Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് ഗോദായിലേക്ക്; വിഷുവും ഈസ്റ്ററും കഴിയുന്നത് വരെ കാത്തിരിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ റെഡി; തിരഞ്ഞെടുപ്പ് ചെലവ് അൽപം കൂടിയാലും പ്രചാരണത്തിന് കൂടുതൽ സമയം; ഏപ്രിൽ 15 നകമാണ് തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നതെന്നും രണ്ടാഴ്ച നീണ്ടതിൽ പ്രശ്‌നമില്ലെന്നും കെ.എൻ.ബാലഗോപാൽ; മൂന്നാം ഘട്ടമായതുകൊണ്ട് ഫലമറിയാൻ കാത്തിരിപ്പ് കുറയുമല്ലോയെന്ന് കെ.മുരളീധരൻ; തിരഞ്ഞെടുപ്പ് നീണ്ടുപോയെന്ന് കരുതുന്നില്ലെന്ന് ബി.രാധാകൃഷ്ണ മേനോനും മറുനാടനോട്

ഇനി അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് ഗോദായിലേക്ക്; വിഷുവും ഈസ്റ്ററും കഴിയുന്നത് വരെ കാത്തിരിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ റെഡി; തിരഞ്ഞെടുപ്പ് ചെലവ് അൽപം കൂടിയാലും പ്രചാരണത്തിന് കൂടുതൽ സമയം; ഏപ്രിൽ 15 നകമാണ് തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നതെന്നും രണ്ടാഴ്ച നീണ്ടതിൽ പ്രശ്‌നമില്ലെന്നും കെ.എൻ.ബാലഗോപാൽ; മൂന്നാം ഘട്ടമായതുകൊണ്ട് ഫലമറിയാൻ കാത്തിരിപ്പ് കുറയുമല്ലോയെന്ന് കെ.മുരളീധരൻ; തിരഞ്ഞെടുപ്പ് നീണ്ടുപോയെന്ന് കരുതുന്നില്ലെന്ന് ബി.രാധാകൃഷ്ണ മേനോനും മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. ഇനി ഒന്നും പഴയതുപോലെയല്ല. പെരുമാറ്റ ചട്ടം വന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം കേരളത്തിന് കുറിച്ച ഡേറ്റ് ഏപ്രിൽ 23 നാണ്. ഏകദേശം ഒന്നരമാസത്തോളം സമയമാണ് രാഷ്ട്രീയ കക്ഷികൾക്ക് പ്രചാരണത്തിന് കൈവന്നിരിക്കുന്നത്. രണ്ടുരീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ ഇതിനെ കാണുന്നത്. ഒന്ന് പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കുമ്പോൾ ഫലമറിയാനുള്ള കാലതാമസം കുറയും. അതേസമയം, ചെങ്ങന്നൂരിലും മറ്റും സംഭവിച്ചത് പോലെ നീണ്ട പ്രചാരണം തിരഞ്ഞെടുപ്പ് ചെലവുകൂട്ടാനും, സ്ഥാനാർത്ഥികളും പ്രവർത്തകരും തളരാനും സാധ്യതയുണ്ട്. കേരളത്തിൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു മിക്ക രാഷ്ട്രീയ കക്ഷികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മൂന്നാം ഘട്ടമായപ്പോൾ അത് വലിയ കുഴപ്പമായെന്നൊന്നും അവർ കരുതുന്നില്ല. പ്രചാരണത്തിന് കൂടുതൽ സമയം കിട്ടും. വോട്ടർമാരിലേക്ക് കൂടുതൽ കാര്യങ്ങൾ എത്തിക്കാൻ കഴിയും. ഭരണകക്ഷികൾക്ക് അവരുടെ വികസനനേട്ടങ്ങൾ എത്തിക്കാനും, പ്രതിപക്ഷത്തിന് വിമർശനങ്ങൾക്ക് മൂർച്ച കൂട്ടാനും സമയം കിട്ടും.

സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് സിപിഎമ്മും എൽഡിഎഫും മുൻകൈ നേടിക്കഴിഞ്ഞു. ഇനി അത് നിലനിർത്താനുള്ള പെടാപ്പാടാണ്. ഏപ്രിൽ 15 നകമാണ് സിപിഎം തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, കൊല്ലത്തെ സ്ഥാനാർത്ഥിയുമായ കെ.എൻ.ബാലഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ, അത് രണ്ടാഴ്ച വൈകിയതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് സ്ഥാനാർത്ഥി പട്ടിക ആകാത്തതിന്റെ ആശങ്കയൊന്നും സംസ്ഥാന പ്രചാരണ സമിതി അദ്ധ്യക്ഷനായ കെ.മുരളീധരനില്ല. എപ്പോൾ വന്നാലും തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും, രണ്ടുദിവസത്തിനകം സ്ഥാനാർത്ഥി പട്ടികയൊക്കെ റെഡിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാകട്ടെ മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കൂടുതൽ സമയം കിട്ടിയെന്നാണ് അഭിപ്രായം. സുസ്സജ്ജമായ സംഘടനാസംവിധാനത്തിന്റെ പിൻബലത്തിൽ, കാര്യക്ഷമമായ പ്രവർത്തനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്, ബിജെപിയുടെ മുതിർന്ന് നേതാവ് ബി.രാധാകൃഷ്ണ മേനോൻ പ്രതികരിച്ചു.

പ്രതികരണങ്ങളിലേക്ക്:

കെ.മുരളീധരൻ( കോൺഗ്രസ്)

നമുക്ക് കുഴപ്പമൊന്നുമില്ല. എപ്പോൾ വന്നാലും തിരഞ്ഞെടുപ്പിനെ നേരിടണ്ടേ? ഏഴുഘട്ടമായി നടത്തുന്നതിൽ നമുക്ക് മൂന്നാംഘട്ടം. പിന്നെ അധികം വെയ്റ്റ് ചെയ്യേണ്ട. മറ്റേത് നാൽപത്തിയൊന്ന് ദിവസം വെയ്റ്റ് ചെയ്യണം. ഇതാകുമ്പോൾ 30 ദിവസം വെയ്റ്റ് ചെയ്താൽ മതി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളൊക്കെ പൂർത്തിയായിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയൊക്കെ രണ്ടുദിവസത്തിനകം തയ്യാറാകും. അതുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ കോൺഗ്രസിന് പ്രശ്‌നമൊന്നുമില്ല, പാർട്ടി പ്രചാരണ സമിതി അദ്ധ്യക്ഷനായ കെ.മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബി.രാധാകൃഷ്ണ മേനോൻ-മുതിർന്ന ബിജെപി നേതാവ്

തിരഞ്ഞെടുപ്പ് വല്ലാതെ നീണ്ടുപോയതായി ബിജെപി കരുതുന്നില്ല. പ്രചാരണത്തിനും മറ്റും കൂടുതൽ സമയം കിട്ടുകയാണല്ലോ. കഴിഞ്ഞ അഞ്ചു വർഷത്തെ ബിജെപിയുടെ ഭരണനേട്ടങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കാനുള്ള അവസരമായാണ് കരുതുന്നത്. നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയെങ്കിലും, തിരഞ്ഞെടുപ്പ് മൂഡിലേക്ക് എല്ലാ പ്രവർത്തകരും എത്തുക ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ്. തയ്യാറെടുപ്പുകളുടെ പിൻബലത്തിൽ ശക്തമായ പ്രവർത്തനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇതുഗുണകരമാണ്. നേരിടാൻ സുസ്സജ്ജമാണ്. ബൂത്ത് തലത്തിൽ പേജ് പ്രമുഖരെയടക്കം നിയോഗിച്ച് സംഘടനാ സംവിധാനം സുസ്സജ്ജമായിക്കഴിഞ്ഞു. മതിയായ സമയം കിട്ടുന്നതുകൊണ്ട് ജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താനും നേട്ടങ്ങൾ എത്തിക്കാനും കഴിയും, ബിജെപി നേതാവ്, ബി.രാധാകൃഷ്ണ മേനോൻ പറഞ്ഞു.

കെ.എൻ.ബാലഗോപാൽ(സിപിഎം)

നീണ്ടുപോയെന്ന് കരുതുന്നില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ടാഴ്ചയിലധികം നീണ്ടു. എന്നാൽ, അത് വലിയ ദൈർഘ്യമായി തോന്നുന്നില്ല. വർക്ക് ചെയ്യാൻ കൂടുതൽ സൗകര്യമായി. സിപിഎം തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നത് ഏപ്രിൽ 15 നകമാണ്. എന്നാൽ, 23 ആയതുകൊണ്ട കുഴപ്പമൊന്നുമില്ല. കൂടുതൽ നന്നായി പ്രവർത്തിക്കാൻ സാധിക്കും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു.

വിഷു, ഈസ്റ്റർ എന്നിവ കഴിഞ്ഞ് നോമ്പുകാലത്തിനു മുൻപായി വോട്ടെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഉത്സവകാലങ്ങളും പരീക്ഷയുമൊക്കെ തങ്ങൾ പരിഗണിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 28ന് ആയിരിക്കും കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഏപ്രിൽ നാലുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടാം തീയതി പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏതായാലും പൊരിഞ്ഞ ചൂടുകാലത്ത് തന്നെയാണ് തിരഞ്ഞെടുപ്പ്. ഇത്രയും നാൾ കാത്തിരുന്നു.രണ്ടാഴ്ച മാത്രമാണ് അധികം കാത്തിരിക്കേണ്ടി വന്നത്. മുപ്പ്ത ദിവസം കൊണ്ട് ഫലം അറിയാമല്ലോ, അതാണ് ആശ്വാസം. ഇനി കച്ചമുറുക്കി തിരഞ്ഞെടുപ്പ് ഗോദായിലേക്ക്, അതാണ് രാഷ്ട്രീയ പാർട്ടികളുടെ മാസ് ഡയലോഗ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP