Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ നിശ്ചയിച്ച സംഘം കേരളത്തിൽ സർവ്വേ ആരംഭിച്ചു; ശബരിമല വിഷയം എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം വിലയിരുത്തും; എംപിമാരുടെ പ്രകടനവും സാധ്യതാ ലിസ്റ്റിലുള്ളവരുടെ ജനപ്രിയതയും കൃത്യമായി വിലയിരുത്തും; ഹൈക്കമാണ്ടിൽ പിടിയുണ്ടെങ്കിലും ജയസാധ്യത ഇല്ലാത്തവർക്ക് ഇക്കുറി അവസരം കിട്ടില്ല; തോറ്റവരെ വീണ്ടും നിർത്താൻ പല കടമ്പകൾ കടക്കേണ്ടി വരും; 20ൽ 18ഉം ഉറപ്പിക്കാൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനപ്രീതി മാത്രം നോക്കി രാഹുലിന്റെ അതിശക്തമായ ഇടപെടൽ വരുന്നു

രാഹുൽ നിശ്ചയിച്ച സംഘം കേരളത്തിൽ സർവ്വേ ആരംഭിച്ചു; ശബരിമല വിഷയം എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം വിലയിരുത്തും; എംപിമാരുടെ പ്രകടനവും സാധ്യതാ ലിസ്റ്റിലുള്ളവരുടെ ജനപ്രിയതയും കൃത്യമായി വിലയിരുത്തും; ഹൈക്കമാണ്ടിൽ പിടിയുണ്ടെങ്കിലും ജയസാധ്യത ഇല്ലാത്തവർക്ക് ഇക്കുറി അവസരം കിട്ടില്ല; തോറ്റവരെ വീണ്ടും നിർത്താൻ പല കടമ്പകൾ കടക്കേണ്ടി വരും; 20ൽ 18ഉം ഉറപ്പിക്കാൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനപ്രീതി മാത്രം നോക്കി രാഹുലിന്റെ അതിശക്തമായ ഇടപെടൽ വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ 20ൽ 18ഉം യുഡിഎഫ് ജയിക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. രണ്ട് സീറ്റിൽ മുസ്ലിം ലീഗും കോട്ടയത്ത് കേരളാ കോൺഗ്രസും കൊല്ലത്ത് എൻ കെ പ്രമേചന്ദ്രനും ജയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം 14 മണ്ഡലങ്ങളിൽ കോൺഗ്രസും ജയിക്കണം. ഇതാണ് രാഹുലിന്റെ ലക്ഷ്യം. ഇതിന് വേണ്ടത് യഥാർത്ഥ വസ്തുത മനസ്സിലാക്കണം. ഇതിനായി സ്ഥാനാർത്ഥിനിർണയം ഉൾപ്പെടെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സർവേ നടത്തുകയാണ്.

ഓരോ മണ്ഡലത്തിലെയും സ്ഥിതിഗതികൾ വിലയിരുത്താനായാണ് സർവേ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരിട്ട് ചുമതലപ്പെടുത്തിയ ഏജൻസി നേരത്തേതന്നെ സർവേ തുടങ്ങിയിരുന്നു. സംസ്ഥാനനേതൃത്വവും പഠനത്തിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുപുറമേ സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും പഠനം നടത്തും. ശബരിമല വിഷയം സംസ്ഥാനത്തെ രാഷ്ട്രീയ ചിന്താഗതിയെ എങ്ങനെ ബാധിച്ചുവെന്നതാണ് പ്രധാനവിഷയം. ഈ വിഷയം കോൺഗ്രസിന് പ്രതികൂലമാണോ അനുകൂലമാണോ എന്നു പരിശോധിക്കും.

ശബരിമല വിഷയത്തിൽ സമൂഹം എത്രമാത്രം വിഭജിക്കപ്പെട്ടു, രാഷ്ട്രീയകാഴ്ചപ്പാടിലെ മാറ്റം, ശബരിമല വോട്ടിങ് നിലയെ എത്ര സ്വാധീനിക്കും എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. സിറ്റിങ് എംപി.യുടെ പ്രകടനം, ജയസാധ്യത, പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഗുണദോഷങ്ങൾ എന്നിവയും സർവേയുടെ ഭാഗമാണ്. ഇത് പരിശോധിച്ച ശേഷമാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ഹൈക്കമാണ്ടിൽ സ്വാധീനമുണ്ടെന്ന് കരുതി ആർക്കും സ്ഥാനാർത്ഥിയാകാൻ കഴിയില്ല. പുതുതായി പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ ജനപിന്തുണയും പരിശോധിക്കും. ഇതെല്ലാം പരിഗണിച്ചാകും സ്ഥാനാർത്ഥിയെ കണ്ടെത്തൽ. പൊതുവേയുള്ള വിമർശനങ്ങൾക്കപ്പുറം പ്രചാരണവിഷയങ്ങൾ രൂപപ്പെടുത്താനും സർവേയിലെ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ പ്രാവശ്യം തോറ്റ ചില മണ്ഡലങ്ങളിൽ മണ്ഡലത്തിന്റെ സ്വഭാവം അറിഞ്ഞുള്ള സ്ഥാനാർത്ഥിയെ നിർത്തും. തൃശ്ശൂർ, ചാലക്കുടി, ഇടുക്കി, കണ്ണൂർ സീറ്റുകളാണ് ഈ വിഭാഗത്തിൽ. ചാലക്കുടി, ഇടുക്കി സ്ഥാനാർത്ഥികൾ കഴിഞ്ഞപ്രാവശ്യം പരസ്പരം മാറിമത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇടുക്കിയിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെപേരിലുള്ള ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പ്രതിഷേധവും തോൽവിക്ക് കാരണമായി. വി എം. സുധീരനെ തൃശ്ശൂരിൽ രംഗത്തിറക്കണമെന്ന ആവശ്യവും കോൺഗ്രസിലുണ്ട്. ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, ബെന്നി ബെഹന്നാൻ എന്നിവരുടെ പേരുകളും ഈ മണ്ഡലങ്ങളിലേക്ക് ഉയരുന്നുണ്ട്. കണ്ണൂരിലും വടകരയിലും കരുതലോടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ സിറ്റിങ് സീറ്റ് നിലനിർത്താൻ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് നീക്കം.

മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറിയത് പാർട്ടിക്ക് രാജ്യമൊട്ടാകെ വലിയ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചും പാർട്ടി സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങൾക്ക് പിന്നിലും വലിയൊരു ടീമും ആസൂത്രണവും ഉണ്ട്. പാർട്ടിയിലും തെരഞ്ഞെടുപ്പുകളിലും വർഷങ്ങളായി തുടരുന്ന താപ്പാനകളെ ഒഴിവാക്കി യുവാക്കളെ ഉൾപ്പെടുത്തി സ്വന്തം ടീമുണ്ടാക്കിയിരുന്നു രാഹുൽ. രാഹുൽ ന നേരിട്ട് ടെസ്റ്റ് നടത്തി സ്ഥാനാർത്ഥികളെ അടക്കം തെരഞ്ഞെടുത്തു. ആ നീക്കം വിജയവും ആയിരുന്നു. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയവും രാഹുലിന്റെ മേൽനോട്ടത്തിലാകും. ഇതിനാണ് സർവ്വേയും മറ്റും നടത്തുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ജനപ്രീതിയും രാഹുൽ ഗാന്ധി അളന്ന് കഴിഞ്ഞു. രഹസ്യ സർവ്വേയാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവർത്തനം വിലയിരുത്തുക എന്നതാണ് സർവ്വേയുടെ ലക്ഷ്യം. ഡിസിസി പ്രസിഡണ്ടുമാർ പ്രവർത്തന റിപ്പോർട്ട് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു.പിന്നാലെയാണ് സർവ്വേ നടന്നത്. സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ഗ്രേഡും നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കും. തിരുവനന്തപുരത്ത് ശശി തരൂരും ആലപ്പുഴയിൽ കെ സി വേണുഗോപാലും കോഴിക്കോട് രാഘവനും സ്ഥാനാർത്ഥിയാകും.

എറണാകുളത്ത് കെവി തോമസിനൊപ്പം ഹൈബി ഈഡനേയും പരിഗണിക്കുന്നു. പത്തനംതിട്ടയിലും ഒന്നിലധികം സ്ഥാനാർത്ഥികളുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കാനെത്തിയേക്കും. ചാലക്കുടിയിലും തൃശൂരിലും കരുതലോടെയാകും സ്ഥാനാർത്ഥിയെ കണ്ടെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP