Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് മാധ്യമങ്ങളുടെ വാമൂടിക്കെട്ടി; സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് തുല്യാവസരം കിട്ടിയില്ല; വോട്ടെണ്ണലിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ല; ഇമ്രാന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തി യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തൽ; പാക് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട തിരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് പ്രതിപക്ഷം; റിപ്പോർട്ട് തള്ളി സർക്കാർ കേന്ദ്രങ്ങൾ

പാക് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് മാധ്യമങ്ങളുടെ വാമൂടിക്കെട്ടി; സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് തുല്യാവസരം കിട്ടിയില്ല; വോട്ടെണ്ണലിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ല;  ഇമ്രാന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തി യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തൽ;  പാക് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട തിരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് പ്രതിപക്ഷം; റിപ്പോർട്ട് തള്ളി സർക്കാർ കേന്ദ്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് അടക്കമുള്ള ആറു പ്രധാന പാർട്ടികൾ ആരോപിച്ചത് പോലെ പാക് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പടുത്തൽ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനുള്ള തുല്യാവസരം നിഷേധിച്ചു, പത്ര-മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി തുടങ്ങിയ ആരോപണങ്ങളാണ് യൂണിയൻ നിരീക്ഷകർ ഉന്നയിച്ചിരിക്കുന്നത്. ഇത് നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തലാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങൾക്ക് നിയന്ത്രണം വന്നതോടെ ഒരുതരം സെൽഫ് സെൻസർഷിപ്പ് വേണ്ടി വന്നു.എന്നാൽ സൈന്യം തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല.

പുതിയ തിരഞ്ഞെടുപ്പ് നിയമം അടക്കം ചില സുപ്രധാന മാറ്റങ്ങൾ അടുത്തിടെ വരുത്തിയെങ്കിലും ഇത്തരം വീഴ്ചകൾ അതിന്റെ ശോഭ കെടുത്തിയെന്നാണ് യൂറോപ്യൻ യൂണിയൻ നിരീക്ഷക ദൗത്യസംഘത്തിന്റെ തലവൻ മൈക്കിൾ ഗാലർ തുറന്നടിച്ചത്. ഇത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ കാര്യമായി ബാധിച്ചു.വോട്ടിങ്, കൗണ്ടിങ്, ടാബുലേഷൻ എന്നിവ 113 മണ്ഡലങ്ങളിലെ 582 പോളിങ് സ്‌റ്റേഷനുകളിലായി നിരീക്ഷിച്ചിരുന്നു. ഇതിനായി 120 നിരീക്ഷകരെയണ് നിയോഗിച്ചത്. വോട്ടെടുപ്പ് താരതമ്യേന സുതാര്യവും ക്രമബദ്ധവുമായിരുന്നു. എന്നാൽ, വോട്ടെണ്ണൽ ആകെ ക്രമക്കേട് നിറഞ്ഞതായിരുന്നു. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടായിരുന്നില്ല. പോളിങ് സ്റ്റഷനുകൾക്ക് അകത്തും പുറത്തും സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവുണ്ടായില്ല.

നേരത്തെ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും വോട്ടെണ്ണൽ അട്ടിമറിച്ചതായി പരാതിപ്പെട്ടിരുന്നു.പാക്കിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട തിരഞ്ഞെടുപ്പാണിതെന്ന് പി.എംഎ‍ൽഎൻ. പ്രധാനമന്ത്രിസ്ഥാനാർത്ഥി ഷഹബാസ് ഷരീഫ് ആരോപിച്ചു. വോട്ടെണ്ണൽകേന്ദ്രങ്ങളിൽനിന്ന് തങ്ങളുടെ ഏജന്റുമാരെ പുറത്താക്കിയതായി പാക്കിസ്ഥാൻ മുസ്ലിംലീഗ് നവാസും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ആരോപിച്ചു.

അതേസമയം, തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രാജ്യം ഭരിക്കണമെങ്കിൽ ഈ മുൻ ക്രിക്കറ്റ് താരത്തിന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. സാവധാനം നടന്ന വോട്ടെണ്ണലിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീക്ക്-ഇ-ഇൻസാഫിന് (പി.ടി.ഐ) 269ൽ 109 സീറ്റുകളാണ് നേടാൻ കഴിഞ്ഞത്.

രണ്ടാമതെത്തിയ ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗിന് 63 സീറ്റ് മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്ത് എത്തിയ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് 39 സീറ്റാണ് ലഭിച്ചത്. 20 സീറ്റുകളുടെ ഫലം പുറത്തുവരാനുണ്ട്. ബുധനാഴ്ച ഇമ്രാൻ ഖാൻ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇമ്രാൻ ഖാൻ പാക്കിസ്ഥാന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞതെന്നും അവകാശപ്പെട്ടു.

270 പാർലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ സർക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 272 സീറ്റിൽ എൻ.എ.-60, 108 എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്, കമ്മിഷൻ നീട്ടിവെച്ചിരുന്നു.137 സീറ്റുകളാണ് കേവലഭൂരിപക്ഷം നേടാൻ വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP