Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലബാറിനെ മൂന്ന് സീറ്റുകളിലും സിപിഎം പ്രവർത്തകർ ഒരുപോലെ ആവശ്യപ്പെട്ടത് പി ജയരാജനെ; വിഎസിനുശേഷം സിപിഎമ്മിൽ എറ്റവും സ്വാധീനമുള്ള നേതാവ് അങ്കത്തിനിറങ്ങുമ്പോൾ വടകര കൈപ്പിടിയിലാവുമെന്ന് കണക്ക് കൂട്ടലിൽ ഇടതുക്യാമ്പ്; അക്രമ രാഷ്ട്രീയം ചർച്ചയാക്കി പ്രതിരോധമുയർത്താൻ യുഡിഎഫും; മുല്ലപ്പള്ളിക്കായി കോൺഗ്രസിലും മുറവിളി; കെ കെ രമയുടെ നിലപാടും നിർണ്ണായകം; കടത്തനാടൻ മണ്ണിൽ ഇത്തവണ രാഷ്ട്രീയ പൂഴിക്കടകൻ

മലബാറിനെ മൂന്ന് സീറ്റുകളിലും സിപിഎം പ്രവർത്തകർ ഒരുപോലെ ആവശ്യപ്പെട്ടത് പി ജയരാജനെ; വിഎസിനുശേഷം സിപിഎമ്മിൽ എറ്റവും സ്വാധീനമുള്ള നേതാവ് അങ്കത്തിനിറങ്ങുമ്പോൾ വടകര കൈപ്പിടിയിലാവുമെന്ന് കണക്ക് കൂട്ടലിൽ ഇടതുക്യാമ്പ്; അക്രമ രാഷ്ട്രീയം ചർച്ചയാക്കി പ്രതിരോധമുയർത്താൻ യുഡിഎഫും; മുല്ലപ്പള്ളിക്കായി കോൺഗ്രസിലും മുറവിളി; കെ കെ രമയുടെ നിലപാടും നിർണ്ണായകം; കടത്തനാടൻ മണ്ണിൽ ഇത്തവണ രാഷ്ട്രീയ പൂഴിക്കടകൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: വി എസ് അച്യുതാനന്ദനുശേഷം സിപിഎം അണികളിൽ മലബാറിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ, രാജ്യത്ത് പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഘടനാ ബലമുള്ള കണ്ണൂരിലെ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്ന പേരാണ് ലഭിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി നേതൃനിരയിൽ പ്രവർത്തിക്കുന്ന ഈ നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിക്ക് മുകളിൽപോവുന്നു എന്നുപോലും ഈയിടെ സിപിഎമ്മിൽ വിമർശനമുണ്ടായിരുന്നു. ചില ബിജെപി നേതാക്കളെയും എന്തിന് കാവി ഗ്രാമങ്ങളെപോലും പാർട്ടിയിലേക്ക് മാറ്റിയും, നിരവധി പ്രക്ഷോഭസമരങ്ങൾ നയിച്ചും എന്നും പ്രവർത്തകർക്ക് ഒപ്പമായിരുന്നു പി ജയരാജൻ. അണികളുമായുള്ള ആത്മ ബന്ധവും, അഴിമതിരഹിതനെന്ന പ്രതിഛായയും, ജനകീയ അടിത്തറയുമായിരുന്നു ജയരാജന്റെ എക്കാലത്തെയും കരുത്ത്.

ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ മരണാസന്നനായി ഇപ്പോളും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറിയിട്ടില്ലാത്ത അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം തന്നെയാണ്. ജയരാജനെ വടകരയിൽ നിർത്താനുള്ള തീരുമാനും സിപിഎം അണികളിൽ വലിയ ആവേശത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി പാർട്ടിക്ക് മേൽക്കയുള്ള വടകര മണ്ഡലം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൊണ്ടാണ് കൈവിട്ടുപോകുന്നതെന്ന് നേരത്തെ പല തവണ സിപിഎമ്മിൽ ചർച്ചയായിരുന്നു. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ഏകോപിക്കാൻ കഴിഞ്ഞാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണുക്കൂകൂട്ടൽ. സിപിഎമ്മിൻെർ അനൗദ്യോഗിക പ്രോട്ടോക്കോൾ പ്രകാരവും പാർട്ടിസെക്രട്ടി കഴിഞ്ഞാൽ രണ്ടാമൻ കണ്ണൂർ ജില്ലാ സെക്രട്ടിറിയാണ്.

മലബാറിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ച ചെയ്യപ്പെട്ട പേരുകാരിൽ മുൻനിരയിലായിരുന്നു സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിൽ സിപിഎം. അണികൾ ഒന്നുപോലെ ആഗ്രഹിച്ചിരുന്നത് പി.ജയരാജനെയാണ്. വടകര മണ്ഡലത്തിലെ വിവിധ ഏരിയാകമ്മറ്റികൾ വൃന്ദാകാരാട്ടിനേയൊ അല്ലെങ്കിൽ പി ജയരാജനെയോ ഈ സീറ്റിൽ മൽസരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നുത്. അണികളുടെ ആഗ്രഹത്തിന് അനുകൂലമായി വടകരയിലാണ് പി.ജയരാജനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

മൂവായിരത്തിൽ പരം വോട്ടിന് മാത്രമാണ് വടകര മണ്ഡലം കഴിഞ്ഞ തവണ സിപിഎമ്മിന് കൈവിട്ടു പോയത്. കെപിസിസി പ്രസിഡണ്ടായതോടെ സിറ്റിങ് എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്ത് നിന്ന് പിന്മാറിയിരിക്കയാണ്. ഇത് മുന്നിൽ കണ്ട് തന്നെയാണ് സിപിഎം. തങ്ങളുടെ പഴയ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുന്നത്. മുല്ലപ്പള്ളിക്ക് സമനായ ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഇറക്കിക്കളിക്കാൻ യു.ഡി.എഫിന് ഇല്ലാത്തതും സിപിഎമ്മിന് അനുഗ്രഹമാകും. അതേസമയം പി ജയരാജനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെ മുല്ലപ്പള്ളിക്കായി കോൺഗ്രസിൽ മുറവിളി ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മൽസരിക്കില്ലെന്ന തീരുമാനം തിരുത്തണമെന്നും, മുൻകാലങ്ങളിൽ അത്തരം അനുഭവം ഉണ്ടെന്നുമാണ് വടകരയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ജയരാജൻ സ്ഥാനാർത്ഥിയാവുന്നതോടെ അക്രമരാഷ്ട്രീയം ചർച്ചയാവുന്നതും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നു. ഷുക്കൂർ - ശുഹൈബ് വധക്കേസുകളുമായ ബന്ധപ്പെട്ട കോടതി നടപടികൾ ചർച്ചയാവുന്നതോടെ ജയരാജൻ പ്രതിക്കൂട്ടിലാവുമെന്ന് ഇവർ കരുതുന്നു.

കെ കെ രമയടക്കമുള്ളവരുടെ നിലപാടും ഇവിടെ നിർണ്ണായകമാവും. നേരത്തെ ആർഎംപി യുഡിഎഫിന് പിന്തുണകൊടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും രമ അത് നിഷേധിക്കുകയായിരുന്നു. സിപിഎമ്മിന്റെ വലതുപക്ഷ നയങ്ങളിൽ പ്രതിഷേധിച്ച് ടി പി ചന്ദ്രശേഖരൻ ഉണ്ടാക്കിയ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു. പക്ഷേ പി ജയരാജൻ സ്ഥാനാർത്ഥിയാവുന്നതോടെ, അക്രമരാഷ്ട്രീയം എന്ന ഒറ്റ വിഷയം ഉയർത്തി യുഡിഎഫിന് പിന്തുണകൊടുക്കുന്നതിനെ ആർഎംപിക്ക് ന്യായീകരിക്കാൻ കഴിയും.

2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ട വടകര മണ്ഡലം പിന്നീട് തുടർച്ചയായി ഇടതുമുന്നണിക്ക് ഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എംപി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എംപി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എംപി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.

വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം. സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിമയസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎമ്മിന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP