Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ജനങ്ങൾ വിവേകമുള്ളവരാണ്...പറ്റിക്കാൻ കഴിയില്ല`; ഒരു മണ്ഡലവും ആരുടേയും കുത്തകയുമല്ല; ജനങ്ങൾ വോട്ട് ചെയ്യുന്നത് സ്ഥാനാർത്ഥികളേയും അവരുടെ മുന്നിലെ പ്രശ്‌നങ്ങളേയും ആശ്രയിച്ച്; വോട്ടർമാരുടെ പ്രതീക്ഷയ്ക്ക് ഒത്ത ആളാണ് ഞാനെങ്കിൽ അവർ എന്നെ തെരഞ്ഞെടുക്കും; സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ് വലയുമ്പോൾ മണ്ഡലം നിറഞ്ഞ് പി രാജീവ്; എറണാകുളത്ത് ചെങ്കൊടി പാറുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകർ

`ജനങ്ങൾ വിവേകമുള്ളവരാണ്...പറ്റിക്കാൻ കഴിയില്ല`; ഒരു മണ്ഡലവും ആരുടേയും കുത്തകയുമല്ല; ജനങ്ങൾ വോട്ട് ചെയ്യുന്നത് സ്ഥാനാർത്ഥികളേയും അവരുടെ മുന്നിലെ പ്രശ്‌നങ്ങളേയും ആശ്രയിച്ച്; വോട്ടർമാരുടെ പ്രതീക്ഷയ്ക്ക് ഒത്ത ആളാണ് ഞാനെങ്കിൽ അവർ എന്നെ തെരഞ്ഞെടുക്കും; സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ് വലയുമ്പോൾ മണ്ഡലം നിറഞ്ഞ് പി രാജീവ്; എറണാകുളത്ത് ചെങ്കൊടി പാറുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകർ

ആർ പീയൂഷ്

കൊച്ചി: ഒരു മണ്ഡലവും ആരുടെയും കുത്തക അല്ല. അങ്ങനെ പറയുമ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണുകയാണ്. ജനങങൾ ഓരൊ ഘട്ടത്തിലും അവരുടെ മുൻപിൽ വരുന്ന സ്ഥാനാർത്ഥികൾ, മുൻപിൽ വരുന്ന പ്രശ്നങ്ങൾ. അതിനടിസ്ഥാനപ്പെടുത്തി കൊണ്ട് അവർ നിലപാടുകൾ സ്വീകരിക്കും. അപ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണിക്കാൻ പാടില്ല. കാരണം ഏതെങ്കിലും ഒരു നിലപാട് എപ്പോഴും സ്വീകരിക്കുന്നവരല്ല ജനങ്ങൾ. അവർ നല്ല വിവേകമുള്ളവരാണ്, തിരിച്ചറിവുള്ളവരാണ്. ഓരോ ഘട്ടത്തിലും അവർ ഓരോ നിലപാട് സ്വീകരിക്കും. അവരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഒരു നിലപാട് സ്വീകരിക്കുന്ന സ്ഥാനാർത്ഥിയായി എന്നെ കരുതുന്നുവെങ്കിൽ അവർ എന്നോടൊപ്പം നിലകൊള്ളും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. എറണാകുളം കോൺഗ്രസ്സിന്റെ മണ്ഡലമായതിനാൽ മത്സരം കടുത്തതാകില്ലേ എന്ന ചോദ്യത്തിന് സിപിഎം സ്ഥാനാർത്ഥി പി രാജീവ് പറഞ്ഞ മറുപടിയാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് മണ്ഡലത്തിൽ നടത്തുന്ന പ്രചരണപരിപാടികൾക്കിടെ പള്ളുരുത്തിയിൽ വച്ച് മറുനാടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ ഉറച്ച മണ്ഡലമായിട്ടും ഏറെ വിജയ പ്രതീക്ഷയിലാണ് രാജീവ്. കാരണം രാജീവ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വോട്ടർമാരോട് പറയേണ്ട കാര്യമില്ല. എറണാകുളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എത്തിയിട്ടുണ്ട്. മാളയിൽ നിന്നും എറണാകുളത്തേക്ക് താമസം മാറി വന്നതാണെങ്കിലും എറണാകുളത്തെ കൊച്ചു കുട്ടികൾക്കു പോലും രാജീവ് സുപരിചിതനാണ്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് രാജീവിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

എറണാകുളം മണ്ഡലത്തിൽ ഞാൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്തെന്ന് എന്റെ നാട്ടുകാർക്ക് അറിയാം. അതൊരിക്കലും ഒരു തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ല. എന്ത് ചുമതലയണോ നിർവ്വഹിക്കാൻ ആവശ്യപ്പെടുന്നത് ആ ചുമതല പൊതുവേ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി എങ്ങനെ വിനിയോഗിക്കാൻ കഴിയും ആ ചിന്തയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയിട്ടുള്ളത്. ഇപ്പോൾ എറണാകുളത്തിന്റെ സമഗ്രമായ വികസനമാണ് മനസ്സിലുള്ളത്. നഗരം മാത്രമല്ല പ്രാന്ത പ്രദേശങ്ങൾ, തീരദേശം, പരമ്പരാഗത വ്യവസായത്തിന്റെ മേഖല എന്നിവിടങ്ങളിൽ വികസനത്തിനുള്ള സമഗ്രമായ കാഴ്ചപ്പാടും ജനങ്ങൾ നൽകുന്ന ഇൻപുട്ടിന്റെ അടിസ്ഥാനത്തിലും രൂപപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ രൂപപ്പെടുത്തി ജനങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ജനങ്ങൾക്കൊപ്പം നിന്നു കൊണ്ടു മാത്രമേ അതു നടപ്പിലാക്കാൻ കഴിയുള്ളൂ. ഏതെങ്കിലും ഒരാൾ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അവർക്ക് മാത്രമായി എല്ലാം നിർവ്വഹിക്കാൻ കഴിയില്ല. ജനങ്ങളെ മുൻപിൽ നിന്നും നയിക്കുക. അവർക്കൊപ്പം നിൽക്കുക. ആ രൂപത്തിൽ വികസനം മുന്നോട്ട് കൊണ്ടു പോകാൻ കഴിയും തിരഞ്ഞെടുക്കപ്പെട്ടാൽ എന്നാണ് കരുതുന്നത് എന്നും രാജീവ് പറയുന്നു.

രണ്ടു ദിവസമായി രാജീവും പാർട്ടി പ്രവർത്തകരും പ്രചരണം തുടരുകയാണ്. ഒന്നാംഘട്ട പ്രചരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടായ്മകളിലും വോട്ട് തേടിയാണ് രാജീവ് മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. എവിടെ നിന്നും വലിയ ജന പിന്തുണ തന്നെയാണ് കിട്ടുന്നത്. ഇന്ന് എംഎ‍ൽഎ എം.സ്വരാജും ഒപ്പമുണ്ടായിരുന്നു.പാർലമെന്ററി രംഗത്തും പൊതുപ്രവർത്തനത്തിലും കഴിവ് തെളിയിച്ച പി രാജീവിനെ എറണാകുളത്ത് അങ്കത്തിന് ഇറക്കിയിരിക്കുന്നത് യു.ഡി.എഫിൽ നിന്നും മണ്ഡലം തിരിച്ചു പിടിക്കാൻ രണ്ടും കൽപ്പിച്ചു തന്നെയാണ്. രാജീവിന്റെ ആഴത്തിലുള്ള വ്യക്തി ബന്ധങ്ങൾ ഇടത് മുന്നണിക്ക് അധിക കരുത്താകുമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. രാജീവ് മത്സര രംഗത്ത് എത്തിയതോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി എറണാകുളം മാറിക്കഴിഞ്ഞു. പി രാജീവ് ഒരു ഊഴംകൂടി പാർലമെന്റിലുണ്ടാകണമെന്ന് ആഗ്രഹിച്ചവർ ഇടതു നേതാക്കൾ മാത്രമായിരുന്നില്ല. അരുൺ ജെയ്റ്റ്ലിയും ഗുലാം നബി ആസാദും മായാവതിയുമൊക്കെ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചവരാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ് അമ്പതുകാരനായ രാജീവ്. 2005 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ൽ തൃപ്പൂണിത്തുറയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ൽ എറണാകുളത്തു ചേർന്ന ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസ്എഫ്ഐ നേതാവായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തിൽ പൊലീസ് മർദനത്തിനിരയായി. ലോക്കപ്പിലും മർദനമേറ്റു.

1994ൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായി. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗൺസിലുകളിൽ പങ്കെടുത്തു. 2013ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു.
എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ നേതൃത്വം നൽകിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണൽ തുടങ്ങിയ പദ്ധതികളും സാർവത്രിക പ്രശംസ നേടി. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. പിന്നീട് ചീഫ് എഡിറ്ററായി ചുമതലയേറ്റു. 2017ലെ മികച്ച എംപിക്കുള്ള സൻസത് രത്ന പുരസ്‌കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ്, പി പി ഷൺമുഖദാസ് അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്‌കാരം എന്നിവ ലഭിച്ചു. 1997ൽ ക്യൂബയിലും 2010ൽ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാർത്ഥിയുവജന സമ്മേളനത്തിൽ പങ്കെടുത്തു.

ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങൾ, കാഴ്ചവട്ടം, പുരയ്ക്കുമേൽ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേർന്ന്), 1957 ചരിത്രവും വർത്തമാനവും (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കുസാറ്റ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കൾ. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ രാജീവ് സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്‌കൂളിലാണ്. പിന്നീട് ഇരിങ്ങാലക്കുട ്രൈകസ്റ്റ് കോളേജ്, കളമശേരി സെന്റ് പോൾസ് കോളേജ്, കളമശേരി ഗവ. പോളിടെക്നിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനം. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായ രാജീവ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി.

ഏറെക്കാലം സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന പി.രാജീവിന് എറണാകുളം മണ്ഡലത്തിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. രാജ്യസഭാ എംപിയായിരിക്കെ എറണാകുളത്ത് നടത്തിയ പ്രവർത്തനങ്ങൾ സാമുദായിക പരിഗണനകൾക്കപ്പുറമുള്ള സ്വീകാര്യത രാജീവിന് നേടിക്കൊടുത്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ പൊതുസ്വതന്ത്രരെ നിർത്തുന്നതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമെന്ന ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവിനെ സിപിഎം കളത്തിലിറക്കിയത്. ചാലക്കുടി മണ്ഡലത്തിലേക്കും രാജീവിന്റെ പേര് ഉയർന്നെങ്കിലും എറണാകുളത്ത് പൊതുസ്വീകാര്യനായ മറ്റൊരു നേതാവിനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും രാജീവിനു തുണയായി. രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP