Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം ലോക്‌സഭ സീറ്റിൽ തട്ടി മാണി വിഭാഗം പിളർപ്പിലേക്കോ? രണ്ടാം സീറ്റ് എന്ന മോഹം നടപ്പിലായില്ലെങ്കിൽ കോട്ടയത്ത് നേരിട്ട് മത്സരത്തിനിറങ്ങി മകനെ തൊടുപുഴ എംഎൽഎ ആക്കാൻ നീക്കവുമായി പിജെ ജോസഫ്; രണ്ടാം സീറ്റ് കിട്ടിയില്ലെങ്കിൽ സ്ഥാനാർത്ഥിയെന്ന് സ്വയം പ്രഖ്യാപിച്ച് ആദ്യ റൗണ്ട് പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്; മാധ്യമസ്ഥാപനങ്ങളിലും അരമനയിലും നേരിട്ടെത്തി സഹായമഭ്യർഥിച്ചത് മാണിയെ പോലും കടത്തിവെട്ടി

കോട്ടയം ലോക്‌സഭ സീറ്റിൽ തട്ടി മാണി വിഭാഗം പിളർപ്പിലേക്കോ? രണ്ടാം സീറ്റ് എന്ന മോഹം നടപ്പിലായില്ലെങ്കിൽ കോട്ടയത്ത് നേരിട്ട് മത്സരത്തിനിറങ്ങി മകനെ തൊടുപുഴ എംഎൽഎ ആക്കാൻ നീക്കവുമായി പിജെ ജോസഫ്; രണ്ടാം സീറ്റ് കിട്ടിയില്ലെങ്കിൽ സ്ഥാനാർത്ഥിയെന്ന് സ്വയം പ്രഖ്യാപിച്ച് ആദ്യ റൗണ്ട് പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്; മാധ്യമസ്ഥാപനങ്ങളിലും അരമനയിലും നേരിട്ടെത്തി സഹായമഭ്യർഥിച്ചത് മാണിയെ പോലും കടത്തിവെട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിറ്റിങ് എംപി ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതും കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മാണി കോൺഗ്രസ് തന്നെ മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെ തുടങ്ങിയതാണ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങൾ. ജോസ് കെ മാണി പോയ ഒഴിവിൽ വിശ്വസ്തരെ ആരെയെങ്കിലും തന്നെ പകരം മത്സരിപ്പിക്കണം എന്നാണ് മാണി വിഭാഗം ആഗ്രഹിക്കുന്നത്. സ്റ്റീഫൻ ജോർജ്, തോമസ് ചാഴിക്കാടൻ എന്നിവരുടെ പേരുകളാണ് സജീവമായി തന്നെ പരിഗണിക്കപ്പെടുന്നത്. എന്നാൽ രണ്ട് സീറ്റ് പാർട്ടിക്ക് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പിജെ ജോസഫ്. ഇപ്പോഴിത പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ഒറ്റ സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കിൽ മത്സരിക്കുക താനായിരിക്കും എന്ന സൂചന നൽകുകയാണ് പിജെ ജോസഫ്.

കേരളാ കോൺഗ്രസിന് ലഭിക്കുന്ന ലോക്‌സഭാ സീറ്റിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന സൂചന നൽകി പിജെ ജോസഫ് ഇന്ന് കോട്ടയത്തെ മാധ്യമ ഓഫീസുകളിലും അരമനകളിലും സന്ദർശനം നടത്തിയിരിക്കുകയാണ്.പാർട്ടി 2 സീറ്റുകൾ ആവശ്യപെട്ടത് അംഗീകരിച്ചാൽ രണ്ടാം സീറ്റിൽ താൻ മത്സരിക്കുമെന്നും ഏക സീറ്റായി കോട്ടയം മാത്രമാണ് ലഭിക്കുന്നതെങ്കിലും താനായിരിക്കും സ്ഥാനാർത്ഥിയെന്നും സൂചന നൽകിയാണ് ജോസഫ് കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയത്.

സൗഹൃദ സന്ദർശനം എന്ന പേരിൽ നടത്തിയ സന്ദർശനത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാൽ സഹായം അഭ്യർത്ഥിച്ചാണ് ജോസഫ് മടങ്ങിയത്. കോട്ടയം രൂപതാ ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി. പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനു കേരളാ കോൺഗ്രസിൽ പിന്തുണ കൂടിവരുന്നുമുണ്ട് എന്നാണ് സൂചന.സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി പിളരുമെന്നും മുന്നണി വിടുമെന്നുമുൾപ്പടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകുമെന്നും ജോസഫ് വിഭാഗം സൂചന നൽകിയിരുന്നു. രണ്ടാമത് ഒരു സീറ്റ് കൂടി ലഭിച്ചാൽ അത് ജോസഫിന് നൽകുന്നതിൽ മാണിക്കും വിയോജിപ്പില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് അവകാശപ്പെട്ട ഒരു രാജ്യസസഭ സീറ്റും കോ്ട്ടയം മണ്ഡലവും നൽകിയ കോൺഗ്രസിനോട് ഒരു സീറ്റ് അധികം ചോദിക്കാൻ മാണിക്ക് താൽപര്യമില്ല.

മാത്രമല്ല പാർട്ടിക്ക് 2 സീറ്റ് ലഭിച്ചാലും സിറ്റിങ് എംഎൽഎമാർ മത്സരിക്കേണ്ട സാഹചര്യം നിലവിൽ പാർട്ടിയിൽ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാണി എന്ത് നിലപാട് എടുത്താലും താൻ പിന്നോട്ടില്ലെന്ന സൂചനയാണ് ഇന്നത്തെ നീക്കത്തിലൂടെ ജോസഫ് നടത്തിയിരിക്കുന്നത് . ജോസഫിന്റെ നീക്കങ്ങൾക്ക് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട് എന്നാണ് വിവരം.കേരളാ കോൺഗ്രസിന് 2 സീറ്റുകൾ അനുവധിക്കുന്നതിലെ ബുദ്ധിമുട്ട് കോൺഗ്രസ് നേതാക്കൾ മാണിയെയും ജോസഫിനെയും അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കോട്ടയം മാത്രമായിരിക്കും അനുവധിക്കുകയെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കോട്ടയത്ത് താൻ തന്നെ മത്സരിക്കുമെന്ന നിലപാടാണ് ജോസഫ് സ്വീകരിച്ചിരിക്കുന്നത്.

ഇടുക്കി സീറ്റ് കൂടി ചോദിച്ച് വാങ്ങണം എന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. മകന് വേണ്ടിയാണ് ജോസഫിന്റെ ഈ നീക്കം. സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തന്നെ കോട്ടയത്ത് മത്സരിക്കുമെന്നും അതിലൂടെ ഒഴിവ് വരുന്ന തൊടുപുഴ നിയമസഭ മമ്ഡലത്തിലേക്ക് മകനെ രംഗത്തിറക്കാമെന്നുമാണ് ജോസഫ് കണക്ക് കൂട്ടുന്നത്. ജോസഫ് വിഭാഗം നേതാവും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫിന് സീറ്റ് നൽകി പ്രശ്‌നം പരിഹരിക്കാനും അതിലൂടെ കടുത്തുരുത്തിയിൽ മകനെ എംഎൽെ ആക്കാമെന്ന ചിന്തയും ജോസഫിനുണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP