Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയരാജേട്ടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോൾ വേനൽ ചൂടൊന്നും പ്രശ്‌നമേയല്ലാതെ പ്രവർത്തകർ; കണ്ണൂരിലെത്തിയതിന് പിന്നാലെ പോയത് ചികിത്സയിൽ കഴിയുന്ന പാർട്ടിക്കാരെ കാണാൻ; കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിനെയും നേരിൽ കണ്ടു; പി ജയരാജന്റെ പ്രചാരണം ആരംഭിക്കുന്നതും സ്വന്തം തട്ടകമായ കൂത്തുപറമ്പിൽ നിന്ന്

ജയരാജേട്ടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോൾ വേനൽ ചൂടൊന്നും പ്രശ്‌നമേയല്ലാതെ പ്രവർത്തകർ; കണ്ണൂരിലെത്തിയതിന് പിന്നാലെ പോയത് ചികിത്സയിൽ കഴിയുന്ന പാർട്ടിക്കാരെ കാണാൻ; കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിനെയും നേരിൽ കണ്ടു; പി ജയരാജന്റെ പ്രചാരണം ആരംഭിക്കുന്നതും സ്വന്തം തട്ടകമായ കൂത്തുപറമ്പിൽ നിന്ന്

രഞ്ജിത്ത് ബാബു

കണ്ണൂർ: വടകര ലോകസഭാ മണ്ഡലത്തിലെ സി.പി,.എം. സ്ഥാനാർത്ഥിയായ പി.ജയരാജൻ നാളെ പ്രചാരണം ആരംഭിക്കും. ഇന്ന് ഉച്ചയോടെ സിപിഎം.ജില്ലാ ആസ്ഥാനത്തെത്തിയ ജയരാജൻ പാർട്ടിയുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന വ്യക്തികളെ സന്ദർശിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിനെ മെഡിക്കൽ കോളേജിൽ പോയി കാണുകയായിരുന്നു. സ്വന്തം രാഷ്ട്രീയ തട്ടകമായ കൂത്തുപറമ്പിൽ വച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുക. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി എന്നറിയപ്പെടുന്ന പുഷ്പനേയും അദ്ദേഹം പ്രചാരണത്തിന് മുമ്പായി സന്ദർശിക്കും. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നഷ്ടപ്പെട്ടുപോയ വടകര ലോകസഭാ മണ്ഡലം തിരിച്ച് പിടിക്കാനാണ് പി.ജയരാജനെ സിപിഎം. സ്ഥാനാർത്ഥിയാക്കുന്നത്. 

സ്ഥാനാർത്ഥി ചർച്ചകളിൽ വടക്കൻ കേരളത്തിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലും ജയരാജന്റെ പേര് ഉയർന്നു വന്നിരുന്നു. കഴിഞ്ഞ 13 വർഷത്തെ ഇടവേളക്കു ശേഷമാണ് പി.ജയരാജൻ പാർലിമെന്ററി സ്ഥാനത്ത് മത്സരിക്കാനിറങ്ങുന്നത്. പി.ജയരാജന്റെ സ്വന്തം മണ്ഡലം എന്ന പ്രത്യേകത കൂടി വടകര ലോകസഭാ സീറ്റിൽ മത്സരിക്കുമ്പോഴുണ്ട്. സിപിഎം. ന് ലീഡ് നേടിക്കൊടുക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളായ തലശ്ശേരിയും കൂത്തുപറമ്പും വടകരയുടെ ഭാഗമാണ്. ഒരു ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നും പി.ജയരാജൻ മൂന്ന് തവണ ജനവിധി തേടിയിട്ടുണ്ട്. 2001 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച ജയരാജന്റെ നിയമസഭാംഗത്വം 2005 ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ക്രിമിനൽ കേസിൽ പ്രതിയായിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിയമസഭാംഗത്വം റദ്ദാക്കിയത്.

എന്നാൽ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്നും 45, 865 വോട്ടിന്റെ റിക്കാഡ് ഭൂരിപക്ഷത്തിൽ ജയരാജൻ വിജയിക്കുകയും ചെയ്തു. തുടർന്ന് 2006 തെരഞ്ഞെടുപ്പിലും ജയരാജൻ കൂത്തുപറമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. താഴെ തലത്തിൽ നിന്നും പ്രവർത്തിച്ചു വന്നാണ് ജയരാജൻ ഇന്നത്തെ സ്ഥാനത്തെത്തിയത്. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് സിപിഎം. കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 1990 ൽ പ്രഥമ ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തു. ഇപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് പുറമേ സംസ്ഥാന സമിതി അംഗവുമാണ്. ദേശാഭിമാനിയുടെ കണ്ണൂർ യൂനിറ്റ് മാനേജരായും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സാന്ത്വന ചികിത്സാ പദ്ധതിയായ ഐ.ആർ.പി.സി.യുടെ ഉപദേശക സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു പോന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ 3306 വോട്ടിന് മാത്രമാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്.

വടകര എന്ന പഴയ പാർട്ടി കോട്ട തിരിച്ച് പിടിക്കാൻ സിപിഎം. ന് മികച്ച സ്ഥാനാർത്ഥിയെ തന്നെ വേണം.പി.ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ അത് ലഭിച്ചു കഴിഞ്ഞിരിക്കയാണ്. വടകര, കുറ്റ്യാടി, നാദാപുരം, നിയമസഭാ മണ്ഡലങ്ങളിൽ ജയരാജന് നല്ല സ്വാധീനവുമുണ്ട്. മാത്രമല്ല നല്ല ലീഡ് സിപിഎം. ന് നൽകുന്ന തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും വടകര ലോകസഭാ മണ്ഡലത്തിൽ പെട്ടതാണ്. ഇതിൽ കുറ്റ്യാടി മാത്രമാണ് യു.ഡി.എഫിനെ തുണക്കുന്നത്. എന്നിട്ടും സിപിഎം. കഴിഞ്ഞ രണ്ട് തവണ പരാജയപ്പെട്ടത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ടാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ഈ മണ്ഡലങ്ങളിലെല്ലാം കൂടി 60,000 ലേറെ വോട്ടിന്റെ ലീഡ് സിപിഎം ന് ഉണ്ട്. എൽ.ഡി.എഫിന് ലീഡുള്ള ഈ മണ്ഡലം തിരിച്ച് പിടിക്കാൻ പി.ജയരാജനെ തന്നെ ഇറക്കണമെന്നായിരുന്നു വടകരയിലെ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP