Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ന്യായം; ദക്ഷിണേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നു; അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്; മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാർ; ദക്ഷണിണേന്ത്യയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി രാഹുൽ ഗാന്ധി; 16ാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥിയായില്ല; രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കരുതെന്ന് പവാർ ആവശ്യപ്പെട്ടതായി എൻസിപി

ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ന്യായം; ദക്ഷിണേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നു; അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്; മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാർ; ദക്ഷണിണേന്ത്യയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി രാഹുൽ ഗാന്ധി; 16ാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥിയായില്ല; രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കരുതെന്ന് പവാർ ആവശ്യപ്പെട്ടതായി എൻസിപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നത് തടയാൻ ഇടതുപക്ഷവും മറ്റ് ഘടകക്ഷികളും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിനിടെയിലും താൻ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന സൂചനയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിലും കർണാടകത്തിലെ ഒരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് ഇന്ന് പുറത്തുവന്നത്. ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ന്യായമാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

പി.സി.സി.കളുടെ ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സീറ്റിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് പ്രതികരണം നടത്തുന്നത്. ഒരു ഹിന്ദി ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. 'ദക്ഷിണേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. അവിടുത്തെ ജനങ്ങൾ അരക്ഷിതരാണ്. അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്. മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാർ'. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കൊണ്ടാണ് രാഹുൽ ദക്ഷിണേന്ത്യയിലെ തന്റെ സ്ഥാനാർത്ഥിത്വം സൂചിപ്പിക്കുന്നത്.

അതേസമയം തന്നെ അമേഠിയാണ് തന്റെ കർമ മണ്ഡലമെന്ന് അഭിമുഖത്തിൽ അദ്ദേഹം അടിവരയിടുന്നുമുണ്ട്. എന്നാൽ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് പറയാനും രാഹുൽ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചന മാത്രമാണ് അദ്ദേഹം നൽകുന്നത്. അതേസമയം സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക നൽകാൻ തുടങ്ങിയിട്ടും കോൺഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസിന്റെ ഇന്ന് പ്രഖ്യാപിച്ച പതിനാറാം സ്ഥാനാർത്ഥി പട്ടികയിലും വയനാടും വടകരയുമില്ല.

ഇതുവരെ 308 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പതിനാറാം പട്ടികയിൽ 3 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഒരു സീറ്റിലെയും ഹിമാചലിലെ രണ്ട് സ്ഥാനാർത്ഥികളെയുമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിൽ ഗുജറാത്തിലെ മണ്ഡലം പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടതാണ്. വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതേവരെ ഒരു പ്രതികരണത്തിന് രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. വയനാടിനൊപ്പം വടകര സീറ്റിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയിൽ കെ മുരളീധരൻ വടകരയിൽ പ്രചരണ രംഗത്ത് സജീവമാണ്.

അതിനിടെ രാഹുൽ ഗാന്ധിയെ വയനാട്ടിൽ മൽസരിപ്പിക്കരുതെന്ന് എൻസിപി പ്രസിഡന്റ് ശരദ് പവാർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായി എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി വ്യക്തമാക്കി. വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിക്കെതിരെ രാഹുൽ മൽസരിക്കുന്നതു ദേശീയതാൽപര്യത്തിനു വിരുദ്ധമായതിനാലാണു പവാർ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര പടുത്തുയർത്തുന്നതിൽ, മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതായി എൻസിപി സംസ്ഥാന നേതൃയോഗം പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി. മുഖ്യശത്രു ആരെന്നു കോൺഗ്രസ് വ്യക്തമാക്കണം. വയനാട് സീറ്റിൽ രാഹുൽ മൽസരിക്കുന്നതു ചരിത്രപരമായ വിഡ്ഢിത്തമാണ്. അതു ജനങ്ങൾക്കു തെറ്റായ സന്ദേശമാണു നൽകുക.

കേരളത്തിൽ 2 സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയാക്കാൻ കഴിയാതെ യുഡിഎഫ് തമ്മിലടിച്ചു തകരുകയാണ്. രാജ്യത്തിന്റെ കാവൽക്കാരനെന്ന് ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി ജനങ്ങളെ പറഞ്ഞുപറ്റിച്ചു വൻകിട മുതലാളിമാരുടെ ഇടനിലക്കാരനായി മാറി. ഇടതു സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന പ്രവർത്തനങ്ങളും എൽഡിഎഫ് സ്ഥാനാർത്ഥികൾക്കു വൻ ഭൂരിപക്ഷത്തോടെ ജയിക്കാൻ സഹായകമാകും പ്രമേയം ചൂണ്ടിക്കാട്ടി.

അതിനിടെ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും രംഗത്തുണ്ട്. ഇതിനിടെ വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷൻ എം.കെ.സ്റ്റാലിനും രംഗത്തെത്തി. ഇടതുപാർട്ടികൾക്കെതിരായി മത്സരിക്കുന്നത് ബിജെപി.ക്ക് ഉത്തരേന്ത്യയിൽ അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.' കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആയിരിക്കണം. പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് പാർട്ടി നേതാക്കൾ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിൽ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികൾ. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ ദേശീയ തലത്തിലുള്ള ബിജെപി. വിരുദ്ധ സഖ്യം തകരില്ല'. രാഹുൽ പിന്മാറിയാൽ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP