Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുസർക്കാരിനെയും പിണറായിയെയും പുകഴ്‌ത്താനോ രാഹുലിന്റെ പരിപാടിയെന്ന് ശങ്കിച്ച് നെഞ്ചിടിപ്പോടെ കോൺഗ്രസ് പ്രവർത്തകർ; വയനാട്ടിൽ വാഗ്ദാനം നൽകിയത് പോലെ ഇടതിനെ പാട്ടിന് വിട്ട് ആർഎസ്എസിനും ബിജെപിക്കുമെതിരെ വടിയെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ; ആർഎസ്എസ് ഈ രാജ്യത്തോട് ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല; കേരളത്തിലെ മുഖ്യ എതിരാളി ആർഎസ്എസ് തന്നെയെന്നും രാഹുൽ; ബിജെപിയുടെ മുഖ്യപ്രചാരണായുധം ശബരിമല തന്നെയെന്ന് പ്രഖ്യാപിച്ച് അമിത്ഷായുടെ റാലിയും

ഇടതുസർക്കാരിനെയും പിണറായിയെയും പുകഴ്‌ത്താനോ രാഹുലിന്റെ പരിപാടിയെന്ന് ശങ്കിച്ച് നെഞ്ചിടിപ്പോടെ കോൺഗ്രസ് പ്രവർത്തകർ; വയനാട്ടിൽ വാഗ്ദാനം നൽകിയത് പോലെ ഇടതിനെ പാട്ടിന് വിട്ട് ആർഎസ്എസിനും ബിജെപിക്കുമെതിരെ വടിയെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ; ആർഎസ്എസ് ഈ രാജ്യത്തോട് ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല; കേരളത്തിലെ മുഖ്യ എതിരാളി ആർഎസ്എസ് തന്നെയെന്നും രാഹുൽ; ബിജെപിയുടെ മുഖ്യപ്രചാരണായുധം ശബരിമല തന്നെയെന്ന് പ്രഖ്യാപിച്ച് അമിത്ഷായുടെ റാലിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷത്തെ അനുകൂലിച്ചും, ആർഎസ്എസിനെ കടന്നാക്രമിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആദ്യദിവസത്തെ കേരള പര്യടനം. ഇടതുപക്ഷത്തിനെതിരെ താൻ ഒന്നും പറയില്ലെന്ന വാക്കുപാലിച്ചുകൊണ്ടാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. ആർഎസ്എസിനെ രൂക്ഷമായി വിമർശിക്കാനാണ് തന്റെ റാലികളില്ലെല്ലാം ശ്രദ്ധ വച്ചത്. വയനാട് പത്രിക നൽകാൻ വന്നപ്പോൾ ഇടതുപക്ഷത്തോടു പ്രഖ്യാപിച്ച മൃദുസമീപനം തുടരുകയാണെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു. ഇടതുപക്ഷമോ സിപിഎമ്മോ അല്ല ആർഎസ്എസിന്റെ രാഷ്ട്രീയമാണ് തങ്ങൾക്ക് അനഭിമതം എന്ന് പറഞ്ഞതിലൂടെ കേരളത്തിലെ നേതാക്കൾക്ക് ചങ്കിടിപ്പ് കൂട്ടുകയും ചെയതു.

'ആർഎസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്നു രാഹുൽ ഗാന്ധി. ഭരണഘടനാസ്ഥാപനം തകർക്കുകയാണ് ആർഎസ്എസ് ചെയ്തത്. ഇടതുപക്ഷം അങ്ങനെ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് നേരിടും. കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും പ്രസംഗത്തിൽ രാഹുൽ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമർത്തുകയാണ് ആർ.എസ്.എസും ബിജെപിയെന്നും രാഹുൽ പറഞ്ഞിരുന്നു.

ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോൺഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകർക്കുകയാണ് സംഘപരിവാർ.ആർഎസ്എസും ഇടത്പക്ഷവും ഒരു പോലെയല്ല. കേരളത്തിലെ പ്രധാന എതിരാളി ഇടത് പക്ഷമാണ് എന്നത് ശരിതന്നെ. എന്നാൽ മുഖ്യ എതിരാളി ആർഎസ്എസാണ്. ഇടത് പക്ഷം ഒരിക്കലും ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിട്ടില്ല. ആർഎസ്എസ് ഈ രാജ്യത്തോട് ചെയ്തത് ഇടത് പക്ഷം ചെയ്തിട്ടില്ല രാഹുൽ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതം എന്നു ബിജെപി പറയുന്നതു പോലെ ബിജെപി മുക്ത ഭാരതം എന്ന് ഒരു കോൺഗ്രസുകാരനും പറയില്ല. ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമ്പോൾ അത് സ്‌നേഹത്തോടെയും കരുതലോടെയുമാകും. എല്ലാ മതസ്ഥർക്കും അവരവരുടെ ആചാരങ്ങളിൽ ഉറച്ചു നിൽക്കാനുള്ള അവകാശമുണ്ട്. സമാധാനത്തോടെ പരിപാലിക്കുന്ന ആചാരങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ പറഞ്ഞു.

ന്യായ് പദ്ധതിക്ക് അംബാനിയെപ്പോലുള്ളവരിൽ നിന്ന് പണം കണ്ടെത്തും. മധ്യവർഗത്തിന്റെ പണം പിടിച്ചുവാങ്ങുമെന്ന മോദിയുടെ ആരോപണം കളവാണെന്നും രാഹുൽ വ്യക്തമാക്കി. ശബരിമല പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കിയ രാഹുൽ വയനാട്ടിലെ തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കാരണവും വെളിപ്പെടുത്തി. നാളെയാണ് അദ്ദേഹം തന്റെ മണ്ഡലമായ വയനാട്ടിൽ എത്തുക. ഇതിനോടകം നിരവധി നേതാക്കൾ രാഹുലിനായി മണ്ഡലത്തിലെത്തി പ്രചരണത്തിന് നേതൃത്വം നൽകുന്നുണ്ട്.ഇന്ന് മാവേലിക്കര,പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിലാണ് രാഹുൽ പങ്കെടുത്തത്. അന്തരിച്ച കെ.എം മാണിയുടെ പാലായിലെ വസതിയിലും രാഹുൽ സന്ദർശനം നടത്തി.

അതേസമയം, ശബരിമല മുഖ്യപ്രചാരണായുധമാക്കിയാണ് ബിജെപിയുടെ പോരാട്ടം. തൃശ്ശൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ യുവതീ പ്രവേശന വിഷയത്തിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മറവിൽ ഭക്തർക്കെതിരെ കേരളത്തിലെ സർക്കാർ അക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ വിശുദ്ധി തകർക്കാൻ സംസ്ഥാന സർക്കാർ പൊലീസിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരെയും നിയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 30,000 അയ്യപ്പ ഭക്തർക്കെതിരെ 2000 കേസുകളാണ് ഇടതുസർക്കാർ രജിസ്റ്റർ ചെയ്തത്. ബിജെപി - ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യംവച്ചാണ് സർക്കാർ നീങ്ങിയത്. വിശ്വാസം സംരക്ഷിക്കാൻ ബിജെപി അയ്യപ്പ ഭക്തർക്കൊപ്പം ശക്തമായി ഉറച്ചു നിൽക്കുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു.വിധിയുടെ മറവിൽ ശബരിമല ഭക്തർക്കുനേരെ സിപിഎം അക്രമം നടത്തി. പല വിധികളിൽ ശബരിമല വിധി മാത്രം നടപ്പാക്കാൻ തിടുക്കം കാണിച്ചെന്നും അമിത് ഷാ തേക്കിൻകാട് മൈതാനത്ത് പറഞ്ഞു. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടും അമിത് ഷാ പരാമർശിച്ചു. സിപിഎമ്മിന് ഭരിക്കാൻ അർഹതയില്ലെന്ന് റിപ്പോർട്ട് വായിച്ചാൽ മനസിലാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP