Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിൽ വോട്ടെടുപ്പ് അടുത്ത മാസം 23ന്; ഫലപ്രഖ്യാപനം 27നും; സെപ്റ്റംബർ നാലു വരെ പത്രിക നൽകാം; പിൻവലിക്കാനുള്ള അവസാന തീയതി ഏഴിനും; വട്ടിയൂർകാവിലും കോന്നിയിലും അരൂരും എറണാകുളത്തും മഞ്ചേശ്വരത്തും വോട്ടെടുപ്പ് നവംബറിൽ എന്ന് സൂചന; യുഡിഎഫിന് അതിനിർണ്ണായകം; പാലായിൽ മാണിയുടെ ഓർമ്മകൾ വോട്ടാകുമെന്ന് വിശ്വസിച്ച് ജോസ് കെ മാണി; പാലം വലിച്ച് തോൽപ്പിക്കാൻ ജോസഫും; കരുതലോടെ സിപിഎം; ബിജെപിക്ക് പ്രതീക്ഷ; കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

പാലായിൽ വോട്ടെടുപ്പ് അടുത്ത മാസം 23ന്; ഫലപ്രഖ്യാപനം 27നും; സെപ്റ്റംബർ നാലു വരെ പത്രിക നൽകാം; പിൻവലിക്കാനുള്ള അവസാന തീയതി ഏഴിനും; വട്ടിയൂർകാവിലും കോന്നിയിലും അരൂരും എറണാകുളത്തും മഞ്ചേശ്വരത്തും വോട്ടെടുപ്പ് നവംബറിൽ എന്ന് സൂചന; യുഡിഎഫിന് അതിനിർണ്ണായകം; പാലായിൽ മാണിയുടെ ഓർമ്മകൾ വോട്ടാകുമെന്ന് വിശ്വസിച്ച് ജോസ് കെ മാണി; പാലം വലിച്ച് തോൽപ്പിക്കാൻ ജോസഫും; കരുതലോടെ സിപിഎം; ബിജെപിക്ക് പ്രതീക്ഷ; കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന പാലായിൽ അടുത്ത മാസം 23ന് തെരഞ്ഞെടുപ്പ് നടക്കും. അടുത്ത മാസം നാല് വരെ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. ഏഴ് വരെ പത്രിക പിൻവലിക്കാം. 27ന് വോട്ടെണ്ണൽ നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരും. എന്നാൽ മറ്റ് അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വട്ടിയൂർകാവിലും കോന്നിയും അരൂരും എറണാകുളത്തും മഞ്ചേശ്വരത്തും വോട്ടെടുപ്പ് നടക്കേണ്ടതുണ്ട്. പാലായിൽ മാണിയുടെ മരണത്തോടെ സീറ്റ് ഒഴിഞ്ഞിട്ട് ആറുമാസമാകാറായി. അതുകൊണ്ടാണ് പാലയിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പാലാ നിയോജക മണ്ഡലത്തിൽ എംഎ‍ൽഎ ഇല്ലാതായിട്ട് ഒക്ടോബറിൽ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്റ്റംബർ മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഇന്ന് മുതൽ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിലുൾപ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

കേരളത്തിൽ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവിടെ എല്ലാം ഒരുമിച്ച് ഒക്ടോബർ അവസാനം നടക്കുമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ട് തന്നെ ആരും സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നിട്ടില്ല. മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസ് രണ്ട് ചേരിയിലാണ്. മാണിയുടെ സീറ്റായതു കൊണ്ട് തന്നെ ജോസ് കെ മാണിക്കാകും സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം നൽകേണ്ടത്. എന്നാൽ പിജെ ജോസഫ് പിണക്കത്തിലും. കോട്ടയത്തെ കോൺഗ്രസ് ജോസഫിനെ ഉയർത്തുന്നത് ജോസ് കെ മാണിയെ ഒതുക്കാനാണ്. ഇത് ഏത് തരത്തിൽ പ്രതിഫലിക്കുമെന്ന് സിപിഎം വീക്ഷിക്കും. അതുവരെ അവരും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയും കാര്യമായ വോട്ട് ഇവിടെ നേടിയിരുന്നു. ഈ സീറ്റിൽ എൻ ഡി എ ഘടകക്ഷിയായ പിസി ജോർജിനും കണ്ണുണ്ട്. എന്നാൽ സീറ്റ് വിട്ടു കൊടുക്കില്ലെന്നാണ് ബിജെപി പക്ഷം. അതുകൊണ്ട് തന്നെ അതിനിർണ്ണായകമാണ് എല്ലാവർക്കും ഈ ഉപതെരഞ്ഞെടുപ്പ്. പാലായിൽ ജയിക്കുന്നവർക്ക് മറ്റ് അഞ്ച് ഉപതെരഞ്ഞെടുപ്പിലും മുൻതൂക്കം കിട്ടും. അതുകൊണ്ട് തന്നെ ഇടതുപക്ഷവും വലതു പക്ഷവും ജീവന്മരണ പോരാട്ടമാകും നടത്തുക. ഇതും പാലായിലെ പോരാട്ടം തീപാറുന്നതാകും. പാലായിൽ മാണി വികാരം ആഞ്ഞു വീശുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ പിണക്കാനും സാധ്യതയില്ല.

മുസ്ലിം ലീഗും ജോസ് കെ മാണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ മുന്നണി രാഷ്ട്രീയത്തിൽ വലിയൊരു മാറ്റം സിപിഎം പ്രതീക്ഷിക്കുന്നില്ല. ജോസ് കെ മാണിയുടെ പക്ഷത്തിന് സീറ്റ് കൊടുത്താൽ പിജെ ജോസഫ് പിണങ്ങുമോ എന്നതാണ് സിപിഎം നോക്കുന്നത്. ഇടതു പക്ഷത്ത് എൻസിപിക്കാണ് സീറ്റ്. കഴിഞ്ഞ തവണ മാണി സി കാപ്പനാണ് മാണിക്കെതിരെ മത്സരിച്ചത്. എൻ സിപിക്ക് വീണ്ടും സീറ്റ് നൽകിയാൽ മാണി സി കാപ്പൻ തന്നെയാകും സ്ഥാനാർത്ഥി. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് ചരിത്രത്തിൽ പാലാ മണ്ഡലത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരേയും പാലായിൽ നിന്നും കെ.എം മാണിയല്ലാതെ മറ്റൊരാൾ അവിടെ നിന്നും ജയിച്ചിട്ടില്ല.

എല്ലാക്കാലത്തും വലിയ ഭൂരിപക്ഷത്തിന് പാലായിൽ നിന്നും ജയിച്ചിട്ടുള്ള മാണി പക്ഷേ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും 5000-ത്തിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. സോളാർ കേസിന്റെ ആരോപണ നിഴലിലും മാണിയെ പാല കൈവിട്ടില്ലെന്നതാണ് വസ്തു. കേരള കോൺഗ്രസ് എം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടിൽ നിൽക്കുന്നതാണ് കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ തകർച്ച നേരിട്ട എൽ.ഡി.എഫിനെ സംബന്ധിച്ചും നിർണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിൽ നിന്നും പൂർണമായും കരകയറും മുൻപാണ് ഇടതുമുന്നണി പാലായിൽ മത്സരിക്കാൻ ഇറങ്ങുന്നത്. ശബരിമല വിഷയം സജീവമായ മേഖലകളിലൊന്നാണ് കോട്ടയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോട്ടയത്ത് യുഡിഎഫ് ജയിച്ചത് എന്നതും എൽഡിഎഫിന്റെ ചങ്കിടിപ്പേറ്റുന്നു. എൻഡിഎയിൽ ബിഡിജെഎസ് ഈ സീറ്റിനായി വാദമുന്നിയിക്കാൻ സാധ്യതയുണ്ടെങ്കിലും പാർട്ടി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ബിജെപി ജില്ലാഘടകത്തിന്റെ വികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP