Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞതിന് അല്ല നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവരെ; 144 പ്രഖ്യാപിച്ചത് മോദി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്; ശബരിമലയിൽ എന്ത് ചെയ്യണമെന്ന് മോദി പഠിപ്പിക്കേണ്ടതില്ല; കേരളത്തിൽ വന്ന് മിണ്ടാതെ മറ്റ് സ്ഥലങ്ങളിൽ പോയി ശബരിമലയെന്ന് പറഞ്ഞ് പരത്തുന്നത് മുഴുവൻ തെറ്റിദ്ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞതിന് അല്ല നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവരെ; 144 പ്രഖ്യാപിച്ചത് മോദി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്; ശബരിമലയിൽ എന്ത് ചെയ്യണമെന്ന് മോദി പഠിപ്പിക്കേണ്ടതില്ല; കേരളത്തിൽ വന്ന് മിണ്ടാതെ മറ്റ് സ്ഥലങ്ങളിൽ പോയി ശബരിമലയെന്ന് പറഞ്ഞ് പരത്തുന്നത് മുഴുവൻ തെറ്റിദ്ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇടത് ക്യാമ്പിലെ താരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ശബരിമല സംബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മോദി തെരഞ്ഞെടു്പപ് കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണ് എന്നും പിണറായി കുറ്റപ്പെടുത്തി

അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണ്. ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും

ശബരിമലയിലേക്ക് ഉള്ള കാണിക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി തുറന്നടിച്ചു. എന്നിട്ട് ഇപ്പോൾ കേരളത്തിലെ മോദിയുടെ അനുയായികൾ തന്നെ 144 പ്രഖ്യാപിച്ചതിന് എതിരെ രംഗത്ത് വരുന്നുവെന്നും പിണറായി പരിഹസിച്ചു.

ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയൻ പറഞ്ഞു. തിരുസന്നിധിയിൽ വരെ അക്രമികളെത്തി. പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിർത്താൻ പൊലീസ് പാടുപെട്ടു. കൂടുതൽ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശബരിമല വിഷയം പരസ്യമായി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്നായിരുന്നു തേനിയിലെ രാമാനാഥപുരത്ത് മോദിയുടെ പരാമർശം. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയിൽ ശബരിമല എന്ന വാക്ക് എടുത്തു പറയാതെ പ്രസംഗിച്ച മോദി സംസ്ഥാനത്തിന് പുറത്ത് ശബരിമലയെച്ചൊല്ലി പ്രചാരണം കടുപ്പിക്കുകയാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തെരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞു. കേരളത്തിനകത്ത് ശബരിമലയെച്ചൊല്ലി പ്രചാരണം നടത്തരുതെന്ന് വിലക്കുള്ളതിനാൽ കേരള - തമിഴ്‌നാട് അതിർത്തിയായ തേനിയിലാണ് മോദിയുടെ പരാമർശം.

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ കോഴിക്കോട്ടെ 'വിജയ് സങ്കൽപ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കിയെന്നുമാണ് ഇന്നലെ മോദി ആരോപിച്ചത്.

'ശബരിമല' എന്ന വാക്ക് ഉന്നയിച്ചില്ലെങ്കിലും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് മോദി ആവർത്തിച്ചു. അതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന പ്രകാരം വിശ്വാസസംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് മോദി പറഞ്ഞത്. ശബരിമലയുടെ പേരിലും അയ്യപ്പന്റെയും മറ്റ് ദൈവങ്ങളുടെയും പേരിലും വോട്ട് തേടിയാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നതാണ്.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടുന്ന സീറ്റുകളുടെ എണ്ണം നിർണായകമാകുമെന്ന സാഹചര്യത്തിൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും. ആദ്യഘട്ട വോട്ടെടുപ്പിൽ വലിയ ബിജെപി തരംഗമുണ്ടായിട്ടില്ല എന്ന് തന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. രണ്ടാം ഘട്ടമായി ഏപ്രിൽ 18-ന് തമിഴ്‌നാടും കർണാടകയും പോളിങ് ബൂത്തിലേക്ക് പോകുന്ന സാഹചര്യത്തിൽക്കൂടിയാണ് ഇരുവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP