Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിൽ പി ജെ കുര്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് പിളർപ്പിലേക്ക്; കോട്ടയത്തെ കോൺഗ്രസുകാർക്കുള്ള ഇടത്താവളമാക്കി പത്തനംതിട്ടയെ മാറ്റി; കുര്യന് പെരുന്തച്ചൻ കോംപ്ലക്‌സ് എന്നും വിമർശനം

പത്തനംതിട്ടയിൽ പി ജെ കുര്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് പിളർപ്പിലേക്ക്; കോട്ടയത്തെ കോൺഗ്രസുകാർക്കുള്ള ഇടത്താവളമാക്കി പത്തനംതിട്ടയെ മാറ്റി; കുര്യന് പെരുന്തച്ചൻ കോംപ്ലക്‌സ് എന്നും വിമർശനം

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിൽ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനുണ്ടായിരുന്ന അപ്രമാദിത്വത്തിന് തിരിച്ചടി സമ്മാനിച്ച് എ ഗ്രൂപ്പ് പിളർപ്പിലേക്ക്. തനിക്ക് മുകളിൽ വളരുമെന്ന് തോന്നിയ നേതാക്കളെ വെട്ടിനിരത്തി ഇതുവരെ കുര്യൻ നടത്തിയിരുന്ന കളികൾ പ്രവർത്തകർക്ക് മനസിലായിത്തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. അഡ്വ. പീലിപ്പോസ് തോമസ്, ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, അഡ്വ. കെ. ജയവർമ തുടങ്ങി കേരളാ കോൺഗ്രസ്-എമ്മിൽ നിന്ന് ജോസഫ് എം. പുതുശേരിയെ വരെയാണ് കുര്യൻ വെട്ടി നിരത്തിയത്.

കോന്നി മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തിന് തടയിട്ടതോടെയാണ് ജില്ലയിൽ എ ഗ്രൂപ്പിന്റെ ആധിപത്യത്തിന് ഗ്രൂപ്പ് നേതാക്കൾ തന്നെ പാര പണിതതായി ആരോപണം ഉയർന്നത്. തന്നേക്കാൾ ഒരു ചുവട് മുമ്പിൽ ആരെയും നടക്കാൻ അനുവദിക്കാത്ത കുര്യൻ, എ ഗ്രൂപ്പിനെ പിന്നാക്കം നയിക്കാൻ മാത്രമെ ഇതുവരെ ശ്രമിച്ചിട്ടുള്ളൂവെന്നും അണികൾ.

എക്കാലവും എ ഗ്രൂപ്പിന്റെ കുത്തകയായിരുന്നു പത്തനംതിട്ട ജില്ല. അവസാന സംഘടനാ തെരഞ്ഞെടുപ്പ് 92-ൽ നടന്നപ്പോൾ 85 ശതമാനം സംഘടനാ സ്ഥാനങ്ങളും കൈയടക്കി എ വിഭാഗം കരുത്തുകാട്ടി. സംസ്ഥാനത്ത് സമാനതകൾ ഇല്ലാത്ത വിജയമാണ് അന്ന് അഡ്വ. പീലിപ്പോസ് തോമസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഗ്രൂപ്പിന് കൈവന്നത്. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രൊഫ. പി.ജെ.കുര്യനും തുടർച്ചയായി സ്വീകരിച്ച നിലപാടുകളാണ് ഗ്രൂപ്പിന് ഇപ്പോൾ തിരിച്ചടിയായത്.

ജില്ലയിൽ നിന്നും മറ്റാരെയും ഗ്രൂപ്പിൽനിന്നും ഉയർന്നുവരാൻ അനുവദിക്കില്ലെന്ന നിലപാടു മൂലമാണ് 2009-ൽ പത്തനംതിട്ട ലോകസഭാ മണ്ഡലം രൂപീകരിച്ചപ്പോൾ ജില്ലയിലെ ഗ്രൂപ്പ് നേതാക്കളായിരുന്ന അഡ്വ. പീലിപ്പോസ് തോമസിനെയും പി. മോഹൻ രാജിനെയും തഴഞ്ഞ് കോട്ടയം ഡി.സി.സി പ്രസിഡന്റായിരുന്ന ആന്റോ ആന്റണിക്ക് സീറ്റ് നൽകാൻ ഇടയായത്. കുര്യനായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

2001-ൽ ആറന്മുളയിൽ കെ.കരുണാകരൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയായി വന്ന മാലേത്ത് സരളാ ദേവിയെ തോൽപ്പിക്കാൻ ചിലർ നടത്തിയ ചരടുവലിക്ക് കൂട്ടുനിൽക്കാതെ വന്നതിനാലാണ് എ ഗ്രൂപ്പിലെ ബുദ്ധികേന്ദ്രമായിരുന്ന പീലിപ്പോസ് തോമസിനെ പിന്നീട് കെപിസിസി പുനഃസംഘടനയിൽ നിന്നും ഒഴിവാക്കിയത്. 2006-ൽ സരളാ ദേവിയെ തോൽപ്പിക്കാൻ വിമതരെ നിർത്തിയതും ഇക്കൂട്ടരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ടി. തോമസിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് ജോസഫ് എം. പുതുശേരിയെ എതിർക്കാൻ ശ്രമിക്കുന്നവർ മുമ്പ് സ്വന്തം പാർട്ടി പ്രവർത്തകരെ തോൽപ്പിക്കാൻ നടത്തിയ ശ്രമം ജനം മറന്നിട്ടില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ വാദം.

1996-ൽ റാന്നിയിൽ പീലിപ്പോസിനെയും കല്ലൂപ്പാറയിൽ ജോസഫ് എം. പുതുശേരിയെയും തോൽപ്പിക്കാൻ ശ്രമിച്ചവർ തന്നെയാണ് 2004-ൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയുടെ തോൽവി ഉറപ്പാക്കിയത്. എ.കെ.ആന്റണിയുടെ പൊതുയോഗത്തിൽ നിന്നും ഒഴിഞ്ഞു നിന്നെന്ന് ആരോപിച്ച് പുതുശേരിയെ കുറ്റപ്പെടുത്തുമ്പോൾ 2006-ൽ മാലേത്ത് സരളാ ദേവിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ ആന്റണിയുടെ പ്രസംഗം ബഹിഷ്‌കരിച്ചവരെപ്പറ്റി എന്തേ ഒന്നും മിണ്ടുന്നില്ലെന്ന് പാർട്ടി പ്രവർത്തകർ ചോദിക്കുന്നു.

പുതുശേരിയെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ കത്തിനുപിന്നിൽ പ്രവർത്തിക്കുന്നതും ഇതേ ശക്തികളാണ്. കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീഷ് ചാത്തങ്കേരിയോട് പി.ജെ.കുര്യൻ ക്ഷോഭിച്ചു എന്ന ആക്ഷേപവും ശക്തമാണ്. മൂന്നു തവണയിൽ കൂടുതൽ ആരും മത്സരിക്കരുതെന്ന് വീമ്പടിച്ച കുര്യൻ കഴിഞ്ഞ 36 വർഷത്തിനുള്ളിൽ ഒന്നര വർഷം മാത്രമാണ് എംപി സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നത്. തന്റെ കാര്യത്തിൽ നടപ്പാകാത്ത മാനദണ്ഡങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ അടിച്ചേൽപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ജില്ലയിൽ നിന്നും ഒരാളെപ്പോലും സർക്കാർ പദവിയിലേക്ക് പരിഗണിച്ചില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ മോഹിച്ചിരുന്ന അഡ്വ. കെ. ജയവർമയ്ക്കും മോഹഭംഗം മാത്രമായിരുന്നു ഫലം. കോട്ടയം ജില്ലയിലെ കോൺഗ്രസുകാർക്ക് താവളമൊരുക്കാൻ മാത്രമായി പത്തനംതിട്ട ജില്ലമാറിയെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലയിലെ എ ഗ്രൂപ്പിൽ വൈകാതെ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.

റാന്നിയിലെ ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെയും ശക്തമായ ആരോപണം പ്രവർത്തകർ ഉന്നയിക്കുന്നു. മുമ്പ് ഈ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് പ്രവർത്തകരെ തോൽപ്പിക്കാനായി മുന്നിട്ടിറങ്ങിയവർക്ക് പിന്തുണ കൊടുത്തു എന്ന ആരോപണമാണ് ഇവർക്കെതിരെയുള്ളത്. കുര്യൻ തന്നെയാണ് ഇവർക്ക് ഇവിടെ സീറ്റ് നൽകാൻ മുൻകൈയെടുത്തത്.

കോന്നിയിൽ അടൂർ പ്രകാശിനെ വീണ്ടും ഉറപ്പിച്ചതിലൂടെ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയാൻ വഴിയൊരുക്കി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും റാന്നിയിൽ മത്സരിക്കാൻ കുപ്പായം തുന്നിച്ച കെ. ജയവർമ്മയോടും കുര്യൻ കണക്കുതീർത്തു. 93 ൽ കേന്ദ്രമന്ത്രിയായിരുന്ന തന്റെ സമ്മതമില്ലാതെ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായ ജയവർമ്മയോട് ഇപ്പോഴും താൻ പൊറുത്തിട്ടില്ലെന്ന് റാന്നിയിൽ മറിയാമ്മ ചെറിയാനെ സ്ഥാനാർത്ഥിയാക്കി കൊണ്ട് കോൺഗ്രസുകാരെ അറിയിക്കാൻ കുര്യന് സാധിച്ചു. ജയവർമ്മയെ പ്രസിഡന്റാക്കാൻ മുന്നിട്ടിറങ്ങിയ പീലിപ്പോസ് തോമസിനോട് പണ്ടേ കണക്കു തീർത്തു.

പടുതോടിന് പത്തുകിലോമീറ്റർ ചുറ്റളവിൽ മറ്റൊരു നേതാവും ഉയരാനോ വളരാനോ പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട എന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. സ്വന്തം സമുദായത്തിൽ നിന്ന് മറ്റൊരാൾ ഒരിക്കലും പാടില്ലത്രേ. ജില്ലയിലെ ഏ ഗ്രൂപ്പ് കോൺഗ്രസ് നേതാക്കന്മാരിൽ ഒരാൾ പോലും അടുത്ത കാലത്തൊന്നും രക്ഷപെടില്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിക്കഴിഞ്ഞു. അടൂർ പ്രകാശിനു വേണ്ടി സോണിയഗാന്ധിക്ക് കത്ത് നൽകാനും കോന്നിയിൽ സ്വീകരിക്കാനും ആന്റോ ആന്റണി മുന്നിലായിരുന്നു. പൂഞ്ഞാറിനു പകരം റാന്നി കൊടുത്ത് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം
മാത്രം ഇപ്രാവശ്യം വിജയിച്ചില്ലെന്ന് നേതാക്കൾ പേര് വയ്ക്കാതെ പത്രം ഓഫീസിലേക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP