Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ താൽപ്പര്യം അറിയിച്ച രാഹുലിനായി പിടിവലി; കർണാടകത്തിൽ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ; വയനാട്ടിൽ നിന്നും ടി സിദ്ദിഖ് പിൻവലിഞ്ഞിട്ടും പ്രഖ്യാപനം വരാത്തതിൽ ആശങ്കയുമായി കേരള നേതാക്കൾ; ബിജെപി സ്വാധീനം ഇല്ലാത്ത മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നതിൽ താൽപ്പര്യക്കുറവുമായി എഐസിസി നേതാക്കൾ

ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ താൽപ്പര്യം അറിയിച്ച രാഹുലിനായി പിടിവലി; കർണാടകത്തിൽ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ; വയനാട്ടിൽ നിന്നും ടി സിദ്ദിഖ് പിൻവലിഞ്ഞിട്ടും പ്രഖ്യാപനം വരാത്തതിൽ ആശങ്കയുമായി കേരള നേതാക്കൾ; ബിജെപി സ്വാധീനം ഇല്ലാത്ത മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നതിൽ താൽപ്പര്യക്കുറവുമായി എഐസിസി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കണം എന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുരവേയാണ് കർണാടക പി.സി.സി അധ്യക്ഷന്റെ പ്രതികരണം. രാഹുൽ കർണാടകത്തിൽ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏതെങ്കിലുമായിരിക്കും മത്സരിക്കുക. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നു കൂടി ജനവിധി തേടുമെന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. തുടർന്ന് കേരളത്തിലെ മുതിർന്ന നേതാക്കൾ തന്നെയാണ് വയനാട ലോകസഭാ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക എന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് ദേശീയ കോൺഗ്രസിലെ ഒരു വിഭാഗവും ഇടത് നേതൃത്വവും അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കർണാടകത്തിൽ രാഹുലിനെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ കർണാടക കോൺഗ്രസ് നേതൃത്വം നടത്തുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ കേരളത്തിലെ എല്ലാ സീറ്റുകളും യുഡിഎഫിന് വിജയിക്കാനാകും എന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. അതിനാലാണ് വയനാട്ടിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ടി സിദ്ദിഖിനെ പിൻവലിച്ച് അവിടെ രാഹുലിനെ കൊണ്ടുവരാൻ ശ്രമം നടക്കുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങൾക്ക് വിഘാതമാകുന്ന തരത്തിലാണ് കർണാടക കോൺഗ്രസ് അധ്യക്ഷന്റെ പുതിയ വെളിപ്പെടുത്തൽ.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മതേതര ബദൽ സാദ്ധ്യതയ്ക്കു മങ്ങലേൽപ്പിക്കുന്നതോടൊപ്പം വയനാടിനെ ചൂണ്ടിയുള്ള വർഗീയ പ്രചാരണത്തിന് ദേശീയതലത്തിൽ സംഘപരിവാർ തുടക്കമിട്ടത് അറിഞ്ഞതോടെ രാഹുൽ ഗാന്ധി പിന്മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഇടതുപക്ഷത്തിനു സ്വാധീനമുള്ള കേരളത്തിൽ മത്സരിക്കുക വഴി ബിജെപിക്കെതിരായ മതേതര ബദലിന് കോൺഗ്രസ് തന്നെ തടസം നിൽക്കുകയാണെന്ന സിപിഎം വിമർശനം. ഇത് കോൺഗ്രസ് അധ്യക്ഷനെ മാറിചിന്തിപ്പിക്കാൻ ഇടയാക്കി. ഇതിനിടെ രാഹുൽ കർണാടകത്തിൽ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.

ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമ്പോൾ അത് ഇടതുപക്ഷത്തിനെതിരായ പോരാട്ടമായി വിശദീകരിക്കപ്പെടും. ഈ സഹാചര്യത്തിലാണ് വയനാട്ടിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡിൽ രൂപപ്പെട്ടത്. ഇടതുപാർട്ടികളുമായുള്ള താത്വിക നിലപാടിനേക്കാൾ സംഘപരിവാർ സംഘടനകളുടെ വർഗീയ പ്രചാരണമാണ് രാഹുലിനെയും കോൺഗ്രസിനെയും ഏറെ പ്രതിസന്ധിയിലാക്കിയത്. മുസ്ലിം ലീഗ് സ്വാധീനമണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നതിനെ വിമർശിച്ച്, ഉത്തരേന്ത്യയിൽ വർഗീയ കാർഡ് ഇറക്കാനാണ് സംഘപരിവാർ ശ്രമം. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് സംസ്ഥാന കേൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ മുതൽ, വയനാടിന്റെ സമുദായം തിരിച്ച കണക്കും മുസ്ലിം ലീഗിന്റെ സ്വാധീനവും ഉയർത്തിക്കാട്ടി സംഘപരിവാർ ദേശീയതലത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിരുന്നു. ട്വിറ്ററിലും ഫേസ്‌ബുക്കിലും സാമൂഹ്യമാധ്യമങ്ങളിൽ കഴിഞ്ഞ മൂന്നുദിവസത്തെ പ്രധാന ചർച്ച വയനാട് വിഷയമാണ്.

വയനാട് ഹിന്ദു ന്യൂനപക്ഷ മണ്ഡലമാണെന്നും മുസ്ലിം ഭൂരിപക്ഷ മണ്ഡലമായതിനാലാണ് രാഹുൽ അവിടെ മത്സരിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ പ്രധാന പ്രചാരണം. തെരഞ്ഞെടുപ്പു രംഗത്ത് ഏറെ സജീവമായ ലീഗിനെ ഹിന്ദി മേഖലകളിൽ തെറ്റായി ചിത്രീകരിച്ച് പ്രചാരണം നടത്താനും സംഘപരിവാർ ശ്രമം തുടങ്ങി. ലീഗ് പതാകയും കോൺഗ്രസ് കൊടിയും ഒന്നിച്ചുവച്ചുള്ള ചിത്രം കാട്ടി പാക്കിസ്ഥാൻ ബന്ധമെന്ന രീതിയിൽ വരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭൂമിയിലെ ഭൂരിപക്ഷ സമുദായ മേഖലകളിൽ വയനാട്ടിലെ തെരഞ്ഞെടുപ്പു ചിത്രം ദുരുപയോഗം ചെയ്തു വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കാനാണ് ബി.ജി.പി നീക്കം. ഇതു തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം സാഹസത്തിന് മുതിരേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP