വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരും; കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാതെ രാഹുൽ ഗാന്ധി; വാർത്താ സമ്മേളനത്തിൽ മിനിമം വരുമാനത്തെ കുറിച്ച് മാത്രം പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ; വയനാട്ടിലെ കാര്യത്തിൽ തീരുമാനം എടുക്കുക പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; രണ്ട് സീറ്റിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമില്ലെന്ന് വിശദീകരണം; ആശയ കുഴപ്പത്തിലാകുന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം
March 25, 2019 | 02:31 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വയനാട് ലോക്സഭാ സീറ്റിനെ കുറിച്ചു അനിശ്ചിതത്വം തുടരും. വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് രാഹുൽ ഗാന്ധി ഇന്നും പ്രതികരിച്ചില്ല. മിനിമം വരുമാനത്തെ കുറിച്ച് മാത്രമേ ഇന്നത്തെ പത്ര സമ്മേളനത്തിൽ രാഹുൽ പ്രതികരിച്ചുള്ളൂ. വയനാട്ടിൽ രാഹുൽ മത്സരിക്കാതിരിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ സിപിഎം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലൂടെ ഇക്കാര്യം അറിയിക്കാനാണ് രാഹുലിന്റെ നീക്കം. ഇന്ന് രാത്രി ഇറങ്ങുന്ന സ്ഥാനാർത്ഥി പട്ടികയിൽ വയനാട്ടിൽ തീരുമാനം ഉണ്ടാകുമെന്ന സൂചനയുമുണ്ട്. അതിനിടെ തീരുമാനം അതിവേഗം ഉണ്ടാകണമെന്ന് ദേശീയ നേതാക്കളോട് കെപിസിസി നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്. വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നത് കേരളത്തിലാകെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. പ്രവർത്തകരിലെ ആവേശം ആളിക്കത്തിക്കാൻ രാഹുലിനെ വയനാട് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം കെപിസിസി വീണ്ടും ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദൽ എന്ന നയത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് ബിജെപിക്കായി കളം ഒഴിഞ്ഞുകൊടുക്കുന്നു എന്നാണ് പാർട്ടി വിമർശനം. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് രാഷ്ട്രീയമാനമുണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയ സിപിഎം അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. എങ്ങനേയും രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. ഇതിലൂടെ സിപിഎമ്മിന് സീറ്റ് നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കലാണ് ലക്ഷ്യം. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളത്തിലാകെ കോൺഗ്രസ് തരംഗം അലയിടിക്കും. ഇത് സിപിഎമ്മിന് വലിയ നഷ്ടമായി മാറും. ത്രിപുരയിലും ബംഗാളിലും തകർന്നടിഞ്ഞതിനാൽ ലോക്സഭയിൽ കേരളത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ മുഴുവൻ. എന്നാൽ ഈ ഭീഷണി കോൺഗ്രസ് ഗൗരവത്തോടെ എടുത്തിട്ടില്ല. രാഹുൽ കേരളത്തിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ എന്ത് തരംഗമുണ്ടാക്കുമെന്നാണ് കോൺഗ്രസ് പരിശോധിക്കുന്നത്. ഉത്തരേന്ത്യയിൽ പ്രശ്നമുണ്ടായില്ലെങ്കിൽ വയനാട്ടിൽ രാഹുൽ മത്സരിക്കാനെത്തും.
ബിജെപിസർക്കാരിനെ പുറത്താക്കുക. ഇടതുപക്ഷത്തിന്റെ ശക്തി പാർലമെന്റിൽ കൂട്ടുക, മതേതരബദൽ സർക്കാർ രൂപീകരിക്കുക. ഇതായിരുന്നു തെരഞ്ഞെടുപ്പിൽ സിപിഎം മുന്നോട്ടുവച്ച മൂന്നു മുദ്രാവാക്യം. മതേതര ബദൽ സർക്കാരിന് കോൺഗ്രസ് നേതൃത്വം നല്കട്ടെ എന്നതാണ് സിപിഎം നയം. മാത്രമല്ല പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനു പോലും കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി. എന്നാൽ രാഹുൽ വയനാട്ടിൽ എത്തുന്നതോടെ ഈ നയം മാറ്റേണ്ടി വരുമെന്ന് സിപിഎം വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് കോൺഗ്രസ് വഴങ്ങില്ല. എന്നാൽ മോദിക്ക് അനുകൂലമായി കാര്യം മാറുമെങ്കിൽ വയനാട് രാഹുൽ മത്സരിക്കുകയുമില്ല. പ്രിയങ്കാ ഗാന്ധി ഇത്തവണ മത്സരിക്കാനിടയില്ല. എന്നാൽ രാഹുൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചാൽ അമേഠിയിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരത്തിനിറങ്ങുമെന്നാണ് സൂചന. ഇത്തരത്തിലുള്ള ചർച്ചകളെല്ലാം കോൺഗ്രസിൽ സജീവമാണ്. എകെ ആന്റണിയുമായും രാഹുൽ നിരന്തരം ചർച്ച നടത്തുന്നുണ്ട്. കെസി വേണുഗോപാലും രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന അഭിപ്രായക്കാരനാണ്.
ഇന്നത്തെ പത്രസമ്മേളനത്തിൽ നിന്ന് പുറത്തിറങ്ങിയ രാഹുലിനോടും വയനാടിനെ കുറിച്ച് തിരക്കി. എന്നാൽ അപ്പോഴും ഒന്നും മിണ്ടിയില്ല. രാഹുലിന്റെ രണ്ടാം സീറ്റിനെ കുറിച്ച് മുതിർന്ന നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. രാഹുൽ വയനാട്ടിലേക്ക് മാറുന്നത് അമേഠിയിലെ തോൽവിയിൽ ഭയന്നാണെന്ന് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ കരുതോലോടെ നീങ്ങുന്നത്. എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു. ദാരിദ്രത്തിനെതിരെയുള്ള അവസാന പ്രഹരമെന്നാണ് മിനിമം ഗാരന്റി വരുമാനത്തെ രാഹുൽ പ്രഖ്യാപിച്ചത്. ബിജെപിയുടെ കിസാൻ യോജനയ്ക്ക് ബദലായാണ് മിനിമം വരുമാന പദ്ധതി അവതരിപ്പിക്കുന്നത്.
പാർട്ടി അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ കുറഞ്ഞത് 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കുമെന്ന് രാഹുൽ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയിലൂടെ 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്കും നേരിട്ടു ഗുണഫലം കിട്ടും. എല്ലാം ഞങ്ങൾ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. കഴിഞ്ഞ 5 വർഷമായി രാജ്യത്തെ ജനങ്ങൾ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു.
ഈ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തിന്റെ ദിശതന്നെ മാറ്റുന്ന ഈ പ്രഖ്യാപനത്തോടല്ലാതെ മറ്റു ചോദ്യങ്ങളോടു പ്രതികരിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
