Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടെണ്ണൽ തുടങ്ങുക എട്ട് മണിക്ക്; ജനവിധി ആർക്ക് അനുകൂലമെന്ന് ഒൻപത് മണിയോടെ അറിയാം; വിജയാഘോഷ പരിപാടികളുടെ വാർത്താക്കുറിപ്പ് ഇറക്കി ആത്മവിശ്വാസം പുറത്തറിയിച്ച് യുഡിഎഫ്; ടോം ജോസിന്റെ ഭൂരിപക്ഷം മാത്രമേ അറിയാനുള്ളൂവെന്ന് ജോസ് കെ മാണിയും; അട്ടിമറി ഉറപ്പെന്ന് സിപിഎം; വോട്ട് കച്ചവടത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനും ഇടത് നീക്കം; വോട്ട് കൂടുമെന്ന് ഉറപ്പിക്കാനാവാതെ ബിജെപിയും; പെട്ടി തുറക്കുമ്പോൾ പാലായിൽ നിറയുക 'മാണി മാജിക്ക്': ഫലമറിയാൻ മറുനാടനിലും വിപുലമായ സംവിധാനം

വോട്ടെണ്ണൽ തുടങ്ങുക എട്ട് മണിക്ക്; ജനവിധി ആർക്ക് അനുകൂലമെന്ന് ഒൻപത് മണിയോടെ അറിയാം; വിജയാഘോഷ പരിപാടികളുടെ വാർത്താക്കുറിപ്പ് ഇറക്കി ആത്മവിശ്വാസം പുറത്തറിയിച്ച് യുഡിഎഫ്; ടോം ജോസിന്റെ ഭൂരിപക്ഷം മാത്രമേ അറിയാനുള്ളൂവെന്ന് ജോസ് കെ മാണിയും; അട്ടിമറി ഉറപ്പെന്ന് സിപിഎം; വോട്ട് കച്ചവടത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനും ഇടത് നീക്കം; വോട്ട് കൂടുമെന്ന് ഉറപ്പിക്കാനാവാതെ ബിജെപിയും; പെട്ടി തുറക്കുമ്പോൾ പാലായിൽ നിറയുക 'മാണി മാജിക്ക്': ഫലമറിയാൻ മറുനാടനിലും വിപുലമായ സംവിധാനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ചയറിയാം. വോട്ടെണ്ണൽ പാലാ കാർമൽ പബ്ലിക് സ്‌കൂളിൽ രാവിലെ എട്ടിനു തുടങ്ങും. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക. ഇതു പൂർത്തിയായശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക.

ഓരോ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വോട്ടുനില നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വോട്ടണ്ണൽ തത്സമയം എത്തിക്കാൻ മറുനാടനും വിപുലമായ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. തത്സമയ വിശകലനവും വാർത്തകളും മറുനാടന്റെ യൂ ടൂബ് ചാനലിലും ലഭ്യമാകും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. പാലായിൽ യുഡിഎഫ് - ബിജെപി വോട്ടു കച്ചവടമെന്ന ഇടതു ആരോപണത്തെ ചൊല്ലിയുള്ള വാക് പോരാണ് വോട്ടെണ്ണൽ തലേന്ന് പാലായിൽ സജീവമാകുന്നത്.

യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ടോം, എൽ.ഡി.എഫ്. സ്ഥാനാർത്ഥി മാണി സി. കാപ്പൻ, എൻ.ഡി.എ. സ്ഥാനാർത്ഥി എൻ. ഹരി എന്നിവരുൾപ്പെടെ 13 പേരാണു മത്സരരംഗത്തുണ്ടായിരുന്നത്. കെ.എം. മാണിയെ മാത്രം വിജയിപ്പിച്ചിട്ടുള്ള പാലാ മണ്ഡലം, അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്നും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. മൂന്നു തവണ പരാജയപ്പെട്ട മാണി സി. കാപ്പനോടു വോട്ടർമാർക്കു സഹാനുഭൂതിയുണ്ടാകുമെന്ന് എൽ.ഡി.എഫ്. കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ട് വർധനയാണ് എൻ.ഡി.എയുടെ ലക്ഷ്യം. യുഡിഎഫ് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥി ജോസ് ടോമിനെ നിയുക്ത എംഎൽഎയായി വിശേഷിപ്പിച്ചും വിജയാഘോഷ പരിപാടികൾ അറിയിച്ചും യുഡിഎഫ് വാർത്താക്കുറിപ്പിറക്കുക വരെ ചെയ്തു. കെ എം മാണി വികാരം പാലയിൽ ആഞ്ഞടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യം സർവ്വീസ് വോട്ടും പോസ്റ്റൽ വോട്ടും എണ്ണും. 15 സർവ്വീസ് വോട്ടും, 3 പോസ്റ്റൽ വോട്ടുമാണ് ഇതുവരെ കിട്ടിയത്. ആദ്യ അരമണിക്കൂറിൽ 15 സർവീസ് വോട്ടും മൂന്ന് പോസ്റ്റൽ വോട്ടും എണ്ണും. തുടർന്ന് വോട്ടിങ് യന്ത്രത്തിൽ രാമപുരം പഞ്ചായത്തിലെ ഒന്നു മുതൽ 22 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീട് കടനാട് 23 മുതൽ 37 വരെ ബൂത്തുകൾ.

തുടർന്ന് വോട്ടെണ്ണുന്നത് ഈ ബൂത്തുകളിൽ: മേലുകാവ് 38 മുതൽ 45 വരെ, മൂന്നിലവ്: 4654, തലനാട്: 5561, തലപ്പലം: 6271, ഭരണങ്ങാനം: 7283, കരൂർ: 84102, മുത്തോലി: 103116, പാലാ നഗരസഭ: 117134, മീനച്ചിൽ: 135148, കൊഴുവനാൽ: 149158, എലിക്കുളം: 159176. രാവിലെ ഒൻപതോടെ ഫലം സംബന്ധിച്ച ഏകദേശ സൂചന ലഭ്യമാകും. പത്തോടെ വോട്ടെണ്ണൽ പൂർത്തിയാകും. അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുരസീത് കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പുറത്തുവിടൂ. പൊതുജനത്തിനായി വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് മൈക്കിലൂടെ ഫലം അനൗൺസ് ചെയ്യും.

അഞ്ചു പതിറ്റാണ്ടു കാലം കെ.എം.മാണിക്കൊപ്പം മാത്രമായിരുന്നു പാലാ നിയോജക മണ്ഡലത്തിന്റെ വിധിയെഴുത്ത്. 10 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ നാലാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 1996 (68.01%), 2001 (64.02), 2006 (70.44) വർഷങ്ങൾക്കു ശേഷം ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ പാലാ രേഖപ്പെടുത്തിയത് 71.43% വോട്ട് മാത്രം. അതായത് ആകെ 1,79,107 വോട്ടർമാരിൽ 1,27,939 പേർ. പോളിങ്ങിലെ കുറവ് ഭൂരിപക്ഷത്തിൽ പ്രതിഫലിക്കില്ലെന്നാണ് എല്ലാ മുന്നണികളും അവകാശപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയും ഈ അവകാശവാദത്തിൽ മൽസരിക്കുകയും ചെയ്തു.

ബിജെപി അച്ചടക്ക നടപടിയെടുത്ത പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ ആയുധമാക്കിയാണ് പാലായിൽ യുഡിഎഫ് - ബിജെപി വോട്ടുകച്ചവട ആരോപണം ഇടതു മുന്നണി ഉയർത്തുന്നത്. ബിജെപി സ്ഥാനാർത്ഥി എൻ ഹരി കേരളകോൺഗ്രസ് ഉന്നത നേതാവിന്റെ വീട്ടിൽ പാതിരാത്രിയെത്തി കച്ചവടം ഉറപ്പിച്ചുവെന്നാണ് ബിജെപിപ്രാദേശിക നേതാവിന്റെ ആരോപണം. ശബരിമല പ്രചാരണത്തിൽ ഉയർത്തിയില്ലെങ്കിലും വിഷയം പാലായിൽ ചർച്ചയായെന്നാണ് സിപിഎം വിലയിരുത്തൽ. സാമുദായിക ഘടകങ്ങൾ സമ്പൂർണ്ണമായി അനുകൂലമായെന്നും പാർട്ടി വിലയിരുത്തുന്നില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ടിൽ കുറവുണ്ടാകില്ലെന്നാണ് ബിജെപി കണക്കുകൂട്ടൽ.

കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യുഡിഎഫ് ഏർപ്പാടാക്കി.

യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. 'കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ' തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു. വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർത്ഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP