Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പപ്പുമോൻ ഇമേജിൽ നിന്നു വിമുക്തനായി മാസ് ഹീറോ ഇമേജിൽ രാഹുൽ ഗാന്ധി; കഴിവുകെട്ടവനെന്ന് ബിജെപി തരംതാഴ്‌ത്തിയ രാഹുലിന്റെ മുന്നിൽ പതറി മോദിയും അമിത്ഷായും; കോൺഗ്രസിനെ ഒറ്റയ്ക്ക് ചുമലിലേക്കാൻ പ്രാപ്തനായി രണ്ടാംവരവ് നടത്തി കോൺഗ്രസ് അധ്യക്ഷൻ; പൊള്ളയായ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപിക്കെതിരേ ആഞ്ഞടിച്ച രാഹുൽ പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നത് ഇങ്ങനെ

പപ്പുമോൻ ഇമേജിൽ നിന്നു വിമുക്തനായി മാസ് ഹീറോ ഇമേജിൽ രാഹുൽ ഗാന്ധി; കഴിവുകെട്ടവനെന്ന് ബിജെപി തരംതാഴ്‌ത്തിയ രാഹുലിന്റെ മുന്നിൽ പതറി മോദിയും അമിത്ഷായും; കോൺഗ്രസിനെ ഒറ്റയ്ക്ക് ചുമലിലേക്കാൻ പ്രാപ്തനായി രണ്ടാംവരവ് നടത്തി കോൺഗ്രസ് അധ്യക്ഷൻ; പൊള്ളയായ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപിക്കെതിരേ ആഞ്ഞടിച്ച രാഹുൽ പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഇന്ദിരയും രാജീവും സോണിയയുമൊക്കെ അനായാസം കൈകാര്യം ചെയ്തിരുന്ന ഒരു സ്ഥാനത്തേക്കാണ് രാഹുൽ ഗാന്ധിയെന്ന ചെറുപ്പക്കാരൻ കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ വന്നത്. സോണിയാ ഗാന്ധിക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ രാഹുലിനെ അവരോധിക്കുമ്പോൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു അവസാന പിടിവള്ളിയായിരുന്നു. അനാരോഗ്യം മൂലം രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കുന്ന സോണിയയ്ക്കു പകരം നെഹ്‌റു കുടുംബത്തിൽ നിന്ന രാഹുലല്ലാതെ മറ്റൊരു നേതാവിനെ എടുത്തുകാണിക്കാൻ കോൺഗ്രസിനും ഇല്ലായിരുന്നു. കോൺഗ്രസിനെ ഒന്നിച്ചു നിർത്തി രാഹുൽ എങ്ങനെ മുന്നോട്ടു നയിക്കും എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ നിലനിന്നിരുന്നു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ തയാറാണെന്നു വ്യക്തമാക്കിയാണ് രാഹുൽ മുന്നോട്ടുവന്നത്. മോദി പ്രഭാവം അലയടിച്ചു നിൽക്കുന്ന വേളയിൽ പൊതുവേ പ്രതിച്ഛായ മെച്ചമല്ലാത്ത രാഹുൽ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും കോൺഗ്രസിന് ഭയമുണ്ടായിരുന്നു. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്ന ഈ വേളയിൽ നെഹ്‌റു പാരമ്പര്യം ഉൾക്കൊണ്ടു തന്നെയാണ് രാഹുൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നിസംശയം പറയാം.

കഴിവുകെട്ടവനെന്ന് ബിജെപി ചിത്രീകരിച്ച രാഹുൽ ഇന്ന് തരംഗമായി തീർന്നിരിക്കുന്ന അവസ്ഥ ഈ സംസ്ഥാനങ്ങളിൽ വ്യക്തമാണ്. പാരമ്പര്യമല്ല, വ്യക്തിയുടെ കഴിവു തന്നെയാണ് രാഷ്ട്രീയത്തിൽ മുഖ്യമെന്ന് പ്രഖ്യാപിച്ച് രാഹുൽ നേതൃനിരയിലേക്ക് കടന്നുവന്നത്. യുപിഎ സർക്കാരിന്റെ അഴിമതി പ്രതിച്ഛായയുടെ കരിനിഴലിൽ നിന്ന് കൊണ്ടാണ് 2014 ൽ മോദി നയിച്ച എൻ.ഡി.എ മുന്നണിയെ രാഹുലും കോൺഗ്രസ്സും നേരിട്ടത്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതാകയാൽ രാഹുലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും, നരേന്ദ്ര മോദി, അമിത്ഷാ എന്നീ വമ്പ•ാരുടെ നേതൃത്തിലുള്ള ബിജെപിയും കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. സോണിയ പ്രസിഡന്റായ സമയത്ത് നേരിട്ട സാഹചര്യമല്ല ഇപ്പോൾ രാഹുലിന് നേരിടേണ്ടി വരുന്നത്. വാജ്‌പേയിയുടേയും അദ്വാനിയുടേയും ബിജെപിയെയല്ല, മോദിയുടേയും അമിത്ഷായുടേയും ബിജെപിയാണ് രാഹുലിന്റെ എതിരാളികൾ.

എന്നാൽ കാറ്റ് അനുകൂലമായതോടെ രാഹുലിന് ബിജെപിക്ക് നേരേ ഓങ്ങാൻ പറ്റിയ വടികൾ ഒത്തുകിട്ടുകയും ചെയ്തു. 284 കോടിയുടെ റാഫേൽ ആയുധ ഇടപാട്, നോട്ടുനിരോധനം, ജിഎസ്ടി എന്നിവ മോദിക്കു മേൽ ആഞ്ഞുവീശാവുന്ന ആയുധനങ്ങൾ തന്നെയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനും രാഹുലിന് ആവുന്നുണ്ട്.

പണ്ടത്തെ പപ്പുമോൻ ഇമേജ് മറികടന്ന രാഹുലിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു പ്രതിപക്ഷമാകാൻ കോൺഗ്രസ് മുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നും നിസംശയം പറയാം. രാജ്യത്തെ യുവതയുടെ പ്രതീക്ഷയാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഒറ്റയ്ക്ക് കോൺഗ്രസിനെ ചുമലിലേറ്റാനുള്ള പാകത ഈ നാല്പത്തിയെട്ടുകാരന് പെട്ടെന്നു തന്നെ നേടിയെടുക്കാൻ സാധിച്ചുവെന്നത് എടുത്തുപറയേണ്ട കാഴ്ചയാണ്.

വാഗ്ദാന പെരുമഴ പെയ്യിച്ച് അധികാരത്തിലേറിയ മോദിയുടെ എല്ലാ പ്രഖ്യാപനങ്ങളും പാളിയ സാഹചര്യത്തിൽ രാഹുൽ നേതൃനിരയിലേക്ക് ഉയർന്നത് കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കളമൊരുങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാഴ്ച നീണ്ട അമേരിക്കൻ സന്ദർശനവും രാഹുലിന്റെ ഗ്രാഫ് ഉയർത്തുന്നതായിരുന്നു. വ്യക്തമായ പഠനങ്ങളുടേയും തയ്യാറെടുപ്പുകളുടേയും പിൻബലത്തിൽ അമേരിക്കയിൽ രാഹുൽ നടത്തിയ പ്രസംഗങ്ങളും ഏറെ ശ്രദ്ധമായിരുന്നു.

രാജ്യത്തിന് ഒരു രക്ഷകനെ ആവശ്യമാണ് എന്ന പ്രതീതി ഉണ്ടാക്കി എടുത്ത ശേഷമാണ് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനപദത്തിലേക്ക് എത്തുന്നത്. വാരിക്കോരി നൽകിയ വാഗ്ദാനങ്ങളും ഉറച്ച പ്രഖ്യാപനങ്ങളുമായി മോദി കളം നിറഞ്ഞാടിയപ്പോൾ രാഹുലിന് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം. രാഹുൽ ഇരുണ്ട കാലത്തേക്കും മോദി പുത്തൻ പ്രഭാതങ്ങളിലേക്കുമാണ് രാജ്യത്തെ ക്ഷണിക്കുന്നത് എന്ന് ജനം കരുതി. എന്നാൽ ഇത്തരം മുൻവിധികളെയെല്ലാം തൂത്തുവാരിയെറിഞ്ഞുകൊണ്ടാണ് രാഹുൽ ഇപ്പോൾ നിറഞ്ഞാടുന്നത്.

അമ്മയുടെ ഇറ്റാലിയൻ പാരമ്പര്യം എടുത്തുകാട്ടിയും രാഹുലിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എല്ലാ തന്ത്രങ്ങളും എതിരാളികൾ പയറ്റി നോക്കിയിരുന്നു. എന്നാൽ അനുദിനം വർധിച്ചുവന്ന ജനപ്രീതി രാഹുലിനെ ഇത്തരം ആരോപണങ്ങളിൽ നിന്നെല്ലാം കരകയറ്റി. അനുദിനം ട്വീറ്റർ പേജിൽ വർധിച്ചു വരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം രാഹുലിന്റെ നേതൃത്വം പൂർണമായും അംഗീകരിച്ച യുവജനതയുടെ മനസാണ് കാണിക്കുന്നത്.

കഴിഞ്ഞ ഗുജറാത്തിൽ നടത്തിയ പര്യടനവും അക്ഷരാർഥത്തിൽ രാഹുലിന്റെ ജനപ്രീതി ഉയർന്നുവെന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ ആയിരുന്ന രാഹുൽ ഗാന്ധി സംസ്ഥാനത്ത് നവസർജൻ യാത്രയുടെ ഭാഗമായത്. മോദിയേയും കൂട്ടരേയും യാതൊരു ദയയും കൂടാതെ അന്ന് രാഹുൽ കടന്നാക്രമിച്ചിരുന്നു. ചിറകു നഷ്ടപ്പെട്ട വിമാനത്തോടാണ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ രാഹുൽ ഉപമിച്ചത്. മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെയും രാഹുൽ കടന്നാക്രമിക്കാൻ മറന്നില്ല. 2014 ലെ 'രക്ഷകനായ' മോദിയെ അല്ല രാഹുലിന് നേരിടാനുള്ളത് എന്നത് ആത്മവിശ്വാസം കൂട്ടുന്നുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്ത ഒരാളെയാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടാനുള്ളതും ആത്മവിശ്വാസം വർധിപ്പിക്കുന്നു.

പല സന്ദർഭങ്ങളിലും മോദിയെ പോലും പ്രസംഗങ്ങളിൽ കുരുക്കിയിടാൻ രാഹുലിനായി എന്നതും രാഹുലിലെ നേതാവ് വളരെയേറെ വളർന്നതിന് ഉദാഹരണമാണ്. ഓരോ ഇന്ത്യക്കാരനും മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എവിടെയെന്നു ചോദിച്ചും മോദിയുടെ ഭരണം കോട്ടിട്ട വ്യവസായികൾക്കും മറ്റുമാണെന്നുള്ള രാഹുൽ ഗാന്ധിയുടെ പാർലമെന്റിൽ ചോദിച്ചതും മോദി ഇതിന് ഉത്തരംമുട്ടിയതുമെല്ലാം തന്നിലെ കഴിവുറ്റ നേതൃഗുണം വിളിച്ചറിയിക്കുന്നതായിരുന്നു.

നിലവിൽ ബിജെപി കോട്ടകളായ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് മുന്നേറുമ്പോൾ അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇവിടങ്ങളിൽ ബിജെപിക്ക് കാലിടറാനാണ് സാധ്യതയെന്ന് നാളുകൾക്കു മുമ്പു പ്രചരിച്ചിരുന്നു. മധ്യപ്രദേശിൽ എടുത്തുപറയത്തക്ക ഒരു നേതൃത്വം കോൺഗ്രസിന് ഇല്ലാതിരുന്നിട്ടു കൂടി രാഹുലിന്റെ പ്രഭാവം ഇവിടെ അലയടിക്കുന്നതായി കാണാം. ജ്യോതിരാദിത്യ സിന്ധ്യ, കമൽനാഥ്, ദിഗ്‌വിജയ് സിങ്, ജയ് വർധൻ തുടങ്ങിയ നേതാക്കളുണ്ടെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിലേക്ക് എടുത്തുകാട്ടാൻ ശക്തനായ ഒരു നേതാവില്ല. ഈയൊരു സാഹചര്യത്തിൽ പടലപ്പിണക്കങ്ങൾ തീർത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ ഒറ്റച്ചരടിൽ കോർത്തു പോകേണ്ട ചുമതലയും കോൺഗ്രസ് അധ്യക്ഷനു തന്നെ. എന്നാൽ പാർട്ടിക്കുള്ളിലെ ഈ ഭിന്നതയൊന്നും പുറത്ത് അധികം അറിയാത്തതും രാഹുലിന്റെ മിടുക്കുകൊണ്ടു മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP