Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാദ്രയെ കുറിച്ച് പറഞ്ഞോളൂ; പക്ഷേ മോദിയെ വിടരുത്; സർ എന്ന് വേണ്ട രാഹുൽ എന്ന വിളി മതി; അച്ഛനെ കൊന്നവരോട് ഒരു വിരോധവുമില്ല; അന്ന് കെട്ടിപിടിച്ചത് സ്നേഹം കിട്ടാത്ത ഒരാൾക്ക് അൽപ്പം സ്നേഹം കൊടുക്കാൻ വേണ്ടി; ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; ചെന്നൈ കാമ്പസിൽ സാധാരണക്കാരനെ പോലെ തിളങ്ങിയ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോൾ

വാദ്രയെ കുറിച്ച് പറഞ്ഞോളൂ; പക്ഷേ മോദിയെ വിടരുത്; സർ എന്ന് വേണ്ട രാഹുൽ എന്ന വിളി മതി; അച്ഛനെ കൊന്നവരോട് ഒരു വിരോധവുമില്ല; അന്ന് കെട്ടിപിടിച്ചത് സ്നേഹം കിട്ടാത്ത ഒരാൾക്ക് അൽപ്പം സ്നേഹം കൊടുക്കാൻ വേണ്ടി; ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; ചെന്നൈ കാമ്പസിൽ സാധാരണക്കാരനെ പോലെ തിളങ്ങിയ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്തിന്റെ കാവൽക്കാരനെന്നു സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 സമ്പന്ന സുഹൃത്തുക്കൾക്കായി 3.5 ലക്ഷം കോടി രൂപയാണു നൽകിയത്. സത്യം ജയിക്കുമെന്ന തിരുവള്ളുവർ കവിത സത്യമാകും; മോദി ജയിലിലാകും-തമിഴ്‌നാട്ടിലെ പ്രചരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കത്തികയറി. ചെന്നൈയിൽ സ്റ്റല്ല മാരിസ് കോളജിന്റെ കുട്ടികളെ കൈയിലെടുക്കുകയും ചെയ്തു. രാഹുൽ ഗാന്ധി വന്നു, സംവദിച്ചു, ഹൃദയം കീഴടക്കി. അപ്രിയ ചോദ്യങ്ങൾക്കു സൗമ്യത വിടാതെ മറുപടി പറഞ്ഞും ഉന്നത വിദ്യാഭ്യാസം മുതൽ കശ്മീർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ നിലപാടു വ്യക്തമാക്കിയും രാഹുൽ കോളേജിൽ താരമായി. വ്യക്തിപരമായി കുട്ടികൾ ചോദിച്ച ചോദ്യത്തിന് സരസമായ ഉത്തരങ്ങൾ. കൈയടിയോടെ രാഹുലിന്റെ മറുപടികളെ കുട്ടികൾ ഏറ്റെടുത്തു. വിദ്യാർത്ഥികളുമായി ഒരു മണിക്കൂർ നീണ്ട സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിക്കാനും മടിച്ചില്ല.

'സർ' എന്നുവിളിച്ച വിദ്യാർത്ഥിനിയോട് തന്നെ 'രാഹുൽ എന്നു വിളിച്ചാൽ മതി' എന്നു പറഞ്ഞായിരുന്നു തുടക്കം. പിന്നീട് എല്ലാവരും സ്വാതന്ത്ര്യത്തോടെ പേരു വിളിക്കുകയും ചെയ്തു. സ്ത്രീകൾ പുരുഷന്മാരേക്കാൾ മിടുക്കരാണെന്നതുൾപ്പെടെയുള്ള രാഹുലിന്റെ വാക്കുകൾ കുട്ടികളെ ആവേശത്തിലാക്കി. അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കൊപ്പം രാഹുൽ നിൽക്കുന്ന ചിത്രം കോളജിന്റെ ഉപഹാരമായി അദ്ദേഹത്തിനു നൽകി. ഇന്ത്യ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുക താരതമ്യേന കുറവാണ്. ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ജിഡിപിയുടെ 6 ശതമാനമാക്കി ഉയർത്തും. സ്വകാര്യ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങളെ മാതൃകയാക്കുന്ന സ്ഥിതിയുണ്ടാകണം. സ്ത്രീ സുരക്ഷയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഇതിൽ തന്നെ തമിഴ്‌നാട് ഏറെ മെച്ചം. ഇനിയും മെച്ചപ്പെടാനുണ്ട്.

നോട്ട് നിരോധനം നല്ലതാണെന്നു നിങ്ങൾ കരുതുന്നോയെന്നു രാഹുൽ സദസ്സിനോട്. ഇല്ലായെന്ന് ഉച്ചത്തിലുള്ള മറുപടി. ആ തീരുമാനമെടുക്കുന്നതിനു മുൻപു പ്രധാനമന്ത്രിക്കു നിങ്ങളോടെങ്കിലും ചോദിക്കാമായിരുന്നു. അത് ചെറുകിട വ്യവസായത്തെയും ഇടത്തരക്കാരെയും തകർത്തു. നിങ്ങൾ നൽകിയ പണം നീരവ് മോദി, അനിൽ അംബാനി, വിജയ് മല്യ എന്നിവർക്കു നൽകി. അതിനു പകരം യുവ സംരംഭകർക്കു രണ്ടു ലക്ഷം രൂപ വീതം നൽകിയിരുന്നെങ്കിൽ അവർ നീരവ് മോദിയെക്കാൾ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമായിരുന്നു. (നീരവ് മോദിയെന്നതിൽ നാവ് പിഴച്ച രാഹുൽ, നരേന്ദ്ര മോദിയെന്നു പറയുകയും പെട്ടെന്നു നീരവ് എന്നു തിരുത്തിയപ്പോൾ സദസ്സിൽ വൻ കരഘോഷം). തൊഴിൽ ഉൽപാദനത്തിലുൾപ്പെടെ ചൈനയുമായാണു ഇന്ത്യയ്ക്കു മത്സരിക്കാനുള്ളത്. ആ മത്സരം നയിക്കുന്നതിനുള്ള സാഹചര്യം നമ്മുടെ യുവാക്കൾക്ക് ഒരുക്കണം. രാജ്യത്തു വിവേചനത്തിന്റെ സാഹചര്യം നിലനിൽക്കെ സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ജിഎസ്ടി പുനഃക്രമീകരിച്ചു കൂടുതൽ ലളിതമാക്കും.-രാഹുൽ കുട്ടികൾക്ക് ഉറപ്പ് നൽകി

വാദ്രയെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും എല്ലാം അന്വേഷിക്കണം

അമ്മയിൽ നിന്നു പഠിച്ച നല്ല ഗുണങ്ങൾ ഏതെന്ന ചോദ്യത്തിന് ഇത്തരത്തിലായിരുന്നു ഉത്തരം. വിനയം. ഇടപെടുന്ന ആളുകളോട്, അവർ ഏതു പശ്ചാത്തലത്തിൽ നിന്നു വരുന്നവരായാലും, ശക്തനോ ദുർബലനോ ആണെങ്കിലും ബഹുമാനത്തോടെ പെരുമാറാൻ പഠിച്ചു. അമ്മയെന്ന നിലയിൽ തീർച്ചയായും സ്‌നേഹത്തെക്കുറിച്ചു പഠിച്ചു. റോബർട്ട് വാദ്രയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നു പറയുന്ന ആദ്യത്തെ ആൾ ഞാനായിരിക്കും. പക്ഷേ, അന്വേഷണം വിവേചനപരമാകരുത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒട്ടേറെ തെളിവുകൾ പുറത്തുവന്നു. വാദ്രയെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും എല്ലാം അന്വേഷിക്കണമെന്നാണു ഞാൻ പറയുന്നത്.

ഇപ്പോഴത്തേ സർക്കാർ ഉത്തരേന്ത്യൻ കേന്ദ്രീകൃതമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സമമാണ്. എല്ലാ മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായത്തിനും ഒരേ പ്രധാന്യം ലഭിക്കണം. സമ്പത്തിന്റെ സിംഹഭാഗവും കുറച്ച് അതിസമ്പന്നരുടെ കയ്യിൽ ഇരിക്കുന്ന മുതലാളിത്ത മൈത്രി. പുതിയ ലോക ക്രമത്തിൽ ഇന്ത്യ ആഗോള തലത്തിൽ ആത്മവിശ്വാസം ആർജിക്കണം. നാം ഇടതോ വലതോ ചലിക്കേണ്ടതില്ല, നേരെയാണു മുന്നേറേണ്ടത്. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. രാജ്യത്തെ ഓരോ പൗരനും രാജ്യപുരോഗതിയിൽ സംഭാവന ചെയ്യാനുണ്ടെന്ന യാഥാർഥ്യം ഉൾക്കൊള്ളണം.

പല തലത്തിലാണു യുപിഎ സർക്കാർ തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തിയത്. പാക്കിസ്ഥാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുകയായിരുന്നു അതിലൊന്ന്. അതു വൻ വിജയമായിരുന്നു. കശ്മീരികളുമായി നിരന്തരം സംവദിക്കുകയായിരുന്നു മറ്റൊരു മാർഗം. കശ്മീരി യുവാക്കൾക്കു ജോലി നൽകി, സ്ത്രീകളെ ബാങ്കുകളുമായി ബന്ധിപ്പിച്ചു, പഞ്ചായത്തീ രാജ് സംവിധാനം ഫലപ്രദമാക്കി. അതുവഴി തീവ്രവാദം കുറച്ചുകൊണ്ടു വന്നു.

മോദി അധികാരത്തിലെത്തിയതിനു പിന്നാലെ, ബിജെപി, പിഡിപിയുമായി അധികാരം മാത്രം ലക്ഷ്യമിട്ടു നടത്തിയ കൂട്ടുകെട്ട് വലിയ പിഴവായി. മോദിയുടെ കശ്മീർ നയം പാക്കിസ്ഥാന് അവിടെ തീവ്രവാദ പ്രവർത്തനം എളുപ്പമാക്കി. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിനു ശേഷം എന്തെങ്കിലുമെന്നു ചെയ്യുമെന്നു പറയുന്നതല്ല ശരി. എന്തുകൊണ്ടു നമ്മുടെ ജവാന്മാരുടെ ജീവൻ രക്ഷിക്കാനായില്ല? കയ്യടി ലഭിക്കാൻ വേണ്ടി ചെയ്യുന്നതും തന്ത്രപര നടപടികളും തമ്മിൽ വ്യത്യാസമുണ്ട്.

എന്തിന് മോദിയെ കെട്ടിപ്പിടിച്ചു?

'ശരിക്കും എനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്‌നേഹമാണ്' നിറഞ്ഞ ചിരിയോടെ രാഹുൽ ഗാന്ധി വഖ്യൂറ്യൂഴ. കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ആ സ്‌നേഹം പ്രകടിപ്പിക്കാനാണെന്നും സ്റ്റെല്ലാ മാരിസ് കോളജിൽ 3000 വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.

'സ്‌നേഹമാണ് എല്ലാ മതങ്ങളുടെയും അന്തഃസത്ത. പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ പ്രധാനമന്ത്രി കോപാകുലനായിരുന്നു. എന്നെയും എന്റെ പാർട്ടിയെയും എന്റെ അച്ഛനമ്മമാരെയും മുത്തശ്ശിയെയുമെല്ലാം രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു. പക്ഷേ, എനിക്ക് അപ്പോൾ ഉള്ളിൽ അദ്ദേഹത്തോടു സ്‌നേഹമാണു തോന്നിയത്. എല്ലാവരോടും രോഷം പ്രകടിപ്പിക്കുന്ന ഒരാൾ വേണ്ടത്ര സ്‌നേഹം കിട്ടാതെ അസ്വസ്ഥനായിരിക്കും. ഈ ലോകത്തിന്റെ സൗന്ദര്യം അദ്ദേഹം കാണാതെ പോകും. എന്തെല്ലാമോ കാരണങ്ങളാൽ മോദിജിക്കു സ്‌നേഹം കിട്ടാത്തതു കൊണ്ടാണ് അദ്ദേഹം ഇത്ര രോഷാകുലനാകുന്നത് എന്ന് എനിക്കു തോന്നി. അതു കൊണ്ടാണ് ആലിംഗനം ചെയ്തത്,'' നിറഞ്ഞ കയ്യടികൾക്കിടെ രാഹുൽ പറഞ്ഞു.

2014ൽ തിരഞ്ഞെടുപ്പു തോറ്റതാണ് എന്റെ ജീവിതത്തിലുണ്ടായ എന്റെ ഏറ്റവും വലിയ പാഠം. എങ്ങനെ വിനയത്തോടെയും സൗമ്യമായും കാര്യങ്ങളെ സമീപിക്കണമെന്നു ഞാൻ പഠിച്ചു. എന്നെ അതു പഠിപ്പിച്ചതു മോദിജിയാണ്. അദ്ദേഹം എനിക്കെതിരെ നടത്തിയ എല്ലാ ആക്രമണങ്ങളും എന്നെ കൂടുതൽ സമചിത്തതയോടെ പ്രതികരിക്കാൻ പഠിപ്പിച്ചു. നിങ്ങളെ പഠിപ്പിക്കുന്ന ഒരാളോടു നിങ്ങൾക്കു വെറുപ്പുണ്ടാകുമോ? വെറുപ്പോടെ പെരുമാറുന്ന ഒരാളോട് അതേ നാണയത്തിൽ തിരിച്ചടിച്ചാൽ നിങ്ങൾക്ക് ഒന്നും പഠിക്കാനാവില്ല. നിങ്ങളും അയാളും തമ്മിൽ വ്യത്യാസമുണ്ടാകില്ല. അതു കൊണ്ട് പക്വതയോടെയും സ്‌നേഹത്തോടെയും പെരുമാറാൻ മോദിജിയുടെ പെരുമാറ്റം എന്നെ സഹായിച്ചു.

സ്ത്രീ സംവരണം ഉറപ്പ്

അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാർ ജോലികളിൽ 33 % സ്ത്രീസംവരണം നടപ്പാക്കും. വനിതാ സംവരണ ബിൽ പാസാക്കും; ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭകളിലും സ്ത്രീകൾക്കു 33 % സംവരണം കൊണ്ടുവരുംരാഹുൽ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകസമിതിയിൽ ചർച്ച ചെയ്ത സാർവത്രിക വരുമാനപദ്ധതിയെക്കുറിച്ചും നാഗർകോവിലിൽ പരാമർശിച്ചു. കുടുംബങ്ങൾക്കായി മിനിമം വരുമാന രേഖയുണ്ടാക്കും. ഇതിനു താഴെയുള്ളവർക്കെല്ലാം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പു വരുത്തും. കടലോര ജനതയുടെ ദീർഘകാല ആവശ്യമായ പ്രത്യേക ഫിഷറീസ് മന്ത്രാലയ രൂപീകരണവും ഉറപ്പു നൽകി. യുപിഎ സർക്കാർ വന്നാൽ പണക്കാർക്കല്ല, മറിച്ച് അർഹതയുള്ള എല്ലാ സംരംഭകർക്കും ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 3000 സ്ത്രീകൾക്കിടയിൽനിന്ന് ഇങ്ങനെ ചോദ്യത്തെ നേരിടുന്നത് നിങ്ങൾ എത്ര തവണ കണ്ടിട്ടുണ്ട്? (കരഘോഷം). ആരിൽനിന്നും എന്തു ചോദ്യവും നേരിടാൻ തയാറായി പ്രധാനമന്ത്രി ഇങ്ങനെ നിൽക്കുന്നതു എത്ര തവണ കണ്ടു? (വീണ്ടും കയ്യടി). വിദ്യാഭ്യാസത്തെക്കുറിച്ച് അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്നു ചോദിക്കാനുള്ള അവസരം എത്ര പേർക്കു ലഭിച്ചിട്ടുണ്ട്?-രാഹുൽ ചോദിച്ചു

അച്ഛനെ കൊന്നവരോട് വിദ്വേഷമില്ല

രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരോട് വിദ്വേഷമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അവരുടെ തടവുശിക്ഷ ഇളവുചെയ്യുന്നകാര്യം തീരുമാനിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു. 1991-ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാഹുലിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ''ഒന്ന് വ്യക്തിപരമാണ്. അത് ഞങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതാണ്. മറ്റേത് നിയമപരമായ കാര്യമാണ്. അത് അതിന്റെ വഴിക്ക് നടക്കും. അതിൽ എന്തുതീരുമാനമുണ്ടായാലും ഞങ്ങൾക്ക് സന്തോഷമാണ്. ഞങ്ങൾ അവരോട് ക്ഷമിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് ആരോടും ശത്രുതയോ വിദ്വേഷമോ ഇല്ല. കോടതിയാണ് തീരുമാനിക്കേണ്ടത്'' -അദ്ദേഹം പറഞ്ഞു.

അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെയെന്ന് ആവർത്തിച്ചു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും രാഹുലിന്റെ പൊതുയോഗത്തിൽ കൈയടി നേടി. 'അദ്ദേഹത്തിനു കീഴിൽ ഇന്ത്യ സുരക്ഷിതമായിരിക്കും. എം. കരുണാനിധിയുടെ മകനാണ് ഇതു പറയുന്നത്' നാഗർകോവിൽ സ്‌കോട് ക്രിസ്ത്യൻ കോളജ് മൈതാനത്തു തടിച്ചുകൂടിയ പതിനായിരങ്ങൾ ആരവങ്ങളോടെ സ്റ്റാലിന്റെ വാക്കുകളെ എതിരേറ്റു. മറുപടി പ്രസംഗത്തിൽ 'തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി'യെന്നാണു സ്റ്റാലിനെ രാഹുൽ വിശേഷിപ്പിച്ചത്.സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP