്പ് പി സി ജോർജും സംഘവും. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ പാനൽ തയ്യാറാക്കിയ ശേഷമാണ് ജനങ്ങൾക്കിടയിലേക്ക് പി സി ജോർജും സംഘവും എത്തുന്നത്.

കൊച്ചിയിൽ നടന്ന യോഗത്തിനുശേഷം പി സി ജോർജ് തന്നെയാണ് തങ്ങളുദ്ദേശിക്കുന്ന സ്ഥാനാർത്ഥികളുടെ പാനൽ പ്രഖ്യാപിച്ചത്. തത്തി അണ്ണൻ, അഡ്വ. പിരപ്പൻകോട് ഷാജഹാൻ, സിഎസ്‌ഐ സഭാ ഭാരവാഹി സത്യജോസ്, കേരള കോൺഗ്രസ് സെക്യുലർ അംഗം ആര്യനാട് സനൽ എന്നിവരാണു പട്ടികയിലുള്ളത്.

അരുവിക്കര മണ്ഡലത്തിൽ ജൂൺ രണ്ടിന് ഇവർ പര്യടനം നടത്തും. തുടർന്നു പര്യടന വാഹനത്തിലുള്ള വോട്ട് പെട്ടിയിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാം. ഇതിന്റെ ഫലമനുസരിച്ചു മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. അടുത്ത ദിവസം തന്നെ ആര്യനാട് തിരഞ്ഞെടുപ്പ് കൺവൻഷൻ ചേരുമെന്നും പി സി ജോർജ് അറിയിച്ചു.

പി.സി. ജോർജിന്റെ നേതൃത്വത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ.എം. അഷ്‌റഫ്, ജനറൽ സെക്രട്ടറി എം.കെ. മനോജ് കുമാർ, സെക്രട്ടറി ഉസ്മാൻ പെരുമ്പിലാവ്, വി എസ്ഡിപി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, സലീന പ്രക്കാനം, കേരള കോൺഗ്രസ് സെക്യുലർ ചെയർമാൻ ടി.എസ്. ജോൺ എന്നിവർ യോഗം ചേർന്ന ശേഷമാണ് പാനൽ പ്രഖ്യാപിച്ചത്. നിലവിലുള്ള ഇരു മുന്നണികൾക്കും എതിരായ ബദൽ രാഷ്ട്രീയമാണ് എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ചതെന്നും അതേ ആശയം എന്ന നിലയ്ക്കാണ് അഴിമതി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ.എം. അഷ്‌റഫ് പറഞ്ഞു.

പുതിയ തന്ത്രങ്ങളുമായി പി സി ജോർജ് നേതൃത്വം നൽകുന്ന അഴിമതിവിരുദ്ധ സമിതി രംഗത്തെത്തിയത് കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ജനകീയ ഹിതപരിശോധനയിലൂടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന രീതി കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്നാണ് അവകാശം. ജനങ്ങൾ ഇത്തരത്തിൽ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിതന്നെ അരുവിക്കരയിൽ ജയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്. കേരള കോൺഗ്രസ് സെക്കുലറിന് പുറമെ എസ്ഡിപിഐ, വി എസ്ഡിപി, ഡിഎച്ച്ആർഎം, വിശ്വകർമ്മ വേദി തുടങ്ങിയസംഘടനകളുടെ പിന്തുണയോടെയാണ് അഴിമതി വിരുദ്ധ സമിതിയുടെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP