Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മല അരയ സംരക്ഷണ സമിതിയും മല അരയ ക്രിസ്ത്യൻ ഫെഡറേഷനും വോട്ട് ചെയ്തത് ഫിലിപ്പിന്; മേലുകാവും മൂന്നിലവും പിഴച്ചതിന് കാരണം കേരള ജനകീയ മുന്നണിയുടെ വോട്ടു പിടിത്തം; ഭരണങ്ങാനത്തും കടനാടും ക്വാറി വിരുദ്ധ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മജു പുത്തൻകണ്ടവും അന്തകനായി; ബിഡിജെഎസും പിസി ജോർജും കാപ്പനൊപ്പം കൂടിയപ്പോൾ പാലയിലെ ജനവധിയിൽ മാണി സഹതാപം നിറഞ്ഞില്ല; ജോസ് ടോമിനെ തോൽപ്പിച്ചത് യുഡിഎഫിന്റെ ഉറച്ച കോട്ടകൾ തന്നെ

മല അരയ സംരക്ഷണ സമിതിയും മല അരയ ക്രിസ്ത്യൻ ഫെഡറേഷനും വോട്ട് ചെയ്തത് ഫിലിപ്പിന്; മേലുകാവും മൂന്നിലവും പിഴച്ചതിന് കാരണം കേരള ജനകീയ മുന്നണിയുടെ വോട്ടു പിടിത്തം; ഭരണങ്ങാനത്തും കടനാടും ക്വാറി വിരുദ്ധ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മജു പുത്തൻകണ്ടവും അന്തകനായി; ബിഡിജെഎസും പിസി ജോർജും കാപ്പനൊപ്പം കൂടിയപ്പോൾ പാലയിലെ ജനവധിയിൽ മാണി സഹതാപം നിറഞ്ഞില്ല; ജോസ് ടോമിനെ തോൽപ്പിച്ചത് യുഡിഎഫിന്റെ ഉറച്ച കോട്ടകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാണിയുടെ മരണത്തിന്റെ സഹതാപം പാലായിൽ ആഞ്ഞടിക്കാത്തതിന് കാരണം കേരളാ കോൺഗ്രസിലെ പടല പിണക്കങ്ങളാണെന്ന നിഗമനത്തിൽ കോൺഗ്രസ്. എന്നാൽ കേരളാ കോൺഗ്രസിനെ തളർത്താൻ കോൺഗ്രസുകാർ വോട്ട് മറിച്ചുവെന്ന് കേരളാ കോൺഗ്രസും വിശ്വസിക്കുന്നു. ഏതായാലും തൽകാലം പഴിചാരലിന് ജോസ് കെ മാണി ഇറങ്ങില്ല. ജോസ് ടോമിന്റെ പരാജയത്തിന് പിന്നിൽ രാഷ്ട്രീയത്തിന് അപ്പുറമായ കാരണങ്ങളുമുണ്ടെന്ന് ജോസ് കെ മാണി തിരിച്ചറിയുന്നു. കേരളാ കോൺഗ്രസിന് മാണി പ്രഭാവം നഷ്ടമായി എന്നത് തന്നെയാണ് തോൽവിയും ചർച്ചയാക്കുന്ന വസ്തുത.

പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണിത്തീർന്നപ്പോൾ യുഡിഎഫിന്റെ ഉറച്ച കോട്ടകളെന്നു വിശ്വസിച്ചവയിൽ 9 ഗ്രാമപഞ്ചായത്തുകളും പാലാ നഗരസഭയും എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ആകെ ലഭിച്ചത് മൂന്ന് ഗ്രാമപഞ്ചായത്തുകൾ മുത്തോലി, മീനച്ചിൽ, കൊഴുവനാൽ. മീനച്ചിൽ പഞ്ചായത്തിലൊഴികെ ബാക്കിയെല്ലായിടത്തും 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് കുറവാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനാകട്ടെ 2016ലെ വോട്ട് പല പഞ്ചായത്തുകളിലും കൃത്യമായി നിലനിർത്തി. ചിലയിടത്ത് നേരിയ ലീഡ് സ്വന്തമാക്കുകയും ചെയ്തു. അതോടെ 2016ലേക്കാൾ 44 വോട്ട് കുറഞ്ഞിട്ടും ജയം മാണി സി.കാപ്പനൊപ്പം നിന്നു.

എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയാകട്ടെ എല്ലാ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും 2016നേക്കാൾ കുറവ് വോട്ടാണു നേടിയത്. സ്വതന്ത്രരിൽ രണ്ടു പേർ, അഡ്വ.സി.ജെ.ഫിലിപും മജു പുത്തൻകണ്ടവും, ആയിരത്തിനു മുകളിൽ വോട്ട് നേടിയതും യുഡിഎഫിനു തിരിച്ചടിയായി. മേലുകാവിൽ യുഡിഎഫിനു തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനാർത്ഥിയായിരുന്നു സിഎസ്‌ഐ സഭാംഗം കൂടിയായ ഫിലിപ്. കേരള ജനകീയ മുന്നണിയുടെ പേരിൽ മത്സരിച്ച ഫിലിപ്പിന് സിഎസ്‌ഐ വിഭാഗക്കാരുടെ കൂട്ടായ്മയായ മല അരയ സംരക്ഷണ സമിതിയും മല അരയ ക്രിസ്ത്യൻ ഫെഡറേഷനും പിന്തുണ അറിയിച്ചിരുന്നു. ആ വോട്ടുകൾ പരമ്പരാഗതമായി യുഡിഎഫിന്റേതായിരുന്നു. ഇതും ജോസ് ടോമിന് വിനയായി.

മേലുകാവ് സ്വദേശി കൂടിയായ ഫിലിപ്പിനു ലഭിച്ച 1085 വോട്ടിൽ 960ലേറെയും മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിൽ നിന്നായിരുന്നു. രണ്ട് പഞ്ചായത്തുകളിലും 2016ൽ കെ.എം.മാണിക്കു വ്യക്തമായ ലീഡുണ്ടായിരുന്നു. ഇത്തവണ രണ്ടിടത്തും മുന്നിലെത്തിയത് എൽഡിഎഫായിരുന്നു. മേലുകാവിൽ യുഡിഎഫ് പിന്നിലാകുന്നതിന് ക്വാറി വിരുദ്ധ സമര സമിതിയുടെ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മജു പുത്തൻകണ്ടവും കാരണക്കാരനായി. കടനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ മജുവിനു ലഭിച്ച 1012 വോട്ടിൽ ഭൂരിപക്ഷവും ഭരണങ്ങാനം, കടനാട്, മേലുകാവ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. കടവനാടും ഭരണങ്ങാനത്തും 2016നേക്കാൾ കൂടുതൽ വോട്ടു നേടി എൽഡിഎഫ് മുന്നേറിയപ്പോൾ യുഡിഎഫ് വോട്ടുകൾ മജു നേടി.

പാലായിൽ 2016ൽ ലഭിച്ച വോട്ടുകളെല്ലാം ഇത്തവണ എവിടേക്കു പോയെന്ന ചോദ്യത്തിനുള്ള മറുപടി ബിജെപിക്കും കണ്ടെത്താനായിട്ടില്ല. ബിഡിജെഎസും പിസി ജോർജും ബിജെപി സ്ഥാനാർത്ഥിയെ മറന്ന് മാണി സി കാപ്പന് വോട്ട് ചെയ്തു. ഒരു പഞ്ചായത്തിൽ പോലും മുൻവർഷത്തേക്കാൾ നില മെച്ചപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ പാർട്ടി 24,821 വോട്ട് നേടിയപ്പോൾ ഇത്തവണ അത് 18,044 ആയാണു കുറഞ്ഞിരിക്കുന്നത്. ഇതിന് കാരണം ബിഡിജെഎസിന്റെ നിസ്സഹകരണമാണെന്ന് ബിജെപി തിരിച്ചറിയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP