Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, ജയരാജൻ, ധീരസഖാവ്'; വടകര മുഴുവൻ മുഴങ്ങുന്നത് പി ജയരാജനെ വ്യക്തി പൂജ വിമർശനത്തിന് ഇടയാക്കിയ വിപ്ലവഗാനം; വിവാഹ വീടുകളിൽപോലും പി ജെയുടെ ബാഡ്ജ് കുത്തിയ പ്രവർത്തകർ; കണ്ണൂരിൽനിന്ന് പ്രവർത്തകർ കൂട്ടമായി വടകരയിൽ എത്തുന്നതോടെ പി കെ ശ്രീമതിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക; കടത്തനാടൻ മണ്ണിലും നിറഞ്ഞു നിൽക്കുന്നത് പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെ

കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, ജയരാജൻ, ധീരസഖാവ്'; വടകര മുഴുവൻ മുഴങ്ങുന്നത് പി ജയരാജനെ വ്യക്തി പൂജ വിമർശനത്തിന് ഇടയാക്കിയ വിപ്ലവഗാനം; വിവാഹ വീടുകളിൽപോലും പി ജെയുടെ ബാഡ്ജ് കുത്തിയ പ്രവർത്തകർ; കണ്ണൂരിൽനിന്ന് പ്രവർത്തകർ കൂട്ടമായി വടകരയിൽ എത്തുന്നതോടെ പി കെ ശ്രീമതിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക; കടത്തനാടൻ മണ്ണിലും നിറഞ്ഞു നിൽക്കുന്നത് പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

വടകര: വി എസ് കഴിഞ്ഞാൽ സിപിഎമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ പി ജയരാജൻ എന്ന മറുപടി മാത്രമാണ് മലബാറിലെങ്കിലും കിട്ടുക. മുഖ്യമന്ത്രി പിണറായി വിജയനോ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഒന്നും ജയരാജന് കഴിയുന്ന രീതിയിൽ ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിട്ടുമില്ല. ഈ പ്രവണത പിടിക്കാതായ പാർട്ടിയിലെ ചിലർ തന്നെ നേരത്തെ വ്യക്തി പൂജ വിവാദം ഉണ്ടാക്കി അദ്ദേഹത്തിനുനേരെ ഉൾപ്പാർട്ടി വിമർശനം ഉയർത്തിയിരുന്നു.

 

കഴിഞ്ഞ പാർട്ടി സമ്മേളനകാലത്ത്, അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീർത്തിച്ച് തയാറാക്കിയ 'ചെന്താരക' ഗാനം വിവാദമായിരുന്നു. എന്നാൽ 'വ്യക്തിപൂജ'യ്‌ക്കെതിരേ അച്ചടക്കവാളെടുത്ത സിപിഎമ്മിനു തെരഞ്ഞെടുപ്പുകാലത്തു മനംമാറ്റം വന്നിരിക്കയാണ്.ചെന്താരക ഗാനം ഇപ്പോൾ വടകരയിൽ ഹിറ്റാണ്. 'ചെഞ്ചോരപ്പൊൻകതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, കണ്ണൂരിൻ താരകമല്ലേ ജയജയരാജൻ, ധീരസഖാവ്' എന്നു തുടങ്ങുന്ന ഗാനമാണ് ഇടതുസ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളിൽ നിറഞ്ഞു നിൽക്കുന്നത്.

15 മിനിട്ട് ദൈർഘ്യമുള്ള സംഗീത ആൽബമാണ് ജയരാജസ്തുതിയായി പ്രചരിക്കപ്പെട്ടത്. പാർട്ടി ബന്ധമുള്ള ഒരു ഗ്രാമീണകലാസമിതിയാണ് ആൽബം തയാറാക്കിയത്. ഇതു പാർട്ടി സംസ്ഥാനനേതൃത്വത്തിനു നീരസമുളവാക്കുകയും ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ആയതോടെ ഇത് വീണ്ടും പ്രചാരത്തിലായിരിക്കയാണ്. പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ വോട്ടാകുക എന്ന് അറിയുന്നതുകൊണ്ട് പഴയ ശാസന പാർട്ടിയും വിഴുങ്ങിയിരക്കയാണ്.

മാത്രമല്ല കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ശക്തമായ മൽസരമാണ് ഇടതുമുന്നണി വടകരയിൽ നേരിടുന്നത്. ആർഎംപി യുഡിഎഫിന് പിന്തുണ കൊടുക്കുയും കൂടി ചെയ്തതോടെ വടകര പിടിക്കുക സിപിഎമ്മിന്റെ അഭിമാന പ്രശ്നമായും മാറിക്കഴിഞ്ഞു. വടകര ലോക്‌സഭാമണ്ഡലത്തിൽ കണ്ണൂർ ജില്ലയിലെ തലശേരിയും കൂത്തുപറമ്പും മാത്രമാണുള്ളത്. എന്നാൽ,കണ്ണൂരിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ആരാധകർ വടകരയിൽ പ്രചാരണത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ണൂരിൽ പി കെ ശ്രീമതിയുടെ പ്രചാരണങ്ങളെ ബാധിക്കുമെന്നും പാർട്ടിക്കകത്ത് ആശങ്കയുണ്ട്. വടകരയെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള ശക്താമായ പ്രചാരണമാണ് പി ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്നത്. വിവാഹ വീടുകളിൽ വധൂവരന്മ്മാർ ഉൾപ്പെടെയുള്ളവർ ജയരാജന്റെ ചിത്രം പതിച്ച ബാഡ്്ജ് കുത്തിയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ പ്രചാരണം മൂർധന്യത്തിലെത്തുമെന്നാണ് പാർട്ടി കരുതുന്നത്.

വ്യക്തിപൂജാ വിവാദത്തിൽ സംഭവിച്ചത്

പാർട്ടിക്ക് അതീതനായി വളരാനാണു ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാവില്ലെന്നുമായിരുന്നു വ്യക്തിപൂജാവിവാദത്തിൽ സംസ്ഥാനസമിതിയുടെ നിലപാട്. ഇക്കാര്യം കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. എന്നാൽ, ജയരാജനു പിന്നിൽ ഉറച്ചുനിന്ന കണ്ണൂർ ഘടകം ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. കണ്ണൂർ ഘടകത്തിന്റെ പൂർണപിന്തുണയോടെ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുകയും ചെയ്തു. തുടർന്ന്, സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേളയിൽ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയർത്തിക്കാട്ടിയ പ്രവർത്തകനെ പിണറായി താക്കീതു ചെയ്തതും ഈ നീരസത്തിന്റെ ഭാഗമായിരുന്നെന്ന് പറയുന്നു.

അവസരം കിട്ടിയപ്പോൾ ജയരാജനെ വടകര സ്ഥാനാർത്ഥിയാക്കി നാടുകടത്തിയതാണെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. കണ്ണരിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഇപ്പോൾ ജയരാജൻ. ഈ അപ്രമാദിത്വത്തിന് അവസാനം വരുത്തുക എന്ന ലക്ഷ്യംകൂടി ഈ സ്ഥാനാർത്ഥിത്വത്തിനുണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും ജില്ലാ നേതൃത്വത്തിൽനിന്നും ജയരാജനെ ഒഴിവാക്കാനുള്ള തന്ത്രമാണു സ്ഥാനാർത്ഥി കുപ്പായമെന്ന വികാരവും ശക്തമാണ്. ജയരാജൻ സ്ഥാനാർത്ഥിയായ ഉടനെ തന്നെ പുതിയ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തെരഞ്ഞെടുത്തതും വ്യക്തമായ സൂചനയാണ്.

കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് പലപ്പോഴും പി ജയരാജന്റെ നീക്കങ്ങൾ നടക്കാറ്. അടുത്തിടെ മുസ്ലിംലീഗിന്റെ കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് ജയരാജൻ ഇടപെട്ട് ലീഗ് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന് പിന്നിലും ജയരാജന്റെ മിടുക്കു തന്നെയായിരുന്നു. കണ്ണൂരിൽ എവിടെ പോയാലും പ്രവർത്തകരെ പേര് ചൊല്ലി വിളിക്കുന്ന വിധത്തിൽ പരിചയമുള്ള നേതാവാണ് പി ജയരാജൻ. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജനകീയത.

 

എന്തായാലും ഈ ജനകീയമായ നീക്കങ്ങൾ തന്നെയാണ് അദ്ദേഹം പുരയ്ക്ക് മേലേ ചാഞ്ഞെന്ന തോന്നലുണ്ടാക്കാൻ സിപിഎം നേതൃത്വത്തിന് ഇടയാക്കിയത്.സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിരുന്നു. അണികളുടെ കരുത്തിന്റെ പിൻബലത്തിൽ ജയരാജൻ പാർട്ടിക്കകത്തെ വിമർശനങ്ങളെ അതിജീവിച്ചത്.

തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കൂടാതെ സ്വാന്തന ചികിൽസയിലുടെ കിടപ്പുരോഗികളെ പരിചരിക്കനായുള്ള ഐആർപിസി പദ്ധതിയൊക്കെ വലിയ പിന്തുണയാണ് സമൂഹത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കികെക്കാടുത്ത്.  കണ്ണൂരിലെ സിപിഎം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണമെന്നാണ് വിലയരുത്തൽ. എന്തായാലും വടകര ജയിക്കാനായി പഴയ വ്യക്തി പ്രഭാവ സിദ്ധാന്തം പാർട്ടി ഉപേക്ഷിച്ച മട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP