Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മത്സരം ഇഞ്ചോടിഞ്ച്; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നുവെങ്കിലും പ്രചരണ തന്ത്രങ്ങളുമായി ബിജെപിയും മുന്നിട്ടിറങ്ങിയത് മത്സരം കടുപ്പമുള്ളതാക്കി; ഭരണവിരുദ്ധ വികാരം ആളിക്കത്തിയെങ്കിലും അവയെല്ലാം മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് നേതാക്കളെത്തി; ഉത്പന്നങ്ങളുടെ വിലയിടിവ് നേരിട്ട രാജസ്ഥാനിൽ കാർഷികമേഖല ആർക്കൊപ്പം നിൽക്കും?

മത്സരം ഇഞ്ചോടിഞ്ച്; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നുവെങ്കിലും പ്രചരണ തന്ത്രങ്ങളുമായി ബിജെപിയും മുന്നിട്ടിറങ്ങിയത് മത്സരം കടുപ്പമുള്ളതാക്കി; ഭരണവിരുദ്ധ വികാരം ആളിക്കത്തിയെങ്കിലും അവയെല്ലാം മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് നേതാക്കളെത്തി; ഉത്പന്നങ്ങളുടെ വിലയിടിവ് നേരിട്ട രാജസ്ഥാനിൽ കാർഷികമേഖല ആർക്കൊപ്പം നിൽക്കും?

മറുനാടൻ ഡെസ്‌ക്‌

രാജസ്ഥാനിലെ ഇന്നത്തെ വോട്ടിംഗിൽ തെളിയുന്നത് കർഷകവികാരമാണ്. മുമ്പെങ്ങുമില്ലാത്ത വിധം കാർഷികമേഖല പ്രതിസന്ധിയിൽ പെട്ടതും നോട്ടുനിരോധനം ചെറുകിട വ്യവസായികളുടെ സ്വപ്‌നങ്ങളെ തച്ചുടച്ചതുമെല്ലാം ഇന്നത്തെ ജനവിധിയിൽ പ്രകടമാകും. ഇതെല്ലാം ഭരണവിരുദ്ധ വികാരം ആളിപ്പടർത്തിയ രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെയുള്ള ഉൾപാർട്ടി പോരും കൂടിയായപ്പോൾ രാജസ്ഥാൻ ദേശീയരാഷ്ട്രീയത്തിലെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.

ഉള്ളിവില തകർന്നതും കാർഷികോത്പന്നങ്ങൾ വിറ്റുപോകാതെ കൃഷിയിടങ്ങളിൽ വെറുതെ കിടക്കുന്നതുമെല്ലാം തെരഞ്ഞെടുപ്പു കാലത്ത് പ്രധാനരാഷ്ട്രീയപാർട്ടികൾ നേരിടേണ്ടി വന്ന പ്രശ്്‌നങ്ങളാണ്. രാജ്യത്ത് ഉള്ളിയുടേയും വെളുത്തുള്ളിയുടേയും പ്രധാന ഉത്പാദകരിലൊന്നായ രാജസ്ഥാനിൽ കർഷക വികാരത്തെ തള്ളിക്കൊണ്ട് ഒരു പാർട്ടിക്കും അധികാരത്തിൽ ഏറാൻ സാധിക്കില്ല. ഗ്രാമീണ മേഖലയിൽ ഭരണകക്ഷിക്കെതിരേ ജനരോഷം ഉയർന്നിരുന്നുവെന്നത് ബിജെപിയെ തുടക്കം മുതൽ ഭയപ്പെടുത്തിയിരുന്ന കാര്യമാണ്. കർഷകരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ബിജെപിക്കെതിരേ ആരോപണവും ഉയർന്നിരുന്നു.

വിലയിടിവിനെ തുടർന്ന് കർഷകരുടെ ആത്മഹത്യയും ബിജെപിക്കു മേൽ ആടുന്ന വാളാണ്. കാർഷിക വിളകൾ സംഭരിക്കുമെന്ന് സർക്കാർ വാക്കു കൊടുത്തിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായി വിനിയോഗിക്കാൻ മുഖ്യമന്ത്രിക്ക് ആയില്ല. ഈ സാഹചര്യങ്ങൾ കോൺഗ്രസ് തങ്ങളുടെ പ്രചാരണായുധമാക്കിയതാണ് തുടക്കം മുതൽ രംഗത്തെത്തിയത്. ബിജെപിയുടെ പോരായ്മകൾ എടുത്തുകാട്ടി കോൺഗ്രസിന് സംസ്ഥാനത്ത് വിജയം പ്രവചിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുപാർട്ടികളും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

കാർഷികോത്പന്നങ്ങളുടെ വിലയിടിവും ചെറുകിട വ്യവസായങ്ങളുടെ തകർച്ചയും എടുത്തുകാട്ടി പ്രതിപക്ഷം തെരഞ്ഞെടുപ്പു പ്രചാരണരംഗം ചൂടുപിടിപ്പിച്ചപ്പോൾ ബിജെപിയും അതിനൊപ്പം പിടിച്ചു നിന്നു. ബൂത്തുതല പ്രവർത്തനം മെച്ചപ്പെടുത്താനും സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനും കൃത്യമായ പദ്ധതികൾ തയാറാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പു പ്രചരണത്തിന് ചുക്കാൻ പിടിച്ചത്.

കൂടാതെ കേന്ദ്രത്തിൽ നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും ഒരു ഡസനിലേറെ കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത് ബിജെപിക്ക് കരുത്തു പകർന്നു. മുഖ്യമന്ത്രിക്കെതിരേ നിന്ന ആർഎസ്എസും അവസാനം പ്രചരണരംഗത്ത് തിരിച്ചെത്തിയതോടെ തുടക്കത്തിൽ നഷ്ടമായ ആത്മവിശ്വാസം ബിജെപി വീണ്ടെടുക്കുകയായിരുന്നു.

സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 10 ദിവസത്തിനകം കാർഷിക കടാശ്വാസം പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ജനങ്ങളിൽ വലിയ പ്രതികരണമാണ് ഉളവാക്കിയത്. ജാതിസമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടേയും പിന്നാക്കവിഭാഗങ്ങളുടേയും ധ്രുവീകരണവും രജപുത്രർക്കിടയിലുണ്ടായ അതൃപ്തിയും കോൺഗ്രസിന് ഗുണകരമാകും. അതുകൊണ്ടു തന്നെ തുടക്കം മുതൽ സർവേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായി നിന്നിരുന്നു. 130 സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിലേറുമെന്നായിരുന്നു സർവേ ഫലം.

ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരം മുറുകിയപ്പോൾ 120 വരെ സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കുമെന്ന് പറയുന്നത്. 25 സീറ്റുകളിലെങ്കിലും സ്വതന്ത്രർ ജയിക്കുമെന്നാണ് മറ്റൊരു പ്രവചനം. ബിജെപിയിലും കോൺഗ്രസിലുമായി നാല്പതോളം മുതിർന്ന നേതാക്കൾ റിബലുകളായി മത്സരരംഗത്തുള്ളതാണ് ഇതിനു കാരണം.

രാജകുടുംബങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ മത്സരിക്കാൻ രംഗത്തുണ്ട് എന്നതാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഗ്വാളിയോറിലെ സിന്ധ്യ കുടുംബത്തിൽ ജനിച്ച മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ആണ് ഇതിൽ പ്രധാനി. ഗ്വാളിയോറിലാണ് ജനനമെങ്കിലും പിന്നീട് ഇവർ ധോൽപൂർ രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ച് എത്തുകയായിരുന്നു. ഇവരെ കൂടാതെ അഞ്ചു രാജകുടുംബാംഗങ്ങൾ കൂടി മത്സരരംഗത്തുണ്ട്.

കോട്ട രാജകുടുംബത്തിലെ കൽപന ദേവി, ബിക്കാനേറിലെ സിദ്ധി കുമാരി, ഭരത്പൂരിലെ വിശ്വേന്ദ്ര സിങ്, കൃഷ്‌ണേന്ദ് കൗർ ദീപ, നധ്ദ്വാരയിലെ മഹേഷ് പ്രതാപ് സിങ് എന്നിവരാണ് മറ്റുള്ളവർ. ഇതിൽ വിശ്വേന്ദ്ര സിങ് മാത്രമാണു കോൺഗ്രസി സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭയിൽ രാജകുടുംബങ്ങളിൽ നിന്നുള്ള ഏഴ് അംഗങ്ങളുണ്ടായിരുന്നു.

ബിജെപിക്കും കോൺഗ്രസിനും ഭീഷണി ഉയർത്തി മൂന്നാം മുന്നണിയുടെ സാന്നിധ്യം ഇക്കുറി രാജസ്ഥാനിൽ ശ്രദ്ധേയമാണ്. ബിജെപി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബേനിവാൾ എംഎൽഎ, ബ്രാഹ്മണ നേതാവ് ഘനശ്യാം തിവാരി എംഎൽഎ, എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി പ്രവർത്തിക്കുന്നത്. പ്രബലർ ഒരുമിക്കുന്ന മൂന്നാം മുന്നണിയുടെ സാന്നിധ്യം ഭൂരിപക്ഷം കുറയ്ക്കാൻ പോലും വഴിവച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP