Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് ബഹളത്തിനിടയിലും സമയക്രമം തെറ്റാതെ കൃത്യത കാത്തു പിണറായി; സമയം തെറ്റമോ എന്നു ഭയന്ന് മുൻകരുതലെടുത്ത് സ്ഥാനാർത്ഥികൾ; മനസിനുള്ളിൽ സൂക്ഷിച്ച പ്രോംപ്ടറിൽ നിന്നും കൃത്യമായി പുറത്തേക്ക് വരുന്ന കുറിക്കു കൊള്ളുന്ന അളന്നതൂക്കിയുള്ള വാക്കുകൾ; വഴിതെറ്റിയാലും നിർത്തിയിടത്തു തെറ്റാതെ മടങ്ങി ചെല്ലുന്ന സൂക്ഷ്മത; ഒറ്റ തെരഞ്ഞെടുപ്പിന്റെ അകലത്തിനിടയിൽ വിഎസിനെ അപ്രസക്തനാക്കി പിണറായി ഇടതിന്റെ സ്റ്റാർ കാമ്പയിനറായത് ഇങ്ങനെ

തെരഞ്ഞെടുപ്പ് ബഹളത്തിനിടയിലും സമയക്രമം തെറ്റാതെ കൃത്യത കാത്തു പിണറായി; സമയം തെറ്റമോ എന്നു ഭയന്ന് മുൻകരുതലെടുത്ത് സ്ഥാനാർത്ഥികൾ; മനസിനുള്ളിൽ സൂക്ഷിച്ച പ്രോംപ്ടറിൽ നിന്നും കൃത്യമായി പുറത്തേക്ക് വരുന്ന കുറിക്കു കൊള്ളുന്ന അളന്നതൂക്കിയുള്ള വാക്കുകൾ; വഴിതെറ്റിയാലും നിർത്തിയിടത്തു തെറ്റാതെ മടങ്ങി ചെല്ലുന്ന സൂക്ഷ്മത; ഒറ്റ തെരഞ്ഞെടുപ്പിന്റെ അകലത്തിനിടയിൽ വിഎസിനെ അപ്രസക്തനാക്കി പിണറായി ഇടതിന്റെ സ്റ്റാർ കാമ്പയിനറായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തെരഞ്ഞെടുപ്പു കാലത്ത് പ്രളയം ചർച്ചയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് ഇടതു നേതാക്കൾ പറയുന്നത്. എന്നാൽ, സിപിഎമ്മിലെ മറ്റേത് നേതാവ് പറഞ്ഞാലും അത് വേണ്ടവിധത്തിൽ ഏശില്ല. അവിടേക്കാണ് രാഷ്ട്രീയമായ മറുപടി പറയാൻ തന്നെ പിണറായി വിജയൻ എത്തുന്നത്. പ്രളയ സമയത്തു നിയമസഭയിലും പുറത്തും ഈ വാദം ഉന്നയിച്ചവർക്കു മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ വാദം പൊടിതട്ടിയെടുക്കുകയാണ്. പതിനായിരങ്ങളെ സാക്ഷി നിർത്തിയുള്ള പാലക്കാട്ടെ പൊതുയോഗത്തിൽ പിണറായി അളന്നു മുറിച്ചു തന്നെ മറുപടി നൽകി. കേരളം നേരിട്ട പ്രളയം മനുഷ്യ സൃഷ്ടിയെന്നു വാദിക്കുന്നതു മാനസിക രോഗമുള്ള ചിലരാണെന്ന കുറിക്കു കൊള്ളുന്ന വാക്കുകളായിരുന്നു മുഖ്യമന്ത്രിയുടെത്.

ഒരു തുണ്ട് കടലാസ് പോലുമില്ലാതെ, മനസിനെ പ്രോംപ്ടറാക്കി ഓരോ കാര്യങ്ങൾ മുഖ്യമന്ത്രി അക്കമിട്ടു നിരത്തുകയാണ്. കയ്യടിക്കേണ്ടിടത്ത് മാസായി തന്നെ പിണറായിയുടെ ഡയലോഗ് ഡെലിവറി. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി അക്കമിട്ടു നിരത്തിക്കൊണ്ടു തന്നെ. ദേശീയ ജലവിഭവ കമ്മിഷൻ, മദ്രാസ് ഐഐടി, ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച വിദഗ്ദ്ധർ എന്നിവരൊക്കെ പ്രളയ കാരണം പ്രകൃതി ദുരന്തമെന്നു കണ്ടെത്തിയിട്ടുണ്ട്. പലതരം പാരകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊന്നും നവകേരള സൃഷ്ടിയെ തകർക്കാനാകില്ല. ബിജെപിയെ പരാജയപ്പെടുത്താനാണു രാജ്യത്തെ ഇടതുപക്ഷം പ്രാമുഖ്യം നൽകുന്നത്. ബദൽ നയത്തോടുകൂടിയ മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തണം. അതിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിപ്പിക്കണം.

കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളിൽ ഒരു വ്യത്യാസവുമില്ല. ഇന്ത്യയിൽ ഇന്ന് ബദൽ നയത്തിന്റെ ഗുണങ്ങൾ എടുത്തു കാണിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയിൽ ഒന്നാമതായിരുന്ന കേരളം ഇന്ന് രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ നാടായി മാറി. നടക്കിലെന്നു കരുതിയ പല പദ്ധതികളും തുടങ്ങാനായി. പൊതുവിദ്യാഭ്യാസ മേഖലയിൽ 3.41 ലക്ഷം കുട്ടികൾ വർധിച്ചു. ഇതാണു ബദൽ നയത്തിന്റെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. - ഇതാണ് പിണറായി വിജയന്റെ സ്റ്റൈൽ. ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെ പറയും. ചുരുക്കത്തിൽ വി എസ് അച്യുതാനന്ദൻ നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പു വേദികളിൽ സ്റ്റാർ കാമ്പയിനറാണ് ഇപ്പോൾ പിണറായി വിജയൻ.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലം വരെ കണ്ണേ കരളേ വി എസ്സേ.. എന്നു തുടങ്ങിയിരുന്ന മുദ്രാവാക്യം ഇപ്പോൾ മാറിയിരിക്കുന്നു. കണ്ണേ കരളേ പിണറായി.. കേരള ക്യാപ്ടൻ പിണറായി.. എന്ന നിലയിലേക്ക് ഈ മുദ്രാവാക്യം മാറിയിട്ടുണ്ട്. പിണറായിയുടെ പ്രസംഗ വേദികളിൽ സർക്കാർ പരിപാടികളുടെ പ്രോട്ടോകോൾ പോലെയാണ് കാര്യങ്ങൾ. കൃത്യം സമയത്ത് അദ്ദേഹം എത്തും. സ്ഥാനാർത്ഥികളും ഇതോടെ സമയക്രമം പാലിക്കാൻ തയ്യാറായിരിക്കണം. അണികളെ കൂട്ടുന്ന കാര്യങ്ങളിൽ അടക്കം പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കും. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഹരിപ്പാട്ടെ വേദിയിലേക്കു പിണറായി വിജയൻ എത്തിയപ്പോൾ സമയം 4.07. കൃത്യതയുടെ കാര്യത്തിൽ പേരുകേട്ട പിണറായി വൈകിയത് ഏഴു മിനിട്ട് മാത്രമായിരുന്നു.

മണ്ഡലത്തിലെ അവസാന വേദിയായ ചേർത്തല മതിലകത്ത് എത്തുമ്പോൾ സമയം നിശ്ചയിച്ചതിനെക്കാൾ 45 മിനിട്ട് വൈകി. സമയം വൈകുമ്പോൾ പതിവുള്ളതുപോലെ പ്രസംഗം കുറുക്കും പിണറായി. പ്രസംഗിക്കുമ്പോൾ പിണറായിയുടെ മനസ്സിലൊരു ടെലിപ്രോംപ്റ്റർ സ്വയമേ പ്രവർത്തിക്കും. പറയേണ്ട കാര്യങ്ങൾ മാത്രമേ അതിലുണ്ടാകൂ. സന്ദർഭത്തിനനുസരിച്ച് പ്രസംഗം വഴിതെറ്റിയാലും മുൻപു നിർത്തിയ സ്ഥാനത്തു തിരിച്ചെത്തിക്കുന്നത് ഈ സംവിധാനമാണ്. ഇന്നലെ മണ്ഡലത്തിലെ മൂന്നു വേദികളിലായി പിണറായി പറഞ്ഞത് ഒരേ കാര്യങ്ങൾ.

സന്ദർഭോചിതമായ ചില കൂട്ടിച്ചേർക്കലുകൾ, ചില വെട്ടിമാറ്റലുകൾ. 'രാജ്യത്തിന്റെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഐക്യത്തെയും തകർക്കാൻ രാജ്യം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നു. ഈ സർക്കാർ 5 വർഷം കൂടി അധികാരത്തിലിരുന്നാൽ രാജ്യത്തിന്റെ നിലനിൽപ് അപകടത്തിലാകും...' എന്നു ബിജെപിയിൽ തുടങ്ങി കോൺഗ്രസിനെ കണക്കിനു പ്രഹരിച്ച് പ്രസംഗം മുന്നോട്ട്. കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും യുപിയിലെയും ഗോവയിലെയും ത്രിപുരയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വ്യക്തമാക്കി, ഇടതുപക്ഷത്തിനു വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച് പ്രസംഗം അവസാനിപ്പിക്കും.

പരമാവധി 45 മിനിട്ട് മാത്രം നീണ്ട പ്രസംഗങ്ങൾ. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണു രണ്ടു തുള്ളി മഴപൊടിഞ്ഞത്. മഴ നല്ലതാണെന്നു പിണറായി. എങ്കിലും സദസ്സിലിരിക്കുന്നവർ നനയുമെന്നോർത്തു പ്രസംഗം നിർത്തുകയാണെന്നു പറഞ്ഞ് പിണറായി പിരിഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ പിണറായി വിജയൻ എത്തുമ്പോൾ നൂറു കൈകളിൽ സ്മാർട് ഫോൺ ക്യാമറകൾ മിഴി തുറക്കും. ഫോണിനെക്കാൾ സ്മാർട്ടായി പിണറായി തിരക്കിനിടയിലൂടെ നടക്കും.

തെരഞ്ഞെടുപ്പ് വേദിയിൽ പിണറായി ഇപ്പോൾ ക്യാപ്ടനാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നിയമസഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകന്റെ റോളിൽ വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് പ്രായാധിക്യം കൊണ്ട് അദ്ദേഹത്തിന് പ്രചരണത്തിൽ സജീവമാകാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പിണറായി വിജയനാണ് മുഖ്യപ്രചാരകന്റെ റോളിലെത്തുന്നു.

എന്തായാലും സൈബർ ലോകത്ത് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിളിപ്പേര് 'ക്യാപ്ടൻ' എന്നാണ്. ഇത് സൈബർ ലോകത്തിൽ ഹാഷ് ടാഗിട്ട് പ്രചരണിച്ചു തുടങ്ങിയിട്ടുണ്ട് സൈബർ സഖാക്കൾ. കുറച്ചു കാലം മുമ്പ് പിണറായി വിജയനെ ഇരട്ടച്ചങ്കൻ എന്നു പറഞ്ഞു കൊണ്ടാണ് രംഗത്തുവന്നത്. ഇതിന് പകരമാണ് പ്രളയകാലത്തെ രക്ഷകനായ പിണറായിയെ ക്യാപ്ടൻ ആക്കി അവതരിപ്പിക്കുന്നത്.

കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് ലോകത്തിന് മാതൃകയായത് സംസ്ഥാനത്തിന്റെ ഒരുമയെ ആയിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് നിന്ന് പ്രളയത്തെ നേരിട്ടപ്പോൾ ജാതിമത പരിഗണകൾ മറന്ന് നാട്ടുകാരും ഒറ്റക്കെട്ടായി നിന്നു. ലോകം മുഴുവൻ ഈ ഒരുമയെ പ്രശംസിച്ചു. പിന്നീട് ഈ ഒരുമ നഷ്ടമായി രാഷ്ട്രീയത്തിന്റെ വഴിയിൽ കേരളം നീങ്ങിയെന്നത് വാസ്തവമായിരുന്നു. അന്ന് ഒരു വാർത്താസമ്മേളനത്തിൽ 'എന്നാൽ എല്ലാവരും കൂടെ ഒരുമിച്ചങ്ങ് ഇറങ്ങുകയല്ലേ..' എന്ന പിണറായി പറയുകയുണ്ടായി. ഈ പ്രളയകാലത്തെ നായകനായ മുഖ്യമന്ത്രിയെയാണ് ക്യാപ്ടൻ അറൈവ്സ് എന്ന ഹാഷ് ടാഗിൽ പ്രചരിപ്പിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP