Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധി വരുമോ ഇല്ലയോ എന്ന ആകാംക്ഷയിൽ വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തനങ്ങൾ വഴിമുട്ടി; നാളെ വരെ കാത്തിരിക്കാൻ വയനാട് ഡിസിസിക്ക് എഐസിസിയുടെ നിർദ്ദേശം; രാഹുൽ മത്സരിക്കുന്ന പക്ഷം മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇ കെ വിഭാഗം സുന്നികളും രംഗത്തെത്തിയതോടെ കോൺഗ്രസ് അധ്യക്ഷന്റെ രണ്ടാം സീറ്റിൽ കല്ലുകടി; രാഹുൽ പിന്മാറിയാൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും; രാഹുൽ എത്തണമെന്നത് കോൺഗ്രസിന്റെ പൊതുവികാരമെന്ന് പറഞ്ഞ് മുല്ലപ്പള്ളി

രാഹുൽ ഗാന്ധി വരുമോ ഇല്ലയോ എന്ന ആകാംക്ഷയിൽ വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തനങ്ങൾ വഴിമുട്ടി; നാളെ വരെ കാത്തിരിക്കാൻ വയനാട് ഡിസിസിക്ക് എഐസിസിയുടെ നിർദ്ദേശം; രാഹുൽ മത്സരിക്കുന്ന പക്ഷം മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇ കെ വിഭാഗം സുന്നികളും രംഗത്തെത്തിയതോടെ കോൺഗ്രസ് അധ്യക്ഷന്റെ രണ്ടാം സീറ്റിൽ കല്ലുകടി; രാഹുൽ പിന്മാറിയാൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും; രാഹുൽ എത്തണമെന്നത് കോൺഗ്രസിന്റെ പൊതുവികാരമെന്ന് പറഞ്ഞ് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയരവേ കല്ലുകടിയായി വയനാട് മണ്ഡലത്തിൽ നിർണായക പ്രാതിനിധ്യമുള്ള ഇ കെ സുന്നികളുടെ എതിർപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാഗം രംഗത്തെത്തി. രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം പ്രാതിനിധ്യം കുറയുമെന്നാണ് ഇകെ സുന്നി വിഭാഗം ചൂണ്ടിക്കാട്ടിയത്. ഇതോട് കോൺഗ്രസ് അധ്യക്ഷൻ വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യത കുറയുകയാണ്. കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനാർത്ഥിത്വം പോലും സാമുദായിക വിഷയമായി മാറുന്നതിൽ കോൺ്ഗ്രസ് കേന്ദ്രങ്ങളിൽ അതൃപ്തി പുകയുകയാണ്.

രാഹുൽ മത്സരിക്കാൻ എത്തിയാൽ ആനുപാതികമായ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാഗം ആവശ്യപ്പെട്ടു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മർ ഫൈസി മുക്കം വ്യക്തമാക്കി. എന്നാൽ, സുന്നി വിഭാഗത്തിന്റെ ആവശ്യം ന്യായമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ബുദ്ധിമുട്ടായി മാറി. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ വരാതെ വന്നാൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും.

കേരളത്തിനൊപ്പം കർണാടകയും രാഹുൽ ഗാന്ധി രണ്ടാം സീറ്റിനായി പരിഗണിക്കുന്നുണ്ട്. തീരുമാനം വൈകുന്നത് പ്രചരണത്തെ ബാധിക്കുമെന്ന് കെപിസിസി ആശങ്ക അറിയിച്ചപ്പോൾ വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് എകെ ആന്റണിയടക്കം മുതിർന്ന നേതാക്കളുടെ നിർദ്ദേശം. നാളേയ്ക്കപ്പുറം രണ്ടാം സീറ്റിന്റെ കാര്യത്തിലെ തീരുമാനം നീളില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഉറപ്പു പറയുന്നത്. രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും പ്രതികരിച്ചത്. രണ്ടാം സീറ്റിൽ രാഹുൽ ഗാന്ധി മൽസരിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും. കോൺഗ്രസ് അധ്യക്ഷന്മാർ ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് രാഹുലിനോട് അഭ്യർത്ഥിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം സംബന്ധിച്ച് മാത്രമേ തർക്കമുള്ളു എന്നാണ് മുല്ലപ്പള്ളിയുടെ വാദം. നേരത്തേ കണ്ണൂരിന്റെ ഭാഗമായിരുന്നതിനാൽ വയനാടിന്റെ വികാരം തനിക്ക് നന്നായി അറിയാം എന്നാണ് മുല്ലപ്പള്ളിയുടെ വാദം. രാഹുൽ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ജയിച്ചാൽ ഏത് മണ്ഡലം ഉപേക്ഷിക്കണം എന്ന കാര്യം അപ്പോൾ തീരുമാനിക്കും.

കേരളത്തോടൊപ്പം തമിഴ്‌നാട്ടിലെയും കർണാടകയിലെയും കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസ് മുൻകാലങ്ങളേക്കാൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് രാഹുൽ ഗാന്ധി വിലയിരുത്തിയിട്ടുണ്ട്. സമീപകാലത്തെ കോൺഗ്രസ് പരിപാടികൾ വൻ വിജയമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. മുൻകാലങ്ങളിലും കോൺഗ്രസ് അധ്യക്ഷന്മാർ ദക്ഷിണേന്ത്യയിൽ നിന്നും മത്സരിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. യുഡിഎഫിലെ ഘടക കക്ഷികളുമായി ഇക്കാര്യം സംസാരിച്ചുവെന്നും അവരെല്ലാം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്തെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് പി.സി.ചാക്കോ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് എന്തുകൊണ്ടാണ് എന്നറിയില്ല. മുല്ലപ്പള്ളി പറഞ്ഞു.

വടകരയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് നിലവിൽ തർക്കങ്ങളൊന്നും നിലവിലില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നാളെ പ്രഖ്യാപനം ഉണ്ടാകും എന്ന വാർത്തകൾക്കു പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കണം എന്ന ഉറച്ച നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഇടതുപക്ഷത്തിന്റെയും എതിർപ്പുകളെ മറികടന്ന് രാഹുൽ വയനാടൻ ചുരം കയറുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുപിഎയും ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിൽ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന നിർദ്ദേശം ഉയർന്നത്. ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ശേഷം നെഹ്റു കുടുംബത്തിൽ നിന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനത്തിലേക്ക് മൽസരിക്കാനെത്തുകയാണ് രാഹുൽ. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിച്ചാൽ സർവ്വകാല ഭൂരിപക്ഷം ലഭിക്കുമെന്നാണ് കെപിസിസി കരുതുന്നത്. മത്സരത്തിനെത്തിയ നെഹ്രു കുടുംബത്തെയെല്ലാം ജയിപ്പിച്ച ചരിത്രമാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്. അത് രാഹുലിന്റെ കാര്യത്തിലും ആവർത്തിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുള്ള മണ്ഡലമാണ് വയനാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP